എസ്ഥേർ 9:20-32

എസ്ഥേർ 9:20-32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആണ്ടുതോറും ആദാർമാസം പതിന്നാലും പതിനഞ്ചും തീയതിയെ യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളുടെ കൈയിൽനിന്ന് ഒഴിഞ്ഞു വിശ്രമിച്ച ദിവസങ്ങളായിട്ടും ദുഃഖം അവർക്ക് സന്തോഷമായും വിലാപം ഉത്സവമായും തീർന്ന മാസമായിട്ടും ആചരിക്കേണമെന്നും അവയെ വിരുന്നും സന്തോഷവുമുള്ള നാളുകളും തമ്മിൽ തമ്മിൽ സമ്മാനങ്ങളും ദരിദ്രന്മാർക്കു ദാനധർമങ്ങളും കൊടുക്കുന്ന നാളുകളും ആയിട്ട് ആചരിക്കേണമെന്നും അഹശ്വേരോശ്‍രാജാവിന്റെ സകല സംസ്ഥാനങ്ങളിലും സമീപത്തും ദൂരത്തും ഉള്ള സകല യെഹൂദന്മാർക്കും ചട്ടമാക്കേണ്ടതിനും മൊർദ്ദെഖായി ഈ കാര്യങ്ങൾ എഴുതി അവർക്ക് എഴുത്ത് അയച്ചു. അങ്ങനെ യെഹൂദന്മാർ തങ്ങൾ തുടങ്ങിയിരുന്നതും മൊർദ്ദെഖായി തങ്ങൾക്ക് എഴുതിയിരുന്നതുമായ കാര്യം ഒരു ചട്ടമായി കൈക്കൊണ്ടു. ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി എല്ലാ യെഹൂദന്മാരുടെയും ശത്രുവായ ഹാമാൻ യെഹൂദന്മാരെ നശിപ്പിക്കേണ്ടതിന് അവരുടെ നേരേ ഉപായം ചിന്തിക്കയും അവരെ നശിപ്പിച്ചു മുടിക്കേണ്ടതിന് പൂരെന്ന ചീട്ട് ഇടുവിക്കയും കാര്യം രാജാവിന് അറിവു കിട്ടിയപ്പോൾ അവൻ യെഹൂദന്മാർക്കു വിരോധമായി ചിന്തിച്ചിരുന്ന ഉപായം അവന്റെ തലയിലേക്കു തന്നെ തിരിയുവാനും അവനെയും അവന്റെ പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കളവാനും രാജാവ് രേഖാമൂലം കല്പിക്കയും ചെയ്തതുകൊണ്ട് അവർ ആ നാളുകൾക്കു പൂര് എന്ന പദത്താൽ പൂരീം എന്നു പേർ വിളിച്ചു. ഈ എഴുത്തിലെ സകല വൃത്താന്തങ്ങളും ആ കാര്യത്തിൽ അവർ തന്നെ കണ്ടവയും അവർക്കു സംഭവിച്ചവയും നിമിത്തം യെഹൂദന്മാർ ഈ രണ്ടു ദിവസങ്ങളെ അവയുടെ ചട്ടവും കാലവും അനുസരിച്ച് ആണ്ടുതോറും വീഴ്ചകൂടാതെ ആചരിക്കത്തക്കവണ്ണവും ഈ ദിവസങ്ങൾ തലമുറതലമുറയായി സകല വംശങ്ങളിലും സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും ഓർക്കത്തക്കവണ്ണവും ഈ പൂരീം ദിവസങ്ങൾ യെഹൂദന്മാരുടെ മധ്യേനിന്ന് ഒഴിഞ്ഞുപോകയോ അവയുടെ ഓർമ തങ്ങളുടെ സന്തതിയിൽനിന്ന് വിട്ടുപോകയോ ചെയ്യാത്ത പ്രകാരവും തങ്ങൾക്കും സന്തതികൾക്കും അവരോടു ചേരുവാനുള്ള എല്ലാവർക്കും ചട്ടമായി കൈക്കൊണ്ടു. പൂരീം സംബന്ധിച്ച ഈ രണ്ടാം ലേഖനം സ്ഥിരമാക്കേണ്ടതിന് അബീഹയീലിന്റെ മകളായ എസ്ഥേർരാജ്ഞിയും യെഹൂദനായ മൊർദ്ദെഖായിയും സർവാധികാരത്തോടുംകൂടെ എഴുത്ത് എഴുതി. യെഹൂദനായ മൊർദ്ദെഖായിയും എസ്ഥേർരാജ്ഞിയും അവർക്കു ചട്ടമാക്കിയിരുന്നതുപോലെയും അവർ തന്നെ തങ്ങളുടെ ഉപവാസത്തിന്റെയും കരച്ചലിന്റെയും സംഗതികളെ തങ്ങൾക്കും സന്തതികൾക്കും ചട്ടമാക്കിയിരുന്നതുപോലെയും ഈ പൂരീം ദിവസങ്ങളെ നിശ്ചിതസമയത്തുതന്നെ സ്ഥിരമാക്കേണ്ടതിന് അവൻ അഹശ്വേരോശിന്റെ രാജ്യത്തിലുൾപ്പെട്ട നൂറ്റി ഇരുപത്തിയേഴു സംസ്ഥാനങ്ങളിലെ സകല യെഹൂദന്മാർക്കും സമാധാനവും സത്യവുമായുള്ള വാക്കുകളോടുകൂടിയ എഴുത്ത് അയച്ചു. ഇങ്ങനെ എസ്ഥേറിന്റെ ആജ്ഞയാൽ പൂരീം സംബന്ധിച്ച കാര്യങ്ങൾ ഉറപ്പായി അതു പുസ്തകത്തിൽ എഴുതിവച്ചു.

പങ്ക് വെക്കു
എസ്ഥേർ 9 വായിക്കുക

എസ്ഥേർ 9:20-32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മൊർദ്ദെഖായി ഇതെല്ലാം രേഖപ്പെടുത്തി. അഹശ്വേരോശ്‍രാജാവിന്റെ എല്ലാ സംസ്ഥാനങ്ങളിലും അടുത്തും അകലെയുമായി പാർക്കുന്ന യെഹൂദർക്കു കത്തുകൾ കൊടുത്തയച്ചു. മൊർദ്ദെഖായി ഇങ്ങനെ അനുശാസിച്ചു: “യെഹൂദർ എല്ലാ വർഷവും ആദാർമാസം പതിന്നാലും പതിനഞ്ചും ദിവസങ്ങൾ ശത്രുക്കളിൽനിന്നു മോചനം ലഭിച്ച ദിനങ്ങളായും അവരുടെ ദുഃഖം സന്തോഷമായും വിലാപം ഉല്ലാസമായും മാറിയ മാസമായും ആചരിക്കണം. പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ദരിദ്രർക്കു ദാനങ്ങൾ നല്‌കുകയും ചെയ്യുന്ന ദിനങ്ങളായും ആചരിക്കണം. അങ്ങനെ തങ്ങൾ തുടങ്ങിവച്ചതുപോലെയും മൊർദ്ദെഖായി എഴുതി അയച്ചതുപോലെയും യെഹൂദന്മാർ ആചരിച്ചു. ആഗാഗ്യനായ ഹമ്മെദാഥായുടെ പുത്രനും സകല യെഹൂദന്മാരുടെയും ശത്രുവും ആയ ഹാമാൻ യെഹൂദന്മാരെ നശിപ്പിക്കാൻ ഉപായം ചിന്തിക്കയും അവരെ തകർത്ത് ഇല്ലാതാക്കാൻ പൂര് അഥവാ നറുക്ക് ഇടുകയും ചെയ്തിരുന്നല്ലോ. എന്നാൽ എസ്ഥേർ രാജസന്നിധിയിൽ വന്നപ്പോൾ യെഹൂദന്മാർക്കെതിരെ ഹാമാൻ തയ്യാറാക്കിയ ദുഷ്ടപദ്ധതി അയാളുടെ തലയിൽത്തന്നെ വീഴാൻ ഇടയായി. അയാളെയും പുത്രന്മാരെയും കഴുമരത്തിൽ തൂക്കാൻ രാജാവ് രേഖാമൂലം കല്പന പുറപ്പെടുവിച്ചു. അതിനാൽ പൂര് എന്ന പദത്തിൽനിന്ന് ആ ദിവസങ്ങൾക്കു പൂരിം എന്നു പേരുണ്ടായി. ഈ കല്പനയിൽ രേഖപ്പെടുത്തിയിരിക്കുന്ന സകല കാര്യങ്ങളും ഇക്കാര്യത്തിൽ തങ്ങൾക്കു നേരിടേണ്ടി വന്നതും അനുഭവിച്ചതുമായ വസ്തുതകളും പരിഗണിച്ച് യെഹൂദന്മാരും അവരുടെ സന്തതികളും അവരോടു ചേരുന്നവരും എഴുതപ്പെട്ടിരിക്കുന്നതുപോലെ ഈ രണ്ടു ദിവസങ്ങൾ ഓരോ വർഷവും മുടക്കം കൂടാതെ ആചരിക്കണമെന്നു തീരുമാനിച്ചു. അങ്ങനെ ഓരോ തലമുറയിലും ഓരോ കുടുംബത്തിലും ഓരോ സംസ്ഥാനത്തും ഓരോ പട്ടണത്തിലും പൂരിം ദിവസങ്ങൾ അനുസ്മരിക്കുകയും ആചരിക്കുകയും വേണം. പൂരിമിന്റെ ഈ ഉത്സവം യെഹൂദന്മാർ ഒരിക്കലും ആചരിക്കാതെ പോകരുത്. ഈ ദിവസങ്ങളുടെ അനുസ്മരണം അവരുടെ പിൻതലമുറകൾ നിലനിർത്തുകയും വേണം. പൂരിം സംബന്ധിച്ച ഈ രണ്ടാമത്തെ കത്ത് അബീഹയിലിന്റെ പുത്രിയായ എസ്ഥേർരാജ്ഞിയും യെഹൂദനായ മൊർദ്ദെഖായിയും രേഖാമൂലം ആധികാരികമായി സ്ഥിരീകരിച്ചു. അഹശ്വേരോശ്‍രാജാവിന്റെ നൂറ്റിയിരുപത്തേഴു സംസ്ഥാനങ്ങളിലെ സകല യെഹൂദന്മാർക്കും സമാധാനത്തിന്റെയും സത്യത്തിന്റെയും വാക്കുകളിൽ സുരക്ഷിതത്വം ഉറപ്പുനല്‌കുന്ന കത്തുകളയച്ചു. മൊർദ്ദെഖായിയും എസ്ഥേർരാജ്ഞിയും യെഹൂദന്മാരോട് ആജ്ഞാപിച്ചതുപോലെയും തങ്ങളുടെ ഉപവാസത്തിന്റെയും വിലാപത്തിന്റെയും കാര്യത്തിൽ അവർ തന്നെ തങ്ങൾക്കും തങ്ങളുടെ പിൻതലമുറക്കാർക്കുംവേണ്ടി തീരുമാനിച്ചതുപോലെയും പൂരിമിന്റെ ദിനങ്ങൾ ആചരിക്കണമെന്നായിരുന്നു നിർദ്ദേശിച്ചിരുന്നത്. എസ്ഥേർരാജ്ഞിയുടെ കല്പനപ്രകാരം പൂരിമിന്റെ ആചാരങ്ങൾ സ്ഥിരീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു.

പങ്ക് വെക്കു
എസ്ഥേർ 9 വായിക്കുക

എസ്ഥേർ 9:20-32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എല്ലാ വർഷവും ആദാർമാസം പതിനാലും പതിനഞ്ചും തീയതി യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളുടെ കയ്യിൽനിന്ന് ഒഴിഞ്ഞ് വിശ്രമിച്ച ദിവസങ്ങളായിട്ട്, ദുഃഖം അവർക്ക് സന്തോഷമായും, വിലാപം ഉത്സവമായും തീർന്ന മാസമായിട്ടും ആചരിക്കേണമെന്നും അവയെ, വിരുന്നും സന്തോഷവുമുള്ള നാളുകളും, തമ്മിൽ തമ്മിൽ സമ്മാനങ്ങളും, ദരിദ്രന്മാർക്ക് ദാനധർമ്മങ്ങളും കൊടുക്കുന്ന നാളുകളും ആയിട്ട് ആചരിക്കേണമെന്നും അഹശ്വേരോശ്‌രാജാവിന്‍റെ സകലസംസ്ഥാനങ്ങളിലും സമീപത്തും ദൂരത്തും ഉള്ള സകല യെഹൂദന്മാരും പ്രമാണിക്കേണ്ടതിനും മൊർദ്ദെഖായി ഈ കാര്യങ്ങൾ എഴുതി അവർക്ക് എഴുത്ത് അയച്ചു. അങ്ങനെ യെഹൂദന്മാർ തങ്ങൾ തുടങ്ങിയിരുന്നതും മൊർദ്ദെഖായി തങ്ങൾക്ക് എഴുതിയിരുന്നതുമായ കാര്യം ഒരു നിയമമായി സ്വീകരിച്ചു. ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായ എല്ലാ യെഹൂദന്മാരുടെയും ശത്രുവായ ഹാമാൻ യെഹൂദന്മാരെ നശിപ്പിക്കേണ്ടതിന് അവരുടെ നേരെ ഉപായം ചിന്തിക്കയും അവരെ നശിപ്പിക്കേണ്ടതിന് “പൂര്” എന്ന ചീട്ടു ഇടുവിക്കയും ഈ കാര്യം രാജാവിന് അറിവ് കിട്ടിയപ്പോൾ അവൻ യെഹൂദന്മാർക്ക് വിരോധമായി ചിന്തിച്ചിരുന്ന ദുഷ്ടപദ്ധതി അവന്‍റെ തലയിലേക്ക് തന്നെ തിരിയുവാനും അങ്ങനെ ഹാമാനെയും അവന്‍റെ പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കളയുവാനും രാജാവ് രേഖാമൂലം കല്പിക്കയും ചെയ്തതുകൊണ്ട് അവർ ആ നാളുകൾക്ക് പൂര് എന്ന പദത്താൽ പൂരീം എന്ന് പേർവിളിച്ചു. ഈ എഴുത്തിലെ സകലവൃത്താന്തങ്ങളും അവർ കണ്ടതും, അവർക്ക് സംഭവിച്ചതും കാരണം യെഹൂദന്മാർ ഈ രണ്ടു ദിവസങ്ങളെ അവയുടെ ചട്ടവും കാലവും അനുസരിച്ചു എല്ലാ വർഷവും മുടക്കംകൂടാതെ ആചരിക്കത്തക്കവണ്ണവും ഈ ദിവസങ്ങൾ തലമുറ തലമുറയായി സകലവംശങ്ങളിലും സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും ഓർക്കത്തക്കവണ്ണവും, ഈ പൂരീം ദിവസങ്ങൾ യെഹൂദന്മാരുടെ മദ്ധ്യേനിന്ന് ഒഴിഞ്ഞുപോകയോ അവയുടെ ഓർമ്മ തങ്ങളുടെ സന്തതിയിൽനിന്ന് വിട്ട് പോകയോ ചെയ്യാത്തവിധത്തിൽ തങ്ങൾക്കും സന്തതികൾക്കും അവരോട് ചേരുവാനുള്ള എല്ലാവർക്കും നിയമമായി സ്വീകരിച്ചു. പൂരീം സംബന്ധിച്ച ഈ രണ്ടാം ലേഖനം സ്ഥിരമാക്കേണ്ടതിന് അബീഹയിലിന്‍റെ മകളായ എസ്ഥേർരാജ്ഞിയും യെഹൂദനായ മൊർദ്ദെഖായിയും സർവ്വാധികാരത്തോടുംകൂടെ എഴുത്ത് എഴുതി. യെഹൂദനായ മൊർദെഖായിയും എസ്ഥേർരാജ്ഞിയും അവർക്ക് ചട്ടമാക്കിയിരുന്നതുപോലെയും, അവർ തന്നെ തങ്ങളുടെ ഉപവാസത്തിന്‍റെയും കരച്ചിലിന്‍റെയും സംഗതികളെ തങ്ങൾക്കും സന്തതികൾക്കും ചട്ടമാക്കിയിരുന്നതുപോലെയും, ഈ പൂരീം ദിവസങ്ങളെ നിശ്ചിത സമയത്തുതന്നെ സ്ഥിരമാക്കേണ്ടതിന് അവൻ അഹശ്വേരോശിന്‍റെ രാജ്യത്തിലുൾപ്പെട്ട നൂറ്റിയിരുപത്തിയേഴ് (127) സംസ്ഥാനങ്ങളിലെ എല്ലാ യെഹൂദന്മാർക്കും സമാധാനവും സത്യവുമായ വാക്കുകളോടുകൂടി എഴുത്ത് അയച്ചു. ഇങ്ങനെ എസ്ഥേറിന്‍റെ ആജ്ഞയാൽ പൂരീം സംബന്ധിച്ച കാര്യങ്ങൾ ഉറപ്പായി അത് പുസ്തകത്തിൽ എഴുതിവെച്ചു.

പങ്ക് വെക്കു
എസ്ഥേർ 9 വായിക്കുക

എസ്ഥേർ 9:20-32 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആണ്ടുതോറും ആദാർമാസം പതിന്നാലും പതിനഞ്ചും തിയ്യതിയെ യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളുടെ കയ്യിൽനിന്നു ഒഴിഞ്ഞു വിശ്രമിച്ച ദിവസങ്ങളായിട്ടു ദുഃഖം അവർക്കു സന്തോഷമായും വിലാപം ഉത്സവമായും തീർന്ന മാസമായിട്ടും ആചരിക്കേണമെന്നും അവയെ വിരുന്നും സന്തോഷവുമുള്ള നാളുകളും തമ്മിൽ തമ്മിൽ സമ്മാനങ്ങളും ദരിദ്രന്മാർക്കു ദാനധർമ്മങ്ങളും കൊടുക്കുന്ന നാളുകളും ആയിട്ടു ആചരിക്കേണമെന്നും അഹശ്വേരോശ്‌രാജാവിന്റെ സകലസംസ്ഥാനങ്ങളിലും സമീപത്തും ദൂരത്തും ഉള്ള സകലയെഹൂദന്മാർക്കും ചട്ടമാക്കേണ്ടതിന്നും മൊർദ്ദെഖായി ഈ കാര്യങ്ങൾ എഴുതി അവർക്കു എഴുത്തു അയച്ചു. അങ്ങനെ യെഹൂദന്മാർ തങ്ങൾ തുടങ്ങിയിരുന്നതും മൊർദ്ദെഖായി തങ്ങൾക്കു എഴുതിയിരുന്നതുമായ കാര്യം ഒരു ചട്ടമായി കൈക്കൊണ്ടു. ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി എല്ലായെഹൂദന്മാരുടെയും ശത്രുവായ ഹാമാൻ യെഹൂദന്മാരെ നശിപ്പിക്കേണ്ടതിന്നു അവരുടെ നേരെ ഉപായം ചിന്തിക്കയും അവരെ നശിപ്പിച്ചു മുടിക്കേണ്ടതിന്നു പൂരെന്ന ചീട്ടു ഇടുവിക്കയും കാര്യം രാജാവിന്നു അറിവു കിട്ടിയപ്പോൾ അവൻ യെഹൂദന്മാർക്കു വിരോധമായി ചിന്തിച്ചിരുന്ന ഉപായം അവന്റെ തലയിലേക്കു തന്നേ തിരിയുവാനും അവനെയും അവന്റെ പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കളവാനും രാജാവു രേഖാമൂലം കല്പിക്കയും ചെയ്തതുകൊണ്ടു അവർ ആ നാളുകൾക്കു പൂര് എന്ന പദത്താൽ പൂരീം എന്നു പേർ വിളിച്ചു. ഈ എഴുത്തിലെ സകലവൃത്താന്തങ്ങളും ആ കാര്യത്തിൽ അവർ തന്നേ കണ്ടവയും അവർക്കു സംഭവിച്ചവയുംനിമിത്തം യെഹൂദന്മാർ ഈ രണ്ടു ദിവസങ്ങളെ അവയുടെ ചട്ടവും കാലവും അനുസരിച്ചു ആണ്ടുതോറും വീഴ്ചകൂടാതെ ആചരിക്കത്തക്കവണ്ണവും ഈ ദിവസങ്ങൾ തലമുറതലമുറയായി സകലവംശങ്ങളിലും സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും ഓർക്കത്തക്കവണ്ണവും ഈ പൂരീംദിവസങ്ങൾ യെഹൂദന്മാരുടെ മദ്ധ്യേനിന്നു ഒഴിഞ്ഞുപോകയോ അവയുടെ ഓർമ്മ തങ്ങളുടെ സന്തതിയിൽനിന്നു വിട്ടു പോകയോ ചെയ്യാത്തപ്രകാരവും തങ്ങൾക്കും സന്തതികൾക്കും അവരോടു ചേരുവാനുള്ള എല്ലാവർക്കും ചട്ടമായി കൈക്കൊണ്ടു. പൂരീം സംബന്ധിച്ച ഈ രണ്ടാം ലേഖനം സ്ഥിരമാക്കേണ്ടതിന്നു അബീഹയീലിന്റെ മകളായ എസ്ഥേർരാജ്ഞിയും യെഹൂദനായ മൊർദ്ദെഖായിയും സർവ്വാധികാരത്തോടുംകൂടെ എഴുത്തു എഴുതി. യെഹൂദനായ മൊർദ്ദെഖായിയും എസ്ഥേർരാജ്ഞിയും അവർക്കു ചട്ടമാക്കിയിരുന്നതുപോലെയും അവർ തന്നേ തങ്ങളുടെ ഉപവാസത്തിന്റെയും കരച്ചലിന്റെയും സംഗതികളെ തങ്ങൾക്കും സന്തതികൾക്കും ചട്ടമാക്കിയിരുന്നതുപോലെയും ഈ പൂരീംദിവസങ്ങളെ നിശ്ചിതസമയത്തു തന്നേ സ്ഥിരമാക്കേണ്ടതിന്നു അവൻ അഹശ്വേരോശിന്റെ രാജ്യത്തിലുൾപ്പെട്ട നൂറ്റിരുപത്തേഴു സംസ്ഥാനങ്ങളിലെ സകലയെഹൂദന്മാർക്കും സമാധാനവും സത്യവുമായുള്ള വാക്കുകളോടുകൂടിയ എഴുത്തു അയച്ചു. ഇങ്ങനെ എസ്ഥേരിന്റെ ആജ്ഞയാൽ പൂരീം സംബന്ധിച്ച കാര്യങ്ങൾ ഉറപ്പായി അതു പുസ്തകത്തിൽ എഴുതിവെച്ചു.

പങ്ക് വെക്കു
എസ്ഥേർ 9 വായിക്കുക

എസ്ഥേർ 9:20-32 സമകാലിക മലയാളവിവർത്തനം (MCV)

വർഷംതോറും ആദാർമാസം പതിന്നാലും പതിനഞ്ചും തീയതികളെ യെഹൂദർ തങ്ങളുടെ ശത്രുക്കളിൽനിന്ന് വിടുവിക്കപ്പെട്ട ദിവസമായും തങ്ങളുടെ ദുഃഖം സന്തോഷമായും വിലാപം ഉത്സവമായും തീർന്ന മാസമായും കൊണ്ടാടണമെന്നും, അങ്ങനെ ഈ ദിവസങ്ങൾ ആഘോഷത്തിന്റെയും വിരുന്നിന്റെയും ദിവസങ്ങളായും പരസ്പരം ഭോജനസമ്മാനങ്ങൾ കൈമാറുന്നതിനും ദരിദ്രർക്ക് ദാനധർമങ്ങൾ കൊടുക്കുന്നതിനുമുള്ള ദിവസങ്ങളായും ആചരിക്കണമെന്നും നിർദേശിച്ചുകൊണ്ട് അടുത്തും അകലെയുമായി അഹശ്വേരോശ് രാജാവിന്റെ പ്രവിശ്യകളിലുള്ള സകല യെഹൂദർക്കും മൊർദെഖായി കത്തുകളയച്ചു. അങ്ങനെ യെഹൂദർ, തങ്ങൾ ആരംഭിച്ച ആഘോഷം തുടരാനും മൊർദെഖായി തങ്ങൾക്ക് എഴുതിയതുപോലെ പ്രവർത്തിക്കാനും തീരുമാനിച്ചു. ആഗാഗ്യനായ ഹമ്മെദാഥയുടെ മകനും യെഹൂദരുടെ ശത്രുവുമായ ഹാമാൻ യെഹൂദർക്കെതിരേ ഗൂഢാലോചന നടത്തുകയും അവരെ തകർക്കുകയും നശിപ്പിക്കുകയും ചെയ്യേണ്ടതിന് നറുക്കിടുകയും ചെയ്തു—പേർഷ്യൻ ഭാഷയിൽ ഇതിനെ പൂര്, എന്നു വിളിക്കുന്നു— ഇതിനെക്കുറിച്ച് രാജാവിന് അറിവുകിട്ടി. അപ്പോൾ ഹാമാൻ യെഹൂദർക്കെതിരേ ആലോചിച്ച ദുഷ്ടത അവന്റെ തലമേൽതന്നെ വരേണ്ടതിന് അവനെയും അവന്റെ പുത്രന്മാരെയും തൂക്കിലേറ്റുവാൻ രാജാവ് രേഖാമൂലം കൽപ്പന പുറപ്പെടുവിച്ചു. ഈ കാരണത്താൽ പൂര്, എന്ന വാക്കിനോട് ബന്ധപ്പെടുത്തി ഈ നാളുകൾക്ക് പൂരീം എന്നു പേരുവിളിച്ചു. ഈ കത്തിൽ എഴുതിയിരിക്കുന്നതു നിമിത്തവും അവർ കണ്ടതും അവർക്കു സംഭവിച്ച കാര്യങ്ങളുംനിമിത്തവും തങ്ങളും തങ്ങളുടെ പിൻഗാമികളും, തങ്ങളോടു ചേരുന്നവരും മുടക്കംകൂടാതെ വർഷംതോറും നിർദിഷ്ടസമയത്ത് ഇവ ആചരിക്കണമെന്ന് യെഹൂദർ തീരുമാനിച്ചുറച്ചു. ഈ ദിവസങ്ങൾ തലമുറതലമുറയായി എല്ലാ കുടുംബങ്ങളിലും പ്രവിശ്യകളിലും പട്ടണങ്ങളിലും ഓർമിച്ച് ആചരിക്കണം. പൂരീമിന്റെ ഈ ദിവസങ്ങൾ യെഹൂദരാൽ ആഘോഷിക്കപ്പെടാതെപോകുകയോ അവരുടെ തലമുറകളിൽനിന്ന് അവയുടെ ഓർമ ഇല്ലാതാകുകയോ ചെയ്യരുത്. അബീഹയീലിന്റെ പുത്രിയായ എസ്ഥേർരാജ്ഞിയും മൊർദെഖായി എന്ന യെഹൂദനും പൂരീം സംബന്ധിച്ച ഈ രണ്ടാമത്തെ കത്ത് സർവാധികാരത്തോടെ എഴുതി അയച്ചു. അങ്ങനെ മൊർദെഖായി അഹശ്വേരോശ് രാജാവിന്റെ നൂറ്റിഇരുപത്തിയേഴു സംസ്ഥാനങ്ങളിലുമുള്ള യെഹൂദർക്ക് സമാധാനത്തിന്റെയും സത്യത്തിന്റെയും വചനങ്ങളായി, മൊർദെഖായി എന്ന യെഹൂദനും എസ്ഥേർരാജ്ഞിയും യെഹൂദരോട് ആവശ്യപ്പെട്ടിരുന്നതുപോലെയും ഉപവാസത്തിന്റെയും വിലാപത്തിന്റെയും കാര്യത്തിൽ തങ്ങൾക്കും പിൻഗാമികൾക്കുംവേണ്ടിയും അവർ ക്രമീകരിച്ചിരുന്നതുപോലെയും പൂരീമിന്റെ ദിവസങ്ങൾ നിർദിഷ്ടസമയത്ത് ആചരിക്കേണ്ടതിന് കത്തുകളയച്ചു. പൂരീമിന്റെ ഈ ആചാരങ്ങൾ എസ്ഥേരിന്റെ കൽപ്പനപ്രകാരം ഉറപ്പിച്ച് അവ രേഖകളിൽ ചേർക്കുകയും ചെയ്തു.

പങ്ക് വെക്കു
എസ്ഥേർ 9 വായിക്കുക