എബ്രാ. 3:1-9

എബ്രാ. 3:1-9 IRVMAL

അതുകൊണ്ട് സ്വർഗ്ഗീയവിളിയിൽ പങ്കാളികളായ വിശുദ്ധ സഹോദരന്മാരേ, നാം സ്വീകരിച്ച് ഏറ്റുപറയുന്ന വിശ്വാസത്തിന്‍റെ അപ്പൊസ്തലനും, മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ. മോശെ ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയ ദൈവത്തിന്മുമ്പാകെ വിശ്വസ്തൻ ആകുന്നു. ഭവനത്തെക്കാളും ഭവനം നിർമ്മിച്ചവന് അധിക മഹത്വമുള്ളതുപോലെ യേശുവും മോശയേക്കാൾ അധികം മഹത്വത്തിന് യോഗ്യൻ എന്നു വെളിപ്പെട്ടിരിക്കുന്നു. ഏത് ഭവനവും നിർമ്മിപ്പാൻ ഒരാൾ വേണം; സർവ്വവും നിർമ്മിച്ചവൻ ദൈവം തന്നെ. മോശെ വാസ്തവമായും ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്ത ശുശ്രൂഷക്കാരനായിരുന്നത്, ദൈവം ഭാവിയിൽ അരുളിച്ചെയ്യുവാനിരുന്ന കാര്യങ്ങൾക്ക് സാക്ഷ്യം പറയേണ്ടതിനത്രേ. എന്നാൽ ക്രിസ്തുവോ തന്‍റെ ഭവനത്തിന് അധികാരം ഭരമേല്പിക്കപ്പെട്ട പുത്രനായിട്ട് തന്നെ വന്നു; നമുക്ക് അവനിലുള്ള ദൃഢവിശ്വാസവും, നാം പ്രത്യാശിക്കുന്നതിലുള്ള അഭിമാനവും അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം തന്നെ അവന്‍റെ ഭവനം ആകുന്നു. അതുകൊണ്ട് പരിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നതുപോലെ: “ഇന്ന് നിങ്ങൾ അവന്‍റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മരുഭൂമിയിൽവച്ച് പരീക്ഷാസമയങ്ങളിലെ മത്സരത്തിൽ, നിങ്ങളുടെ പൂർവികരായ യിസ്രായേൽ മക്കൾ ചെയ്തതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. അവിടെവച്ച് നിങ്ങളുടെ മുന്‍ തലമുറകളിലുള്ള പിതാക്കന്മാർ ദൈവത്തോട് മത്സരിക്കുകയും നാല്പതു ആണ്ട് എന്‍റെ പ്രവർത്തികളെ കണ്ടിട്ടും എന്നെ പരീക്ഷിക്കുകയും ചെയ്തു.