ആ പുരുഷന്മാർ തിരിഞ്ഞ് സൊദോമിലേക്കു പോയി. എന്നാൽ, അബ്രാഹാം യഹോവയുടെ സന്നിധിയിൽത്തന്നെ നിലകൊണ്ടു. പിന്നെ അബ്രാഹാം അടുത്തുചെന്ന്, “അവിടന്നു നീതിമാന്മാരെ ദുഷ്ടന്മാരോടുകൂടെ തുടച്ചുനീക്കുമോ? എന്നു ചോദിച്ചു. നീതിമാന്മാരായ അൻപതുപേർ നഗരത്തിൽ ഉണ്ടെങ്കിൽ എന്താണു ചെയ്യുക? അങ്ങ് ആ നഗരത്തെ വാസ്തവമായി നശിപ്പിക്കുമോ? അതിലുള്ള അൻപതു നീതിമാന്മാർ നിമിത്തം ആ സ്ഥലത്തെ അങ്ങ് രക്ഷിക്കുകയില്ലയോ? നീതിമാന്മാരെയും ദുഷ്ടന്മാരെയും ഒരുപോലെ കണക്കാക്കുന്നതും ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെ സംഹരിക്കുന്നതും അവിടത്തേക്ക് ഉചിതമല്ലല്ലോ! അങ്ങനെ വരരുതേ. സർവഭൂമിയുടെയും ന്യായാധിപതി നീതി പ്രവർത്തിക്കാതിരിക്കുമോ?” അതിനു യഹോവ: “അൻപതു നീതിമാന്മാരെ സൊദോം പട്ടണത്തിനുള്ളിൽ കാണുന്നെങ്കിൽ അവർക്കുവേണ്ടി ഞാൻ ആ സ്ഥലം മുഴുവൻ രക്ഷിക്കും” എന്ന് അരുളിച്ചെയ്തു. അബ്രാഹാം വീണ്ടും ചോദിച്ചു: “വെറും പൊടിയും ചാരവും ആയ ഞാൻ കർത്താവിനോട് സംസാരിക്കാൻ തുനിഞ്ഞല്ലോ! അൻപതു നീതിമാന്മാരിൽ അഞ്ചുപേർ കുറഞ്ഞാൽ ആ അഞ്ചുപേർ നിമിത്തം അങ്ങു നഗരത്തെ മുഴുവൻ നശിപ്പിക്കുമോ?” “അവിടെ നാൽപ്പത്തിയഞ്ചുപേരെ കാണുന്നെങ്കിൽ, ഞാൻ അതിനെ നശിപ്പിക്കുകയില്ല,” അവിടന്ന് അരുളിച്ചെയ്തു. വീണ്ടും അദ്ദേഹം ദൈവത്തോടു ചോദിച്ചു, “നാൽപ്പതുപേരേ ഉള്ളെങ്കിലോ?” “ആ നാൽപ്പതുപേർക്കുവേണ്ടി ഞാൻ അങ്ങനെ ചെയ്യുകയില്ല,” അവിടന്ന് ഉത്തരം പറഞ്ഞു. അദ്ദേഹം വീണ്ടും: “കർത്താവു കോപിക്കരുതേ, അടിയൻ സംസാരിക്കട്ടെ; അവിടെ കേവലം മുപ്പതുപേരെ ഉള്ളൂ എന്നുവരികിലോ?” എന്നു ചോദിച്ചു. അതിനു യഹോവ: “മുപ്പതുപേരെ കാണുന്നെങ്കിൽ ഞാൻ അങ്ങനെ പ്രവർത്തിക്കുകയില്ല” എന്നു മറുപടികൊടുത്തു. “കർത്താവിനോടു സംസാരിക്കാൻ എനിക്കു ധൈര്യം ഉണ്ടായിരിക്കുന്ന സ്ഥിതിക്ക്, ഇരുപതുപേർമാത്രമേ അവിടെ ഉള്ളൂ എങ്കിലോ?” അബ്രാഹാം ചോദിച്ചു. “ഇരുപതുപേർക്കുവേണ്ടി, ഞാൻ നശിപ്പിക്കുകയില്ല” അവിടന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അബ്രാഹാം ചോദിച്ചു, “കർത്താവേ, കോപിക്കരുതേ, അടിയൻ ഒരിക്കൽക്കൂടിമാത്രം ചോദിക്കട്ടെ, പത്തുപേരേ അവിടെ ഉള്ളൂ എങ്കിലോ?” “പത്തുപേർക്കുവേണ്ടി ഞാൻ അതിനെ നശിപ്പിക്കാതിരിക്കും,” അവിടന്നു മറുപടി പറഞ്ഞു. യഹോവ അബ്രാഹാമിനോടു സംസാരിച്ചതിനുശേഷം അവിടം വിട്ടുപോയി; അബ്രാഹാമും വീട്ടിലേക്കു മടങ്ങി.
ഉൽപ്പത്തി 18 വായിക്കുക
കേൾക്കുക ഉൽപ്പത്തി 18
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉൽപ്പത്തി 18:22-33
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ