യിരെമ്യാവ് 38:1-13

യിരെമ്യാവ് 38:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ നഗരത്തിൽ പാർക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; കല്ദയരുടെ അടുക്കൽ ചെന്നു ചേരുന്നവനോ ജീവനോടെയിരിക്കും; അവന്റെ ജീവൻ അവനു കൊള്ളകിട്ടിയതുപോലെയിരിക്കും; അവൻ ജീവനോടെയിരിക്കും എന്നും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ നഗരം നിശ്ചയമായി ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കൈയിൽ ഏല്പിക്കപ്പെടും, അവൻ അതിനെ പിടിക്കും എന്നും യിരെമ്യാവ് സകല ജനത്തോടും പ്രസ്താവിച്ച വചനങ്ങളെ മത്ഥാന്റെ മകനായ ശെഫത്യാവും പശ്ഹൂരിന്റെ മകനായ ഗെദല്യാവും ശെലെമ്യാവിന്റെ മകനായ യൂഖലും മല്ക്കീയാവിന്റെ മകനായ പശ്ഹൂരും കേട്ടിട്ട് പ്രഭുക്കന്മാർ രാജാവിനോട്: ഈ മനുഷ്യൻ നഗരത്തിൽ ശേഷിച്ചിരിക്കുന്ന പടയാളികൾക്കും സർവജനത്തിനും ഇങ്ങനെയുള്ള വാക്ക് പറഞ്ഞ് ധൈര്യക്ഷയം വരുത്തുന്നതുകൊണ്ട് അവനെ കൊന്നുകളയേണമേ; ഈ മനുഷ്യൻ ഈ ജനത്തിന്റെ നന്മയല്ല തിന്മയത്രേ അന്വേഷിക്കുന്നത് എന്നു പറഞ്ഞു. സിദെക്കീയാരാജാവ്: ഇതാ, അവൻ നിങ്ങളുടെ കൈയിൽ ഇരിക്കുന്നു; നിങ്ങൾക്ക് വിരോധമായി ഒന്നും ചെയ്‍വാൻ രാജാവിനു കഴിവില്ലല്ലോ എന്നു പറഞ്ഞു. അവർ യിരെമ്യാവെ പിടിച്ച് കാവല്പുരമുറ്റത്ത് രാജകുമാരനായ മല്ക്കീയാവിനുള്ള കുഴിയിൽ ഇറക്കി; കയറുകൊണ്ടായിരുന്നു അവർ യിരെമ്യാവെ ഇറക്കിയത്; കുഴിയിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവു ചെളിയിൽ താണു. അവർ യിരെമ്യാവെ കുഴിയിൽ ഇട്ടുകളഞ്ഞു എന്നു രാജഗൃഹത്തിൽ ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്-മേലെക് എന്ന ഷണ്ഡൻ കേട്ടു; അന്നു രാജാവ് ബെന്യാമീൻ വാതിൽക്കൽ ഇരിക്കയായിരുന്നു. ഏബെദ്-മേലെക് രാജഗൃഹത്തിൽനിന്ന് ഇറങ്ങിച്ചെന്ന് രാജാവിനോടു സംസാരിച്ചു: യജമാനനായ രാജാവേ, ഈ മനുഷ്യർ യിരെമ്യാപ്രവാചകനോടു ചെയ്തതൊക്കെയും അന്യായമത്രേ; അവർ അവനെ കുഴിയിൽ ഇട്ടുകളഞ്ഞു; നഗരത്തിൽ അപ്പം ഇല്ലായ്കയാൽ അവൻ അവിടെ പട്ടിണി കിടന്നു ചാകേയുള്ളൂ എന്നു പറഞ്ഞു. രാജാവ് കൂശ്യനായ ഏബെദ്-മേലെക്കിനോട്: നീ ഇവിടെനിന്ന് മുപ്പത് ആളുകളെ കൂട്ടിക്കൊണ്ടുചെന്ന്, യിരെമ്യാപ്രവാചകൻ മരിക്കുംമുമ്പേ അവനെ കുഴിയിൽനിന്ന് കയറ്റിക്കൊൾക എന്നു കല്പിച്ചു. അങ്ങനെ ഏബെദ്-മേലെക് ആയാളുകളെ കൂട്ടിക്കൊണ്ട് രാജഗൃഹത്തിൽ ഭണ്ഡാരമുറിക്ക് കീഴെ ചെന്ന് അവിടെനിന്ന് പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും എടുത്തു കുഴിയിൽ യിരെമ്യാവിന് കയറുവഴി ഇറക്കിക്കൊടുത്തു. കൂശ്യനായ ഏബെദ്-മേലെക് യിരെമ്യാവോട്: ഈ പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും നിന്റെ കക്ഷങ്ങളിൽ വച്ച് അതിനു പുറമേ കയറിട്ടുകൊൾക എന്നു പറഞ്ഞു; യിരെമ്യാവ് അങ്ങനെ ചെയ്തു. അവർ യിരെമ്യാവെ കയറുകൊണ്ടു കുഴിയിൽനിന്നു വലിച്ചു കയറ്റി; യിരെമ്യാവ് കാവല്പുരമുറ്റത്തു പാർത്തു.

യിരെമ്യാവ് 38:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യിരെമ്യാ ഇപ്രകാരം സർവജനത്തോടും പറയുന്നതു മത്ഥാന്റെ പുത്രൻ ശെഫത്യായും പശ്ഹൂരിന്റെ പുത്രൻ ഗെദല്യായും ശെലെമ്യായുടെ പുത്രൻ യൂഖലും മല്‌ക്കീയായുടെ പുത്രൻ പശ്ഹൂരും കേട്ടു. “സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഈ നഗരത്തിൽ പാർക്കുന്നവർ യുദ്ധവും ക്ഷാമവും മഹാമാരിയുംകൊണ്ടു മരിക്കും; എന്നാൽ ബാബിലോണ്യരുടെ അടുത്തേക്ക് ഇറങ്ങിച്ചെല്ലുന്നവർ ജീവിക്കും; അവർക്കു സ്വന്തജീവനെങ്കിലും രക്ഷിക്കാൻ കഴിയും.” അവിടുന്ന് അരുളിച്ചെയ്യുന്നു: “ഈ നഗരം ബാബിലോൺ രാജാവിന്റെ സൈന്യത്തിന്റെ അധീനതയിൽ തീർച്ചയായും ഏല്പിക്കപ്പെടും; അവർ അതു പിടിച്ചെടുക്കും.” അപ്പോൾ പ്രഭുക്കന്മാർ രാജാവിനോടു പറഞ്ഞു: “ഈ മനുഷ്യനെ വധിക്കണം; ഇയാൾ ഇങ്ങനെ സംസാരിച്ചു നഗരത്തിൽ ശേഷിച്ചിരിക്കുന്ന സൈന്യങ്ങളുടെയും ജനത്തിന്റെയും കരങ്ങൾ ദുർബലമാക്കുന്നു. ഇയാൾ ജനങ്ങളുടെ ക്ഷേമമല്ല നാശമാണ് ആഗ്രഹിക്കുന്നത്.” “ഇയാൾ നിങ്ങളുടെ കൈയിലാണ്, നിങ്ങൾക്കെതിരെ എനിക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ലല്ലോ” എന്നു സിദെക്കീയാരാജാവു പറഞ്ഞു. അവർ യിരെമ്യായെ പിടിച്ച്, രാജാവിന്റെ പുത്രനായ മല്‌ക്കീയായുടെ കിണറ്റിലിട്ടു; കാവല്‌ക്കാരുടെ അങ്കണത്തിലുള്ള ആ കിണറ്റിൽ അദ്ദേഹത്തെ കെട്ടിയിറക്കുകയാണുണ്ടായത്; കിണറ്റിൽ ചെളിയല്ലാതെ വെള്ളം ഉണ്ടായിരുന്നില്ല. യിരെമ്യാ ചെളിയിൽ താണു. യിരെമ്യായെ കിണറ്റിലിട്ട വിവരം കൊട്ടാരത്തിലെ ഷണ്ഡനായ എത്യോപ്യക്കാരൻ ഏബദ്-മേലെക് കേട്ടു; രാജാവ് അപ്പോൾ ബെന്യാമീൻ കവാടത്തിൽ ഇരിക്കുകയായിരുന്നു. ഏബെദ്-മേലെക് കൊട്ടാരത്തിൽനിന്നു രാജസന്നിധിയിൽ ചെന്നു പറഞ്ഞു. “എന്റെ യജമാനനായ രാജാവേ, അവർ യിരെമ്യാപ്രവാചകനോടു കാണിച്ചത് അന്യായമായിപ്പോയി. അവർ അദ്ദേഹത്തെ പിടിച്ചു കിണറ്റിലിട്ടു. നഗരത്തിൽ അപ്പം ശേഷിച്ചിട്ടില്ലാത്തതുകൊണ്ട് അയാൾ പട്ടിണി കിടന്നു മരിക്കയേ ഉള്ളൂ.” ഇവിടെനിന്നു മൂന്നു പേരെ കൂട്ടിക്കൊണ്ടുപോയി, യിരെമ്യാപ്രവാചകൻ മരിക്കുന്നതിനുമുമ്പ്, കിണറ്റിൽനിന്നു രക്ഷപെടുത്താൻ രാജാവ് എത്യോപ്യക്കാരനായ ഏബെദ്-മേലെക്കിനോടു കല്പിച്ചു. അതനുസരിച്ച് അയാൾ ആളുകളെ കൂട്ടിക്കൊണ്ടു പോയി. കൊട്ടാരത്തിൽ വസ്ത്രം സൂക്ഷിക്കുന്ന സ്ഥലത്തുനിന്നു പഴന്തുണികളെടുത്തു കയറിൽ കെട്ടി യിരെമ്യാക്കു കിണറ്റിലേക്ക് ഇറക്കിക്കൊടുത്തു. എത്യോപ്യനായ ഏബെദ്-മേലെക് യിരെമ്യായോടു, കീറിയ പഴന്തുണികൾ കക്ഷത്തിൽവച്ച് അതിന്മേൽ കയറിടാൻ പറഞ്ഞു; അദ്ദേഹം അങ്ങനെ ചെയ്തു. അവർ യിരെമ്യായെ കിണറ്റിൽനിന്നു വലിച്ചു കയറ്റി പുറത്തെടുത്തു; പിന്നീട് യിരെമ്യാ കാവല്‌ക്കാരുടെ അങ്കണത്തിൽ തന്നെ പാർത്തു.

യിരെമ്യാവ് 38:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈ നഗരത്തിൽ വസിക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; കൽദയരുടെ അടുക്കൽ ചെന്നു ചേരുന്നവനോ ജീവനോടെയിരിക്കും; അവന്‍റെ ജീവൻ അവന് കൊള്ള കിട്ടിയതുപോലെ ആയിരിക്കും; അവൻ ജീവനോടിരിക്കും” എന്നും യഹോവ അരുളിച്ചെയ്യുന്നു. “ഈ നഗരം നിശ്ചയമായി ബാബേൽരാജാവിന്‍റെ സൈന്യത്തിന്‍റെ കയ്യിൽ ഏല്പിക്കപ്പെടും; അവൻ അതിനെ പിടിക്കും” എന്നും യിരെമ്യാവ് സകലജനത്തോടും പ്രസ്താവിച്ച വചനങ്ങൾ മത്ഥാൻ്റെ മകനായ ശെഫത്യാവും പശ്ഹൂരിന്‍റെ മകനായ ഗെദല്യാവും ശേലെമ്യാവിന്‍റെ മകനായ യൂഖലും മല്ക്കീയാവിന്‍റെ മകനായ പശ്ഹൂരും കേട്ടു. പ്രഭുക്കന്മാർ രാജാവിനോട്: “ഈ മനുഷ്യൻ നഗരത്തിൽ ശേഷിച്ചിരിക്കുന്ന പടയാളികൾക്കും സർവ്വജനത്തിനും ഇങ്ങനെയുള്ള വാക്കു പറഞ്ഞ് ധൈര്യക്ഷയം വരുത്തുന്നതുകൊണ്ട് അവനെ കൊന്നുകളയേണമേ; ഈ മനുഷ്യൻ ഈ ജനത്തിന്‍റെ നന്മയല്ല തിന്മയത്രേ ആഗ്രഹിക്കുന്നത്” എന്നു പറഞ്ഞു. സിദെക്കീയാരാജാവ്: “ഇതാ, അവൻ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നു; നിങ്ങൾക്ക് വിരോധമായി ഒന്നും ചെയ്യുവാൻ രാജാവിനു കഴിവില്ലല്ലോ” എന്നു പറഞ്ഞു. അവർ യിരെമ്യാവിനെ പിടിച്ച് കാവൽപ്പുരമുറ്റത്ത് രാജകുമാരനായ മല്ക്കീയാവിന്‍റെ കുഴിയിൽ ഇറക്കി; കയറുകൊണ്ടായിരുന്നു അവർ യിരെമ്യാവിനെ ഇറക്കിയത്; കുഴിയിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവ് ചെളിയിൽ താണു. അവർ യിരെമ്യാവിനെ കുഴിയിൽ ഇട്ടുകളഞ്ഞു എന്നു രാജഗൃഹത്തിൽ ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്-മേലെക്ക് എന്ന ഷണ്ഡൻ കേട്ടു; അന്നു രാജാവ് ബെന്യാമീൻവാതില്ക്കൽ ഇരിക്കുകയായിരുന്നു. ഏബെദ്-മേലെക്ക് രാജഗൃഹത്തിൽനിന്ന് ഇറങ്ങിച്ചെന്നു രാജാവിനോട് ഇപ്രകാരം സംസാരിച്ചു: “യജമാനനായ രാജാവേ, ഈ മനുഷ്യർ യിരെമ്യാപ്രവാചകനോടു ചെയ്തതൊക്കെയും അന്യായമത്രേ; അവർ അവനെ കുഴിയിൽ ഇട്ടുകളഞ്ഞു; നഗരത്തിൽ അപ്പം ഇല്ലായ്കയാൽ അവൻ അവിടെ പട്ടിണി കിടന്നു മരിച്ചുപോകും” എന്നു പറഞ്ഞു. രാജാവ് കൂശ്യനായ ഏബെദ്-മേലെക്കിനോട്: “നീ ഇവിടെനിന്ന് മുപ്പതു ആളുകളെ കൂട്ടിക്കൊണ്ടുചെന്ന്, യിരെമ്യാപ്രവാചകൻ മരിക്കുന്നതിനുമുമ്പ് അവനെ കുഴിയിൽനിന്നു കയറ്റിക്കൊള്ളുക” എന്നു കല്പിച്ചു. അങ്ങനെ ഏബെദ്-മേലെക്ക് ആളുകളെ കൂട്ടിക്കൊണ്ട് രാജഗൃഹത്തിൽ ഭണ്ഡാരമുറിക്കു കീഴിൽ ചെന്നു, അവിടെനിന്നു പഴന്തുണിയും കീറ്റുതുണിക്കഷണങ്ങളും എടുത്ത് കുഴിയിൽ യിരെമ്യാവിനു കയറുവഴി ഇറക്കിക്കൊടുത്തു. കൂശ്യനായ ഏബെദ്-മേലെക്ക് യിരെമ്യാവിനോട്: “ഈ പഴന്തുണിയും കീറ്റുതുണിക്കഷണങ്ങളും നിന്‍റെ കക്ഷങ്ങളിൽ വച്ചു അതിന് പുറമെ കയറിട്ടുകൊള്ളുക” എന്നു പറഞ്ഞു; യിരെമ്യാവ് അങ്ങനെ ചെയ്തു. അവർ യിരെമ്യാവിനെ കയറുകൊണ്ട് കുഴിയിൽ നിന്നു വലിച്ചുകയറ്റി; യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് താമസിച്ചു.

യിരെമ്യാവ് 38:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ നഗരത്തിൽ പാർക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; കല്ദയരുടെ അടുക്കൽ ചെന്നു ചേരുന്നവനോ ജീവനോടെയിരിക്കും; അവന്റെ ജീവൻ അവന്നു കൊള്ളകിട്ടിയതുപോലെയിരിക്കും; അവൻ ജീവനോടിരിക്കും എന്നും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ നഗരം നിശ്ചയമായി ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കയ്യിൽ ഏല്പിക്കപ്പെടും, അവൻ അതിനെ പിടിക്കും എന്നും യിരെമ്യാവു സകല ജനത്തോടും പ്രസ്താവിച്ച വചനങ്ങളെ മത്ഥാന്റെ മകനായ ശെഫത്യാവും പശ്ഹൂരിന്റെ മകനായ ഗെദല്യാവും ശെലെമ്യാവിന്റെ മകനായ യൂഖലും മല്ക്കീയാവിന്റെ മകനായ പശ്ഹൂരും കേട്ടിട്ടു പ്രഭുക്കന്മാർ രാജാവിനോടു: ഈ മനുഷ്യൻ നഗരത്തിൽ ശേഷിച്ചിരിക്കുന്ന പടയാളികൾക്കും സർവ്വജനത്തിന്നും ഇങ്ങനെയുള്ള വാക്കു പറഞ്ഞു ധൈര്യക്ഷയം വരുത്തുന്നതുകൊണ്ടു അവനെ കൊന്നുകളയേണമേ; ഈ മനുഷ്യൻ ഈ ജനത്തിന്റെ നന്മയല്ല തിന്മയത്രേ അന്വേഷിക്കുന്നതു എന്നു പറഞ്ഞു. സിദെക്കീയാരാജാവു: ഇതാ, അവൻ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നു; നിങ്ങൾക്കു വിരോധമായി ഒന്നും ചെയ്‌വാൻ രാജാവിന്നു കഴിവില്ലല്ലോ എന്നു പറഞ്ഞു. അവർ യിരെമ്യാവെ പിടിച്ചു കാവൽപുരമുറ്റത്തു രാജകുമാരനായ മല്ക്കീയാവിന്നുള്ള കുഴിയിൽ ഇറക്കി; കയറുകൊണ്ടായിരുന്നു അവർ യിരെമ്യാവെ ഇറക്കിയതു; കുഴിയിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവു ചെളിയിൽ താണു. അവർ യിരെമ്യാവെ കുഴിയിൽ ഇട്ടുകളഞ്ഞു എന്നു രാജഗൃഹത്തിൽ ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്‒മേലെക്ക് എന്ന ഷണ്ഡൻ കേട്ടു; അന്നു രാജാവു ബെന്യാമീൻവാതില്ക്കൽ ഇരിക്കയായിരുന്നു. ഏബെദ്-മേലെക്ക് രാജഗൃഹത്തിൽനിന്നു ഇറങ്ങിച്ചെന്നു രാജാവിനോടു സംസാരിച്ചു: യജമാനനായ രാജാവേ, ഈ മനുഷ്യർ യിരെമ്യാപ്രവാചകനോടു ചെയ്തതൊക്കെയും അന്യായമത്രേ; അവർ അവനെ കുഴിയിൽ ഇട്ടുകളഞ്ഞു; നഗരത്തിൽ അപ്പം ഇല്ലായ്കയാൽ അവൻ അവിടെ പട്ടിണികിടന്നു ചാകേയുള്ള എന്നു പറഞ്ഞു. രാജാവു കൂശ്യനായ ഏബെദ്-മേലെക്കിനോടു: നീ ഇവിടെനിന്നു മുപ്പതു ആളുകളെ കൂട്ടിക്കൊണ്ടുചെന്നു, യിരെമ്യാപ്രവാചകൻ മരിക്കുംമുമ്പെ അവനെ കുഴിയിൽനിന്നു കയറ്റിക്കൊൾക എന്നു കല്പിച്ചു. അങ്ങനെ ഏബെദ്-മേലെക്ക് ആയാളുകളെ കൂട്ടിക്കൊണ്ടു രാജഗൃഹത്തിൽ ഭണ്ഡാരമുറിക്കു കീഴെ ചെന്നു അവിടെ നിന്നു പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും എടുത്തു കുഴിയിൽ യിരെമ്യാവിന്നു കയറുവഴി ഇറക്കിക്കൊടുത്തു. കൂശ്യനായ ഏബെദ്‒മേലെക്ക് യിരെമ്യാവോടു: ഈ പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും നിന്റെ കക്ഷങ്ങളിൽ വെച്ചു അതിന്നു പുറമെ കയറിട്ടുകൊൾക എന്നു പറഞ്ഞു; യിരെമ്യാവു അങ്ങനെ ചെയ്തു. അവർ യിരെമ്യാവെ കയറുകൊണ്ടു കുഴിയിൽനിന്നു വലിച്ചുകയറ്റി; യിരെമ്യാവു കാവൽപുരമുറ്റത്തു പാർത്തു.

യിരെമ്യാവ് 38:1-13 സമകാലിക മലയാളവിവർത്തനം (MCV)

യിരെമ്യാവ് സകലജനത്തോടും പ്രസ്താവിച്ച വചനങ്ങൾ മത്ഥാന്റെ മകൻ ശെഫത്യാവും പശ്ഹൂരിന്റെ മകൻ ഗെദല്യാവും ശെലെമ്യാവിന്റെ മകൻ യെഹൂഖലും മൽക്കീയാവിന്റെ മകൻ പശ്ഹൂരും കേട്ടു. ഇപ്രകാരമായിരുന്നു അദ്ദേഹം സംസാരിച്ചത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ നഗരത്തിൽ പാർക്കുന്നവർ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും. എന്നാൽ ബാബേല്യരുടെ അടുക്കലേക്കു പോകുന്നവർ ജീവിക്കും. അവരുടെ ജീവൻ അവർക്കു കൊള്ളകിട്ടിയതുപോലെ ആയിരിക്കും; അവൻ ജീവനോടെയിരിക്കും.’ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ പട്ടണം തീർച്ചയായും ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും; രാജാവ് അതിനെ പിടിച്ചടക്കും.’ ” അപ്പോൾ ആ പ്രഭുക്കന്മാർ രാജാവിനോടു പറഞ്ഞു: “ഈ മനുഷ്യൻ പറയുന്ന കാര്യങ്ങൾ നഗരത്തിൽ ശേഷിച്ചിരിക്കുന്ന സൈന്യത്തെയും അതുപോലെതന്നെ സകലജനത്തെയും നിരുത്സാഹപ്പെടുത്തുന്നതാണ്. അതുകൊണ്ട് ഇയാളെ കൊന്നുകളയണം. ഈ മനുഷ്യൻ ഈ ജനത്തിന്റെ നന്മയല്ല, അവരുടെ നാശമാണ് ആഗ്രഹിക്കുന്നത്.” അതിനാൽ സിദെക്കീയാരാജാവ് ഇപ്രകാരം കൽപ്പിച്ചു: “ഇതാ, അയാൾ നിങ്ങളുടെ കൈയിൽ ഇരിക്കുന്നു. നിങ്ങൾക്കെതിരായി രാജാവിന് ഒന്നും ചെയ്യാൻ കഴിയുകയില്ല.” അങ്ങനെ അവർ യിരെമ്യാവിനെ പിടിച്ചുകൊണ്ടുപോയി കാവൽപ്പുരമുറ്റത്ത് രാജകുമാരനായ മൽക്കീയാവിന്റെ ജലസംഭരണിയിൽ ഇട്ടു. അവർ കയർകൊണ്ട് യിരെമ്യാവിനെ താഴേക്കിറക്കി. അതിൽ ചെളിയല്ലാതെ വെള്ളം ഉണ്ടായിരുന്നില്ല, അങ്ങനെ യിരെമ്യാവ് ചെളിയിൽ താണു. എന്നാൽ രാജകൊട്ടാരത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന കൂശ്യനായ ഏബെദ്-മെലെക്ക്, അവർ യിരെമ്യാവിനെ ഒരു ജലസംഭരണിയിലിട്ട വാർത്ത കേട്ടു. അപ്പോൾ രാജാവ് ബെന്യാമീൻകവാടത്തിൽ ഇരിക്കുകയായിരുന്നു. ഏബെദ്-മെലെക്ക് രാജകൊട്ടാരത്തിൽനിന്ന് ഇറങ്ങിച്ചെന്ന് രാജാവിനോട് ഇപ്രകാരം സംസാരിച്ചു: “യജമാനനായ രാജാവേ, ഈ പുരുഷന്മാർ യിരെമ്യാപ്രവാചകനോടു ചെയ്തതെല്ലാം ദുഷ്ടതയാണ്. അവർ അദ്ദേഹത്തെ ആ ജലസംഭരണിയിൽ ഇട്ടുകളഞ്ഞല്ലോ. നഗരത്തിൽ ആഹാരമില്ലായ്കയാൽ അദ്ദേഹം അവിടെക്കിടന്ന് പട്ടിണികൊണ്ടു മരിച്ചുപോകും.” അപ്പോൾ രാജാവ് കൂശ്യനായ ഏബെദ്-മെലെക്കിനോട് ഇപ്രകാരം കൽപ്പിച്ചു: “ഇവിടെനിന്നു നിന്റെ അധികാരത്തിൻ കീഴിലുള്ള മുപ്പതുപേരെ നിന്നോടൊപ്പം കൂട്ടിക്കൊണ്ടുപോയി യിരെമ്യാപ്രവാചകൻ മരിക്കുന്നതിനുമുമ്പ് അദ്ദേഹത്തെ ജലസംഭരണിയിൽനിന്ന് കയറ്റുക.” അങ്ങനെ ഏബെദ്-മെലെക്ക് അദ്ദേഹത്തിന്റെ അധികാരത്തിൻ കീഴിലുള്ള മുപ്പത് ആളുകളെ കൂട്ടിക്കൊണ്ട് കൊട്ടാരത്തിൽ ഭണ്ഡാരമുറിക്കുകീഴേയുള്ള ഒരു സ്ഥലത്തുചെന്ന് അവിടെനിന്നു പഴയ തുണിയും കീറിയ തുണിക്കഷണങ്ങളും ശേഖരിച്ച് അവ കയറിൽ കെട്ടി ജലസംഭരണിൽ യിരെമ്യാവിന്റെ അടുക്കലേക്ക് ഇറക്കിക്കൊടുത്തു. കൂശ്യനായ ഏബെദ്-മെലെക്ക് യിരെമ്യാവിനോട്: “ഈ പഴയ തുണിയും കീറിയ തുണിക്കഷണങ്ങളും കയറിനുകീഴേ നിന്റെ കക്ഷത്തിൽ വെക്കുക” എന്നു പറഞ്ഞു. അങ്ങനെ അവർ യിരെമ്യാവിനെ കയറുകൊണ്ടു ജലസംഭരണിയിൽനിന്നു വലിച്ചുകയറ്റി. അതിനുശേഷം യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് താമസിച്ചു.