എബ്രായർ 3:1-9
എബ്രായർ 3:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗീയവിളിക്ക് ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചു പറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചു നോക്കുവിൻ. മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവനു വിശ്വസ്തൻ ആകുന്നു. ഭവനത്തെക്കാളും ഭവനം ചമച്ചവന് അധികം മാനമുള്ളതുപോലെ യേശുവും മോശെയെക്കാൾ അധികം മഹത്ത്വത്തിനു യോഗ്യൻ എന്ന് എണ്ണിയിരിക്കുന്നു. ഏത് ഭവനവും ചമപ്പാൻ ഒരാൾ വേണം; സർവവും ചമച്ചവൻ ദൈവം തന്നെ. അവന്റെ ഭവനത്തിലൊക്കെയും മോശെ വിശ്വസ്തനായിരുന്നത് അരുളിച്ചെയ്‍വാനിരുന്നതിനു സാക്ഷ്യം പറയുന്ന ഭൃത്യനായിട്ടത്രേ. ക്രിസ്തുവോ അവന്റെ ഭവനത്തിന് അധികാരിയായ പുത്രനായിട്ടു തന്നെ; പ്രത്യാശയുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാംതന്നെ അവന്റെ ഭവനം ആകുന്നു അതുകൊണ്ടു പരിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നതുപോലെ: “ഇന്ന് നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മരുഭൂമിയിൽവച്ചു പരീക്ഷാദിവസത്തിലെ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. അവിടെവച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു നാല്പത് ആണ്ട് എന്റെ പ്രവൃത്തികളെ കണ്ടിട്ടും എന്നെ ശോധനചെയ്തു.
എബ്രായർ 3:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്വർഗീയ വിളിയിൽ പങ്കാളികളായ എന്റെ വിശുദ്ധ സഹോദരരേ, നാം സ്ഥിരീകരിച്ച് ഏറ്റുപറയുന്ന വിശ്വാസത്തിന്റെ അപ്പോസ്തോലനും മഹാപുരോഹിതനുമായ യേശുവിനെപ്പറ്റി ചിന്തിക്കുക. ദൈവത്തിന്റെ ഭവനത്തിൽ മോശ എല്ലാ കാര്യങ്ങളിലും വിശ്വസ്തനായിരുന്നു. അതുപോലെ തന്നെ നിയോഗിച്ച ദൈവത്തോട് യേശുവും വിശ്വസ്തനായിരുന്നു. ഭവനം നിർമിക്കുന്നവനു ഭവനത്തെക്കാൾ മാന്യത ഉണ്ട്. അതുപോലെതന്നെ യേശു മോശയെക്കാൾ അധികം മാന്യതയ്‍ക്കു യോഗ്യനാകുന്നു. ഏതു ഭവനവും ആരെങ്കിലും നിർമിക്കുന്നു. എന്നാൽ എല്ലാം നിർമിക്കുന്നത് ദൈവമാകുന്നു. മോശ ദൈവത്തിന്റെ ഭവനത്തിൽ എല്ലാ കാര്യങ്ങളിലും ഒരു ഭൃത്യനെപ്പോലെ വിശ്വസ്തനായിരുന്നു. ഭാവിയിൽ ദൈവത്തിനു പറയുവാനുള്ള കാര്യങ്ങളെപ്പറ്റി മോശ സംസാരിക്കുകയും ചെയ്തു. എന്നാൽ ഭവനത്തിന്റെമേൽ അധികാരമുള്ള പുത്രനെന്ന നിലയിലത്രേ ക്രിസ്തു വിശ്വസ്തനായിരിക്കുന്നത്. നമ്മുടെ ആത്മധൈര്യവും നാം പ്രത്യാശിക്കുന്നതിലുള്ള അഭിമാനവും മുറുകെപ്പിടിക്കുന്നുവെങ്കിൽ നാം ദൈവത്തിന്റെ ഭവനമാകുന്നു. പരിശുദ്ധാത്മാവ് അരുൾചെയ്യുന്നത് ഇങ്ങനെയാണ്: ഇന്നു നിങ്ങൾ ദൈവത്തിന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ നിങ്ങളുടെ പൂർവികർ ദൈവത്തോടു മത്സരിച്ചപ്പോൾ ആയിരുന്നതുപോലെ കഠിനഹൃദയം ഉള്ളവരായിരിക്കരുത്. മരുഭൂമിയിലായിരുന്നപ്പോൾ അവർ ദൈവത്തെ പരീക്ഷിച്ചുവല്ലോ. നാല്പതു വർഷം എന്റെ പ്രവൃത്തികൾ കണ്ടിട്ടും അവിടെവച്ച് അവർ എന്നെ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്തു.
എബ്രായർ 3:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതുകൊണ്ട് സ്വർഗ്ഗീയവിളിയിൽ പങ്കാളികളായ വിശുദ്ധ സഹോദരന്മാരേ, നാം സ്വീകരിച്ച് ഏറ്റുപറയുന്ന വിശ്വാസത്തിന്‍റെ അപ്പൊസ്തലനും, മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ. മോശെ ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയ ദൈവത്തിന്മുമ്പാകെ വിശ്വസ്തൻ ആകുന്നു. ഭവനത്തെക്കാളും ഭവനം നിർമ്മിച്ചവന് അധിക മഹത്വമുള്ളതുപോലെ യേശുവും മോശയേക്കാൾ അധികം മഹത്വത്തിന് യോഗ്യൻ എന്നു വെളിപ്പെട്ടിരിക്കുന്നു. ഏത് ഭവനവും നിർമ്മിപ്പാൻ ഒരാൾ വേണം; സർവ്വവും നിർമ്മിച്ചവൻ ദൈവം തന്നെ. മോശെ വാസ്തവമായും ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്ത ശുശ്രൂഷക്കാരനായിരുന്നത്, ദൈവം ഭാവിയിൽ അരുളിച്ചെയ്യുവാനിരുന്ന കാര്യങ്ങൾക്ക് സാക്ഷ്യം പറയേണ്ടതിനത്രേ. എന്നാൽ ക്രിസ്തുവോ തന്‍റെ ഭവനത്തിന് അധികാരം ഭരമേല്പിക്കപ്പെട്ട പുത്രനായിട്ട് തന്നെ വന്നു; നമുക്ക് അവനിലുള്ള ദൃഢവിശ്വാസവും, നാം പ്രത്യാശിക്കുന്നതിലുള്ള അഭിമാനവും അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം തന്നെ അവന്‍റെ ഭവനം ആകുന്നു. അതുകൊണ്ട് പരിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നതുപോലെ: “ഇന്ന് നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മരുഭൂമിയിൽവച്ച് പരീക്ഷാസമയങ്ങളിലെ മത്സരത്തിൽ, നിങ്ങളുടെ പൂർവികരായ യിസ്രായേൽ മക്കൾ ചെയ്തതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. അവിടെവച്ച് നിങ്ങളുടെ മുന്‍ തലമുറകളിലുള്ള പിതാക്കന്മാർ ദൈവത്തോട് മത്സരിക്കുകയും നാല്പതു ആണ്ട് എന്‍റെ പ്രവർത്തികളെ കണ്ടിട്ടും എന്നെ പരീക്ഷിക്കുകയും ചെയ്തു.
എബ്രായർ 3:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ. മോശെ ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നതുപോല യേശുവും തന്നെ നിയമിച്ചാക്കിയവന്നു വിശ്വസ്തൻ ആകുന്നു. ഭവനത്തെക്കാളും ഭവനം ചമെച്ചവന്നു അധികം മാനമുള്ളതുപോലെ യേശുവും മോശെയെക്കാൾ അധികം മഹത്വത്തിന്നു യോഗ്യൻ എന്നു എണ്ണിയിരിക്കുന്നു. ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമച്ചവൻ ദൈവം തന്നേ. അവന്റെ ഭവനത്തിൽ ഒക്കെയും മോശെ വിശ്വസ്തനായിരുന്നതു അരുളിച്ചെയ്‌വാനിരുന്നതിന്നു സാക്ഷ്യം പറയുന്ന ഭൃത്യനായിട്ടത്രേ. ക്രിസ്തുവോ അവന്റെ ഭവനത്തിന്നു അധികാരിയായ പുത്രനായിട്ടു തന്നേ; പ്രത്യാശയുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം തന്നേ അവന്റെ ഭവനം ആകുന്നു. അതുകൊണ്ടു പരിശുദ്ധാത്മാവു അരുളിച്ചെയ്യുന്നതുപോലെ: “ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മരുഭൂമിയിൽവെച്ചു പരീക്ഷാദിവസത്തിലെ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു. അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു നാല്പതു ആണ്ടു എന്റെ പ്രവൃത്തികളെ കണ്ടിട്ടും എന്നെ ശോധനചെയ്തു.
എബ്രായർ 3:1-9 സമകാലിക മലയാളവിവർത്തനം (MCV)
അതുകൊണ്ട്, സ്വർഗീയവിളിക്ക് ഓഹരിക്കാരായ വിശുദ്ധസഹോദരങ്ങളേ, നമ്മുടെ അപ്പൊസ്തലനും മഹാപുരോഹിതനുമായി നാം ഏറ്റുപറഞ്ഞിരിക്കുന്ന യേശുവിൽ നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക. മോശ ദൈവഭവനത്തിൽ പരിപൂർണവിശ്വസ്തത പുലർത്തിയതുപോലെ, യേശുവും തന്നെ നിയോഗിച്ച ദൈവത്തോട് വിശ്വസ്തത പുലർത്തി. വീടുനിർമിച്ചവനു വീടിനെക്കാൾ അധികം ബഹുമാനം ഉള്ളതുപോലെ യേശു മോശയെക്കാൾ അധികം ആദരവിന് അർഹനായിത്തീർന്നു. ഏതു ഭവനത്തിനും ഒരു നിർമാതാവു വേണം; ദൈവമാണ് സകലത്തിന്റെയും നിർമാതാവ്. ദൈവം ഭാവിയിൽ അരുളിച്ചെയ്യാനിരുന്നതിനു സാക്ഷ്യംവഹിക്കുന്നവനായി “മോശ ദൈവഭവനത്തിൽ ഒരു ഭൃത്യന്റെ സ്ഥാനത്ത് എല്ലാറ്റിലും വിശ്വസ്തനായിരുന്നു.” ക്രിസ്തുവോ, സ്വഭവനത്തിന്മേൽ അധികാരമുള്ള പുത്രനാണ്. നാം പ്രത്യാശയുടെ ധൈര്യവും അഭിമാനവും മുറുകെപ്പിടിക്കുമെങ്കിൽ, നാംതന്നെയാണ് ദൈവഭവനം. അതുകൊണ്ടാണ് പരിശുദ്ധാത്മാവ് ഇപ്രകാരം അരുളിച്ചെയ്യുന്നത്: “ഇന്നു നിങ്ങൾ ദൈവശബ്ദം കേൾക്കുന്നെങ്കിൽ, മരുഭൂമിയിലെ പരീക്ഷാനാളുകളിൽ, ഇസ്രായേൽമക്കൾ തങ്ങളുടെ ഹൃദയം കഠിനമാക്കി, എന്നോടു മത്സരിച്ചതുപോലെ ഇനിയും മത്സരിക്കരുത്. അവിടെ നാൽപ്പതുവർഷം എന്റെ പ്രവൃത്തികൾ കണ്ടവരായിരുന്നിട്ടുകൂടി, നിങ്ങളുടെ പൂർവികർ എന്റെ ക്ഷമ പരീക്ഷിച്ചു.