ESTHERI 9:20-32

ESTHERI 9:20-32 MALCLBSI

മൊർദ്ദെഖായി ഇതെല്ലാം രേഖപ്പെടുത്തി. അഹശ്വേരോശ്‍രാജാവിന്റെ എല്ലാ സംസ്ഥാനങ്ങളിലും അടുത്തും അകലെയുമായി പാർക്കുന്ന യെഹൂദർക്കു കത്തുകൾ കൊടുത്തയച്ചു. മൊർദ്ദെഖായി ഇങ്ങനെ അനുശാസിച്ചു: “യെഹൂദർ എല്ലാ വർഷവും ആദാർമാസം പതിന്നാലും പതിനഞ്ചും ദിവസങ്ങൾ ശത്രുക്കളിൽനിന്നു മോചനം ലഭിച്ച ദിനങ്ങളായും അവരുടെ ദുഃഖം സന്തോഷമായും വിലാപം ഉല്ലാസമായും മാറിയ മാസമായും ആചരിക്കണം. പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ദരിദ്രർക്കു ദാനങ്ങൾ നല്‌കുകയും ചെയ്യുന്ന ദിനങ്ങളായും ആചരിക്കണം. അങ്ങനെ തങ്ങൾ തുടങ്ങിവച്ചതുപോലെയും മൊർദ്ദെഖായി എഴുതി അയച്ചതുപോലെയും യെഹൂദന്മാർ ആചരിച്ചു. ആഗാഗ്യനായ ഹമ്മെദാഥായുടെ പുത്രനും സകല യെഹൂദന്മാരുടെയും ശത്രുവും ആയ ഹാമാൻ യെഹൂദന്മാരെ നശിപ്പിക്കാൻ ഉപായം ചിന്തിക്കയും അവരെ തകർത്ത് ഇല്ലാതാക്കാൻ പൂര് അഥവാ നറുക്ക് ഇടുകയും ചെയ്തിരുന്നല്ലോ. എന്നാൽ എസ്ഥേർ രാജസന്നിധിയിൽ വന്നപ്പോൾ യെഹൂദന്മാർക്കെതിരെ ഹാമാൻ തയ്യാറാക്കിയ ദുഷ്ടപദ്ധതി അയാളുടെ തലയിൽത്തന്നെ വീഴാൻ ഇടയായി. അയാളെയും പുത്രന്മാരെയും കഴുമരത്തിൽ തൂക്കാൻ രാജാവ് രേഖാമൂലം കല്പന പുറപ്പെടുവിച്ചു. അതിനാൽ പൂര് എന്ന പദത്തിൽനിന്ന് ആ ദിവസങ്ങൾക്കു പൂരിം എന്നു പേരുണ്ടായി. ഈ കല്പനയിൽ രേഖപ്പെടുത്തിയിരിക്കുന്ന സകല കാര്യങ്ങളും ഇക്കാര്യത്തിൽ തങ്ങൾക്കു നേരിടേണ്ടി വന്നതും അനുഭവിച്ചതുമായ വസ്തുതകളും പരിഗണിച്ച് യെഹൂദന്മാരും അവരുടെ സന്തതികളും അവരോടു ചേരുന്നവരും എഴുതപ്പെട്ടിരിക്കുന്നതുപോലെ ഈ രണ്ടു ദിവസങ്ങൾ ഓരോ വർഷവും മുടക്കം കൂടാതെ ആചരിക്കണമെന്നു തീരുമാനിച്ചു. അങ്ങനെ ഓരോ തലമുറയിലും ഓരോ കുടുംബത്തിലും ഓരോ സംസ്ഥാനത്തും ഓരോ പട്ടണത്തിലും പൂരിം ദിവസങ്ങൾ അനുസ്മരിക്കുകയും ആചരിക്കുകയും വേണം. പൂരിമിന്റെ ഈ ഉത്സവം യെഹൂദന്മാർ ഒരിക്കലും ആചരിക്കാതെ പോകരുത്. ഈ ദിവസങ്ങളുടെ അനുസ്മരണം അവരുടെ പിൻതലമുറകൾ നിലനിർത്തുകയും വേണം. പൂരിം സംബന്ധിച്ച ഈ രണ്ടാമത്തെ കത്ത് അബീഹയിലിന്റെ പുത്രിയായ എസ്ഥേർരാജ്ഞിയും യെഹൂദനായ മൊർദ്ദെഖായിയും രേഖാമൂലം ആധികാരികമായി സ്ഥിരീകരിച്ചു. അഹശ്വേരോശ്‍രാജാവിന്റെ നൂറ്റിയിരുപത്തേഴു സംസ്ഥാനങ്ങളിലെ സകല യെഹൂദന്മാർക്കും സമാധാനത്തിന്റെയും സത്യത്തിന്റെയും വാക്കുകളിൽ സുരക്ഷിതത്വം ഉറപ്പുനല്‌കുന്ന കത്തുകളയച്ചു. മൊർദ്ദെഖായിയും എസ്ഥേർരാജ്ഞിയും യെഹൂദന്മാരോട് ആജ്ഞാപിച്ചതുപോലെയും തങ്ങളുടെ ഉപവാസത്തിന്റെയും വിലാപത്തിന്റെയും കാര്യത്തിൽ അവർ തന്നെ തങ്ങൾക്കും തങ്ങളുടെ പിൻതലമുറക്കാർക്കുംവേണ്ടി തീരുമാനിച്ചതുപോലെയും പൂരിമിന്റെ ദിനങ്ങൾ ആചരിക്കണമെന്നായിരുന്നു നിർദ്ദേശിച്ചിരുന്നത്. എസ്ഥേർരാജ്ഞിയുടെ കല്പനപ്രകാരം പൂരിമിന്റെ ആചാരങ്ങൾ സ്ഥിരീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു.

ESTHERI 9 വായിക്കുക