ISAIA 8:1-12

ISAIA 8:1-12 MALCLBSI

സർവേശ്വരൻ എന്നോടു കല്പിച്ചു: “നീ വലിയ ഒരു എഴുത്തുപലക എടുത്ത് സാധാരണ അക്ഷരത്തിൽ മഹേർ-ശാലാൽ-ഹാശ്-ബസ് എന്നെഴുതുക.” ഇതിനു സാക്ഷ്യം വഹിക്കാൻ പുരോഹിതനായ ഊരിയായെയും യെബരെഖ്യായുടെ പുത്രനായ സെഖര്യായെയും വിളിക്കുക. ഞാൻ പ്രവാചകിയെ പ്രാപിച്ചു. അവൾ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. സർവേശ്വരൻ എന്നോടരുളിച്ചെയ്തു: “ആ കുട്ടിക്ക് മഹേർ-ശാലാൽ-ഹാശ്-ബസ് എന്നു പേരിടുക. എന്തെന്നാൽ അവൻ അപ്പാ, അമ്മേ എന്നു വിളിക്കാൻ പ്രായമാകുന്നതിനുമുമ്പ് ദമാസ്കസിലെ സമ്പത്തും ശമര്യയിലെ കൊള്ളമുതലും അസ്സീറിയാരാജാവു കൊണ്ടുപോകും.” സർവേശ്വരൻ എന്നോടു വീണ്ടും അരുളിച്ചെയ്തു: “ഈ ജനം ശാന്തമായി ഒഴുകുന്ന ശീലോഹാം അരുവിയെ ഉപേക്ഷിച്ചു. രെസീന്റെയും പേക്കഹിന്റെയും മുമ്പിൽ അവർ ഭയന്നു വിറയ്‍ക്കുന്നു. അതുകൊണ്ട് മഹാനദിയിലെ പെരുവെള്ളത്തെ, സിറിയാരാജാവിനെത്തന്നെ, അദ്ദേഹത്തിന്റെ സർവപ്രതാപത്തോടുംകൂടി സർവേശ്വരൻ അവരുടെ നേരെ കൊണ്ടുവരും. കൈത്തോടുകൾ നിറഞ്ഞ് അതു കരകവിഞ്ഞൊഴുകും. അതു യെഹൂദ്യയിലേക്കു കടന്നു കഴുത്തറ്റം പൊങ്ങി ദേശമാകമാനം മൂടിക്കളയും. ഇമ്മാനുവേലേ, അതു കവിഞ്ഞൊഴുകി നിന്റെ ദേശത്തെ മൂടിക്കളയും. ജനതകളേ, സംഭ്രമത്തോടെ ഒരുമിച്ചു കൂടുവിൻ! വിദൂരരാജ്യങ്ങളേ, ശ്രദ്ധിക്കുവിൻ! നിങ്ങൾ അമ്പരന്ന് ഒരുങ്ങുവിൻ; സംഭ്രമിച്ച് ഒരുങ്ങുവിൻ; നിങ്ങൾ കൂടിയാലോചിക്കുവിൻ; പക്ഷേ, അതു ഫലപ്പെടുകയില്ല. നിങ്ങൾ എന്തുതന്നെ ആലോചിച്ചു തീരുമാനിച്ചാലും പ്രയോജനമില്ല. കാരണം ദൈവം ഞങ്ങളുടെ കൂടെയാണ്. ആ ജനത്തിന്റെ മാർഗത്തിൽ ചരിക്കരുതെന്നു മുന്നറിയിപ്പു നല്‌കുകയും തന്റെ കരുത്തുറ്റ കരങ്ങൾ എന്റെമേൽ വയ്‍ക്കുകയും ചെയ്തുകൊണ്ടു ദൈവം അരുളിച്ചെയ്തു: “ഈ ജനത്തിന്റെ ഗൂഢാലോചനയിൽ നിങ്ങൾ ഉൾപ്പെടരുത്. അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടുകയും അരുത്.

ISAIA 8 വായിക്കുക