എബ്രാ. 2:5-13

എബ്രാ. 2:5-13 IRVMAL

നാം പ്രസ്താവിക്കുന്ന ആ വരുവാനുള്ള ലോകത്തെ ദൈവം ദൂതന്മാരുടെ ആധിപത്യത്തിൻ കീഴിൽ അല്ല ആക്കിയിരിക്കുന്നത്. പകരം, ദാവീദ്തിരുവെഴുത്തിലെ സങ്കീര്‍ത്തനങ്ങളില്‍ ഒരിക്കൽ സാക്ഷ്യപ്പെടുത്തിയത് പോലെ “മനുഷ്യനെ നീ ഓർക്കേണ്ടതിന് അവൻ എന്ത്? മനുഷ്യപുത്രനെ സംരക്ഷിക്കേണ്ടതിന് അവൻ എന്തുമാത്രം? നീ അവനെ ദൂതന്മാരേക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്‍റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി, സകലവും മനുഷ്യരാശിക്ക് അധീനമാക്കിയിരിക്കുന്നു.” സകലവും അവനു അധീനമാക്കിയതിനാൽ ഒന്നിനേയും അധീനമാക്കാതെ വിട്ടിട്ടില്ല എന്നു സ്പഷ്ടം. എന്നാൽ ഇപ്പോൾ സകലവും അവനു അധീനമായതായി കാണുന്നില്ല. എങ്കിലും ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരേക്കാൾ അല്പം താഴ്ച വന്നവനായ യേശു കഷ്ടാനുഭവങ്ങളും മരണവും അനുഭവിച്ചതുകൊണ്ട് മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം അവനെ കാണുന്നു. അനേകം പുത്രന്മാരെ തേജസ്സിലേക്ക് നയിക്കുവാൻ അവരുടെ രക്ഷയ്ക്ക് കാരണമായ യേശുവിനെ കഷ്ടാനുഭവങ്ങളാൽ സമ്പൂർണനാക്കുന്നത്, സകലത്തേയും സൃഷ്ടിച്ച് സംരക്ഷിക്കുന്ന ദൈവത്തെ സംബന്ധിച്ചിടത്തോളം ഉചിതമായിരുന്നു. വിശുദ്ധീകരിക്കുന്ന യേശുവിനേയും അവനാല്‍ വിശുദ്ധീകരിക്കപ്പെടുന്ന ഏവരുടെയും പിതാവ് ദൈവം തന്നെ. അത് ഹേതുവായി വിശുദ്ധീകരിക്കുന്നവനായ ക്രിസ്തു അവരെ സഹോദരന്മാർ എന്നു വിളിക്കുവാൻ ലജ്ജിക്കാതെ: അവന്‍ ദൈവത്തോട് “ഞാൻ നിന്‍റെ നാമത്തെ എന്‍റെ സഹോദരന്മാരോട് കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും” എന്നും “ഞാൻ അവനിൽ ആശ്രയിക്കും” എന്നും “ഇതാ, ഞാനും ദൈവം എനിക്ക് തന്ന മക്കളും” എന്നും പറയുന്നു.