ISAIA 29:17-24
ISAIA 29:17-24 MALCLBSI
ലെബാനോൻ ഫലസമൃദ്ധമായ വിളഭൂമിയായിത്തീരാനും വിളഭൂമി വനമായി എണ്ണപ്പെടാനും അല്പകാലമേ വേണ്ടൂ. അന്നു ബധിരൻ ഗ്രന്ഥത്തിലെ വചനങ്ങൾ വായിച്ചു കേൾക്കുകയും അന്ധന്റെ ഇരുൾ നീങ്ങി പ്രകാശം ലഭിക്കുകയും ചെയ്യും. സൗമ്യശീലർക്കു സർവേശ്വരനിൽ നവ്യമായ ആനന്ദം ഉണ്ടാകും. എളിയവർ ഇസ്രായേലിന്റെ പരിശുദ്ധനായ സർവേശ്വരനിൽ ആനന്ദിക്കും. നിർദയർ ഇല്ലാതാവും നിന്ദകരുടെ കഥ അവസാനിക്കും തിന്മ ചെയ്യാനൊരുങ്ങിയിരിക്കുന്നവർ വിച്ഛേദിക്കപ്പെടും. അവർ ഒരു വാക്കുകൊണ്ട് ഒരുവനെ അപരാധിയാക്കിത്തീർക്കുകയും പട്ടണവാതിൽക്കലിരുന്നു നീതി നടത്തുന്നവർക്കു കെണി വയ്‍ക്കുകയും അടിസ്ഥാനരഹിതമായ വാദംകൊണ്ട് നീതിമാനെ തകിടം മറിക്കുകയും ചെയ്യുന്നു. അതിനാൽ അബ്രഹാമിനെ വീണ്ടെടുത്ത സർവേശ്വരൻ യാക്കോബിന്റെ ഭവനത്തെക്കുറിച്ച് അരുളിച്ചെയ്യുന്നു: “നിങ്ങൾ ഇനി ലജ്ജിതരാവുകയില്ല. നിങ്ങളുടെ മുഖം ഇനി വിളറുകയുമില്ല. ഞാൻ ജനമധ്യേ ചെയ്ത പ്രവൃത്തികൾ കാണുമ്പോൾ നിങ്ങളുടെ സന്തതികൾ എന്നെ പരിശുദ്ധനെന്നു വാഴ്ത്തും. യാക്കോബിന്റെ പരിശുദ്ധനായ സർവേശ്വരനെ പ്രകീർത്തിക്കും. ഇസ്രായേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭക്തിയോടെ നിലകൊള്ളും. അസ്ഥിരമാനസർക്കു വിവേകമുണ്ടാവുകയും പിറുപിറുത്തിരുന്നവർ ഉപദേശം കൈക്കൊള്ളുകയും ചെയ്യും.

