യെശയ്യാവ് 8:1-12

യെശയ്യാവ് 8:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ എന്നോടു കല്പിച്ചത്: നീ ഒരു വലിയ പലക എടുത്ത്, സാമാന്യ അക്ഷരത്തിൽ: മഹേർ-ശാലാൽ ഹാശ്-ബസ് എന്ന് എഴുതുക. ഞാൻ ഊരീയാപുരോഹിതനെയും യെബെരെഖ്യാവിൻ മകനായ സഖര്യാവെയും എനിക്കു വിശ്വസ്തസാക്ഷികളാക്കി വയ്ക്കും. ഞാൻ പ്രവാചകിയുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു. യഹോവ എന്നോട്: അവനു മഹേർ-ശാലാൽ ഹാശ്-ബസ് എന്നു പേർ വിളിക്ക; ഈ കുട്ടിക്ക് അപ്പാ, അമ്മേ എന്നു വിളിപ്പാൻ പ്രായമാകുംമുമ്പേ ദമ്മേശെക്കിലെ ധനവും ശമര്യയിലെ കൊള്ളയും അശ്ശൂർരാജാവിന്റെ അടുക്കലേക്ക് എടുത്തുകൊണ്ടുപോകും എന്നരുളിച്ചെയ്തു. യഹോവ പിന്നെയും എന്നോട് അരുളിച്ചെയ്തതെന്തെന്നാൽ: ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാ വെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിൻമകനിലും സന്തോഷിക്കുന്നതുകൊണ്ട്, അതു കാരണത്താൽ തന്നെ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂർരാജാവിനെയും അവന്റെ സകല മഹത്ത്വത്തെയും തന്നെ, അവരുടെമേൽ വരുത്തും; അത് അതിന്റെ എല്ലാ തോടുകളിലും പൊങ്ങി അതിന്റെ എല്ലാ കരകളെയും കവിഞ്ഞൊഴുകും. അതു യെഹൂദായിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടർന്ന ചിറക്, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും. ജാതികളേ, കലഹിപ്പിൻ; തകർന്നുപോകുവിൻ! സകല ദൂരദിക്കുകാരുമായുള്ളോരേ, ശ്രദ്ധിച്ചുകൊൾവിൻ; അര കെട്ടിക്കൊൾവിൻ; തകർന്നുപോകുവിൻ. അര കെട്ടിക്കൊൾവിൻ, തകർന്നു പോകുവിൻ. കൂടി ആലോചിച്ചുകൊൾവിൻ; അതു നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറപ്പിൻ; സാധ്യം ഉണ്ടാകയില്ല; ദൈവം ഞങ്ങളോടുകൂടെ ഉണ്ട്. യഹോവ ബലമുള്ള കൈകൊണ്ട് എന്നെ പിടിച്ച് എന്നോട് അരുളിച്ചെയ്തു ഞാൻ ഈ ജനത്തിന്റെ വഴിയിൽ നടക്കാതെയിരിക്കേണ്ടതിന് എനിക്ക് ഉപദേശിച്ചുതന്നതെന്തെന്നാൽ: ഈ ജനം കൂട്ടുകെട്ട് എന്നു പറയുന്നതിനൊക്കെയും കൂട്ടുകെട്ട് എന്നു നിങ്ങൾ പറയരുത്; അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുത്, ഭ്രമിച്ചുപോകയുമരുത്.

യെശയ്യാവ് 8:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ എന്നോടു കല്പിച്ചു: “നീ വലിയ ഒരു എഴുത്തുപലക എടുത്ത് സാധാരണ അക്ഷരത്തിൽ മഹേർ-ശാലാൽ-ഹാശ്-ബസ് എന്നെഴുതുക.” ഇതിനു സാക്ഷ്യം വഹിക്കാൻ പുരോഹിതനായ ഊരിയായെയും യെബരെഖ്യായുടെ പുത്രനായ സെഖര്യായെയും വിളിക്കുക. ഞാൻ പ്രവാചകിയെ പ്രാപിച്ചു. അവൾ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. സർവേശ്വരൻ എന്നോടരുളിച്ചെയ്തു: “ആ കുട്ടിക്ക് മഹേർ-ശാലാൽ-ഹാശ്-ബസ് എന്നു പേരിടുക. എന്തെന്നാൽ അവൻ അപ്പാ, അമ്മേ എന്നു വിളിക്കാൻ പ്രായമാകുന്നതിനുമുമ്പ് ദമാസ്കസിലെ സമ്പത്തും ശമര്യയിലെ കൊള്ളമുതലും അസ്സീറിയാരാജാവു കൊണ്ടുപോകും.” സർവേശ്വരൻ എന്നോടു വീണ്ടും അരുളിച്ചെയ്തു: “ഈ ജനം ശാന്തമായി ഒഴുകുന്ന ശീലോഹാം അരുവിയെ ഉപേക്ഷിച്ചു. രെസീന്റെയും പേക്കഹിന്റെയും മുമ്പിൽ അവർ ഭയന്നു വിറയ്‍ക്കുന്നു. അതുകൊണ്ട് മഹാനദിയിലെ പെരുവെള്ളത്തെ, സിറിയാരാജാവിനെത്തന്നെ, അദ്ദേഹത്തിന്റെ സർവപ്രതാപത്തോടുംകൂടി സർവേശ്വരൻ അവരുടെ നേരെ കൊണ്ടുവരും. കൈത്തോടുകൾ നിറഞ്ഞ് അതു കരകവിഞ്ഞൊഴുകും. അതു യെഹൂദ്യയിലേക്കു കടന്നു കഴുത്തറ്റം പൊങ്ങി ദേശമാകമാനം മൂടിക്കളയും. ഇമ്മാനുവേലേ, അതു കവിഞ്ഞൊഴുകി നിന്റെ ദേശത്തെ മൂടിക്കളയും. ജനതകളേ, സംഭ്രമത്തോടെ ഒരുമിച്ചു കൂടുവിൻ! വിദൂരരാജ്യങ്ങളേ, ശ്രദ്ധിക്കുവിൻ! നിങ്ങൾ അമ്പരന്ന് ഒരുങ്ങുവിൻ; സംഭ്രമിച്ച് ഒരുങ്ങുവിൻ; നിങ്ങൾ കൂടിയാലോചിക്കുവിൻ; പക്ഷേ, അതു ഫലപ്പെടുകയില്ല. നിങ്ങൾ എന്തുതന്നെ ആലോചിച്ചു തീരുമാനിച്ചാലും പ്രയോജനമില്ല. കാരണം ദൈവം ഞങ്ങളുടെ കൂടെയാണ്. ആ ജനത്തിന്റെ മാർഗത്തിൽ ചരിക്കരുതെന്നു മുന്നറിയിപ്പു നല്‌കുകയും തന്റെ കരുത്തുറ്റ കരങ്ങൾ എന്റെമേൽ വയ്‍ക്കുകയും ചെയ്തുകൊണ്ടു ദൈവം അരുളിച്ചെയ്തു: “ഈ ജനത്തിന്റെ ഗൂഢാലോചനയിൽ നിങ്ങൾ ഉൾപ്പെടരുത്. അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടുകയും അരുത്.

യെശയ്യാവ് 8:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ എന്നോട് കല്പിച്ചത്: “നീ ഒരു വലിയ പലക എടുത്ത്, സാമാന്യഅക്ഷരത്തിൽ: മഹേർ-ശാലാൽ ഹാശ്-ബസ് എന്നു എഴുതുക. ഞാൻ ഊരീയാപുരോഹിതനെയും യെബെരെഖ്യാവിന്‍റെ മകനായ സെഖര്യാവെയും എനിക്ക് വിശ്വസ്തസാക്ഷികളാക്കി വയ്ക്കും.” ഞാൻ പ്രവാചകിയുടെ അടുക്കൽ ചെന്നു; അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. യഹോവ എന്നോട്: “അവന് മഹേർ-ശാലാൽ ഹാശ്-ബസ് എന്നു പേര് വിളിക്കുക; ഈ കുട്ടിക്ക് ‘അപ്പാ, അമ്മേ’ എന്നു വിളിക്കുവാൻ പ്രായമാകുംമുമ്പ് ദമ്മേശെക്കിലെ ധനവും ശമര്യയിലെ കൊള്ളയും അശ്ശൂർരാജാവിന്‍റെ അടുക്കലേക്ക് എടുത്തുകൊണ്ടുപോകും” എന്നരുളിച്ചെയ്തു. യഹോവ പിന്നെയും എന്നോട് അരുളിച്ചെയ്തത് എന്തെന്നാൽ: “ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാവെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിന്‍റെ മകനിലും സന്തോഷിക്കുന്നതുകൊണ്ട്, അതുകാരണത്താൽ തന്നെ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂർരാജാവിനെയും അവന്‍റെ സകലമഹത്ത്വത്തെയും തന്നെ, അവരുടെ മേൽ വരുത്തും; അത് അതിന്‍റെ എല്ലാതോടുകളിലും പൊങ്ങി അതിന്‍റെ എല്ലാകരകളെയും കവിഞ്ഞൊഴുകും. അത് യെഹൂദായിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്‍റെ വിടർന്ന ചിറക്, ഇമ്മാനൂവേലേ, നിന്‍റെ ദേശത്തിന്‍റെ വിസ്‌തൃതിയെ മൂടും.” ജനതകളേ, കലഹിക്കുവിൻ; തകർന്നുപോകുവിൻ! സകല ദൂരരാജ്യക്കാരുമായുള്ളവരേ, ശ്രദ്ധിച്ചുകൊള്ളുവിൻ; അര കെട്ടിക്കൊള്ളുവിൻ; തകർന്നുപോകുവിൻ. അര കെട്ടിക്കൊള്ളുവിൻ, തകർന്നുപോകുവിൻ. കൂടി ആലോചിച്ചുകൊള്ളുവിൻ; അത് നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറക്കുവിൻ; അത് നിലനില്‍ക്കുകയില്ല; ദൈവം ഞങ്ങളോടുകൂടി ഉണ്ട്. യഹോവ ബലമുള്ള കൈകൊണ്ട് എന്നെ പിടിച്ച് എന്നോട് അരുളിച്ചെയ്തു; ഞാൻ ഈ ജനത്തിന്‍റെ വഴിയിൽ നടക്കാതെയിരിക്കേണ്ടതിന് എനിക്ക് ഉപദേശിച്ചുതന്നത് എന്തെന്നാൽ: “ഈ ജനം കൂട്ടുകെട്ട് എന്നു പറയുന്നതിനെല്ലാം കൂട്ടുകെട്ട് എന്നു നിങ്ങൾ പറയരുത്; അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുത്, ഭ്രമിച്ചുപോകുകയുമരുത്.

യെശയ്യാവ് 8:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ എന്നോടു കല്പിച്ചതു: നീ ഒരു വലിയ പലക എടുത്തു, സാമാന്യഅക്ഷരത്തിൽ: മഹേർ-ശാലാൽ ഹാശ്-ബസ് എന്നു എഴുതുക. ഞാൻ ഊരിയാപുരോഹിതനെയും യെബെരെഖ്യാവിൻ മകനായ സഖര്യാവെയും എനിക്കു വിശ്വസ്തസാക്ഷികളാക്കി വെക്കും. ഞാൻ പ്രവാചകിയുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. യഹോവ എന്നോടു: അവന്നു മഹേർ-ശാലാൽ ഹാശ്-ബസ് എന്നു പേർ വിളിക്ക; ഈ കുട്ടിക്കു അപ്പാ, അമ്മേ എന്നു വിളിപ്പാൻ പ്രായമാകുംമുമ്പെ ദമ്മേശെക്കിലെ ധനവും ശമര്യയിലെ കൊള്ളയും അശ്ശൂർ രാജാവിന്റെ അടുക്കലേക്കു എടുത്തുകൊണ്ടു പോകും എന്നരുളിച്ചെയ്തു. യഹോവ പിന്നെയും എന്നോടു അരുളിച്ചെയ്തതെന്തെന്നാൽ: ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാവെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിൻമകനിലും സന്തോഷിക്കുന്നതുകൊണ്ടു, അതുകാരണത്താൽ തന്നേ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂർരാജാവിനെയും അവന്റെ സകലമഹത്വത്തെയും തന്നേ, അവരുടെമേൽ വരുത്തും; അതു അതിന്റെ എല്ലാതോടുകളിലും പൊങ്ങി അതിന്റെ എല്ലാകരകളെയും കവിഞ്ഞൊഴുകും. അതു യെഹൂദയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടർന്ന ചിറകു, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും. ജാതികളേ, കലഹിപ്പിൻ; തകർന്നുപോകുവിൻ! സകല ദൂരദിക്കുകാരുമായുള്ളോരേ, ശ്രദ്ധിച്ചുകൊൾവിൻ; അര കെട്ടിക്കൊൾവിൻ; തകർന്നുപോകുവിൻ. അര കെട്ടിക്കൊൾവിൻ, തകർന്നുപോകുവിൻ. കൂടി ആലോചിച്ചുകൊൾവിൻ; അതു നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറെപ്പിൻ; സാദ്ധ്യം ഉണ്ടാകയില്ല; ദൈവം ഞങ്ങളോടുകൂടെ ഉണ്ടു. യഹോവ ബലമുള്ള കൈകൊണ്ടു എന്നെ പിടിച്ചു എന്നോടു അരുളിച്ചെയ്തു ഞാൻ ഈ ജനത്തിന്റെ വഴിയിൽ നടക്കാതെയിരിക്കേണ്ടതിന്നു എനിക്കു ഉപദേശിച്ചുതന്നതെന്തെന്നാൽ: ഈ ജനം കൂട്ടുകെട്ടു എന്നു പറയുന്നതിന്നൊക്കെയും കൂട്ടുകെട്ടു എന്നു നിങ്ങൾ പറയരുതു; അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുതു, ഭ്രമിച്ചുപോകയുമരുതു.

യെശയ്യാവ് 8:1-12 സമകാലിക മലയാളവിവർത്തനം (MCV)

അപ്പോൾ യഹോവ എന്നോട്: “നീ ഒരു വലിയ ഫലകം എടുത്ത് അതിൽ സാധാരണ അക്ഷരത്തിൽ, മഹേർ-ശാലാൽ-ഹാശ്-ബസ്” എന്ന് എഴുതുക. ഞാൻ എനിക്കുവേണ്ടി ഊരിയാ പുരോഹിതനെയും യെബെരെഖ്യാവിന്റെ മകനായ സെഖര്യാവിനെയും വിശ്വസ്തസാക്ഷികളായി വിളിക്കും. പിന്നീട് ഞാൻ പ്രവാചികയുടെ അടുക്കൽ ചെന്നു, അങ്ങനെ അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “അവന് മഹേർ-ശാലാൽ-ഹാശ്-ബസ്, എന്നു പേരിടുക. കാരണം ഈ കുട്ടിക്ക് അപ്പാ, അമ്മാ എന്നു വിളിക്കാൻ പ്രായമാകുന്നതിനുമുമ്പ്, ദമസ്കോസിലെ ധനവും ശമര്യയിലെ കവർച്ചമുതലും അശ്ശൂർരാജാവ് എടുത്തുകൊണ്ടുപോകും.” യഹോവ പിന്നെയും എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഈ ജനം ശാന്തമായി ഒഴുകുന്ന ശീലോഹാവെള്ളത്തെ ഉപേക്ഷിച്ചതുകൊണ്ടും രെസീനിലും രെമല്യാവിന്റെ മകനിലും ആനന്ദിക്കുന്നതുകൊണ്ടും, കർത്താവ് അവരുടെമേൽ യൂഫ്രട്ടീസിലെ ശക്തവും സമൃദ്ധവുമായ പ്രളയജലം— അശ്ശൂർരാജാവിനെയും അവന്റെ സകലസന്നാഹത്തെയും—അയയ്ക്കും. അത് അവരുടെ എല്ലാ തോടുകളിലും പൊങ്ങി അതിന്റെ എല്ലാ കരകളിലും കവിഞ്ഞൊഴുകും. അനന്തരം അതു യെഹൂദ്യയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തുവരെയും എത്തും. ഇമ്മാനുവേലേ, അതിന്റെ വിരിച്ച ചിറകുകൾ, നിന്റെ ദേശത്തിന്റെ വിസ്തൃതിയെ മൂടും.” രാഷ്ട്രങ്ങളേ, യുദ്ധാരവം മുഴക്കുകയും തകർന്നടിയുകയുംചെയ്യുക! ഭൂമിയിലെ വിദൂരസ്ഥലങ്ങളേ, ചെവിതരിക. യുദ്ധത്തിനു തയ്യാറെടുക്കുകയും തകർന്നടിയുകയുംചെയ്യുക! അതേ, യുദ്ധത്തിനു തയ്യാറെടുക്കുകയും തകർന്നടിയുകയുംചെയ്യുക! നിങ്ങൾ ഒരു യുദ്ധതന്ത്രം ആവിഷ്ക്കരിക്കുക, എന്നാൽ അതു നിഷ്ഫലമാക്കപ്പെടും; നിങ്ങളുടെ ഉത്തരവ് പുറപ്പെടുവിക്കുക, അതു നിലനിൽക്കുകയില്ല, കാരണം ദൈവം നമ്മോടുകൂടെയുണ്ട്. യഹോവ വളരെ കർക്കശമായ മുന്നറിയിപ്പോടെ എന്നോടു സംസാരിച്ച് ഈ ജനങ്ങളുടെ വഴിയിൽ നടക്കാതിരിക്കാൻ ഉപദേശിച്ചു. അവിടന്ന് അരുളിച്ചെയ്തത്: “ഈ ജനം ഗൂഢാലോചന എന്നു വിളിക്കുന്ന എല്ലാറ്റിനെയും നിങ്ങൾ ഗൂഢാലോചന എന്നു വിളിക്കരുത്; അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുത്, ഭ്രമിക്കുകയുമരുത്.