2 CHRONICLE 13:10-18

2 CHRONICLE 13:10-18 MALCLBSI

എന്നാൽ സർവേശ്വരൻ തന്നെയാണ് ഞങ്ങളുടെ ദൈവം; ഞങ്ങൾ അവിടുത്തെ ഉപേക്ഷിച്ചിട്ടില്ല. അവിടുത്തെ ശുശ്രൂഷ ചെയ്യുന്നതിന് അഹരോന്റെ പുത്രന്മാർ പുരോഹിതന്മാരായി ഞങ്ങൾക്കുണ്ട്; അവരെ സഹായിക്കാൻ ലേവ്യരുമുണ്ട്. അവർ എന്നും രാവിലെയും വൈകുന്നേരവും ഹോമയാഗങ്ങളും പരിമളധൂപവും അർപ്പിക്കുന്നു; ആചാരപരമായി ശുദ്ധിയുള്ള മേശയിൽ കാഴ്ചയപ്പം വയ്‍ക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം സ്വർണവിളക്കുതണ്ടും വിളക്കുകളും വൃത്തിയാക്കി ദീപങ്ങൾ തെളിക്കുന്നു. ഇങ്ങനെ ഞങ്ങൾ ഞങ്ങളുടെ ദൈവമായ സർവേശ്വരന്റെ കല്പനകൾ പാലിക്കുന്നു. എന്നാൽ നിങ്ങളാകട്ടെ അവിടുത്തെ ഉപേക്ഷിച്ചിരിക്കുന്നു. ദൈവം തന്നെയാണു ഞങ്ങളുടെ നായകൻ; അവിടുത്തെ പുരോഹിതന്മാർ നിങ്ങൾക്കെതിരെ യുദ്ധകാഹളം മുഴക്കാൻ കാഹളങ്ങളുമായി ഞങ്ങളുടെ കൂടെയുണ്ട്. ഇസ്രായേല്യരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനോടു നിങ്ങൾ യുദ്ധം ചെയ്യരുത്; നിങ്ങൾ വിജയിക്കുകയില്ല.” എന്നാൽ അവരെ പുറകിൽനിന്ന് ആക്രമിക്കാൻ യെരോബെയാം പതിയിരുപ്പുകാരെ അയച്ചു; അങ്ങനെ അവർ മുമ്പിലും പതിയിരുപ്പുകാർ പിമ്പിലുമായി യെഹൂദ്യയെ വളഞ്ഞു. യെഹൂദ്യർ തിരിഞ്ഞു നോക്കിയപ്പോൾ മുമ്പിലും പിമ്പിലും പട; അവർ സർവേശ്വരനോടു നിലവിളിച്ചു; പുരോഹിതന്മാർ കാഹളം ഊതി. യെഹൂദാസൈന്യം ആർത്തുവിളിച്ചു. അപ്പോൾ യെരോബെയാമിനെയും കൂടെയുള്ള ഇസ്രായേൽസൈന്യത്തെയും അബീയായുടെയും യെഹൂദ്യരുടെയും മുമ്പിൽ ദൈവം പരാജയപ്പെടുത്തി. ഇസ്രായേല്യർ യെഹൂദ്യരുടെ മുമ്പിൽനിന്നു തോറ്റോടി; ദൈവം അവരെ യെഹൂദ്യരുടെ കൈകളിൽ ഏല്പിച്ചു. അബീയായും കൂടെയുള്ളവരും അവരുടെമേൽ ഒരു മഹാസംഹാരം നടത്തി. ഇസ്രായേലിലെ അഞ്ചുലക്ഷം വീരയോദ്ധാക്കൾ സംഹരിക്കപ്പെട്ടു. ഇസ്രായേൽ കീഴടങ്ങുകയും ചെയ്തു. യെഹൂദ്യരാകട്ടെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനിൽ ആശ്രയിച്ചതുകൊണ്ട് വിജയം കൈവരിച്ചു.

2 CHRONICLE 13 വായിക്കുക