2 ദിനവൃത്താന്തം 13:10-18

2 ദിനവൃത്താന്തം 13:10-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞങ്ങളുടെ ദൈവമോ യഹോവയാകുന്നു; അവനെ ഞങ്ങൾ ഉപേക്ഷിച്ചിട്ടില്ല: യഹോവയ്ക്കു ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരായിട്ട് അഹരോന്റെ പുത്രന്മാർ ഞങ്ങൾക്കുണ്ട്; ലേവ്യരും തങ്ങളുടെ വേല നോക്കിവരുന്നു. അവർ ദിനംപ്രതി രാവിലെയും വൈകുന്നേരവും യഹോവയ്ക്കു ഹോമയാഗങ്ങളും പരിമളധൂപവും അർപ്പിക്കുന്നു; കാഴ്ചയപ്പം വിശുദ്ധമേശമേൽ അടുക്കുന്നു; പൊൻനിലവിളക്കും അതിന്റെ ദീപങ്ങളും വൈകുന്നേരംതോറും കത്തിക്കുന്നു; ഇങ്ങനെ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞ പ്രമാണിക്കുന്നു; നിങ്ങളോ അവനെ ഉപേക്ഷിച്ചിരിക്കുന്നു. ഇതാ, ഞങ്ങളോടുകൂടെ ഞങ്ങളുടെ തലവനായി ദൈവവും നിങ്ങളുടെ നേരേ ധ്വനിപ്പിക്കേണ്ടതിന് മഹാധ്വനികാഹളങ്ങളോടുകൂടെ അവന്റെ പുരോഹിതന്മാരും ഉണ്ട്; യിസ്രായേല്യരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിങ്ങൾ യുദ്ധം ചെയ്യരുത്; നിങ്ങൾ കൃതാർഥരാകയില്ല; എന്നാൽ യൊരോബെയാം അവരുടെ പുറകിൽ വളഞ്ഞുചെല്ലുവാൻ പതിയിരിപ്പുകാരെ അയച്ചു; അങ്ങനെ അവർ യെഹൂദ്യരുടെ മുമ്പിലും പതിയിരിപ്പുകാർ പുറകിലും ആയി. യെഹൂദ്യർ തിരിഞ്ഞുനോക്കിയപ്പോൾ പട മുമ്പിലും പുറകിലും കണ്ടു, യഹോവയോടു നിലവിളിച്ചു പുരോഹിതന്മാർ കാഹളം ഊതി, യെഹൂദാപുരുഷന്മാർ ആർത്തുവിളിച്ചു. യെഹൂദാപുരുഷന്മാർ ആർത്തുവിളിച്ചപ്പോൾ ദൈവം യൊരോബെയാമിനെയും എല്ലാ യിസ്രായേലിനെയും അബീയാവിനോടും യെഹൂദ്യരോടും തോല്ക്കുമാറാക്കി. യിസ്രായേല്യർ യെഹൂദ്യരുടെ മുമ്പിൽനിന്ന് ഓടി, ദൈവം അവരെ അവരുടെ കൈയിൽ ഏല്പിച്ചു; അബീയാവും അവന്റെ ജനവും അവരെ കഠിനമായി തോല്പിച്ചു; യിസ്രായേലിൽ അഞ്ചുലക്ഷം ശ്രേഷ്ഠയോദ്ധാക്കൾ ഹതന്മാരായി വീണു. ഇങ്ങനെ യിസ്രായേല്യർക്ക് ആ കാലത്തു താഴ്ച വന്നു; യെഹൂദ്യരോ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതുകൊണ്ടു ജയം പ്രാപിച്ചു.

2 ദിനവൃത്താന്തം 13:10-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്നാൽ സർവേശ്വരൻ തന്നെയാണ് ഞങ്ങളുടെ ദൈവം; ഞങ്ങൾ അവിടുത്തെ ഉപേക്ഷിച്ചിട്ടില്ല. അവിടുത്തെ ശുശ്രൂഷ ചെയ്യുന്നതിന് അഹരോന്റെ പുത്രന്മാർ പുരോഹിതന്മാരായി ഞങ്ങൾക്കുണ്ട്; അവരെ സഹായിക്കാൻ ലേവ്യരുമുണ്ട്. അവർ എന്നും രാവിലെയും വൈകുന്നേരവും ഹോമയാഗങ്ങളും പരിമളധൂപവും അർപ്പിക്കുന്നു; ആചാരപരമായി ശുദ്ധിയുള്ള മേശയിൽ കാഴ്ചയപ്പം വയ്‍ക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം സ്വർണവിളക്കുതണ്ടും വിളക്കുകളും വൃത്തിയാക്കി ദീപങ്ങൾ തെളിക്കുന്നു. ഇങ്ങനെ ഞങ്ങൾ ഞങ്ങളുടെ ദൈവമായ സർവേശ്വരന്റെ കല്പനകൾ പാലിക്കുന്നു. എന്നാൽ നിങ്ങളാകട്ടെ അവിടുത്തെ ഉപേക്ഷിച്ചിരിക്കുന്നു. ദൈവം തന്നെയാണു ഞങ്ങളുടെ നായകൻ; അവിടുത്തെ പുരോഹിതന്മാർ നിങ്ങൾക്കെതിരെ യുദ്ധകാഹളം മുഴക്കാൻ കാഹളങ്ങളുമായി ഞങ്ങളുടെ കൂടെയുണ്ട്. ഇസ്രായേല്യരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനോടു നിങ്ങൾ യുദ്ധം ചെയ്യരുത്; നിങ്ങൾ വിജയിക്കുകയില്ല.” എന്നാൽ അവരെ പുറകിൽനിന്ന് ആക്രമിക്കാൻ യെരോബെയാം പതിയിരുപ്പുകാരെ അയച്ചു; അങ്ങനെ അവർ മുമ്പിലും പതിയിരുപ്പുകാർ പിമ്പിലുമായി യെഹൂദ്യയെ വളഞ്ഞു. യെഹൂദ്യർ തിരിഞ്ഞു നോക്കിയപ്പോൾ മുമ്പിലും പിമ്പിലും പട; അവർ സർവേശ്വരനോടു നിലവിളിച്ചു; പുരോഹിതന്മാർ കാഹളം ഊതി. യെഹൂദാസൈന്യം ആർത്തുവിളിച്ചു. അപ്പോൾ യെരോബെയാമിനെയും കൂടെയുള്ള ഇസ്രായേൽസൈന്യത്തെയും അബീയായുടെയും യെഹൂദ്യരുടെയും മുമ്പിൽ ദൈവം പരാജയപ്പെടുത്തി. ഇസ്രായേല്യർ യെഹൂദ്യരുടെ മുമ്പിൽനിന്നു തോറ്റോടി; ദൈവം അവരെ യെഹൂദ്യരുടെ കൈകളിൽ ഏല്പിച്ചു. അബീയായും കൂടെയുള്ളവരും അവരുടെമേൽ ഒരു മഹാസംഹാരം നടത്തി. ഇസ്രായേലിലെ അഞ്ചുലക്ഷം വീരയോദ്ധാക്കൾ സംഹരിക്കപ്പെട്ടു. ഇസ്രായേൽ കീഴടങ്ങുകയും ചെയ്തു. യെഹൂദ്യരാകട്ടെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനിൽ ആശ്രയിച്ചതുകൊണ്ട് വിജയം കൈവരിച്ചു.

2 ദിനവൃത്താന്തം 13:10-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

“ഞങ്ങളുടെ ദൈവമോ യഹോവയാകുന്നു; അവനെ ഞങ്ങൾ ഉപേക്ഷിച്ചിട്ടില്ല: യഹോവയ്ക്ക് ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരായ അഹരോന്‍റെ പുത്രന്മാർ ഞങ്ങൾക്കുണ്ട്; ലേവ്യരും തങ്ങളുടെ വേല ചെയ്തുവരുന്നു. അവർ ദിനംപ്രതി രാവിലെയും വൈകുന്നേരവും യഹോവയ്ക്ക് ഹോമയാഗങ്ങളും പരിമളധൂപവും അർപ്പിക്കുന്നു; കാഴ്ചയപ്പം വിശുദ്ധമേശമേൽ അടുക്കുന്നു; പൊൻനിലവിളക്കും അതിന്‍റെ ദീപങ്ങളും വൈകുന്നേരംതോറും കത്തിക്കുന്നു; ഇങ്ങനെ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞ പ്രമാണിക്കുന്നു; നിങ്ങളോ അവനെ ഉപേക്ഷിച്ചിരിക്കുന്നു. ഇതാ, ഞങ്ങളോടുകൂടെ ഞങ്ങളുടെ തലവനായി ദൈവവും നിങ്ങളുടെനേരെ യുദ്ധകാഹളം മുഴക്കാൻ അവന്‍റെ പുരോഹിതന്മാരും ഉണ്ട്; യിസ്രായേല്യരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോട് നിങ്ങൾ യുദ്ധം ചെയ്യരുത്; നിങ്ങൾ വിജയിക്കുകയില്ല.” എന്നാൽ യൊരോബെയാം അവരുടെ പുറകിൽ വളഞ്ഞു ചെല്ലുവാൻ പതിയിരിപ്പുകാരെ അയച്ചു; അങ്ങനെ അവർ യെഹൂദ്യരുടെ മുമ്പിലും പതിയിരിപ്പുകാർ പുറകിലും ആയി. യെഹൂദ്യർ തിരിഞ്ഞുനോക്കിയപ്പോൾ പട മുമ്പിലും പുറകിലും കണ്ടു, യഹോവയോട് നിലവിളിച്ചു പുരോഹിതന്മാർ കാഹളം ഊതി, യെഹൂദാപുരുഷന്മാർ ആർത്തുവിളിച്ചു. യെഹൂദാപുരുഷന്മാർ ആർത്തുവിളിച്ചപ്പോൾ ദൈവം യൊരോബെയാമിനെയും എല്ലാ യിസ്രായേലിനെയും അബീയാവിനോടും യെഹൂദ്യരോടും തോല്ക്കുമാറാക്കി. യിസ്രായേല്യർ യെഹൂദ്യരുടെ മുമ്പിൽനിന്നു ഓടി, ദൈവം അവരെ അവരുടെ കയ്യിൽ ഏല്പിച്ചു; അബീയാവും അവന്‍റെ ജനവും അവരെ കഠിനമായി തോല്പിച്ചു; യിസ്രായേലിൽ അഞ്ചുലക്ഷം ശ്രേഷ്ഠയോദ്ധാക്കൾ മരിച്ചുവീണു. ഇങ്ങനെ യിസ്രായേല്യർക്ക് ആ കാലത്ത് കീഴടങ്ങേണ്ടിവന്നു; യെഹൂദ്യരോ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതുകൊണ്ട് ജയം പ്രാപിച്ചു.

2 ദിനവൃത്താന്തം 13:10-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞങ്ങളുടെ ദൈവമോ യഹോവയാകുന്നു; അവനെ ഞങ്ങൾ ഉപേക്ഷിച്ചിട്ടില്ല: യഹോവെക്കു ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരായിട്ടു അഹരോന്റെ പുത്രന്മാർ ഞങ്ങൾക്കുണ്ടു; ലേവ്യരും തങ്ങളുടെ വേല നോക്കിവരുന്നു. അവർ ദിനംപ്രതി രാവിലെയും വൈകുന്നേരവും യഹോവെക്കു ഹോമയാഗങ്ങളും പരിമളധൂപവും അർപ്പിക്കുന്നു; കാഴ്ചയപ്പം വിശുദ്ധമേശമേൽ അടുക്കുന്നു; പൊൻനിലവിളക്കും അതിന്റെ ദീപങ്ങളും വൈകുന്നേരംതോറും കത്തിക്കുന്നു; ഇങ്ങനെ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞ പ്രമാണിക്കുന്നു; നിങ്ങളോ അവനെ ഉപേക്ഷിച്ചിരിക്കുന്നു. ഇതാ, ഞങ്ങളോടുകൂടെ ഞങ്ങളുടെ തലവനായി ദൈവവും നിങ്ങളുടെ നേരെ ധ്വനിപ്പിക്കേണ്ടതിന്നു മഹാധ്വനികാഹളങ്ങളോടുകൂടെ അവന്റെ പുരോഹിതന്മാരും ഉണ്ടു; യിസ്രായേല്യരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിങ്ങൾ യുദ്ധം ചെയ്യരുതു; നിങ്ങൾ കൃതാർത്ഥരാകയില്ല; എന്നാൽ യൊരോബെയാം അവരുടെ പുറകിൽ വളഞ്ഞുചെല്ലുവാൻ പതിയിരിപ്പുകാരെ അയച്ചു; അങ്ങനെ അവർ യെഹൂദ്യരുടെ മുമ്പിലും പതിയിരിപ്പുകാർ പുറകിലും ആയി. യെഹൂദ്യർ തിരിഞ്ഞുനോക്കിയപ്പോൾ പട മുമ്പിലും പുറകിലും കണ്ടു, യഹോവയോടു നിലവിളിച്ചു പുരോഹിതന്മാർ കാഹളം ഊതി, യെഹൂദാപുരുഷന്മാർ ആർത്തുവിളിച്ചു. യെഹൂദാപുരുഷന്മാർ ആർത്തുവിളിച്ചപ്പോൾ ദൈവം യൊരോബെയാമിനെയും എല്ലായിസ്രായേലിനെയും അബീയാവിനോടും യെഹൂദ്യരോടും തോല്ക്കുമാറാക്കി. യിസ്രായേല്യർ യെഹൂദ്യരുടെ മുമ്പിൽനിന്നു ഓടി, ദൈവം അവരെ അവരുടെ കയ്യിൽ ഏല്പിച്ചു; അബീയാവും അവന്റെ ജനവും അവരെ കഠിനമായി തോല്പിച്ചു; യിസ്രായേലിൽ അഞ്ചുലക്ഷം ശ്രേഷ്ഠയോദ്ധാക്കൾ ഹതന്മാരായി വീണു. ഇങ്ങനെ യിസ്രായേല്യർക്കു ആ കാലത്തു താഴ്ച വന്നു; യെഹൂദ്യരോ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതുകൊണ്ടു ജയംപ്രാപിച്ചു.

2 ദിനവൃത്താന്തം 13:10-18 സമകാലിക മലയാളവിവർത്തനം (MCV)

“എന്നാൽ ഞങ്ങളുടെ ദൈവമോ, യഹോവ ആകുന്നു. അവിടത്തെ ഞങ്ങൾ ഉപേക്ഷിച്ചിട്ടുമില്ല. ഞങ്ങളുടെ ഇടയിൽ യഹോവയ്ക്കു പുരോഹിതന്മാരായി ശുശ്രൂഷ ചെയ്യുന്നത് അഹരോന്റെ പുത്രന്മാരാണ്; ലേവ്യർ അവരെ അതിൽ സഹായിക്കുകയുംചെയ്യുന്നു. ദിനംപ്രതി രാവിലെയും വൈകുന്നേരവും അവർ യഹോവയ്ക്ക് ഹോമയാഗങ്ങളും പരിമളധൂപങ്ങളും അർപ്പിക്കുന്നു; ആചാരപരമായി ശുദ്ധീകരിച്ച മേശമേൽ കാഴ്ചയപ്പം ഒരുക്കുന്നു; എല്ലാ സായാഹ്നങ്ങളിലും സ്വർണവിളക്കുതണ്ടിന്മേൽ ദീപങ്ങൾ തെളിയിക്കുന്നു. ഇങ്ങനെ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞകൾ അനുസരിക്കുന്നു; നിങ്ങളോ, അവിടത്തെ ത്യജിച്ചിരിക്കുന്നു. ദൈവം ഞങ്ങളോടുകൂടെയുണ്ട്. അവിടന്നാണ് ഞങ്ങളുടെ നായകൻ. അവിടത്തെ പുരോഹിതന്മാർ തങ്ങളുടെ യുദ്ധാരവം മുഴക്കി നിങ്ങൾക്കെതിരേ യുദ്ധത്തിനായുള്ള കാഹളം മുഴക്കും. ഇസ്രായേൽ പുരുഷന്മാരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു യുദ്ധംചെയ്യരുത്; നിങ്ങൾ വിജയിക്കുകയില്ല.” യൊരോബെയാം യെഹൂദയെ പിൻഭാഗത്തു വളയാൻ സൈന്യത്തെ അയച്ചിരുന്നു; അങ്ങനെ യെഹൂദയുടെമുമ്പിൽ അദ്ദേഹത്തിന്റെ സൈന്യവും പിന്നിൽ പതിയിരിപ്പുകാരെയും ആക്കി. യെഹൂദാ, തങ്ങൾ മുന്നിൽനിന്നും പിന്നിൽനിന്നും ആക്രമിക്കപ്പെടുന്നു എന്നു മനസ്സിലാക്കി. അപ്പോൾ അവർ യഹോവയോടു നിലവിളിച്ചു; പുരോഹിതന്മാർ തങ്ങളുടെ കാഹളമൂതി. യെഹൂദാസൈന്യം യുദ്ധാരവം മുഴക്കി; അവരുടെ യുദ്ധാരവത്തിന്റെ മുഴക്കത്താൽ ദൈവം യൊരോബെയാമിനെയും സകല ഇസ്രായേലിനെയും അബീയാമിന്റെയും യെഹൂദയുടെയും മുമ്പിൽനിന്നു തോറ്റോടുമാറാക്കി. ഇസ്രായേല്യർ യെഹൂദയുടെമുമ്പിൽനിന്നു പലായനംചെയ്തു. ദൈവം അവരെ യെഹൂദയുടെ കൈയിൽ ഏൽപ്പിച്ചു. അബീയാവും സൈന്യവും അവർക്കു കനത്ത നാശം വരുത്തി. ഇസ്രായേലിന്റെ ശക്തന്മാരായ പോരാളികളിൽ അഞ്ചുലക്ഷംപേർ വധിക്കപ്പെട്ടു. അന്ന് ഇസ്രായേൽ കീഴടക്കപ്പെട്ടു; തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതുകൊണ്ട് യെഹൂദാജനം വിജയംകൈവരിച്ചു.