യോവേ. 2:18-27
യോവേ. 2:18-27 IRVMAL
അങ്ങനെ യഹോവ തന്‍റെ ദേശത്തിന് വേണ്ടി തീക്ഷ്ണത കാണിച്ച് തന്‍റെ ജനത്തെ ആദരിച്ചു. യഹോവ തന്‍റെ ജനത്തിന് ഉത്തരം അരുളിയത്: “ഞാൻ നിങ്ങൾക്ക് ധാന്യവും വീഞ്ഞും എണ്ണയും നല്കും; നിങ്ങൾ അതിനാൽ തൃപ്തി പ്രാപിക്കും; ഞാൻ ഇനി നിങ്ങളെ ജനതകളുടെ ഇടയിൽ നിന്ദാവിഷയമാക്കുകയുമില്ല. വടക്കുനിന്നുള്ള ശത്രുവിനെ ഞാൻ നിങ്ങളുടെ ഇടയിൽനിന്ന് ദൂരത്താക്കി വരണ്ടതും ശൂന്യവുമായ ഒരു ദേശത്തേക്ക് നീക്കി, അവന്‍റെ മുൻപടയെ കിഴക്കെ കടലിലും അവന്‍റെ പിൻപടയെ പടിഞ്ഞാറെ കടലിലും ഇട്ടുകളയും; അവൻ വമ്പു കാട്ടിയിരിക്കുകകൊണ്ട് അവന്‍റെ ദുർഗ്ഗന്ധം പൊങ്ങുകയും നാറ്റം പരക്കുകയും ചെയ്യും.” ദേശമേ, ഭയപ്പെടേണ്ടാ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്കുക; യഹോവ വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു. വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ടാ; മരുഭൂമിയിലെ പുല്പുറങ്ങൾ പച്ചപിടിക്കുന്നു; വൃക്ഷം ഫലം കായ്ക്കുന്നു; അത്തിവൃക്ഷവും മുന്തിരിവള്ളിയും സമൃദ്ധിയായി ഫലം നല്കുന്നു. സീയോൻ മക്കളേ, ഘോഷിച്ചുല്ലസിച്ച് നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിക്കുവിൻ! അവന്‍റെ നീതിനിമിത്തം നിങ്ങൾക്ക് മുൻമഴ തരുന്നു; അവൻ മുമ്പത്തെപ്പോലെ നിങ്ങൾക്ക് മുൻമഴയും പിൻമഴയും പെയ്യിച്ചുതരുന്നു. അങ്ങനെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും; ചക്കുകൾ വീഞ്ഞും എണ്ണയും കൊണ്ട് കവിഞ്ഞൊഴുകും. ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്‍റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു പകരം ഞാൻ നിങ്ങൾക്ക് സമൃദ്ധിയുടെ നാളുകൾ നല്കും. നിങ്ങൾ വേണ്ടുവോളം ഭക്ഷിച്ച് തൃപ്തരായി, നിങ്ങളോട് അത്ഭുതകരമായി പ്രവർത്തിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ സ്തുതിക്കും; എന്‍റെ ജനം ഒരുനാളും ലജ്ജിച്ചുപോകുകയുമില്ല. ഞാൻ യിസ്രായേലിന്‍റെ നടുവിൽ ഉണ്ട്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ തന്നെ; മറ്റൊരു ദൈവവുമില്ല എന്ന് നിങ്ങൾ അറിയും; എന്‍റെ ജനം ഒരുനാളും ലജ്ജിച്ചുപോകുകയുമില്ല.

