ഉൽപത്തി 18:22-33
ഉൽപത്തി 18:22-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽതന്നെ നിന്നു. അബ്രാഹാം അടുത്തുചെന്നു പറഞ്ഞത്: ദുഷ്ടനോടുകൂടെ നീതിമാനെയും നീ സംഹരിക്കുമോ? പക്ഷേ ആ പട്ടണത്തിൽ അമ്പതു നീതിമാന്മാർ ഉണ്ടെങ്കിൽ നീ അതിനെ സംഹരിക്കുമോ? അതിലെ അമ്പതു നീതിമാന്മാർ നിമിത്തം ആ സ്ഥലത്തോടു ക്ഷമിക്കയില്ലയോ? ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോ? നീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെ നീ ഒരുനാളും കൊല്ലുകയില്ല. സർവഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവർത്തിക്കാതിരിക്കുമോ? അതിനു യഹോവ: ഞാൻ സൊദോമിൽ, പട്ടണത്തിനകത്ത്, അമ്പതു നീതിമാന്മാരെ കാണുന്നു എങ്കിൽ അവരുടെ നിമിത്തം ആ സ്ഥലത്തോടൊക്കെയും ക്ഷമിക്കും എന്ന് അരുളിച്ചെയ്തു. പൊടിയും വെണ്ണീറുമായ ഞാൻ കർത്താവിനോടു സംസാരിപ്പാൻ തുനിഞ്ഞുവല്ലോ. അമ്പതു നീതിമാന്മാരിൽ പക്ഷേ അഞ്ചു പേർ കുറഞ്ഞുപോയെങ്കിലോ? അഞ്ചു പേർ കുറഞ്ഞതുകൊണ്ടു നീ ആ പട്ടണം മുഴുവനും നശിപ്പിക്കുമോ എന്ന് അബ്രാഹാം പറഞ്ഞതിന്: നാല്പത്തഞ്ചു പേരെ ഞാൻ അവിടെ കണ്ടാൽ അതിനെ നശിപ്പിക്കയില്ല എന്ന് അവൻ അരുളിച്ചെയ്തു. അവൻ പിന്നെയും അവനോടു സംസാരിച്ചു: പക്ഷേ നാല്പതു പേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞതിന്: ഞാൻ നാല്പതു പേരുടെ നിമിത്തം നശിപ്പിക്കയില്ല എന്ന് അവൻ അരുളിച്ചെയ്തു. അതിന് അവൻ: ഞാൻ പിന്നെയും സംസാരിക്കുന്നു; കർത്താവു കോപിക്കരുതേ; പക്ഷേ മുപ്പതു പേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാൻ മുപ്പതു പേരെ അവിടെ കണ്ടാൽ നശിപ്പിക്കയില്ല എന്ന് അവൻ അരുളിച്ചെയ്തു. ഞാൻ കർത്താവിനോടു സംസാരിപ്പാൻ തുനിഞ്ഞുവല്ലോ; പക്ഷേ ഇരുപതു പേരെ അവിടെ കണ്ടാലോ എന്ന് അവൻ പറഞ്ഞതിന്: ഞാൻ ഇരുപതു പേരുടെ നിമിത്തം നശിപ്പിക്കയില്ല എന്ന് അവൻ അരുളിച്ചെയ്തു. അപ്പോൾ അവൻ: കർത്താവു കോപിക്കരുതേ; ഞാൻ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തു പേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാൻ പത്തു പേരുടെ നിമിത്തം നശിപ്പിക്കയില്ല എന്ന് അവൻ അരുളിച്ചെയ്തു. യഹോവ അബ്രാഹാമിനോട് അരുളിച്ചെയ്തു തീർന്നശേഷം അവിടെനിന്നു പോയി. അബ്രാഹാമും തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി.
ഉൽപത്തി 18:22-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ അവിടെനിന്നു സൊദോം ലക്ഷ്യമാക്കി നടന്നു; എന്നാൽ അബ്രഹാം സർവേശ്വരന്റെ സന്നിധിയിൽതന്നെ നിന്നു. അബ്രഹാം അവിടുത്തെ സമീപിച്ച് ചോദിച്ചു: “ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അങ്ങു നശിപ്പിക്കുമോ? ആ നഗരത്തിൽ അമ്പതു നീതിമാന്മാർ ഉണ്ടെന്നിരിക്കട്ടെ. എങ്കിൽ അവർ നിമിത്തം അവിടുന്ന് ആ പട്ടണത്തെ രക്ഷിക്കുകയില്ലേ? ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അങ്ങ് ഒരിക്കലും നശിപ്പിക്കുകയില്ലല്ലോ? അത് അവിടുത്തേക്കു അസാധ്യം! സർവലോകത്തിന്റെയും വിധികർത്താവായ ദൈവം നീതി പ്രവർത്തിക്കാതിരിക്കുമോ?” സർവേശ്വരൻ അരുളിച്ചെയ്തു: “നീതിമാന്മാരായ അമ്പതു പേരെ സൊദോമിൽ കണ്ടെത്തിയാൽ അവർ നിമിത്തം ആ പട്ടണത്തെ ഞാൻ രക്ഷിക്കും.” അബ്രഹാം പ്രതിവചിച്ചു: “വെറും പൂഴിയും വെണ്ണീറുമായ ഞാൻ സർവേശ്വരനോടു സംസാരിക്കുവാൻ മുതിർന്നല്ലോ; ഒരുവേള അമ്പതു നീതിമാന്മാരിൽ അഞ്ചു പേർ കുറഞ്ഞുപോയാലോ? ആ അഞ്ചു പേരുടെ കുറവുനിമിത്തം അവിടുന്ന് ആ നഗരത്തെ നശിപ്പിക്കുമോ?” അവിടുന്ന് അരുളിച്ചെയ്തു: “ഇല്ല, നാല്പത്തിയഞ്ച് നീതിമാന്മാരെ അവിടെ കണ്ടാൽ ഞാൻ അതിനെ നശിപ്പിക്കുകയില്ല.” അബ്രഹാം വീണ്ടും ചോദിച്ചു: “ഒരുപക്ഷേ നാല്പതു പേരെ ഉള്ളൂ എങ്കിലോ?” “ആ നാല്പതു പേരെ കരുതി ഞാൻ അതിനെ നശിപ്പിക്കുകയില്ല” എന്ന് അവിടുന്നു പ്രതിവചിച്ചു. അബ്രഹാം പറഞ്ഞു: “സർവേശ്വരാ, ഞാൻ ഇങ്ങനെ സംസാരിക്കുന്നതിൽ അവിടുന്നു കോപിക്കരുതേ. മുപ്പതു പേരെ മാത്രമേ അവിടെ കാണുന്നുള്ളുവെങ്കിലോ?” “മുപ്പതു പേരെ അവിടെ കാണുന്നെങ്കിൽ അതിനെ നശിപ്പിക്കുകയില്ല” എന്ന് അവിടുന്ന് അരുളിച്ചെയ്തു. അബ്രഹാം തുടർന്നു പറഞ്ഞു: “സർവേശ്വരനോടു സംസാരിക്കാൻ ഞാൻ തുനിഞ്ഞത് ക്ഷമിക്കണമേ. അവിടെ ഇരുപതു പേരെ മാത്രമേ കണ്ടെത്തുന്നുള്ളെങ്കിലോ?” “ഇരുപതു പേരെ പ്രതി ഞാൻ അതിനെ നശിപ്പിക്കുകയില്ല” എന്ന് അവിടുന്ന് അരുളിച്ചെയ്തു. “സർവേശ്വരാ, കോപിക്കരുതേ, ഞാൻ ഒരിക്കൽക്കൂടി മാത്രമേ ചോദിക്കുകയുള്ളൂ. പത്തു പേരെ മാത്രം അവിടെ കണ്ടാൽ അതിനെ നശിപ്പിക്കുമോ?” എന്ന് അബ്രഹാം ചോദിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “ഇല്ല, പത്തു പേർ നിമിത്തം ഞാൻ അതിനെ നശിപ്പിക്കയില്ല.” അബ്രഹാമിനോടു സംസാരിച്ചുതീർന്നപ്പോൾ സർവേശ്വരൻ അവിടെനിന്നു പോയി. അബ്രഹാം സ്വന്തസ്ഥലത്തേക്കു മടങ്ങിപ്പോയി.
ഉൽപത്തി 18:22-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്ക് പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നെ നിന്നു. അബ്രാഹാം അടുത്തുചെന്ന് പറഞ്ഞത്: “ദുഷ്ടനോടുകൂടെ നീതിമാനെയും അവിടുന്നു സംഹരിക്കുമോ? പക്ഷേ ആ പട്ടണത്തിൽ അമ്പത് നീതിമാന്മാർ ഉണ്ടെങ്കിൽ അവിടുന്ന് അതിനെ സംഹരിക്കുമോ? അതിലെ അമ്പത് നീതിമാന്മാർ നിമിത്തം ആ സ്ഥലത്തോട് ക്ഷമിക്കയില്ലയോ? നീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെയും സംഹരിക്കുന്ന ഇങ്ങനെയുള്ള കാര്യം ചെയ്യുവാൻ അങ്ങേയ്ക്ക് ഇടവരാതിരിക്കട്ടെ. സർവ്വഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവർത്തിക്കാതിരിക്കുമോ?” അതിന് യഹോവ: “ഞാൻ സൊദോമിൽ, പട്ടണത്തിനകത്ത്, അമ്പത് നീതിമാന്മാരെ കണ്ടെത്തുന്നു എങ്കിൽ അവരുടെ നിമിത്തം ആ സ്ഥലത്തോടൊക്കെയും ക്ഷമിക്കും” എന്നു അരുളിച്ചെയ്തു. അതിന് അബ്രാഹാം: “പൊടിയും ചാരവുമായ ഞാൻ കർത്താവിനോട് സംസാരിക്കുവാൻ ശ്രമിച്ചുവല്ലോ. അമ്പത് നീതിമാന്മാരിൽ പക്ഷേ അഞ്ചുപേർ കുറഞ്ഞു പോയെങ്കിലോ? അഞ്ചുപേർ കുറഞ്ഞതുകൊണ്ട് അങ്ങ് ആ പട്ടണം മുഴുവനും നശിപ്പിക്കുമോ?“ എന്നു പറഞ്ഞു. അതിന്: “നാല്പത്തഞ്ച് പേരെ ഞാൻ അവിടെ കണ്ടെത്തിയാൽ അതിനെ നശിപ്പിക്കയില്ല” എന്നു അവിടുന്ന് അരുളിച്ചെയ്തു. അവൻ പിന്നെയും യഹോവയോട് സംസാരിച്ചു: “പക്ഷേ നാല്പതുപേരെ അവിടെ കണ്ടെത്തിയാലോ? എന്നു പറഞ്ഞതിന്: “ഞാൻ നാല്പതുപേരുടെ നിമിത്തം നശിപ്പിക്കുകയില്ല” എന്നു അവിടുന്ന് അരുളിച്ചെയ്തു. അതിന് അവൻ: “ഞാൻ പിന്നെയും സംസാരിക്കുന്നു; കർത്താവ് കോപിക്കരുതേ; പക്ഷേ മുപ്പതുപേരെ അവിടെ കണ്ടെത്തിയാലോ? എന്നു പറഞ്ഞു. “ഞാൻ മുപ്പതുപേരെ അവിടെ കണ്ടെത്തിയാൽ നശിപ്പിക്കയില്ല” എന്നു അവിടുന്ന് അരുളിച്ചെയ്തു. “ഞാൻ കർത്താവിനോട് സംസാരിക്കുവാൻ ശ്രമിച്ചുവല്ലോ; പക്ഷേ ഇരുപതുപേരെ അവിടെ കണ്ടെത്തിയാലോ? എന്നു അവൻ പറഞ്ഞതിന്: “ഞാൻ ഇരുപതുപേരുടെ നിമിത്തം അത് നശിപ്പിക്കുകയില്ല” എന്നു അവിടുന്ന് അരുളിച്ചെയ്തു. അപ്പോൾ അവൻ: “കർത്താവ് കോപിക്കരുതേ; ഞാൻ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തുപേരെ അവിടെ കണ്ടെത്തിയാലോ? എന്നു പറഞ്ഞു. “ഞാൻ പത്തുപേരുടെ നിമിത്തം അത് നശിപ്പിക്കയില്ല” എന്നു അവിടുന്ന് അരുളിച്ചെയ്തു. യഹോവ അബ്രാഹാമിനോട് അരുളിച്ചെയ്തു തീർന്നശേഷം അവിടെനിന്ന് പോയി. അബ്രാഹാമും തന്‍റെ സ്ഥലത്തേക്ക് മടങ്ങിപ്പോയി.
ഉൽപത്തി 18:22-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു. അബ്രാഹാം അടുത്തുചെന്നു പറഞ്ഞതു: ദുഷ്ടനോടുകൂടെ നീതിമാനെയും നീ സംഹരിക്കുമോ? പക്ഷേ ആ പട്ടണത്തിൽ അമ്പതു നീതിമാന്മാർ ഉണ്ടെങ്കിൽ നീ അതിനെ സംഹരിക്കുമോ? അതിലെ അമ്പതു നീതിമാന്മാർ നിമിത്തം ആ സ്ഥലത്തോടു ക്ഷമിക്കയില്ലയോ? ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോ; നീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെ നീ ഒരുനാളും കൊല്ലുകയില്ല. സർവ്വ ഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ? അതിന്നു യഹോവ: ഞാൻ സൊദോമിൽ, പട്ടണത്തിന്നകത്തു, അമ്പതു നീതിമാന്മാരെ കാണുന്നു എങ്കിൽ അവരുടെ നിമിത്തം ആ സ്ഥലത്തോടൊക്കെയും ക്ഷമിക്കും എന്നു അരുളിച്ചെയ്തു. പൊടിയും വെണ്ണീറുമായ ഞാൻ കർത്താവിനോടു സംസാരിപ്പാൻ തുനിഞ്ഞുവല്ലോ. അമ്പതു നീതിമാന്മാരിൽ പക്ഷേ അഞ്ചുപേർ കുറഞ്ഞു പോയെങ്കിലോ? അഞ്ചുപേർ കുറഞ്ഞതുകൊണ്ടു നീ ആ പട്ടണം മുഴുവനും നശിപ്പിക്കുമോ എന്നു അബ്രാഹാം പറഞ്ഞതിന്നു: നാല്പത്തഞ്ചു പേരെ ഞാൻ അവിടെ കണ്ടാൽ അതിനെ നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു. അവൻ പിന്നെയും അവനോടു സംസാരിച്ചു: പക്ഷേ നാല്പതുപേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞതിന്നു: ഞാൻ നാല്പതുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു. അതിന്നു അവൻ: ഞാൻ പിന്നെയും സംസാരിക്കുന്നു; കർത്താവു കോപിക്കരുതേ; പക്ഷേ മുപ്പതുപേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാൻ മുപ്പതുപേരെ അവിടെ കണ്ടാൽ നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു. ഞാൻ കർത്താവിനോടു സംസാരിപ്പാൻ തുനിഞ്ഞുവല്ലോ; പക്ഷേ ഇരുപതുപേരെ അവിടെ കണ്ടാലോ എന്നു അവൻ പറഞ്ഞതിന്നു: ഞാൻ ഇരുപതുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു. അപ്പോൾ അവൻ: കർത്താവു കോപിക്കരുതേ; ഞാൻ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തു പേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാൻ പത്തുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു. യഹോവ അബ്രാഹാമിനോടു അരുളിച്ചെയ്തു തീർന്നശേഷം അവിടെനിന്നു പോയി. അബ്രാഹാമും തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി.
ഉൽപത്തി 18:22-33 സമകാലിക മലയാളവിവർത്തനം (MCV)
ആ പുരുഷന്മാർ തിരിഞ്ഞ് സൊദോമിലേക്കു പോയി. എന്നാൽ, അബ്രാഹാം യഹോവയുടെ സന്നിധിയിൽത്തന്നെ നിലകൊണ്ടു. പിന്നെ അബ്രാഹാം അടുത്തുചെന്ന്, “അവിടന്നു നീതിമാന്മാരെ ദുഷ്ടന്മാരോടുകൂടെ തുടച്ചുനീക്കുമോ? എന്നു ചോദിച്ചു. നീതിമാന്മാരായ അൻപതുപേർ നഗരത്തിൽ ഉണ്ടെങ്കിൽ എന്താണു ചെയ്യുക? അങ്ങ് ആ നഗരത്തെ വാസ്തവമായി നശിപ്പിക്കുമോ? അതിലുള്ള അൻപതു നീതിമാന്മാർ നിമിത്തം ആ സ്ഥലത്തെ അങ്ങ് രക്ഷിക്കുകയില്ലയോ? നീതിമാന്മാരെയും ദുഷ്ടന്മാരെയും ഒരുപോലെ കണക്കാക്കുന്നതും ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെ സംഹരിക്കുന്നതും അവിടത്തേക്ക് ഉചിതമല്ലല്ലോ! അങ്ങനെ വരരുതേ. സർവഭൂമിയുടെയും ന്യായാധിപതി നീതി പ്രവർത്തിക്കാതിരിക്കുമോ?” അതിനു യഹോവ: “അൻപതു നീതിമാന്മാരെ സൊദോം പട്ടണത്തിനുള്ളിൽ കാണുന്നെങ്കിൽ അവർക്കുവേണ്ടി ഞാൻ ആ സ്ഥലം മുഴുവൻ രക്ഷിക്കും” എന്ന് അരുളിച്ചെയ്തു. അബ്രാഹാം വീണ്ടും ചോദിച്ചു: “വെറും പൊടിയും ചാരവും ആയ ഞാൻ കർത്താവിനോട് സംസാരിക്കാൻ തുനിഞ്ഞല്ലോ! അൻപതു നീതിമാന്മാരിൽ അഞ്ചുപേർ കുറഞ്ഞാൽ ആ അഞ്ചുപേർ നിമിത്തം അങ്ങു നഗരത്തെ മുഴുവൻ നശിപ്പിക്കുമോ?” “അവിടെ നാൽപ്പത്തിയഞ്ചുപേരെ കാണുന്നെങ്കിൽ, ഞാൻ അതിനെ നശിപ്പിക്കുകയില്ല,” അവിടന്ന് അരുളിച്ചെയ്തു. വീണ്ടും അദ്ദേഹം ദൈവത്തോടു ചോദിച്ചു, “നാൽപ്പതുപേരേ ഉള്ളെങ്കിലോ?” “ആ നാൽപ്പതുപേർക്കുവേണ്ടി ഞാൻ അങ്ങനെ ചെയ്യുകയില്ല,” അവിടന്ന് ഉത്തരം പറഞ്ഞു. അദ്ദേഹം വീണ്ടും: “കർത്താവു കോപിക്കരുതേ, അടിയൻ സംസാരിക്കട്ടെ; അവിടെ കേവലം മുപ്പതുപേരെ ഉള്ളൂ എന്നുവരികിലോ?” എന്നു ചോദിച്ചു. അതിനു യഹോവ: “മുപ്പതുപേരെ കാണുന്നെങ്കിൽ ഞാൻ അങ്ങനെ പ്രവർത്തിക്കുകയില്ല” എന്നു മറുപടികൊടുത്തു. “കർത്താവിനോടു സംസാരിക്കാൻ എനിക്കു ധൈര്യം ഉണ്ടായിരിക്കുന്ന സ്ഥിതിക്ക്, ഇരുപതുപേർമാത്രമേ അവിടെ ഉള്ളൂ എങ്കിലോ?” അബ്രാഹാം ചോദിച്ചു. “ഇരുപതുപേർക്കുവേണ്ടി, ഞാൻ നശിപ്പിക്കുകയില്ല” അവിടന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അബ്രാഹാം ചോദിച്ചു, “കർത്താവേ, കോപിക്കരുതേ, അടിയൻ ഒരിക്കൽക്കൂടിമാത്രം ചോദിക്കട്ടെ, പത്തുപേരേ അവിടെ ഉള്ളൂ എങ്കിലോ?” “പത്തുപേർക്കുവേണ്ടി ഞാൻ അതിനെ നശിപ്പിക്കാതിരിക്കും,” അവിടന്നു മറുപടി പറഞ്ഞു. യഹോവ അബ്രാഹാമിനോടു സംസാരിച്ചതിനുശേഷം അവിടം വിട്ടുപോയി; അബ്രാഹാമും വീട്ടിലേക്കു മടങ്ങി.