JEREMIA 38:1-13

JEREMIA 38:1-13 MALCLBSI

യിരെമ്യാ ഇപ്രകാരം സർവജനത്തോടും പറയുന്നതു മത്ഥാന്റെ പുത്രൻ ശെഫത്യായും പശ്ഹൂരിന്റെ പുത്രൻ ഗെദല്യായും ശെലെമ്യായുടെ പുത്രൻ യൂഖലും മല്‌ക്കീയായുടെ പുത്രൻ പശ്ഹൂരും കേട്ടു. “സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഈ നഗരത്തിൽ പാർക്കുന്നവർ യുദ്ധവും ക്ഷാമവും മഹാമാരിയുംകൊണ്ടു മരിക്കും; എന്നാൽ ബാബിലോണ്യരുടെ അടുത്തേക്ക് ഇറങ്ങിച്ചെല്ലുന്നവർ ജീവിക്കും; അവർക്കു സ്വന്തജീവനെങ്കിലും രക്ഷിക്കാൻ കഴിയും.” അവിടുന്ന് അരുളിച്ചെയ്യുന്നു: “ഈ നഗരം ബാബിലോൺ രാജാവിന്റെ സൈന്യത്തിന്റെ അധീനതയിൽ തീർച്ചയായും ഏല്പിക്കപ്പെടും; അവർ അതു പിടിച്ചെടുക്കും.” അപ്പോൾ പ്രഭുക്കന്മാർ രാജാവിനോടു പറഞ്ഞു: “ഈ മനുഷ്യനെ വധിക്കണം; ഇയാൾ ഇങ്ങനെ സംസാരിച്ചു നഗരത്തിൽ ശേഷിച്ചിരിക്കുന്ന സൈന്യങ്ങളുടെയും ജനത്തിന്റെയും കരങ്ങൾ ദുർബലമാക്കുന്നു. ഇയാൾ ജനങ്ങളുടെ ക്ഷേമമല്ല നാശമാണ് ആഗ്രഹിക്കുന്നത്.” “ഇയാൾ നിങ്ങളുടെ കൈയിലാണ്, നിങ്ങൾക്കെതിരെ എനിക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ലല്ലോ” എന്നു സിദെക്കീയാരാജാവു പറഞ്ഞു. അവർ യിരെമ്യായെ പിടിച്ച്, രാജാവിന്റെ പുത്രനായ മല്‌ക്കീയായുടെ കിണറ്റിലിട്ടു; കാവല്‌ക്കാരുടെ അങ്കണത്തിലുള്ള ആ കിണറ്റിൽ അദ്ദേഹത്തെ കെട്ടിയിറക്കുകയാണുണ്ടായത്; കിണറ്റിൽ ചെളിയല്ലാതെ വെള്ളം ഉണ്ടായിരുന്നില്ല. യിരെമ്യാ ചെളിയിൽ താണു. യിരെമ്യായെ കിണറ്റിലിട്ട വിവരം കൊട്ടാരത്തിലെ ഷണ്ഡനായ എത്യോപ്യക്കാരൻ ഏബദ്-മേലെക് കേട്ടു; രാജാവ് അപ്പോൾ ബെന്യാമീൻ കവാടത്തിൽ ഇരിക്കുകയായിരുന്നു. ഏബെദ്-മേലെക് കൊട്ടാരത്തിൽനിന്നു രാജസന്നിധിയിൽ ചെന്നു പറഞ്ഞു. “എന്റെ യജമാനനായ രാജാവേ, അവർ യിരെമ്യാപ്രവാചകനോടു കാണിച്ചത് അന്യായമായിപ്പോയി. അവർ അദ്ദേഹത്തെ പിടിച്ചു കിണറ്റിലിട്ടു. നഗരത്തിൽ അപ്പം ശേഷിച്ചിട്ടില്ലാത്തതുകൊണ്ട് അയാൾ പട്ടിണി കിടന്നു മരിക്കയേ ഉള്ളൂ.” ഇവിടെനിന്നു മൂന്നു പേരെ കൂട്ടിക്കൊണ്ടുപോയി, യിരെമ്യാപ്രവാചകൻ മരിക്കുന്നതിനുമുമ്പ്, കിണറ്റിൽനിന്നു രക്ഷപെടുത്താൻ രാജാവ് എത്യോപ്യക്കാരനായ ഏബെദ്-മേലെക്കിനോടു കല്പിച്ചു. അതനുസരിച്ച് അയാൾ ആളുകളെ കൂട്ടിക്കൊണ്ടു പോയി. കൊട്ടാരത്തിൽ വസ്ത്രം സൂക്ഷിക്കുന്ന സ്ഥലത്തുനിന്നു പഴന്തുണികളെടുത്തു കയറിൽ കെട്ടി യിരെമ്യാക്കു കിണറ്റിലേക്ക് ഇറക്കിക്കൊടുത്തു. എത്യോപ്യനായ ഏബെദ്-മേലെക് യിരെമ്യായോടു, കീറിയ പഴന്തുണികൾ കക്ഷത്തിൽവച്ച് അതിന്മേൽ കയറിടാൻ പറഞ്ഞു; അദ്ദേഹം അങ്ങനെ ചെയ്തു. അവർ യിരെമ്യായെ കിണറ്റിൽനിന്നു വലിച്ചു കയറ്റി പുറത്തെടുത്തു; പിന്നീട് യിരെമ്യാ കാവല്‌ക്കാരുടെ അങ്കണത്തിൽ തന്നെ പാർത്തു.

JEREMIA 38 വായിക്കുക