ബേൽശസ്സർ രാജാവ് തന്റെ പ്രഭുക്കന്മാരിൽ ആയിരംപേർക്ക് ഒരു വിരുന്നു നടത്തി, അവരോടൊപ്പം അദ്ദേഹം വീഞ്ഞുകുടിച്ചു. ബേൽശസ്സർ വീഞ്ഞു രുചിച്ചുനോക്കിയശേഷം തന്റെ പിതാവായ നെബൂഖദ്നേസർ ജെറുശലേമിലെ ദൈവാലയത്തിൽനിന്ന് കൊണ്ടുവന്നിരുന്ന സ്വർണംകൊണ്ടും വെള്ളികൊണ്ടുമുള്ള പാത്രങ്ങൾ കൊണ്ടുവരാൻ ആജ്ഞാപിച്ചു. രാജാവും പ്രഭുക്കന്മാരും രാജപത്നിമാരും വെപ്പാട്ടികളും ആ പാത്രങ്ങളിൽനിന്ന് കുടിക്കേണ്ടതിനാണ് ഈ കൽപ്പന പുറപ്പെടുവിച്ചത്. അങ്ങനെ അവർ ജെറുശലേമിലെ ദൈവാലയത്തിൽനിന്ന് കൊണ്ടുവന്നിരുന്ന സ്വർണപ്പാത്രങ്ങൾ കൊണ്ടുവന്നു. രാജാവും പ്രഭുക്കന്മാരും രാജാവിന്റെ പത്നിമാരും വെപ്പാട്ടികളും അവയിൽനിന്നു കുടിച്ചു. അവർ വീഞ്ഞുകുടിച്ചശേഷം സ്വർണം, വെള്ളി, വെങ്കലം, ഇരുമ്പ്, മരം, കല്ല് എന്നിവകൊണ്ടുള്ള ദേവതകളെ സ്തുതിച്ചു. പെട്ടെന്ന് ഒരു മനുഷ്യന്റെ കൈവിരലുകൾ പ്രത്യക്ഷപ്പെട്ടു. വിളക്കുതണ്ടിനുനേരേയുള്ള രാജകൊട്ടാരത്തിന്റെ വെൺഭിത്തിമേൽ എഴുതാനാരംഭിച്ചു. എഴുതിക്കൊണ്ടിരുന്ന കൈപ്പത്തി രാജാവു കണ്ടു. രാജാവിന്റെ മുഖം വിളറി ഭയപരവശനായി; അദ്ദേഹത്തിന്റെ അരയുടെ ഏപ്പ് അഴിഞ്ഞു; കാൽമുട്ടുകൾ കൂട്ടിയിടിച്ചു. മന്ത്രവാദികളെയും ജ്യോതിഷികളെയും ദേവപ്രശ്നംവെക്കുന്നവരെയും വരുത്താൻ രാജാവ് ഉറക്കെ വിളിച്ചുപറഞ്ഞു. ബാബേലിലെ ജ്ഞാനികളോട് രാജാവ് ഇങ്ങനെ പറഞ്ഞു: “ഈ എഴുത്തുവായിച്ച് അതിന്റെ അർഥം പറയാൻ കഴിയുന്ന മനുഷ്യനെ ഞാൻ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിപ്പിക്കും. അവൻ രാജ്യത്തിൽ മൂന്നാമനായി വാഴും.” അപ്പോൾ രാജാവിന്റെ സകലജ്ഞാനികളും വന്നുകൂടി; എങ്കിലും ആ എഴുത്തു വായിക്കുന്നതിനോ അർഥം പറയുന്നതിനോ ആർക്കും കഴിഞ്ഞില്ല. അപ്പോൾ ബേൽശസ്സർ രാജാവ് അത്യന്തം പരിഭ്രമിച്ചു; അദ്ദേഹത്തിന്റെ മുഖം അധികം വിളറിവെളുത്തു. അദ്ദേഹത്തിന്റെ പ്രഭുക്കന്മാരും അമ്പരന്നു. രാജാവിന്റെയും പ്രഭുക്കന്മാരുടെയും സംസാരം കേട്ട് രാജ്ഞി വിരുന്നുശാലയിൽ എത്തി. രാജ്ഞി ഇപ്രകാരം പറഞ്ഞു: “രാജാവ്, ദീർഘായുസ്സായിരിക്കട്ടെ! അങ്ങ് ചിന്താപരവശനാകുകയോ തിരുമേനിയുടെ മുഖം വിളറുകയോ ചെയ്യരുത്. വിശുദ്ധദേവതകളുടെ ആത്മാവുള്ള ഒരു പുരുഷൻ തിരുമേനിയുടെ രാജ്യത്തുണ്ട്. തിരുമേനിയുടെ പിതാവിന്റെകാലത്ത് അന്തർദൃഷ്ടിയും വിവേകവും ദേവതകളുടേതുപോലെയുള്ള ജ്ഞാനവും അയാളിൽ കണ്ടിരുന്നു. അങ്ങയുടെ പിതാവായ നെബൂഖദ്നേസർ രാജാവ്, അയാളെ ആഭിചാരകന്മാർക്കും മന്ത്രവാദികൾക്കും ജ്യോതിഷികൾക്കും ദേവപ്രശ്നംവെക്കുന്നവർക്കും അധിപതിയായി നിയമിച്ചു. രാജാവു ബേൽത്ത്ശസ്സർ എന്നു പേരുവിളിച്ച ഈ ദാനീയേലിൽ ഉൽക്കൃഷ്ടമനസ്സും ജ്ഞാനവും വിവേകവും സ്വപ്നവ്യാഖ്യാനവും ഗൂഢാർഥപരിജ്ഞാനവും പ്രശ്നപരിഹാരസാമർഥ്യവും കണ്ടിരുന്നതിനാലാണ് ഇപ്രകാരം ചെയ്തത്. ഇപ്പോൾ ദാനീയേലിനെ വിളിച്ചാലും, അദ്ദേഹം ഇതിന്റെ അർഥം വെളിപ്പെടുത്തും.” അതനുസരിച്ച് ദാനീയേലിനെ രാജസന്നിധിയിൽ കൊണ്ടുവന്നു. രാജാവു ദാനീയേലിനോടു പറഞ്ഞു: “എന്റെ പിതാവ് യെഹൂദ്യയിൽനിന്ന് കൊണ്ടുവന്ന യെഹൂദാപ്രവാസികളിൽ ഒരുവനായ ദാനീയേലല്ലേ താങ്കൾ? ദേവതകളുടെ ആത്മാവ് താങ്കളിൽ ഉണ്ടെന്നും അന്തർദൃഷ്ടിയും വിവേകവും അസാധാരണജ്ഞാനവും താങ്കളിൽ കണ്ടിരിക്കുന്നെന്നും ഞാൻ കേട്ടു. ഇപ്പോൾ ജ്ഞാനികളെയും മന്ത്രവാദികളെയും ഈ എഴുത്തുവായിച്ച് അതിന്റെ അർഥം അറിയിക്കാനായി എന്റെമുമ്പിൽ കൊണ്ടുവന്നിരുന്നു. എന്നാൽ അതിന്റെ അർഥം അറിയിക്കാൻ അവർക്കു കഴിഞ്ഞില്ല. എന്നാൽ താങ്കൾ അർഥം വിവരിക്കാനും വിഷമപ്രശ്നങ്ങൾ പരിഹരിക്കാനും പ്രാപ്തനാണെന്നു ഞാൻ കേട്ടിരിക്കുന്നു. ഇപ്പോൾ ഈ എഴുത്തു വായിക്കാനും അതിന്റെ അർഥം വിവരിക്കാനും താങ്കൾക്കു കഴിയുമെങ്കിൽ താങ്കൾ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിച്ച് രാജ്യത്തിൽ മൂന്നാമനായി വാഴും.”
ദാനീയേൽ 5 വായിക്കുക
കേൾക്കുക ദാനീയേൽ 5
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ദാനീയേൽ 5:1-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ