ദാനീ. 5:1-16

ദാനീ. 5:1-16 IRVMAL

വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ ബേൽശസ്സർരാജാവ് തന്‍റെ പ്രഭുക്കന്മാരിൽ ആയിരംപേർക്ക് ഒരു വലിയ വിരുന്നൊരുക്കി; അവർ കാൺകെ വീഞ്ഞു കുടിച്ചു. ബേൽശസ്സർ വീഞ്ഞു കുടിച്ച് രസിച്ചിരിക്കുമ്പോൾ, തന്‍റെ അപ്പനായ നെബൂഖദ്നേസർ യെരൂശലേമിലെ മന്ദിരത്തിൽനിന്ന് എടുത്തുകൊണ്ടുവന്ന, പൊന്നും, വെള്ളിയും കൊണ്ടുള്ള പാത്രങ്ങൾ, രാജാവും പ്രഭുക്കന്മാരും അവന്‍റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ നിന്ന് കുടിക്കേണ്ടതിന് കൊണ്ടുവരുവാൻ കല്പിച്ചു. അങ്ങനെ അവർ യെരൂശലേം ദൈവാലയത്തിന്‍റെ മന്ദിരത്തിലെ പൊൻപാത്രങ്ങൾ കൊണ്ടുവന്ന്, രാജാവും പ്രഭുക്കന്മാരും അവന്‍റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ നിന്ന് കുടിച്ചു. അവർ വീഞ്ഞു കുടിച്ച്, പൊന്നും വെള്ളിയും താമ്രവും ഇരിമ്പും മരവും കല്ലുംകൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു. തൽക്ഷണം ഒരു മനുഷ്യന്‍റെ കൈവിരലുകൾ പ്രത്യക്ഷപ്പെട്ട് വിളക്കിനു നേരെ രാജധാനിയുടെ വെള്ളപൂശിയ ചുവരിന്മേൽ എഴുതി; എഴുതിയ കൈപ്പത്തി രാജാവ് കണ്ടു. ഉടനെ രാജാവിന്‍റെ മുഖഭാവം മാറി; അവൻ വിചാരങ്ങളാൽ പരവശനായി: അരയുടെ ഏപ്പ് അഴിഞ്ഞ് കാൽമുട്ടുകൾ ആടിപ്പോയി. രാജാവ് ഉറക്കെ വിളിച്ചു; ആഭിചാരകന്മാരെയും കല്ദയരെയും ശകുനവാദികളെയും കൊണ്ടുവരുവാൻ കല്പിച്ചു. രാജാവ് ബാബേലിലെ വിദ്വാന്മാരോട്: “ആരെങ്കിലും ഈ എഴുത്ത് വായിച്ച് അർത്ഥം അറിയിച്ചാൽ, അവൻ ധൂമ്രവസ്ത്രവും കഴുത്തിൽ പൊൻമാലയും ധരിച്ച്, രാജ്യത്തിൽ മൂന്നാമനായി വാഴും” എന്നു കല്പിച്ചു. അങ്ങനെ രാജാവിന്‍റെ വിദ്വാന്മാരെല്ലാം അകത്തുവന്നു; എങ്കിലും എഴുത്ത് വായിക്കുവാനും രാജാവിനെ അർത്ഥം അറിയിക്കുവാനും അവർക്ക് കഴിഞ്ഞില്ല. അപ്പോൾ ബേൽശസ്സർരാജാവ് അത്യന്തം വ്യാകുലപ്പെട്ടു; അവന്‍റെ മുഖഭാവം മാറി. അവന്‍റെ പ്രഭുക്കന്മാർ അമ്പരന്നുപോയി. രാജാവിന്‍റെയും പ്രഭുക്കന്മാരുടെയും വാക്കു ഹേതുവായി രാജ്ഞി വിരുന്നുശാലയിൽ വന്നു: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ; തിരുമനസ്സുകൊണ്ട് വിചാരങ്ങളാൽ പരവശനാകരുത്; മുഖഭാവം മാറുകയും അരുത്. വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരു പുരുഷൻ തിരുമനസ്സിലെ രാജ്യത്തുണ്ട്; തിരുമേനിയുടെ അപ്പന്‍റെ കാലത്ത് പ്രകാശവും ബുദ്ധിയും ദേവന്മാരുടെ ജ്ഞാനംപോലെ ജ്ഞാനവും അവനിൽ കണ്ടിരുന്നു; തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസർ രാജാവ്, ബേൽത്ത്ശസ്സർ എന്നു പേരുവിളിച്ച ദാനീയേലിൽ ഉൽകൃഷ്ടമനസ്സും, അറിവും, ബുദ്ധിയും, സ്വപ്നവ്യാഖ്യാനവും, കടങ്കഥകളുടെ വ്യാഖ്യാനവും, സംശയനിവാരണവും, കണ്ടിരിക്കുകയാൽ, രാജാവ് അവനെ മന്ത്രവാദികൾക്കും ആഭിചാരകന്മാർക്കും കല്ദയർക്കും ശകുനവാദികൾക്കും അധിപതിയാക്കി വച്ചു; ഇപ്പോൾ ദാനീയേലിനെ വിളിച്ചാലും; അവൻ അർത്ഥം ബോധിപ്പിക്കും” എന്നു ഉണർത്തിച്ചു. അങ്ങനെ അവർ ദാനീയേലിനെ രാജസന്നിധിയിൽ കൊണ്ടുവന്നു; രാജാവ് ദാനീയേലിനോട് ചോദിച്ചത്: “എന്‍റെ അപ്പനായ രാജാവ് യെഹൂദായിൽനിന്ന് കൊണ്ടുവന്ന പ്രവാസികളിൽ ഒരുവനായ ദാനീയേൽ നീ തന്നെയോ? ദേവന്മാരുടെ ആത്മാവ് നിന്നിൽ ഉണ്ടെന്നും പ്രകാശവും ബുദ്ധിയും വിശേഷജ്ഞാനവും നിന്നിൽ കണ്ടിരിക്കുന്നു എന്നും ഞാൻ നിന്നെക്കുറിച്ച് കേട്ടിരിക്കുന്നു. ഇപ്പോൾ ഈ എഴുത്ത് വായിച്ച് അർത്ഥം അറിയിക്കേണ്ടതിന് വിദ്വാന്മാരെയും ആഭിചാരകന്മാരെയും എന്‍റെ മുമ്പാകെ വരുത്തിയിരുന്നു; എങ്കിലും അർത്ഥം അറിയിക്കുവാൻ അവർക്ക് കഴിഞ്ഞില്ല. എന്നാൽ അർത്ഥം പറയുവാനും സംശയനിവാരണത്തിനും നീ പ്രാപ്തനെന്ന് ഞാൻ നിന്നെക്കുറിച്ച് കേട്ടിരിക്കുന്നു; ആകയാൽ ഈ എഴുത്ത് വായിച്ച്, അതിന്‍റെ അർത്ഥം അറിയിക്കുവാൻ നിനക്കു കഴിയുമെങ്കിൽ നീ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിച്ച്, രാജ്യത്തിലെ മൂന്നാമനായി വാഴും.“