ദാനീയേൽ 5:1-16

ദാനീയേൽ 5:1-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ബേൽശസ്സർരാജാവ് തന്റെ മഹത്തുക്കളിൽ ആയിരം പേർക്ക് ഒരു വലിയ വിരുന്ന് ഒരുക്കി അവർ കാൺകെ വീഞ്ഞു കുടിച്ചു. ബേൽശസ്സർ വീഞ്ഞു കുടിച്ചു രസിച്ചിരിക്കുമ്പോൾ, തന്റെ അപ്പനായ നെബൂഖദ്നേസർ യെരൂശലേമിലെ മന്ദിരത്തിൽനിന്ന് എടുത്തുകൊണ്ടുവന്നിരുന്ന പൊൻ വെള്ളി പാത്രങ്ങളെ, രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ കുടിക്കേണ്ടതിനായി കൊണ്ടുവരുവാൻ കല്പിച്ചു. അങ്ങനെ അവർ യെരൂശലേമിലെ ദൈവാലയത്തിന്റെ മന്ദിരത്തിൽനിന്നു കൊണ്ടുവന്നിരുന്ന പൊൻപാത്രങ്ങളെ കൊണ്ടുവന്നു രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ കുടിച്ചു. അവർ വീഞ്ഞു കുടിച്ചു പൊന്നും വെള്ളിയും താമ്രവും ഇരുമ്പും മരവും കല്ലും കൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു. തൽക്ഷണം ഒരു മനുഷ്യന്റെ കൈവിരലുകൾ പുറപ്പെട്ട് വിളക്കിനു നേരേ രാജധാനിയുടെ ചുവരിന്റെ വെള്ളമേൽ എഴുതി; എഴുതിയ കൈപ്പത്തി രാജാവ് കണ്ടു. ഉടനെ രാജാവിന്റെ മുഖഭാവം മാറി; അവൻ വിചാരങ്ങളാൽ പരവശനായി; അരയുടെ ഏപ്പ് അഴിഞ്ഞു കാൽമുട്ടുകൾ ആടിപ്പോയി. രാജാവ് ഉറക്കെ വിളിച്ചു: ആഭിചാരകന്മാരെയും കല്ദയരെയും ശകുനവാദികളെയും കൊണ്ടുവരുവാൻ കല്പിച്ചു. രാജാവ് ബാബേലിലെ വിദ്വാന്മാരോട്: ആരെങ്കിലും ഈ എഴുത്തു വായിച്ച് അർഥം അറിയിച്ചാൽ, അവൻ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിച്ച്, രാജ്യത്തിൽ മൂന്നാമനായി വാഴും എന്നു കല്പിച്ചു. അങ്ങനെ രാജാവിന്റെ വിദ്വാന്മാരൊക്കെയും അകത്തു വന്നു; എങ്കിലും എഴുത്തു വായിപ്പാനും രാജാവിനെ അർഥം അറിയിപ്പാനും അവർക്കു കഴിഞ്ഞില്ല. അപ്പോൾ ബേൽശസ്സർരാജാവ് അത്യന്തം വ്യാകുലപ്പെട്ടു, അവന്റെ മുഖഭാവം മാറി, അവന്റെ മഹത്തുക്കൾ അമ്പരന്നുപോയി. രാജാവിന്റെയും മഹത്തുക്കളുടെയും വാക്കു ഹേതുവായി രാജ്ഞി ഭോജനശാലയിൽ വന്നു: രാജാവ് ദീർഘായുസ്സായിരിക്കട്ടെ; തിരുമനസ്സുകൊണ്ടു വിചാരങ്ങളാൽ പരവശനാകരുത്; മുഖഭാവം മാറുകയും അരുത്. വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരു പുരുഷൻ തിരുമനസ്സിലെ രാജ്യത്തുണ്ട്; തിരുമേനിയുടെ അപ്പന്റെ കാലത്ത് പ്രകാശവും ബുദ്ധിയും ദേവന്മാരുടെ ജ്ഞാനംപോലെയുള്ള ജ്ഞാനവും അവനിൽ കണ്ടിരുന്നു; തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസർരാജാവ്, രാജാവേ, തിരുമേനിയുടെ അപ്പൻ തന്നെ, ബേൽത്ത്ശസ്സർ എന്നു പേരു വിളിച്ച ദാനീയേലിൽ ഉൽക്കൃഷ്ടമനസ്സും അറിവും ബുദ്ധിയും സ്വപ്നവ്യാഖ്യാനവും ഗൂഢാർഥവാക്യപ്രദർശനവും സംശയച്ഛേദനവും കണ്ടിരിക്കയാൽ, രാജാവ് അവനെ മന്ത്രവാദികൾക്കും ആഭിചാരകന്മാർക്കും കല്ദയർക്കും ശകുനവാദികൾക്കും അധിപതിയാക്കിവച്ചു; ഇപ്പോൾ ദാനീയേലിനെ വിളിക്കട്ടെ; അവൻ അർഥം ബോധിപ്പിക്കും എന്ന് ഉണർത്തിച്ചു. അങ്ങനെ അവർ ദാനീയേലിനെ രാജസന്നിധിയിൽ കൊണ്ടുവന്നു; രാജാവ് ദാനീയേലിനോടു കല്പിച്ചത്: എന്റെ അപ്പനായ രാജാവ് യെഹൂദായിൽനിന്നു കൊണ്ടുവന്ന യെഹൂദാപ്രവാസികളിൽ ഉള്ളവനായ ദാനീയേൽ നീ തന്നെയോ? ദേവന്മാരുടെ ആത്മാവ് നിന്നിൽ ഉണ്ടെന്നും പ്രകാശവും ബുദ്ധിയും വിശേഷജ്ഞാനവും നിന്നിൽ കണ്ടിരിക്കുന്നു എന്നും ഞാൻ നിന്നെക്കുറിച്ച് കേട്ടിരിക്കുന്നു. ഇപ്പോൾ ഈ എഴുത്തു വായിച്ച് അർഥം അറിയിക്കേണ്ടതിനു വിദ്വാന്മാരെയും ആഭിചാരകന്മാരെയും എന്റെ മുമ്പാകെ വരുത്തിയിരുന്നു; എങ്കിലും കാര്യത്തിന്റെ അർഥം അറിയിപ്പാൻ അവർക്കു കഴിഞ്ഞില്ല. എന്നാൽ അർഥം പറവാനും സംശയച്ഛേദനം ചെയ്‍വാനും നീ പ്രാപ്തനെന്നു ഞാൻ നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു; ആകയാൽ ഈ എഴുത്തു വായിച്ച്, അതിന്റെ അർഥം അറിയിപ്പാൻ നിനക്കു കഴിയുമെങ്കിൽ നീ ധൂമ്രവസ്ത്രവും കഴുത്തിൽ പൊൻമാലയും ധരിച്ച്, രാജ്യത്തിലെ മൂന്നാമനായി വാഴും.

പങ്ക് വെക്കു
ദാനീയേൽ 5 വായിക്കുക

ദാനീയേൽ 5:1-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ബേൽശസ്സർരാജാവ് തന്റെ പ്രഭുക്കന്മാരിൽ ആയിരംപേർക്ക് ഒരു വലിയ വിരുന്നു നല്‌കി. രാജാവ് അവരോടൊത്തു വീഞ്ഞു കുടിച്ചു. ബേൽശസ്സർ വീഞ്ഞിന്റെ ലഹരിയിൽ തന്റെ പിതാവായ നെബുഖദ്നേസർ യെരൂശലേം ദേവാലയത്തിൽനിന്ന് എടുത്തുകൊണ്ടു വന്നിരുന്ന സ്വർണപ്പാത്രങ്ങളും വെള്ളിപ്പാത്രങ്ങളും തനിക്കും തന്റെ ഭാര്യമാർക്കും ഉപഭാര്യമാർക്കും പ്രഭുക്കന്മാർക്കും വീഞ്ഞുകുടിക്കാൻവേണ്ടി കൊണ്ടുവരാൻ കല്പിച്ചു. സർവേശ്വരന്റെ ആലയത്തിൽനിന്ന് എടുത്തുകൊണ്ടുവന്നിരുന്ന ആ പാത്രങ്ങൾ അവർ അവിടെ കൊണ്ടുവന്നു. രാജാവും പ്രഭുക്കന്മാരും രാജാവിന്റെ ഭാര്യമാരും ഉപഭാര്യമാരും അവയിൽ വീഞ്ഞു പകർന്നു കുടിച്ചു. അവർ വീഞ്ഞു കുടിക്കുകയും സ്വർണം, വെള്ളി, ഓട്, ഇരുമ്പ്, തടി, കല്ല് എന്നിവയിൽ നിർമിച്ച ദേവന്മാരെ കീർത്തിക്കുകയും ചെയ്തു. തൽക്ഷണം ഒരു മനുഷ്യന്റെ കൈവിരലുകൾ ദൃശ്യമായി. വിളക്കിനു നേരെയുള്ള രാജമന്ദിരത്തിന്റെ ചുവരിൽ ആ വിരലുകൾ എന്തോ എഴുതി. അതു രാജാവു കണ്ടു. ഉടനെ രാജാവിന്റെ മുഖം വിവർണമായി; അദ്ദേഹം ചിന്താധീനനായി; സന്ധികൾ ദുർബലമായി; കാൽമുട്ടുകൾ കൂട്ടിയടിച്ചു. മന്ത്രവാദികളെയും ബാബിലോണിലെ വിദ്വാന്മാരെയും ജ്യോത്സ്യന്മാരെയും ഉടൻ കൂട്ടിക്കൊണ്ടു വരാൻ രാജാവു വിളിച്ചു പറഞ്ഞു. രാജസന്നിധിയിലെത്തിയ അവരോടു രാജാവു പറഞ്ഞു: “ഈ ചുവരെഴുത്തു വായിച്ച് അർഥം പറയാൻ കഴിയുന്ന ആളിനെ രാജകീയമായ ചെങ്കുപ്പായവും കഴുത്തിൽ സ്വർണമാലയും അണിയിക്കും. അയാളെ രാജ്യത്തെ മൂന്നാമത്തെ ഭരണാധികാരിയാക്കും.” വിദ്വാന്മാരെല്ലാം മുന്നോട്ടുവന്നെങ്കിലും അവർക്കാർക്കും ആ ചുവരെഴുത്തു വായിക്കാനോ അതിന്റെ സാരം എന്തെന്നു പറയാനോ കഴിഞ്ഞില്ല. അപ്പോൾ ബേൽശസ്സർരാജാവ് അത്യന്തം വ്യാകുലനായി. അദ്ദേഹത്തിന്റെ മുഖം വിളറി. രാജാവിന്റെ പ്രഭുക്കന്മാർ അമ്പരന്നു. രാജാവിന്റെയും പ്രഭുക്കന്മാരുടെയും സംസാരം കേട്ട് അമ്മറാണി വിരുന്നുശാലയിലെത്തി. “രാജാവേ, അങ്ങ് നീണാൾ വാഴട്ടെ; അങ്ങ് അസ്വസ്ഥനാകേണ്ട. ഭാവം മാറുകയും വേണ്ട. വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരു മനുഷ്യൻ അങ്ങയുടെ രാജ്യത്തുണ്ട്. അങ്ങയുടെ പിതാവിന്റെ കാലത്ത് അയാൾക്ക് ദേവതുല്യമായ ജ്ഞാനവും അറിവും വെളിച്ചവും ഉള്ളതായി അറിയപ്പെട്ടിരുന്നു. അങ്ങയുടെ പിതാവായ നെബുഖദ്നേസർരാജാവ് ദാനിയേൽ എന്ന ആ മനുഷ്യനെ ബേൽത്ത്ശസ്സർ എന്നാണു വിളിച്ചിരുന്നത്. അയാൾ അസാധാരണ ബുദ്ധിയും വിജ്ഞാനവും സ്വപ്നങ്ങൾ വ്യാഖ്യാനിക്കാനും ഗൂഢാർഥമുള്ള വാക്യങ്ങൾ വിശദീകരിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും കഴിവുള്ളവനായിരുന്നതിനാൽ അയാളെ ബാബിലോണിലെ മന്ത്രവാദികളുടെയും ആഭിചാരകരുടെയും വിദ്വാന്മാരുടെയും ജ്യോത്സ്യന്മാരുടെയും അധിപതിയാക്കി. ഇപ്പോൾ അയാളെ വിളിച്ചാലും അയാൾ വ്യാഖ്യാനം അറിയിക്കും;” രാജ്ഞി പറഞ്ഞു. ഉടനെ ദാനിയേലിനെ രാജസന്നിധിയിൽ വരുത്തി. രാജാവ് ദാനിയേലിനോടു പറഞ്ഞു: “എന്റെ പിതാവ് യെഹൂദ്യയിൽനിന്നു കൊണ്ടുവന്ന പ്രവാസികളിൽ ഒരുവനായ ദാനിയേൽ നീ തന്നെയല്ലേ? വിശുദ്ധദേവന്മാരുടെ ആത്മാവും അറിവും വെളിച്ചവും വിശിഷ്ടമായ ജ്ഞാനവും നിന്നിലുണ്ടെന്നു നാം കേട്ടിരിക്കുന്നു. ഈ എഴുത്തു വായിച്ച് അതിന്റെ അർഥം പറയാൻ ഇവിടത്തെ മന്ത്രവാദികളെയും വിദ്വാന്മാരെയും നമ്മുടെ മുമ്പിൽ കൊണ്ടുവന്നു. പക്ഷേ ഇതിന്റെ സാരം എന്തെന്നു പറയാൻ അവർക്കു കഴിഞ്ഞില്ല. നിനക്കു വ്യാഖ്യാനങ്ങൾ നല്‌കാനും പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയുമെന്നു നാം കേട്ടിരിക്കുന്നു. ഈ എഴുത്തുവായിച്ച് അതിന്റെ പൊരുൾ വ്യാഖ്യാനിച്ചു തന്നാൽ, നിന്നെ രാജകീയമായ ചെങ്കുപ്പായവും സ്വർണമാലയും അണിയിച്ച് രാജ്യത്തെ മൂന്നാമത്തെ ഭരണാധികാരി ആക്കും.”

പങ്ക് വെക്കു
ദാനീയേൽ 5 വായിക്കുക

ദാനീയേൽ 5:1-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ ബേൽശസ്സർരാജാവ് തന്‍റെ പ്രഭുക്കന്മാരിൽ ആയിരംപേർക്ക് ഒരു വലിയ വിരുന്നൊരുക്കി; അവർ കാൺകെ വീഞ്ഞു കുടിച്ചു. ബേൽശസ്സർ വീഞ്ഞു കുടിച്ച് രസിച്ചിരിക്കുമ്പോൾ, തന്‍റെ അപ്പനായ നെബൂഖദ്നേസർ യെരൂശലേമിലെ മന്ദിരത്തിൽനിന്ന് എടുത്തുകൊണ്ടുവന്ന, പൊന്നും, വെള്ളിയും കൊണ്ടുള്ള പാത്രങ്ങൾ, രാജാവും പ്രഭുക്കന്മാരും അവന്‍റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ നിന്ന് കുടിക്കേണ്ടതിന് കൊണ്ടുവരുവാൻ കല്പിച്ചു. അങ്ങനെ അവർ യെരൂശലേം ദൈവാലയത്തിന്‍റെ മന്ദിരത്തിലെ പൊൻപാത്രങ്ങൾ കൊണ്ടുവന്ന്, രാജാവും പ്രഭുക്കന്മാരും അവന്‍റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ നിന്ന് കുടിച്ചു. അവർ വീഞ്ഞു കുടിച്ച്, പൊന്നും വെള്ളിയും താമ്രവും ഇരിമ്പും മരവും കല്ലുംകൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു. തൽക്ഷണം ഒരു മനുഷ്യന്‍റെ കൈവിരലുകൾ പ്രത്യക്ഷപ്പെട്ട് വിളക്കിനു നേരെ രാജധാനിയുടെ വെള്ളപൂശിയ ചുവരിന്മേൽ എഴുതി; എഴുതിയ കൈപ്പത്തി രാജാവ് കണ്ടു. ഉടനെ രാജാവിന്‍റെ മുഖഭാവം മാറി; അവൻ വിചാരങ്ങളാൽ പരവശനായി: അരയുടെ ഏപ്പ് അഴിഞ്ഞ് കാൽമുട്ടുകൾ ആടിപ്പോയി. രാജാവ് ഉറക്കെ വിളിച്ചു; ആഭിചാരകന്മാരെയും കല്ദയരെയും ശകുനവാദികളെയും കൊണ്ടുവരുവാൻ കല്പിച്ചു. രാജാവ് ബാബേലിലെ വിദ്വാന്മാരോട്: “ആരെങ്കിലും ഈ എഴുത്ത് വായിച്ച് അർത്ഥം അറിയിച്ചാൽ, അവൻ ധൂമ്രവസ്ത്രവും കഴുത്തിൽ പൊൻമാലയും ധരിച്ച്, രാജ്യത്തിൽ മൂന്നാമനായി വാഴും” എന്നു കല്പിച്ചു. അങ്ങനെ രാജാവിന്‍റെ വിദ്വാന്മാരെല്ലാം അകത്തുവന്നു; എങ്കിലും എഴുത്ത് വായിക്കുവാനും രാജാവിനെ അർത്ഥം അറിയിക്കുവാനും അവർക്ക് കഴിഞ്ഞില്ല. അപ്പോൾ ബേൽശസ്സർരാജാവ് അത്യന്തം വ്യാകുലപ്പെട്ടു; അവന്‍റെ മുഖഭാവം മാറി. അവന്‍റെ പ്രഭുക്കന്മാർ അമ്പരന്നുപോയി. രാജാവിന്‍റെയും പ്രഭുക്കന്മാരുടെയും വാക്കു ഹേതുവായി രാജ്ഞി വിരുന്നുശാലയിൽ വന്നു: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ; തിരുമനസ്സുകൊണ്ട് വിചാരങ്ങളാൽ പരവശനാകരുത്; മുഖഭാവം മാറുകയും അരുത്. വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരു പുരുഷൻ തിരുമനസ്സിലെ രാജ്യത്തുണ്ട്; തിരുമേനിയുടെ അപ്പന്‍റെ കാലത്ത് പ്രകാശവും ബുദ്ധിയും ദേവന്മാരുടെ ജ്ഞാനംപോലെ ജ്ഞാനവും അവനിൽ കണ്ടിരുന്നു; തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസർ രാജാവ്, ബേൽത്ത്ശസ്സർ എന്നു പേരുവിളിച്ച ദാനീയേലിൽ ഉൽകൃഷ്ടമനസ്സും, അറിവും, ബുദ്ധിയും, സ്വപ്നവ്യാഖ്യാനവും, കടങ്കഥകളുടെ വ്യാഖ്യാനവും, സംശയനിവാരണവും, കണ്ടിരിക്കുകയാൽ, രാജാവ് അവനെ മന്ത്രവാദികൾക്കും ആഭിചാരകന്മാർക്കും കല്ദയർക്കും ശകുനവാദികൾക്കും അധിപതിയാക്കി വച്ചു; ഇപ്പോൾ ദാനീയേലിനെ വിളിച്ചാലും; അവൻ അർത്ഥം ബോധിപ്പിക്കും” എന്നു ഉണർത്തിച്ചു. അങ്ങനെ അവർ ദാനീയേലിനെ രാജസന്നിധിയിൽ കൊണ്ടുവന്നു; രാജാവ് ദാനീയേലിനോട് ചോദിച്ചത്: “എന്‍റെ അപ്പനായ രാജാവ് യെഹൂദായിൽനിന്ന് കൊണ്ടുവന്ന പ്രവാസികളിൽ ഒരുവനായ ദാനീയേൽ നീ തന്നെയോ? ദേവന്മാരുടെ ആത്മാവ് നിന്നിൽ ഉണ്ടെന്നും പ്രകാശവും ബുദ്ധിയും വിശേഷജ്ഞാനവും നിന്നിൽ കണ്ടിരിക്കുന്നു എന്നും ഞാൻ നിന്നെക്കുറിച്ച് കേട്ടിരിക്കുന്നു. ഇപ്പോൾ ഈ എഴുത്ത് വായിച്ച് അർത്ഥം അറിയിക്കേണ്ടതിന് വിദ്വാന്മാരെയും ആഭിചാരകന്മാരെയും എന്‍റെ മുമ്പാകെ വരുത്തിയിരുന്നു; എങ്കിലും അർത്ഥം അറിയിക്കുവാൻ അവർക്ക് കഴിഞ്ഞില്ല. എന്നാൽ അർത്ഥം പറയുവാനും സംശയനിവാരണത്തിനും നീ പ്രാപ്തനെന്ന് ഞാൻ നിന്നെക്കുറിച്ച് കേട്ടിരിക്കുന്നു; ആകയാൽ ഈ എഴുത്ത് വായിച്ച്, അതിന്‍റെ അർത്ഥം അറിയിക്കുവാൻ നിനക്കു കഴിയുമെങ്കിൽ നീ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിച്ച്, രാജ്യത്തിലെ മൂന്നാമനായി വാഴും.“

പങ്ക് വെക്കു
ദാനീയേൽ 5 വായിക്കുക

ദാനീയേൽ 5:1-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ബേൽശസ്സർരാജാവു തന്റെ മഹത്തുക്കളിൽ ആയിരം പേർക്കു ഒരു വലിയ വിരുന്നു ഒരുക്കി അവർ കാൺകെ വീഞ്ഞു കുടിച്ചു. ബേൽശസ്സർ വീഞ്ഞു കുടിച്ചു രസിച്ചിരിക്കുമ്പോൾ, തന്റെ അപ്പനായ നെബൂഖദ്നേസർ യെരൂശലേമിലെ മന്ദിരത്തിൽനിന്നു എടുത്തുകൊണ്ടുവന്നിരുന്ന പൊൻ, വെള്ളി പാത്രങ്ങളെ, രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ കുടിക്കേണ്ടതിന്നായി കൊണ്ടുവരുവാൻ കല്പിച്ചു. അങ്ങനെ അവർ യെരൂശലേമിലെ ദൈവാലയത്തിന്റെ മന്ദിരത്തിൽനിന്നു കൊണ്ടുവന്നിരുന്ന പൊൻപാത്രങ്ങളെ കൊണ്ടുവന്നു രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ കുടിച്ചു. അവർ വീഞ്ഞു കുടിച്ചു പൊന്നും വെള്ളിയും താമ്രവും ഇരിമ്പും മരവും കല്ലും കൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു. തൽക്ഷണം ഒരു മനുഷ്യന്റെ കൈവിരലുകൾ പുറപ്പെട്ടു വിളക്കിന്നു നേരെ രാജധാനിയുടെ ചുവരിന്റെ വെള്ളമേൽ എഴുതി; എഴുതിയ കൈപ്പത്തി രാജാവു കണ്ടു. ഉടനെ രാജാവിന്റെ മുഖഭാവം മാറി; അവൻ വിചാരങ്ങളാൽ പരവശനായി: അരയുടെ ഏപ്പു അഴിഞ്ഞു കാൽമുട്ടുകൾ ആടിപ്പോയി. രാജാവു ഉറക്കെ വിളിച്ചു: ആഭിചാരകന്മാരെയും കല്ദയരെയും ശകുനവാദികളെയും കൊണ്ടുവരുവാൻ കല്പിച്ചു. രാജാവു ബാബേലിലെ വിദ്വാന്മാരോടു: ആരെങ്കിലും ഈ എഴുത്തു വായിച്ചു അർത്ഥം അറിയിച്ചാൽ, അവൻ ധൂമ്രവസ്ത്രവും കഴുത്തിൽ പൊൻമാലയും ധരിച്ചു, രാജ്യത്തിൽ മൂന്നാമനായി വാഴും എന്നു കല്പിച്ചു. അങ്ങനെ രാജാവിന്റെ വിദ്വാന്മാരൊക്കെയും അകത്തുവന്നു; എങ്കിലും എഴുത്തു വായിപ്പാനും രാജാവിനെ അർത്ഥം അറിയിപ്പാനും അവർക്കു കഴിഞ്ഞില്ല. അപ്പോൾ ബേൽശസ്സർരാജാവു അത്യന്തം വ്യാകുലപ്പെട്ടു, അവന്റെ മുഖഭാവം മാറി, അവന്റെ മഹത്തുക്കൾ അമ്പരന്നു പോയി. രാജാവിന്റെ മഹത്തുക്കളുടെയും വാക്കു ഹേതുവായി രാജ്ഞി ഭോജനശാലയിൽ വന്നു: രാജാവു ദീർഘായുസ്സായിരിക്കട്ടെ; തിരുമനസ്സുകൊണ്ടു വിചാരങ്ങളാൽ പരവശനാകരുതു; മുഖഭാവം മാറുകയും അരുതു. വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരു പുരുഷൻ തിരുമനസ്സിലെ രാജ്യത്തുണ്ടു; തിരുമേനിയുടെ അപ്പന്റെ കാലത്തു പ്രകാശവും ബുദ്ധിയും ദേവന്മാരുടെ ജ്ഞാനംപോലെയുള്ള ജ്ഞാനവും അവനിൽ കണ്ടിരുന്നു; തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസർരാജാവു, രാജാവേ, തിരുമേനിയുടെ അപ്പൻ തന്നേ, ബേല്ത്ത് ശസ്സർ എന്നു പേരുവിളിച്ച ദാനീയേലിൽ ഉൽകൃഷ്ടമനസ്സും അറിവും ബുദ്ധിയും സ്വപ്നവ്യാഖ്യാനവും ഗൂഢാർത്ഥവാക്യ പ്രദർശനവും സംശയച്ഛേദനവും കണ്ടിരിക്കയാൽ, രാജാവു അവനെ മന്ത്രവാദികൾക്കും ആഭിചാരകന്മാർക്കും കല്ദയർക്കും ശകുനവാദികൾക്കും അധിപതിയാക്കിവെച്ചു; ഇപ്പോൾ ദാനീയേലിനെ വിളിക്കട്ടെ; അവൻ അർത്ഥം ബോധിപ്പിക്കും എന്നു ഉണർത്തിച്ചു. അങ്ങനെ അവർ ദാനീയേലിനെ രാജസന്നിധിയിൽ കൊണ്ടുവന്നു; രാജാവു ദാനീയേലിനോടു കല്പിച്ചതു: എന്റെ അപ്പനായ രാജാവു യെഹൂദയിൽനിന്നു കൊണ്ടുവന്ന യെഹൂദാപ്രവാസികളിൽ ഉള്ളവനായ ദാനീയേൽ നീ തന്നേയോ? ദേവന്മാരുടെ ആത്മാവു നിന്നിൽ ഉണ്ടെന്നും പ്രകാശവും ബുദ്ധിയും വിശേഷജ്ഞാനവും നിന്നിൽ കണ്ടിരിക്കുന്നു എന്നും ഞാൻ നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു. ഇപ്പോൾ ഈ എഴുത്തു വായിച്ചു അർത്ഥം അറിയിക്കേണ്ടതിന്നു വിദ്വാന്മാരെയും ആഭിചാരകന്മാരെയും എന്റെ മുമ്പാകെ വരുത്തിയിരുന്നു; എങ്കിലും കാര്യത്തിന്റെ അർത്ഥം അറിയിപ്പാൻ അവർക്കു കഴിഞ്ഞില്ല. എന്നാൽ അർത്ഥം പറവാനും സംശയച്ഛേദനം ചെയ്‌വാനും നീ പ്രാപ്തനെന്നു ഞാൻ നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു; ആകയാൽ ഈ എഴുത്തു വായിച്ചു, അതിന്റെ അർത്ഥം അറിയിപ്പാൻ നിനക്കു കഴിയുമെങ്കിൽ നീ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിച്ചു, രാജ്യത്തിലെ മൂന്നാമനായി വാഴും.

പങ്ക് വെക്കു
ദാനീയേൽ 5 വായിക്കുക

ദാനീയേൽ 5:1-16 സമകാലിക മലയാളവിവർത്തനം (MCV)

ബേൽശസ്സർ രാജാവ് തന്റെ പ്രഭുക്കന്മാരിൽ ആയിരംപേർക്ക് ഒരു വിരുന്നു നടത്തി, അവരോടൊപ്പം അദ്ദേഹം വീഞ്ഞുകുടിച്ചു. ബേൽശസ്സർ വീഞ്ഞു രുചിച്ചുനോക്കിയശേഷം തന്റെ പിതാവായ നെബൂഖദ്നേസർ ജെറുശലേമിലെ ദൈവാലയത്തിൽനിന്ന് കൊണ്ടുവന്നിരുന്ന സ്വർണംകൊണ്ടും വെള്ളികൊണ്ടുമുള്ള പാത്രങ്ങൾ കൊണ്ടുവരാൻ ആജ്ഞാപിച്ചു. രാജാവും പ്രഭുക്കന്മാരും രാജപത്നിമാരും വെപ്പാട്ടികളും ആ പാത്രങ്ങളിൽനിന്ന് കുടിക്കേണ്ടതിനാണ് ഈ കൽപ്പന പുറപ്പെടുവിച്ചത്. അങ്ങനെ അവർ ജെറുശലേമിലെ ദൈവാലയത്തിൽനിന്ന് കൊണ്ടുവന്നിരുന്ന സ്വർണപ്പാത്രങ്ങൾ കൊണ്ടുവന്നു. രാജാവും പ്രഭുക്കന്മാരും രാജാവിന്റെ പത്നിമാരും വെപ്പാട്ടികളും അവയിൽനിന്നു കുടിച്ചു. അവർ വീഞ്ഞുകുടിച്ചശേഷം സ്വർണം, വെള്ളി, വെങ്കലം, ഇരുമ്പ്, മരം, കല്ല് എന്നിവകൊണ്ടുള്ള ദേവതകളെ സ്തുതിച്ചു. പെട്ടെന്ന് ഒരു മനുഷ്യന്റെ കൈവിരലുകൾ പ്രത്യക്ഷപ്പെട്ടു. വിളക്കുതണ്ടിനുനേരേയുള്ള രാജകൊട്ടാരത്തിന്റെ വെൺഭിത്തിമേൽ എഴുതാനാരംഭിച്ചു. എഴുതിക്കൊണ്ടിരുന്ന കൈപ്പത്തി രാജാവു കണ്ടു. രാജാവിന്റെ മുഖം വിളറി ഭയപരവശനായി; അദ്ദേഹത്തിന്റെ അരയുടെ ഏപ്പ് അഴിഞ്ഞു; കാൽമുട്ടുകൾ കൂട്ടിയിടിച്ചു. മന്ത്രവാദികളെയും ജ്യോതിഷികളെയും ദേവപ്രശ്നംവെക്കുന്നവരെയും വരുത്താൻ രാജാവ് ഉറക്കെ വിളിച്ചുപറഞ്ഞു. ബാബേലിലെ ജ്ഞാനികളോട് രാജാവ് ഇങ്ങനെ പറഞ്ഞു: “ഈ എഴുത്തുവായിച്ച് അതിന്റെ അർഥം പറയാൻ കഴിയുന്ന മനുഷ്യനെ ഞാൻ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിപ്പിക്കും. അവൻ രാജ്യത്തിൽ മൂന്നാമനായി വാഴും.” അപ്പോൾ രാജാവിന്റെ സകലജ്ഞാനികളും വന്നുകൂടി; എങ്കിലും ആ എഴുത്തു വായിക്കുന്നതിനോ അർഥം പറയുന്നതിനോ ആർക്കും കഴിഞ്ഞില്ല. അപ്പോൾ ബേൽശസ്സർ രാജാവ് അത്യന്തം പരിഭ്രമിച്ചു; അദ്ദേഹത്തിന്റെ മുഖം അധികം വിളറിവെളുത്തു. അദ്ദേഹത്തിന്റെ പ്രഭുക്കന്മാരും അമ്പരന്നു. രാജാവിന്റെയും പ്രഭുക്കന്മാരുടെയും സംസാരം കേട്ട് രാജ്ഞി വിരുന്നുശാലയിൽ എത്തി. രാജ്ഞി ഇപ്രകാരം പറഞ്ഞു: “രാജാവ്, ദീർഘായുസ്സായിരിക്കട്ടെ! അങ്ങ് ചിന്താപരവശനാകുകയോ തിരുമേനിയുടെ മുഖം വിളറുകയോ ചെയ്യരുത്. വിശുദ്ധദേവതകളുടെ ആത്മാവുള്ള ഒരു പുരുഷൻ തിരുമേനിയുടെ രാജ്യത്തുണ്ട്. തിരുമേനിയുടെ പിതാവിന്റെകാലത്ത് അന്തർദൃഷ്ടിയും വിവേകവും ദേവതകളുടേതുപോലെയുള്ള ജ്ഞാനവും അയാളിൽ കണ്ടിരുന്നു. അങ്ങയുടെ പിതാവായ നെബൂഖദ്നേസർ രാജാവ്, അയാളെ ആഭിചാരകന്മാർക്കും മന്ത്രവാദികൾക്കും ജ്യോതിഷികൾക്കും ദേവപ്രശ്നംവെക്കുന്നവർക്കും അധിപതിയായി നിയമിച്ചു. രാജാവു ബേൽത്ത്ശസ്സർ എന്നു പേരുവിളിച്ച ഈ ദാനീയേലിൽ ഉൽക്കൃഷ്ടമനസ്സും ജ്ഞാനവും വിവേകവും സ്വപ്നവ്യാഖ്യാനവും ഗൂഢാർഥപരിജ്ഞാനവും പ്രശ്നപരിഹാരസാമർഥ്യവും കണ്ടിരുന്നതിനാലാണ് ഇപ്രകാരം ചെയ്തത്. ഇപ്പോൾ ദാനീയേലിനെ വിളിച്ചാലും, അദ്ദേഹം ഇതിന്റെ അർഥം വെളിപ്പെടുത്തും.” അതനുസരിച്ച് ദാനീയേലിനെ രാജസന്നിധിയിൽ കൊണ്ടുവന്നു. രാജാവു ദാനീയേലിനോടു പറഞ്ഞു: “എന്റെ പിതാവ് യെഹൂദ്യയിൽനിന്ന് കൊണ്ടുവന്ന യെഹൂദാപ്രവാസികളിൽ ഒരുവനായ ദാനീയേലല്ലേ താങ്കൾ? ദേവതകളുടെ ആത്മാവ് താങ്കളിൽ ഉണ്ടെന്നും അന്തർദൃഷ്ടിയും വിവേകവും അസാധാരണജ്ഞാനവും താങ്കളിൽ കണ്ടിരിക്കുന്നെന്നും ഞാൻ കേട്ടു. ഇപ്പോൾ ജ്ഞാനികളെയും മന്ത്രവാദികളെയും ഈ എഴുത്തുവായിച്ച് അതിന്റെ അർഥം അറിയിക്കാനായി എന്റെമുമ്പിൽ കൊണ്ടുവന്നിരുന്നു. എന്നാൽ അതിന്റെ അർഥം അറിയിക്കാൻ അവർക്കു കഴിഞ്ഞില്ല. എന്നാൽ താങ്കൾ അർഥം വിവരിക്കാനും വിഷമപ്രശ്നങ്ങൾ പരിഹരിക്കാനും പ്രാപ്തനാണെന്നു ഞാൻ കേട്ടിരിക്കുന്നു. ഇപ്പോൾ ഈ എഴുത്തു വായിക്കാനും അതിന്റെ അർഥം വിവരിക്കാനും താങ്കൾക്കു കഴിയുമെങ്കിൽ താങ്കൾ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിച്ച് രാജ്യത്തിൽ മൂന്നാമനായി വാഴും.”

പങ്ക് വെക്കു
ദാനീയേൽ 5 വായിക്കുക