എബ്രായർ 2:5-13

എബ്രായർ 2:5-13 MCV

നമ്മുടെ ചർച്ചാവിഷയവും ഇനി വരാനിരിക്കുന്നതുമായ ലോകത്തെ, ദൈവം ദൂതന്മാർക്കല്ല അധീനമാക്കിയത്. ഇതെക്കുറിച്ച് ഒരിടത്ത് ഇങ്ങനെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു: “അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ, മനുഷ്യപുത്രനെ കരുതാൻമാത്രം അവൻ എന്തുമാത്രം? അങ്ങ് അവരെ ദൂതന്മാരെക്കാൾ അൽപ്പംമാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവരെ മകുടമായി അണിയിച്ചിരിക്കുന്നു. അങ്ങ് സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു.” സകലതും അവന് അധീനമാക്കിയപ്പോൾ ഒന്നുപോലും അധീനമാക്കാതെ വിട്ടിട്ടില്ല. എന്നാൽ ഇപ്പോൾ സകലതും അവന് അധീനമായിരിക്കുന്നതായി കാണപ്പെടുന്നില്ല. എന്നാൽ ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം സഹിക്കേണ്ടതിനു യേശു ദൂതന്മാരെക്കാൾ അൽപ്പംമാത്രം താഴ്ത്തപ്പെട്ടു. അങ്ങനെ മരണം ആസ്വദിച്ചതുകൊണ്ട് അദ്ദേഹത്തെ തേജസ്സിന്റെയും ബഹുമാനത്തിന്റെയും കിരീടം അണിഞ്ഞവനായി നാം കാണുന്നു. സകലത്തിന്റെയും ഉത്ഭവവും സകലത്തിന്റെയും ലക്ഷ്യവുമായ ദൈവം അനേകം പുത്രന്മാരെ തേജസ്സിലേക്കു നയിക്കാൻ തീരുമാനിച്ചു. അപ്പോൾ അവരുടെ രക്ഷാമാർഗം തെളിച്ച യേശുവിനെ കഷ്ടാനുഭവങ്ങളിലൂടെ സമ്പൂർണനാക്കുന്നത് ആവശ്യമായിവന്നു. വിശുദ്ധീകരിക്കുന്ന യേശുവും വിശുദ്ധീകരിക്കപ്പെടുന്നവരും ഒരേ പിതാവിന്റെ മക്കളാണ്; ഇക്കാരണത്താൽ യേശു അവരെ സഹോദരങ്ങൾ എന്നു വിളിക്കാൻ ലജ്ജിക്കുന്നില്ല. “കർത്താവിന്റെ നാമം ഞാൻ എന്റെ സഹോദരങ്ങളോടു കീർത്തിക്കും; സഭയുടെമുമ്പാകെ ഞാൻ അങ്ങേക്കു സ്തുതിപാടും” എന്നും “എന്റെ ആശ്രയം ഞാൻ കർത്താവിൽത്തന്നെ അർപ്പിക്കും.” “ഇതാ ഞാനും ദൈവം എനിക്കു നൽകിയ മക്കളും,” എന്നിങ്ങനെയും അവിടന്നു പ്രസ്താവിച്ചിരിക്കുന്നു.