എസ്ഥേ. 9:20-32

എസ്ഥേ. 9:20-32 IRVMAL

എല്ലാ വർഷവും ആദാർമാസം പതിനാലും പതിനഞ്ചും തീയതി യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളുടെ കയ്യിൽനിന്ന് ഒഴിഞ്ഞ് വിശ്രമിച്ച ദിവസങ്ങളായിട്ട്, ദുഃഖം അവർക്ക് സന്തോഷമായും, വിലാപം ഉത്സവമായും തീർന്ന മാസമായിട്ടും ആചരിക്കേണമെന്നും അവയെ, വിരുന്നും സന്തോഷവുമുള്ള നാളുകളും, തമ്മിൽ തമ്മിൽ സമ്മാനങ്ങളും, ദരിദ്രന്മാർക്ക് ദാനധർമ്മങ്ങളും കൊടുക്കുന്ന നാളുകളും ആയിട്ട് ആചരിക്കേണമെന്നും അഹശ്വേരോശ്‌രാജാവിന്‍റെ സകലസംസ്ഥാനങ്ങളിലും സമീപത്തും ദൂരത്തും ഉള്ള സകല യെഹൂദന്മാരും പ്രമാണിക്കേണ്ടതിനും മൊർദ്ദെഖായി ഈ കാര്യങ്ങൾ എഴുതി അവർക്ക് എഴുത്ത് അയച്ചു. അങ്ങനെ യെഹൂദന്മാർ തങ്ങൾ തുടങ്ങിയിരുന്നതും മൊർദ്ദെഖായി തങ്ങൾക്ക് എഴുതിയിരുന്നതുമായ കാര്യം ഒരു നിയമമായി സ്വീകരിച്ചു. ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായ എല്ലാ യെഹൂദന്മാരുടെയും ശത്രുവായ ഹാമാൻ യെഹൂദന്മാരെ നശിപ്പിക്കേണ്ടതിന് അവരുടെ നേരെ ഉപായം ചിന്തിക്കയും അവരെ നശിപ്പിക്കേണ്ടതിന് “പൂര്” എന്ന ചീട്ടു ഇടുവിക്കയും ഈ കാര്യം രാജാവിന് അറിവ് കിട്ടിയപ്പോൾ അവൻ യെഹൂദന്മാർക്ക് വിരോധമായി ചിന്തിച്ചിരുന്ന ദുഷ്ടപദ്ധതി അവന്‍റെ തലയിലേക്ക് തന്നെ തിരിയുവാനും അങ്ങനെ ഹാമാനെയും അവന്‍റെ പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കളയുവാനും രാജാവ് രേഖാമൂലം കല്പിക്കയും ചെയ്തതുകൊണ്ട് അവർ ആ നാളുകൾക്ക് പൂര് എന്ന പദത്താൽ പൂരീം എന്ന് പേർവിളിച്ചു. ഈ എഴുത്തിലെ സകലവൃത്താന്തങ്ങളും അവർ കണ്ടതും, അവർക്ക് സംഭവിച്ചതും കാരണം യെഹൂദന്മാർ ഈ രണ്ടു ദിവസങ്ങളെ അവയുടെ ചട്ടവും കാലവും അനുസരിച്ചു എല്ലാ വർഷവും മുടക്കംകൂടാതെ ആചരിക്കത്തക്കവണ്ണവും ഈ ദിവസങ്ങൾ തലമുറ തലമുറയായി സകലവംശങ്ങളിലും സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും ഓർക്കത്തക്കവണ്ണവും, ഈ പൂരീം ദിവസങ്ങൾ യെഹൂദന്മാരുടെ മദ്ധ്യേനിന്ന് ഒഴിഞ്ഞുപോകയോ അവയുടെ ഓർമ്മ തങ്ങളുടെ സന്തതിയിൽനിന്ന് വിട്ട് പോകയോ ചെയ്യാത്തവിധത്തിൽ തങ്ങൾക്കും സന്തതികൾക്കും അവരോട് ചേരുവാനുള്ള എല്ലാവർക്കും നിയമമായി സ്വീകരിച്ചു. പൂരീം സംബന്ധിച്ച ഈ രണ്ടാം ലേഖനം സ്ഥിരമാക്കേണ്ടതിന് അബീഹയിലിന്‍റെ മകളായ എസ്ഥേർരാജ്ഞിയും യെഹൂദനായ മൊർദ്ദെഖായിയും സർവ്വാധികാരത്തോടുംകൂടെ എഴുത്ത് എഴുതി. യെഹൂദനായ മൊർദെഖായിയും എസ്ഥേർരാജ്ഞിയും അവർക്ക് ചട്ടമാക്കിയിരുന്നതുപോലെയും, അവർ തന്നെ തങ്ങളുടെ ഉപവാസത്തിന്‍റെയും കരച്ചിലിന്‍റെയും സംഗതികളെ തങ്ങൾക്കും സന്തതികൾക്കും ചട്ടമാക്കിയിരുന്നതുപോലെയും, ഈ പൂരീം ദിവസങ്ങളെ നിശ്ചിത സമയത്തുതന്നെ സ്ഥിരമാക്കേണ്ടതിന് അവൻ അഹശ്വേരോശിന്‍റെ രാജ്യത്തിലുൾപ്പെട്ട നൂറ്റിയിരുപത്തിയേഴ് (127) സംസ്ഥാനങ്ങളിലെ എല്ലാ യെഹൂദന്മാർക്കും സമാധാനവും സത്യവുമായ വാക്കുകളോടുകൂടി എഴുത്ത് അയച്ചു. ഇങ്ങനെ എസ്ഥേറിന്‍റെ ആജ്ഞയാൽ പൂരീം സംബന്ധിച്ച കാര്യങ്ങൾ ഉറപ്പായി അത് പുസ്തകത്തിൽ എഴുതിവെച്ചു.