യെശയ്യാവ് 8:1-12

യെശയ്യാവ് 8:1-12 MCV

അപ്പോൾ യഹോവ എന്നോട്: “നീ ഒരു വലിയ ഫലകം എടുത്ത് അതിൽ സാധാരണ അക്ഷരത്തിൽ, മഹേർ-ശാലാൽ-ഹാശ്-ബസ്” എന്ന് എഴുതുക. ഞാൻ എനിക്കുവേണ്ടി ഊരിയാ പുരോഹിതനെയും യെബെരെഖ്യാവിന്റെ മകനായ സെഖര്യാവിനെയും വിശ്വസ്തസാക്ഷികളായി വിളിക്കും. പിന്നീട് ഞാൻ പ്രവാചികയുടെ അടുക്കൽ ചെന്നു, അങ്ങനെ അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “അവന് മഹേർ-ശാലാൽ-ഹാശ്-ബസ്, എന്നു പേരിടുക. കാരണം ഈ കുട്ടിക്ക് അപ്പാ, അമ്മാ എന്നു വിളിക്കാൻ പ്രായമാകുന്നതിനുമുമ്പ്, ദമസ്കോസിലെ ധനവും ശമര്യയിലെ കവർച്ചമുതലും അശ്ശൂർരാജാവ് എടുത്തുകൊണ്ടുപോകും.” യഹോവ പിന്നെയും എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഈ ജനം ശാന്തമായി ഒഴുകുന്ന ശീലോഹാവെള്ളത്തെ ഉപേക്ഷിച്ചതുകൊണ്ടും രെസീനിലും രെമല്യാവിന്റെ മകനിലും ആനന്ദിക്കുന്നതുകൊണ്ടും, കർത്താവ് അവരുടെമേൽ യൂഫ്രട്ടീസിലെ ശക്തവും സമൃദ്ധവുമായ പ്രളയജലം— അശ്ശൂർരാജാവിനെയും അവന്റെ സകലസന്നാഹത്തെയും—അയയ്ക്കും. അത് അവരുടെ എല്ലാ തോടുകളിലും പൊങ്ങി അതിന്റെ എല്ലാ കരകളിലും കവിഞ്ഞൊഴുകും. അനന്തരം അതു യെഹൂദ്യയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തുവരെയും എത്തും. ഇമ്മാനുവേലേ, അതിന്റെ വിരിച്ച ചിറകുകൾ, നിന്റെ ദേശത്തിന്റെ വിസ്തൃതിയെ മൂടും.” രാഷ്ട്രങ്ങളേ, യുദ്ധാരവം മുഴക്കുകയും തകർന്നടിയുകയുംചെയ്യുക! ഭൂമിയിലെ വിദൂരസ്ഥലങ്ങളേ, ചെവിതരിക. യുദ്ധത്തിനു തയ്യാറെടുക്കുകയും തകർന്നടിയുകയുംചെയ്യുക! അതേ, യുദ്ധത്തിനു തയ്യാറെടുക്കുകയും തകർന്നടിയുകയുംചെയ്യുക! നിങ്ങൾ ഒരു യുദ്ധതന്ത്രം ആവിഷ്ക്കരിക്കുക, എന്നാൽ അതു നിഷ്ഫലമാക്കപ്പെടും; നിങ്ങളുടെ ഉത്തരവ് പുറപ്പെടുവിക്കുക, അതു നിലനിൽക്കുകയില്ല, കാരണം ദൈവം നമ്മോടുകൂടെയുണ്ട്. യഹോവ വളരെ കർക്കശമായ മുന്നറിയിപ്പോടെ എന്നോടു സംസാരിച്ച് ഈ ജനങ്ങളുടെ വഴിയിൽ നടക്കാതിരിക്കാൻ ഉപദേശിച്ചു. അവിടന്ന് അരുളിച്ചെയ്തത്: “ഈ ജനം ഗൂഢാലോചന എന്നു വിളിക്കുന്ന എല്ലാറ്റിനെയും നിങ്ങൾ ഗൂഢാലോചന എന്നു വിളിക്കരുത്; അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുത്, ഭ്രമിക്കുകയുമരുത്.