ആവർത്തനപുസ്തകം 1:3-7

ആവർത്തനപുസ്തകം 1:3-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നാല്പതാം സംവത്സരം പതിനൊന്നാം മാസം ഒന്നാം തീയതി മോശെ യിസ്രായേൽമക്കളോട് യഹോവ അവർക്കുവേണ്ടി തന്നോടു കല്പിച്ചതുപോലെയൊക്കെയും പറഞ്ഞു. ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോനെയും അസ്താരോത്തിൽ പാർത്തിരുന്ന ബാശാൻരാജാവായ ഓഗിനെയും എദ്രെയിൽവച്ചു സംഹരിച്ചശേഷം യോർദ്ദാനക്കരെ മോവാബുദേശത്തുവച്ചു മോശെ ഈ ന്യായപ്രമാണം വിവരിച്ചു തുടങ്ങിയത് എങ്ങനെയെന്നാൽ: ഹോറേബിൽവച്ചു നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചത്: നിങ്ങൾ ഈ പർവതത്തിങ്കൽ പാർത്തതു മതി. തിരിഞ്ഞു യാത്രചെയ്ത് അമോര്യരുടെ പർവതത്തിലേക്കും അതിന്റെ അയൽപ്രദേശങ്ങളായ അരാബാ, മലനാട്, താഴ്‌വീതി, തെക്കേദേശം, കടല്ക്കര എന്നിങ്ങനെയുള്ള കനാന്യദേശത്തേക്കും ലെബാനോനിലേക്കും ഫ്രാത്ത് എന്ന മഹാനദി വരെയും പോകുവിൻ.

ആവർത്തനപുസ്തകം 1:3-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ ഇസ്രായേൽജനത്തോടു പറയാൻ തന്നോടു കല്പിച്ച വചനങ്ങൾ ഈജിപ്തിൽനിന്നു യാത്രതിരിച്ചതിന്റെ നാല്പതാം വർഷം പതിനൊന്നാം മാസം ഒന്നാം ദിവസം മോശ അവരോടു പറഞ്ഞു. ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരുടെ രാജാവായ സീഹോനെയും എദ്രെയിലും അസ്താരോത്തിലും പാർത്തിരുന്ന ബാശാൻരാജാവായ ഓഗിനെയും പരാജയപ്പെടുത്തിയതിനു ശേഷമായിരുന്നു മോശ അവരോടു സംസാരിച്ചത്. യോർദ്ദാൻനദിക്ക് അക്കരെ മോവാബുദേശത്തുവച്ച് മോശ ധർമശാസ്ത്രം വിശദീകരിച്ചു. “നമ്മുടെ ദൈവമായ സർവേശ്വരൻ സീനായ്മലയിൽവച്ച് നമ്മോട് അരുളിച്ചെയ്തു: ഈ മലയിൽ നിങ്ങൾ വേണ്ടത്രകാലം പാർത്തു കഴിഞ്ഞിരിക്കുന്നു. ഇനി നിങ്ങൾ ഇവിടം വിട്ട് കനാൻദേശത്തേക്കും, ലെബാനോൻ പർവതങ്ങൾക്കപ്പുറം യൂഫ്രട്ടീസ്നദിവരെയും പോകണം. അതായത് അമോര്യരുടെ മലനാട്ടിലേക്കും അതിന്റെ അയൽപ്രദേശമായ അരാബാ, മലനാട്, താഴ്‌വരകൾ, നെഗെബ്, കടൽത്തീരം എന്നിവിടങ്ങളിലേക്കും തന്നെ.

ആവർത്തനപുസ്തകം 1:3-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നാല്പതാം വര്‍ഷം പതിനൊന്നാം മാസം ഒന്നാം തീയതി മോശെ യിസ്രായേൽ മക്കളോട് യഹോവ അവർക്കുവേണ്ടി തന്നോട് കല്പിച്ചതുപോലെ പറഞ്ഞുതുടങ്ങി. ഹെശ്ബോനിൽ വസിച്ചിരുന്ന അമോര്യ രാജാവായ സീഹോനെയും അസ്തരോത്തിൽ വസിച്ചിരുന്ന ബാശാൻരാജാവായ ഓഗിനെയും എദ്രെയിൽ വച്ചു സംഹരിച്ചശേഷമായിരുന്നു. യോർദ്ദാന് അക്കരെ മോവാബ് ദേശത്തുവച്ച് മോശെ ഈ ന്യായപ്രമാണം വിവരിച്ചുതുടങ്ങിയത് എങ്ങനെയെന്നാൽ: ഹോരേബിൽവച്ച് നമ്മുടെ ദൈവമായ യഹോവ നമ്മോട് കല്പിച്ചത്: “നിങ്ങൾ ഈ പർവ്വതത്തിൽ വസിച്ചത് മതി. തിരിഞ്ഞ് യാത്രചെയ്ത് അമോര്യരുടെ പർവ്വതത്തിലേക്കും അതിന്‍റെ അയൽപ്രദേശങ്ങളായ അരാബാ, മലനാട്, താഴ്വീതി, തെക്കേദേശം, കടൽക്കര തുടങ്ങിയ കനാന്യദേശത്തേക്കും ലെബാനോനിലേക്കും യൂഫ്രട്ടീസ് എന്ന മഹാനദിവരെയും പോകുവിൻ.

ആവർത്തനപുസ്തകം 1:3-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നാല്പതാം സംവത്സരം പതിനൊന്നാം മാസം ഒന്നാം തിയ്യതി മോശെ യിസ്രായേൽമക്കളോടു യഹോവ അവർക്കുവേണ്ടി തന്നോടു കല്പിച്ചതുപോലെ ഒക്കെയും പറഞ്ഞു. ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോനെയും അസ്താരോത്തിൽ പാർത്തിരുന്ന ബാശാൻ രാജാവായ ഓഗിനെയും എദ്രെയിൽവെച്ചു സംഹരിച്ചശേഷം യോർദ്ദാന്നക്കരെ മോവാബ് ദേശത്തുവെച്ചു മോശെ ഈ ന്യായപ്രമാണം വിവരിച്ചുതുടങ്ങിയതു എങ്ങനെയെന്നാൽ: ഹോരേബിൽവെച്ചു നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതു: നിങ്ങൾ ഈ പർവ്വതത്തിങ്കൽ പാർത്തതു മതി. തിരിഞ്ഞു യാത്രചെയ്തു അമോര്യരുടെ പർവ്വതത്തിലേക്കും അതിന്റെ അയൽപ്രദേശങ്ങളായ അരാബാ, മലനാടു, താഴ്‌വീതി, തെക്കേദേശം, കടൽക്കര എന്നിങ്ങനെയുള്ള കനാന്യദേശത്തേക്കും ലെബാനോനിലേക്കും ഫ്രാത്ത് എന്ന മഹാനദിവരെയും പോകുവിൻ.

ആവർത്തനപുസ്തകം 1:3-7 സമകാലിക മലയാളവിവർത്തനം (MCV)

ഇസ്രായേൽമക്കളെ അറിയിക്കാൻ യഹോവ മോശയോടു കൽപ്പിച്ചതെല്ലാം അദ്ദേഹം നാൽപ്പതാംവർഷം പതിനൊന്നാംമാസം ഒന്നാംതീയതി അവരെ അറിയിച്ചു. ഇതു ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോനെയും അസ്തരോത്തിൽ വാണിരുന്ന ബാശാൻരാജാവായ ഓഗിനെയും എദ്രെയിൽവെച്ചു വധിച്ചതിനുശേഷമായിരുന്നു. യോർദാൻനദിക്കു കിഴക്കുള്ള മോവാബിന്റെ ഭൂപ്രദേശത്തുവെച്ച് മോശ യഹോവയുടെ ഈ നിയമം വളരെ വ്യക്തമായി അവരെ അറിയിച്ചു: നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ച് നമ്മോട് ഇപ്രകാരം അരുളിച്ചെയ്തു: “നിങ്ങൾ ഈ പർവതത്തിൽ വേണ്ടുവോളം താമസിച്ചുകഴിഞ്ഞു. നിങ്ങൾ തിരിഞ്ഞു യാത്രചെയ്ത് അമോര്യരുടെ പർവതത്തിലേക്കും അതിന്റെ എല്ലാ സമീപദേശങ്ങളായ അരാബാ, മലനാട്, പടിഞ്ഞാറുള്ള കുന്നിൻപ്രദേശങ്ങളിലും, തെക്കേദേശം, തീരപ്രദേശം എന്നിവിടങ്ങളിലുള്ള നിവാസികളിലേക്കും മുന്നേറുക. കനാന്യദേശത്തേക്കും ലെബാനോനിലേക്കും യൂഫ്രട്ടീസ് മഹാനദിവരെയും പോകുക.