അവർ അവിടെനിന്നു സൊദോം ലക്ഷ്യമാക്കി നടന്നു; എന്നാൽ അബ്രഹാം സർവേശ്വരന്റെ സന്നിധിയിൽതന്നെ നിന്നു. അബ്രഹാം അവിടുത്തെ സമീപിച്ച് ചോദിച്ചു: “ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അങ്ങു നശിപ്പിക്കുമോ? ആ നഗരത്തിൽ അമ്പതു നീതിമാന്മാർ ഉണ്ടെന്നിരിക്കട്ടെ. എങ്കിൽ അവർ നിമിത്തം അവിടുന്ന് ആ പട്ടണത്തെ രക്ഷിക്കുകയില്ലേ? ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അങ്ങ് ഒരിക്കലും നശിപ്പിക്കുകയില്ലല്ലോ? അത് അവിടുത്തേക്കു അസാധ്യം! സർവലോകത്തിന്റെയും വിധികർത്താവായ ദൈവം നീതി പ്രവർത്തിക്കാതിരിക്കുമോ?” സർവേശ്വരൻ അരുളിച്ചെയ്തു: “നീതിമാന്മാരായ അമ്പതു പേരെ സൊദോമിൽ കണ്ടെത്തിയാൽ അവർ നിമിത്തം ആ പട്ടണത്തെ ഞാൻ രക്ഷിക്കും.” അബ്രഹാം പ്രതിവചിച്ചു: “വെറും പൂഴിയും വെണ്ണീറുമായ ഞാൻ സർവേശ്വരനോടു സംസാരിക്കുവാൻ മുതിർന്നല്ലോ; ഒരുവേള അമ്പതു നീതിമാന്മാരിൽ അഞ്ചു പേർ കുറഞ്ഞുപോയാലോ? ആ അഞ്ചു പേരുടെ കുറവുനിമിത്തം അവിടുന്ന് ആ നഗരത്തെ നശിപ്പിക്കുമോ?” അവിടുന്ന് അരുളിച്ചെയ്തു: “ഇല്ല, നാല്പത്തിയഞ്ച് നീതിമാന്മാരെ അവിടെ കണ്ടാൽ ഞാൻ അതിനെ നശിപ്പിക്കുകയില്ല.” അബ്രഹാം വീണ്ടും ചോദിച്ചു: “ഒരുപക്ഷേ നാല്പതു പേരെ ഉള്ളൂ എങ്കിലോ?” “ആ നാല്പതു പേരെ കരുതി ഞാൻ അതിനെ നശിപ്പിക്കുകയില്ല” എന്ന് അവിടുന്നു പ്രതിവചിച്ചു. അബ്രഹാം പറഞ്ഞു: “സർവേശ്വരാ, ഞാൻ ഇങ്ങനെ സംസാരിക്കുന്നതിൽ അവിടുന്നു കോപിക്കരുതേ. മുപ്പതു പേരെ മാത്രമേ അവിടെ കാണുന്നുള്ളുവെങ്കിലോ?” “മുപ്പതു പേരെ അവിടെ കാണുന്നെങ്കിൽ അതിനെ നശിപ്പിക്കുകയില്ല” എന്ന് അവിടുന്ന് അരുളിച്ചെയ്തു. അബ്രഹാം തുടർന്നു പറഞ്ഞു: “സർവേശ്വരനോടു സംസാരിക്കാൻ ഞാൻ തുനിഞ്ഞത് ക്ഷമിക്കണമേ. അവിടെ ഇരുപതു പേരെ മാത്രമേ കണ്ടെത്തുന്നുള്ളെങ്കിലോ?” “ഇരുപതു പേരെ പ്രതി ഞാൻ അതിനെ നശിപ്പിക്കുകയില്ല” എന്ന് അവിടുന്ന് അരുളിച്ചെയ്തു. “സർവേശ്വരാ, കോപിക്കരുതേ, ഞാൻ ഒരിക്കൽക്കൂടി മാത്രമേ ചോദിക്കുകയുള്ളൂ. പത്തു പേരെ മാത്രം അവിടെ കണ്ടാൽ അതിനെ നശിപ്പിക്കുമോ?” എന്ന് അബ്രഹാം ചോദിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “ഇല്ല, പത്തു പേർ നിമിത്തം ഞാൻ അതിനെ നശിപ്പിക്കയില്ല.” അബ്രഹാമിനോടു സംസാരിച്ചുതീർന്നപ്പോൾ സർവേശ്വരൻ അവിടെനിന്നു പോയി. അബ്രഹാം സ്വന്തസ്ഥലത്തേക്കു മടങ്ങിപ്പോയി.
GENESIS 18 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: GENESIS 18:22-33
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ