എബ്രായർ 2:5-13
എബ്രായർ 2:5-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ലല്ലോ കീഴ്പെടുത്തിയത്. എന്നാൽ “മനുഷ്യനെ നീ ഓർക്കേണ്ടതിന് അവൻ എന്ത്? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം? നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി, സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്ന് ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവനു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവനു കീഴ്പെട്ടതായി കാണുന്നില്ല. എങ്കിലും ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ച വന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ട് അവനെ മഹത്ത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു. സകലത്തിനും ലാക്കും സകലത്തിനും കാരണഭൂതനുമായവൻ അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോൾ അവരുടെ രക്ഷാനായകനെ കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാക്കുന്നത് യുക്തം ആയിരുന്നു. വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവ്; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്ന് വിളിപ്പാൻ ലജ്ജിക്കാതെ: “ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമധ്യേ ഞാൻ നിന്നെ സ്തുതിക്കും” എന്നും “ഞാൻ അവനിൽ ആശ്രയിക്കും” എന്നും “ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും” എന്നും പറയുന്നു.
എബ്രായർ 2:5-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വരുവാനിരിക്കുന്ന പുതിയ ലോകത്തിന്റെ അധിപന്മാരായി മാലാഖമാരെ ദൈവം ആക്കിയിട്ടില്ല. ആ ലോകത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. വേദഗ്രന്ഥത്തിൽ മനുഷ്യനെപ്പറ്റി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ദൈവമേ, അവിടുന്നു മനുഷ്യനെക്കുറിച്ചു ചിന്തിക്കുവാൻ അവൻ എന്തുള്ളൂ? മനുഷ്യപുത്രനെക്കുറിച്ചു കരുതുവാൻ അവൻ ആരാണ്? മാലാഖമാരെക്കാൾ അല്പം താണവനായി അങ്ങ് അവനെ സൃഷ്‍ടിച്ചു; തേജസ്സും ബഹുമാനവുമാകുന്ന കിരീടം അങ്ങ് അവനെ അണിയിച്ചു. എല്ലാറ്റിനെയും അവന്റെ കാല്‌ക്കീഴാക്കുകയും ചെയ്തു. “എല്ലാറ്റിനെയും അവന്റെ കാല്‌ക്കീഴാക്കി” എന്നു പറയുമ്പോൾ അവന്റെ അധികാരത്തിൽ പെടാത്തതായി ഒന്നുംതന്നെ ഇല്ലെന്നുള്ളതു സ്പഷ്ടം. എന്നാൽ ഇപ്പോൾ അവൻ എല്ലാറ്റിനെയും ഭരിക്കുന്നതായി നാം കാണുന്നില്ല. ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരിക്കേണ്ടതിന് അല്പകാലത്തേക്കു മാലാഖമാരെക്കാൾ താഴ്ത്തപ്പെട്ടെങ്കിലും തന്റെ കഷ്ടാനുഭവവും മരണവുംമൂലം തേജസ്സും ബഹുമാനവുംകൊണ്ട് കിരീടം അണിയിക്കപ്പെട്ടവനായി യേശുവിനെ നാം കാണുന്നു. തേജസ്സിൽ പങ്കാളികളാകേണ്ടതിന് അനേകം പുത്രന്മാരെ രക്ഷയിലേക്കു നയിക്കുന്ന യേശുവിനെ കഷ്ടാനുഭവത്തിൽകൂടി സമ്പൂർണനാക്കുന്നത് സകലത്തെയും സൃഷ്‍ടിച്ചു നിലനിറുത്തുന്ന ദൈവത്തെ സംബന്ധിച്ചിടത്തോളം സമുചിതമായിരുന്നു. പാപങ്ങൾ നീക്കി ശുദ്ധീകരിക്കുന്ന യേശുവിന്റെയും ശുദ്ധീകരിക്കപ്പെട്ട എല്ലാവരുടെയും പിതാവ് ഒരുവൻതന്നെ. അതുകൊണ്ടാണ് അവരെ തന്റെ സഹോദരന്മാർ എന്നു വിളിക്കുവാൻ യേശു ലജ്ജിക്കാതിരുന്നത്. വേദഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നുണ്ടല്ലോ: അങ്ങയെക്കുറിച്ച്, എന്റെ സഹോദരന്മാരോടു ഞാൻ പറയും; അവരുടെ സഭയിൽ അങ്ങയെ ഞാൻ പ്രകീർത്തിക്കും. വീണ്ടും: ദൈവത്തിൽ ഞാൻ ആശ്രയിക്കും എന്നും ഇതാ ഞാനും ദൈവം എനിക്കു നല്‌കിയിരിക്കുന്ന മക്കളും എന്നും പറയുന്നു
എബ്രായർ 2:5-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നാം പ്രസ്താവിക്കുന്ന ആ വരുവാനുള്ള ലോകത്തെ ദൈവം ദൂതന്മാരുടെ ആധിപത്യത്തിൻ കീഴിൽ അല്ല ആക്കിയിരിക്കുന്നത്. പകരം, ദാവീദ്തിരുവെഴുത്തിലെ സങ്കീര്‍ത്തനങ്ങളില്‍ ഒരിക്കൽ സാക്ഷ്യപ്പെടുത്തിയത് പോലെ “മനുഷ്യനെ നീ ഓർക്കേണ്ടതിന് അവൻ എന്ത്? മനുഷ്യപുത്രനെ സംരക്ഷിക്കേണ്ടതിന് അവൻ എന്തുമാത്രം? നീ അവനെ ദൂതന്മാരേക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി, സകലവും മനുഷ്യരാശിക്ക് അധീനമാക്കിയിരിക്കുന്നു.” സകലവും അവനു അധീനമാക്കിയതിനാൽ ഒന്നിനേയും അധീനമാക്കാതെ വിട്ടിട്ടില്ല എന്നു സ്പഷ്ടം. എന്നാൽ ഇപ്പോൾ സകലവും അവനു അധീനമായതായി കാണുന്നില്ല. എങ്കിലും ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരേക്കാൾ അല്പം താഴ്ച വന്നവനായ യേശു കഷ്ടാനുഭവങ്ങളും മരണവും അനുഭവിച്ചതുകൊണ്ട് മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം അവനെ കാണുന്നു. അനേകം പുത്രന്മാരെ തേജസ്സിലേക്ക് നയിക്കുവാൻ അവരുടെ രക്ഷയ്ക്ക് കാരണമായ യേശുവിനെ കഷ്ടാനുഭവങ്ങളാൽ സമ്പൂർണനാക്കുന്നത്, സകലത്തേയും സൃഷ്ടിച്ച് സംരക്ഷിക്കുന്ന ദൈവത്തെ സംബന്ധിച്ചിടത്തോളം ഉചിതമായിരുന്നു. വിശുദ്ധീകരിക്കുന്ന യേശുവിനേയും അവനാല്‍ വിശുദ്ധീകരിക്കപ്പെടുന്ന ഏവരുടെയും പിതാവ് ദൈവം തന്നെ. അത് ഹേതുവായി വിശുദ്ധീകരിക്കുന്നവനായ ക്രിസ്തു അവരെ സഹോദരന്മാർ എന്നു വിളിക്കുവാൻ ലജ്ജിക്കാതെ: അവന്‍ ദൈവത്തോട് “ഞാൻ നിന്റെ നാമത്തെ എന്‍റെ സഹോദരന്മാരോട് കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും” എന്നും “ഞാൻ അവനിൽ ആശ്രയിക്കും” എന്നും “ഇതാ, ഞാനും ദൈവം എനിക്ക് തന്ന മക്കളും” എന്നും പറയുന്നു.
എബ്രായർ 2:5-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ലല്ലോ കീഴ്പെടുത്തിയതു. എന്നാൽ “മനുഷ്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം? നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി, സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല. എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു. സകലത്തിന്നും ലാക്കും സകലത്തിന്നും കാരണഭൂതനുമായവൻ അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോൾ അവരുടെ രക്ഷാനായകനെ കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാക്കുന്നതു യുക്തം ആയിരുന്നു. വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ: “ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും” എന്നും “ഞാൻ അവനിൽ ആശ്രയിക്കും” എന്നും “ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും” എന്നും പറയുന്നു.
എബ്രായർ 2:5-13 സമകാലിക മലയാളവിവർത്തനം (MCV)
നമ്മുടെ ചർച്ചാവിഷയവും ഇനി വരാനിരിക്കുന്നതുമായ ലോകത്തെ, ദൈവം ദൂതന്മാർക്കല്ല അധീനമാക്കിയത്. ഇതെക്കുറിച്ച് ഒരിടത്ത് ഇങ്ങനെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു: “അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ, മനുഷ്യപുത്രനെ കരുതാൻമാത്രം അവൻ എന്തുമാത്രം? അങ്ങ് അവരെ ദൂതന്മാരെക്കാൾ അൽപ്പംമാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവരെ മകുടമായി അണിയിച്ചിരിക്കുന്നു. അങ്ങ് സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു.” സകലതും അവന് അധീനമാക്കിയപ്പോൾ ഒന്നുപോലും അധീനമാക്കാതെ വിട്ടിട്ടില്ല. എന്നാൽ ഇപ്പോൾ സകലതും അവന് അധീനമായിരിക്കുന്നതായി കാണപ്പെടുന്നില്ല. എന്നാൽ ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം സഹിക്കേണ്ടതിനു യേശു ദൂതന്മാരെക്കാൾ അൽപ്പംമാത്രം താഴ്ത്തപ്പെട്ടു. അങ്ങനെ മരണം ആസ്വദിച്ചതുകൊണ്ട് അദ്ദേഹത്തെ തേജസ്സിന്റെയും ബഹുമാനത്തിന്റെയും കിരീടം അണിഞ്ഞവനായി നാം കാണുന്നു. സകലത്തിന്റെയും ഉത്ഭവവും സകലത്തിന്റെയും ലക്ഷ്യവുമായ ദൈവം അനേകം പുത്രന്മാരെ തേജസ്സിലേക്കു നയിക്കാൻ തീരുമാനിച്ചു. അപ്പോൾ അവരുടെ രക്ഷാമാർഗം തെളിച്ച യേശുവിനെ കഷ്ടാനുഭവങ്ങളിലൂടെ സമ്പൂർണനാക്കുന്നത് ആവശ്യമായിവന്നു. വിശുദ്ധീകരിക്കുന്ന യേശുവും വിശുദ്ധീകരിക്കപ്പെടുന്നവരും ഒരേ പിതാവിന്റെ മക്കളാണ്; ഇക്കാരണത്താൽ യേശു അവരെ സഹോദരങ്ങൾ എന്നു വിളിക്കാൻ ലജ്ജിക്കുന്നില്ല. “കർത്താവിന്റെ നാമം ഞാൻ എന്റെ സഹോദരങ്ങളോടു കീർത്തിക്കും; സഭയുടെമുമ്പാകെ ഞാൻ അങ്ങേക്കു സ്തുതിപാടും” എന്നും “എന്റെ ആശ്രയം ഞാൻ കർത്താവിൽത്തന്നെ അർപ്പിക്കും.” “ഇതാ ഞാനും ദൈവം എനിക്കു നൽകിയ മക്കളും,” എന്നിങ്ങനെയും അവിടന്നു പ്രസ്താവിച്ചിരിക്കുന്നു.