യെശയ്യാവ് 29:17-24

യെശയ്യാവ് 29:17-24 MCV

ഇനി അൽപ്പസമയത്തിനുള്ളിൽ ലെബാനോൻ ഫലസമൃദ്ധമായ ഒരു വയലായിത്തീരുകയില്ലേ, ആ വയൽ വനമായി കാണപ്പെടുകയുമില്ലേ? ആ ദിവസത്തിൽ ചെകിടന്മാർ പുസ്തകച്ചുരുളിലെ വചനങ്ങൾ കേൾക്കുകയും അന്ധരുടെ കണ്ണുകൾ അന്ധതനീങ്ങി കാഴ്ചനേടുകയും ചെയ്യും. അപ്പോൾ സൗമ്യതയുള്ളവർക്ക് യഹോവയിലുള്ള സന്തോഷം വർധിക്കുകയും ദരിദ്രർ ഇസ്രായേലിന്റെ പരിശുദ്ധനിൽ ആനന്ദിക്കുകയും ചെയ്യും. ക്രൂരർ ഇല്ലാതെയാകും, പരിഹാസികൾ നാമാവശേഷമാകും, ദോഷം ചെയ്യാൻ മുതിരുന്ന എല്ലാവരും ഛേദിക്കപ്പെടും— മനുഷ്യരെ വാക്കിൽ കുടുക്കി കുറ്റക്കാരാക്കുന്നവർ, നഗരകവാടത്തിൽ ന്യായം വിസ്തരിക്കുന്നവനു കെണി വെക്കുന്നവർ, നീതിനിഷ്ഠരെ വ്യാജവാദങ്ങളാൽ വഞ്ചിക്കുന്നവർ എന്നിവരെയെല്ലാംതന്നെ. അതിനാൽ അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യാക്കോബിന്റെ സന്തതികളോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യാക്കോബ് ഇനി ലജ്ജിതനാകുകയില്ല; അവന്റെ മുഖം ഇനിയൊരിക്കലും വിളറുകയുമില്ല. എന്നാൽ അവർ അവരുടെ മക്കളുടെ മധ്യേ, എന്റെ കൈകളുടെ പ്രവൃത്തി കാണുമ്പോൾ, അവർ എന്റെ നാമത്തെ വിശുദ്ധീകരിക്കും; അതേ, അവർ യാക്കോബിന്റെ പരിശുദ്ധന്റെ വിശുദ്ധി അംഗീകരിക്കുകയും ഇസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും. മനോവിഭ്രമം ബാധിച്ചു തെറ്റിപ്പോയവർ വിവേകബുദ്ധിനേടുകയും പിറുപിറുത്തവർ ഉപദേശം സ്വീകരിക്കുകയും ചെയ്യും.”