എബ്രായർ 3:1-9

എബ്രായർ 3:1-9 MCV

അതുകൊണ്ട്, സ്വർഗീയവിളിക്ക് ഓഹരിക്കാരായ വിശുദ്ധസഹോദരങ്ങളേ, നമ്മുടെ അപ്പൊസ്തലനും മഹാപുരോഹിതനുമായി നാം ഏറ്റുപറഞ്ഞിരിക്കുന്ന യേശുവിൽ നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക. മോശ ദൈവഭവനത്തിൽ പരിപൂർണവിശ്വസ്തത പുലർത്തിയതുപോലെ, യേശുവും തന്നെ നിയോഗിച്ച ദൈവത്തോട് വിശ്വസ്തത പുലർത്തി. വീടുനിർമിച്ചവനു വീടിനെക്കാൾ അധികം ബഹുമാനം ഉള്ളതുപോലെ യേശു മോശയെക്കാൾ അധികം ആദരവിന് അർഹനായിത്തീർന്നു. ഏതു ഭവനത്തിനും ഒരു നിർമാതാവു വേണം; ദൈവമാണ് സകലത്തിന്റെയും നിർമാതാവ്. ദൈവം ഭാവിയിൽ അരുളിച്ചെയ്യാനിരുന്നതിനു സാക്ഷ്യംവഹിക്കുന്നവനായി “മോശ ദൈവഭവനത്തിൽ ഒരു ഭൃത്യന്റെ സ്ഥാനത്ത് എല്ലാറ്റിലും വിശ്വസ്തനായിരുന്നു.” ക്രിസ്തുവോ, സ്വഭവനത്തിന്മേൽ അധികാരമുള്ള പുത്രനാണ്. നാം പ്രത്യാശയുടെ ധൈര്യവും അഭിമാനവും മുറുകെപ്പിടിക്കുമെങ്കിൽ, നാംതന്നെയാണ് ദൈവഭവനം. അതുകൊണ്ടാണ് പരിശുദ്ധാത്മാവ് ഇപ്രകാരം അരുളിച്ചെയ്യുന്നത്: “ഇന്നു നിങ്ങൾ ദൈവശബ്ദം കേൾക്കുന്നെങ്കിൽ, മരുഭൂമിയിലെ പരീക്ഷാനാളുകളിൽ, ഇസ്രായേൽമക്കൾ തങ്ങളുടെ ഹൃദയം കഠിനമാക്കി, എന്നോടു മത്സരിച്ചതുപോലെ ഇനിയും മത്സരിക്കരുത്. അവിടെ നാൽപ്പതുവർഷം എന്റെ പ്രവൃത്തികൾ കണ്ടവരായിരുന്നിട്ടുകൂടി, നിങ്ങളുടെ പൂർവികർ എന്റെ ക്ഷമ പരീക്ഷിച്ചു.