2 ദിനവൃത്താന്തം 13:10-18

2 ദിനവൃത്താന്തം 13:10-18 MCV

“എന്നാൽ ഞങ്ങളുടെ ദൈവമോ, യഹോവ ആകുന്നു. അവിടത്തെ ഞങ്ങൾ ഉപേക്ഷിച്ചിട്ടുമില്ല. ഞങ്ങളുടെ ഇടയിൽ യഹോവയ്ക്കു പുരോഹിതന്മാരായി ശുശ്രൂഷ ചെയ്യുന്നത് അഹരോന്റെ പുത്രന്മാരാണ്; ലേവ്യർ അവരെ അതിൽ സഹായിക്കുകയുംചെയ്യുന്നു. ദിനംപ്രതി രാവിലെയും വൈകുന്നേരവും അവർ യഹോവയ്ക്ക് ഹോമയാഗങ്ങളും പരിമളധൂപങ്ങളും അർപ്പിക്കുന്നു; ആചാരപരമായി ശുദ്ധീകരിച്ച മേശമേൽ കാഴ്ചയപ്പം ഒരുക്കുന്നു; എല്ലാ സായാഹ്നങ്ങളിലും സ്വർണവിളക്കുതണ്ടിന്മേൽ ദീപങ്ങൾ തെളിയിക്കുന്നു. ഇങ്ങനെ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞകൾ അനുസരിക്കുന്നു; നിങ്ങളോ, അവിടത്തെ ത്യജിച്ചിരിക്കുന്നു. ദൈവം ഞങ്ങളോടുകൂടെയുണ്ട്. അവിടന്നാണ് ഞങ്ങളുടെ നായകൻ. അവിടത്തെ പുരോഹിതന്മാർ തങ്ങളുടെ യുദ്ധാരവം മുഴക്കി നിങ്ങൾക്കെതിരേ യുദ്ധത്തിനായുള്ള കാഹളം മുഴക്കും. ഇസ്രായേൽ പുരുഷന്മാരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു യുദ്ധംചെയ്യരുത്; നിങ്ങൾ വിജയിക്കുകയില്ല.” യൊരോബെയാം യെഹൂദയെ പിൻഭാഗത്തു വളയാൻ സൈന്യത്തെ അയച്ചിരുന്നു; അങ്ങനെ യെഹൂദയുടെമുമ്പിൽ അദ്ദേഹത്തിന്റെ സൈന്യവും പിന്നിൽ പതിയിരിപ്പുകാരെയും ആക്കി. യെഹൂദാ, തങ്ങൾ മുന്നിൽനിന്നും പിന്നിൽനിന്നും ആക്രമിക്കപ്പെടുന്നു എന്നു മനസ്സിലാക്കി. അപ്പോൾ അവർ യഹോവയോടു നിലവിളിച്ചു; പുരോഹിതന്മാർ തങ്ങളുടെ കാഹളമൂതി. യെഹൂദാസൈന്യം യുദ്ധാരവം മുഴക്കി; അവരുടെ യുദ്ധാരവത്തിന്റെ മുഴക്കത്താൽ ദൈവം യൊരോബെയാമിനെയും സകല ഇസ്രായേലിനെയും അബീയാമിന്റെയും യെഹൂദയുടെയും മുമ്പിൽനിന്നു തോറ്റോടുമാറാക്കി. ഇസ്രായേല്യർ യെഹൂദയുടെമുമ്പിൽനിന്നു പലായനംചെയ്തു. ദൈവം അവരെ യെഹൂദയുടെ കൈയിൽ ഏൽപ്പിച്ചു. അബീയാവും സൈന്യവും അവർക്കു കനത്ത നാശം വരുത്തി. ഇസ്രായേലിന്റെ ശക്തന്മാരായ പോരാളികളിൽ അഞ്ചുലക്ഷംപേർ വധിക്കപ്പെട്ടു. അന്ന് ഇസ്രായേൽ കീഴടക്കപ്പെട്ടു; തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതുകൊണ്ട് യെഹൂദാജനം വിജയംകൈവരിച്ചു.