യെശയ്യാവ് 29:17-24 - Compare All Versions
യെശയ്യാവ് 29:17-24 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഇനി അല്പകാലംകൊണ്ടു ലെബാനോൻ ഒരു ഉദ്യാനമായിത്തീരുകയും ഉദ്യാനം വനമായി എണ്ണപ്പെടുകയും ചെയ്കയില്ലയോ? അന്നാളിൽ ചെകിടന്മാർ പുസ്തകത്തിലെ വചനങ്ങളെ കേൾക്കുകയും കുരുടന്മാരുടെ കണ്ണുകൾ ഇരുളും അന്ധകാരവും നീങ്ങി കാണുകയും സൗമ്യതയുള്ളവർക്കു യഹോവയിൽ സന്തോഷം വർധിക്കയും മനുഷ്യരിൽ സാധുക്കളായവർ യിസ്രായേലിന്റെ പരിശുദ്ധനിൽ ആനന്ദിക്കയും ചെയ്യും. നിഷ്കണ്ടകൻ നാസ്തിയായും പരിഹാസി ഇല്ലാതെയായും ഇരിക്കുന്നുവല്ലോ. മനുഷ്യരെ വ്യവഹാരത്തിൽ കുറ്റക്കാരാക്കുകയും പട്ടണവാതിൽക്കൽ ന്യായം വിസ്തരിക്കുന്നവനു കെണി വയ്ക്കയും നീതിമാനെ നിസ്സാരകാര്യം കൊണ്ടു ബഹിഷ്കരിക്കയും ചെയ്യുന്നവരായി നീതികേടിനു ജാഗ്രതയുള്ള ഏവരും ഛേദിക്കപ്പെട്ടുമിരിക്കുന്നു. ആകയാൽ അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യാക്കോബ്ഗൃഹത്തെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: യാക്കോബ് ഇനി ലജ്ജിച്ചുപോകയില്ല; അവന്റെ മുഖം ഇനി വിളറിപ്പോകയുമില്ല. എന്നാൽ അവൻ, അവന്റെ മക്കൾ തന്നെ, തങ്ങളുടെ മധ്യേ എന്റെ കൈകളുടെ പ്രവൃത്തി കാണുമ്പോൾ അവർ എന്റെ നാമത്തെ വിശുദ്ധീകരിക്കും; അതേ അവർ യാക്കോബിന്റെ പരിശുദ്ധനെ വിശുദ്ധീകരിക്കയും യിസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും. മനോവിഭ്രമമുള്ളവർ ജ്ഞാനം ഗ്രഹിക്കയും പിറുപിറുക്കുന്നവർ ഉപദേശം പഠിക്കയും ചെയ്യും.
യെശയ്യാവ് 29:17-24 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ലെബാനോൻ ഫലസമൃദ്ധമായ വിളഭൂമിയായിത്തീരാനും വിളഭൂമി വനമായി എണ്ണപ്പെടാനും അല്പകാലമേ വേണ്ടൂ. അന്നു ബധിരൻ ഗ്രന്ഥത്തിലെ വചനങ്ങൾ വായിച്ചു കേൾക്കുകയും അന്ധന്റെ ഇരുൾ നീങ്ങി പ്രകാശം ലഭിക്കുകയും ചെയ്യും. സൗമ്യശീലർക്കു സർവേശ്വരനിൽ നവ്യമായ ആനന്ദം ഉണ്ടാകും. എളിയവർ ഇസ്രായേലിന്റെ പരിശുദ്ധനായ സർവേശ്വരനിൽ ആനന്ദിക്കും. നിർദയർ ഇല്ലാതാവും നിന്ദകരുടെ കഥ അവസാനിക്കും തിന്മ ചെയ്യാനൊരുങ്ങിയിരിക്കുന്നവർ വിച്ഛേദിക്കപ്പെടും. അവർ ഒരു വാക്കുകൊണ്ട് ഒരുവനെ അപരാധിയാക്കിത്തീർക്കുകയും പട്ടണവാതിൽക്കലിരുന്നു നീതി നടത്തുന്നവർക്കു കെണി വയ്‍ക്കുകയും അടിസ്ഥാനരഹിതമായ വാദംകൊണ്ട് നീതിമാനെ തകിടം മറിക്കുകയും ചെയ്യുന്നു. അതിനാൽ അബ്രഹാമിനെ വീണ്ടെടുത്ത സർവേശ്വരൻ യാക്കോബിന്റെ ഭവനത്തെക്കുറിച്ച് അരുളിച്ചെയ്യുന്നു: “നിങ്ങൾ ഇനി ലജ്ജിതരാവുകയില്ല. നിങ്ങളുടെ മുഖം ഇനി വിളറുകയുമില്ല. ഞാൻ ജനമധ്യേ ചെയ്ത പ്രവൃത്തികൾ കാണുമ്പോൾ നിങ്ങളുടെ സന്തതികൾ എന്നെ പരിശുദ്ധനെന്നു വാഴ്ത്തും. യാക്കോബിന്റെ പരിശുദ്ധനായ സർവേശ്വരനെ പ്രകീർത്തിക്കും. ഇസ്രായേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭക്തിയോടെ നിലകൊള്ളും. അസ്ഥിരമാനസർക്കു വിവേകമുണ്ടാവുകയും പിറുപിറുത്തിരുന്നവർ ഉപദേശം കൈക്കൊള്ളുകയും ചെയ്യും.
യെശയ്യാവ് 29:17-24 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ഇനി അല്പകാലംകൊണ്ടു ലെബാനോൻ ഒരു ഉദ്യാനമായി തീരുകയും ഉദ്യാനം വനമായി എണ്ണപ്പെടുകയും ചെയ്യുകയില്ലയോ? ആ നാളിൽ ചെകിടന്മാർ പുസ്തകത്തിലെ വചനങ്ങളെ കേൾക്കുകയും കരുടന്മാരുടെ കണ്ണുകൾ ഇരുളും അന്ധകാരവും നീങ്ങി കാണുകയും സൗമ്യതയുള്ളവർക്കു യഹോവയിൽ സന്തോഷം വർദ്ധിക്കുകയും മനുഷ്യരിൽ സാധുക്കളായവർ യിസ്രായേലിന്റെ പരിശുദ്ധനിൽ ആനന്ദിക്കുകയും ചെയ്യും. ഭയങ്കരൻ നാസ്തിയായും പരിഹാസി ഇല്ലാതെയായും ഇരിക്കുന്നുവല്ലോ. മനുഷ്യരെ വ്യവഹാരത്തിൽ കുറ്റക്കാരാക്കുകയും പട്ടണവാതില്ക്കൽ ന്യായം വിസ്തരിക്കുന്നവനു കെണിവയ്ക്കുകയും നീതിമാനെ നിസ്സാരകാര്യംകൊണ്ടു ബഹിഷ്കരിക്കുകയും ചെയ്യുന്നവരായി നീതികേടിന് കാത്തിരിക്കുന്ന ഏവരും ഛേദിക്കപ്പെട്ടുമിരിക്കുന്നു. ആകയാൽ അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യാക്കോബ് ഗൃഹത്തെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യാക്കോബ് ഇനി ലജ്ജിച്ചുപോവുകയില്ല; അവന്‍റെ മുഖം ഇനി വിളറിപ്പോവുകയുമില്ല. എന്നാൽ അവൻ, അവന്‍റെ മക്കൾതന്നെ, അവരുടെ മദ്ധ്യത്തിൽ എന്‍റെ കൈകളുടെ പ്രവൃത്തി കാണുമ്പോൾ അവർ എന്റെ നാമത്തെ വിശുദ്ധീകരിക്കും; അതേ അവർ യാക്കോബിന്റെ പരിശുദ്ധനെ വിശുദ്ധീകരിക്കുകയും യിസ്രായേലിന്‍റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും. മനോവിഭ്രമമുള്ളവർ ജ്ഞാനം ഗ്രഹിക്കുകയും പിറുപിറുക്കുന്നവർ ഉപദേശം പഠിക്കുകയും ചെയ്യും.”
യെശയ്യാവ് 29:17-24 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇനി അല്പകാലംകൊണ്ടു ലെബാനോൻ ഒരു ഉദ്യാനമായി തീരുകയും ഉദ്യാനം വനമായി എണ്ണപ്പെടുകയും ചെയ്കയില്ലയോ? അന്നാളിൽ ചെകിടന്മാർ പുസ്തകത്തിലെ വചനങ്ങളെ കേൾക്കുകയും കരുടന്മാരുടെ കണ്ണുകൾ ഇരുളും അന്ധകാരവും നീങ്ങി കാണുകയും സൗമ്യതയുള്ളവർക്കു യഹോവയിൽ സന്തോഷം വർദ്ധിക്കയും മനുഷ്യരിൽ സാധുക്കളായവർ യിസ്രായേലിന്റെ പരിശുദ്ധനിൽ ആനന്ദിക്കയും ചെയ്യും. നിഷ്കണ്ടകൻ നാസ്തിയായും പരിഹാസി ഇല്ലാതെയായും ഇരിക്കുന്നുവല്ലോ. മനുഷ്യരെ വ്യവഹാരത്തിൽ കുറ്റക്കാരാക്കുകയും പട്ടണവാതില്ക്കൽ ന്യായം വിസ്തരിക്കുന്നവന്നു കണിവെക്കയും നീതിമാനെ നിസ്സാരകാര്യംകൊണ്ടു ബഹിഷ്കരിക്കയും ചെയ്യുന്നവരായി നീതികേടിന്നു ജാഗ്രതയുള്ള ഏവരും ഛേദിക്കപ്പെട്ടുമിരിക്കുന്നു. ആകയാൽ അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യക്കോബ് ഗൃഹത്തെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: യാക്കോബ് ഇനി ലജ്ജിച്ചു പോകയില്ല; അവന്റെ മുഖം ഇനി വിളറിപ്പോകയുമില്ല. എന്നാൽ അവൻ, അവന്റെ മക്കൾ തന്നേ, തങ്ങളുടെ മദ്ധ്യേ എന്റെ കൈകളുടെ പ്രവൃത്തി കാണുമ്പോൾ അവർ എന്റെ നാമത്തെ വിശുദ്ധീകരിക്കും; അതേ അവർ യാക്കോബിന്റെ പരിശുദ്ധനെ വിശുദ്ധീകരിക്കയും യിസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും. മനോവിഭ്രമമുള്ളവർ ജ്ഞാനം ഗ്രഹിക്കയും പിറുപിറുക്കുന്നവർ ഉപദേശം പഠിക്കയും ചെയ്യും.
യെശയ്യാവ് 29:17-24 MCV (സമകാലിക മലയാളവിവർത്തനം)
ഇനി അൽപ്പസമയത്തിനുള്ളിൽ ലെബാനോൻ ഫലസമൃദ്ധമായ ഒരു വയലായിത്തീരുകയില്ലേ, ആ വയൽ വനമായി കാണപ്പെടുകയുമില്ലേ? ആ ദിവസത്തിൽ ചെകിടന്മാർ പുസ്തകച്ചുരുളിലെ വചനങ്ങൾ കേൾക്കുകയും അന്ധരുടെ കണ്ണുകൾ അന്ധതനീങ്ങി കാഴ്ചനേടുകയും ചെയ്യും. അപ്പോൾ സൗമ്യതയുള്ളവർക്ക് യഹോവയിലുള്ള സന്തോഷം വർധിക്കുകയും ദരിദ്രർ ഇസ്രായേലിന്റെ പരിശുദ്ധനിൽ ആനന്ദിക്കുകയും ചെയ്യും. ക്രൂരർ ഇല്ലാതെയാകും, പരിഹാസികൾ നാമാവശേഷമാകും, ദോഷം ചെയ്യാൻ മുതിരുന്ന എല്ലാവരും ഛേദിക്കപ്പെടും— മനുഷ്യരെ വാക്കിൽ കുടുക്കി കുറ്റക്കാരാക്കുന്നവർ, നഗരകവാടത്തിൽ ന്യായം വിസ്തരിക്കുന്നവനു കെണി വെക്കുന്നവർ, നീതിനിഷ്ഠരെ വ്യാജവാദങ്ങളാൽ വഞ്ചിക്കുന്നവർ എന്നിവരെയെല്ലാംതന്നെ. അതിനാൽ അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യാക്കോബിന്റെ സന്തതികളോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യാക്കോബ് ഇനി ലജ്ജിതനാകുകയില്ല; അവന്റെ മുഖം ഇനിയൊരിക്കലും വിളറുകയുമില്ല. എന്നാൽ അവർ അവരുടെ മക്കളുടെ മധ്യേ, എന്റെ കൈകളുടെ പ്രവൃത്തി കാണുമ്പോൾ, അവർ എന്റെ നാമത്തെ വിശുദ്ധീകരിക്കും; അതേ, അവർ യാക്കോബിന്റെ പരിശുദ്ധന്റെ വിശുദ്ധി അംഗീകരിക്കുകയും ഇസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും. മനോവിഭ്രമം ബാധിച്ചു തെറ്റിപ്പോയവർ വിവേകബുദ്ധിനേടുകയും പിറുപിറുത്തവർ ഉപദേശം സ്വീകരിക്കുകയും ചെയ്യും.”