1 രാജാക്കന്മാർ 4:20-25

1 രാജാക്കന്മാർ 4:20-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യെഹൂദായും യിസ്രായേലും കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തുപോന്നു. നദിമുതൽ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതിർവരെയും ഉള്ള സകല രാജ്യങ്ങളെയും ശലോമോൻ വാണു; അവർ കപ്പം കൊണ്ടുവന്ന് ശലോമോനെ അവന്റെ ജീവപര്യന്തം സേവിച്ചു. ശലോമോന്റെ നിത്യച്ചെലവു ദിവസം ഒന്നിനു മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണ മാവും മാൻ, ഇളമാൻ, മ്ലാവ്, പുഷ്‍ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിച്ച പത്തു കാളയും മേച്ചൽപ്പുറത്തെ ഇരുപത് കാളയും നൂറ് ആടും ആയിരുന്നു. നദിക്ക് ഇക്കരെ തിഫ്സഹ്‍മുതൽ ഗസ്സാവരെയുള്ള സകല ദേശത്തെയും നദിക്ക് ഇക്കരെയുള്ള സകല രാജാക്കന്മാരെയും അവൻ വാണു. ചുറ്റുമുള്ള ദിക്കിലൊക്കെയും അവനു സമാധാനം ഉണ്ടായിരുന്നു. ശലോമോന്റെ കാലത്തൊക്കെയും യെഹൂദായും യിസ്രായേലും ദാൻമുതൽ ബേർ-ശേബവരെയും ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിൻകീഴിലും നിർഭയം വസിച്ചു.

1 രാജാക്കന്മാർ 4:20-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യെഹൂദ്യയിലെയും ഇസ്രായേലിലെയും ജനം കടൽക്കരയിലെ മണൽത്തരികൾപോലെ അസംഖ്യമായി. അവർ തിന്നും കുടിച്ചും ഉല്ലാസഭരിതരായി ജീവിച്ചു. യൂഫ്രട്ടീസ്നദിമുതൽ ഫെലിസ്ത്യദേശം ഉൾപ്പെടെ ഈജിപ്തിന്റെ അതിരുവരെയുള്ള പ്രദേശങ്ങൾ ശലോമോന്റെ ഭരണത്തിൻ കീഴിലായിരുന്നു. അവിടെയുള്ളവർ കപ്പം കൊടുത്തു ശലോമോന്റെ ജീവിതകാലം മുഴുവൻ അദ്ദേഹത്തിനു കീഴ്പെട്ടിരുന്നു; ശലോമോന്റെ പ്രതിദിനചെലവ് മുപ്പതു കോർ നേരിയ മാവും അറുപതുകോർ സാധാരണ മാവുമായിരുന്നു; കൂടാതെ കലമാൻ, പേടമാൻ, മ്ലാവ്, കോഴി, തടിച്ചു കൊഴുത്ത പത്തു കാള, വയലിൽ മേയുന്ന ഇരുപതു കാള, നൂറ് ആട് എന്നിവയും ഉൾപ്പെട്ടിരുന്നു. യൂഫ്രട്ടീസ്നദിക്കു പടിഞ്ഞാറ് തിഫ്സാമുതൽ ഗസാവരെയുള്ള പ്രദേശങ്ങൾ ശലോമോന്റെ അധീനതയിലായിരുന്നു. നദിക്കു പടിഞ്ഞാറുള്ള സകല രാജാക്കന്മാരും അദ്ദേഹത്തിനു കീഴ്പെട്ടിരുന്നു. അയൽനാടുകളുമായി ശലോമോൻ സമാധാനത്തിൽ കഴിഞ്ഞു; ശലോമോന്റെ ജീവിതകാലം മുഴുവൻ ദാൻമുതൽ ബേർ-ശേബാവരെ യെഹൂദ്യയിലും ഇസ്രായേലിലും ഉള്ളവർ ഓരോരുത്തരും മുന്തിരിയും അത്തിയും കൃഷി ചെയ്തു സുരക്ഷിതരായി ജീവിച്ചു.

1 രാജാക്കന്മാർ 4:20-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യെഹൂദയും യിസ്രായേലും കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നും കുടിച്ചും ആഹ്ളാദിച്ചും പോന്നിരുന്നു. നദിമുതൽ, ഫെലിസ്ത്യനാടും മിസ്രയീമിന്‍റെ അതിർത്തിയും വരെയുള്ള സകലരാജ്യങ്ങളിലും ശലോമോൻ വാണു; അവർ കപ്പം കൊണ്ടുവന്ന്, ശലോമോനെ അവന്‍റെ ജീവപര്യന്തം സേവിച്ചു. ശലോമോന്‍റെ നിത്യച്ചെലവ് മുപ്പതു പറ നേരിയ മാവ്, അറുപതു പറ സാധാരണമാവ്, മാൻ, ഇളമാൻ, മ്ലാവ്, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിപ്പിച്ച പത്തു കാളകൾ, മേച്ചൽപുറത്തെ ഇരുപതു കാളകൾ, നൂറ് ആടുകൾ എന്നിവ ആയിരുന്നു. നദിക്ക് ഇക്കരെ തിഫ്സഹ് മുതൽ ഗസ്സാവരെയുള്ള സകല ദേശത്തെയും സകല രാജാക്കന്മാരെയും അവൻ വാണു. ചുറ്റുമുള്ള ദിക്കിൽ ഒക്കെയും അവനു സമാധാനം ഉണ്ടായിരുന്നു. ശലോമോന്‍റെ കാലത്ത് ദാൻ മുതൽ ബേർ-ശേബ വരെയുള്ള യെഹൂദയും യിസ്രായേലും സുരക്ഷിതരായിരുന്നു; അവർ സ്വന്തം മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്‍റെയും കീഴിൽ നിർഭയം വസിച്ചിരുന്നു.

1 രാജാക്കന്മാർ 4:20-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യെഹൂദയും യിസ്രായേലും കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തു പോന്നു. നദിമുതൽ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതിർവരെയും ഉള്ള സകലരാജ്യങ്ങളെയും ശലോമോൻ വാണു; അവർ കപ്പം കൊണ്ടുവന്നു ശലോമോനെ അവന്റെ ജീവപര്യന്തം സേവിച്ചു. ശലോമോന്റെ നിത്യച്ചെലവു ദിവസം ഒന്നിന്നു മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണമാവും മാൻ, ഇളമാൻ, മ്ലാവു, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിപ്പിച്ച പത്തു കാളയും മേച്ചൽപുറത്തെ ഇരുപതു കാളയും നൂറു ആടും ആയിരുന്നു. നദിക്കു ഇക്കരെ തിഫ്സഹ് മുതൽ ഗസ്സാവരെയുള്ള സകലദേശത്തെയും നദിക്കു ഇക്കരെയുള്ള സകലരാജാക്കന്മാരെയും അവൻ വാണു. ചുറ്റുമുള്ള ദിക്കിൽ ഒക്കെയും അവന്നു സമാധാനം ഉണ്ടായിരുന്നു. ശലോമോന്റെ കാലത്തൊക്കെയും യെഹൂദയും യിസ്രായേലും ദാൻമുതൽ ബേർ-ശേബവരെയും ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിൻ കീഴിലും നിർഭയം വസിച്ചു.

1 രാജാക്കന്മാർ 4:20-25 സമകാലിക മലയാളവിവർത്തനം (MCV)

യെഹൂദ്യയിലെയും ഇസ്രായേലിലെയും ജനം കടൽക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു. അവർ ഭക്ഷിച്ചുപാനംചെയ്ത് വളരെ ആനന്ദത്തോടെയാണു കഴിഞ്ഞിരുന്നത്. യൂഫ്രട്ടീസ് നദിമുതൽ ഫെലിസ്ത്യരുടെദേശവും ഈജിപ്റ്റിന്റെ അതിരുവരെയുള്ള സകലരാജ്യങ്ങളും ശലോമോൻ ഭരിച്ചിരുന്നു. അവർ ശലോമോനു കപ്പം കൊണ്ടുവരികയും അദ്ദേഹത്തിന്റെ ജീവിതകാലംമുഴുവൻ കീഴടങ്ങിപ്പാർക്കുകയും ചെയ്തിരുന്നു. ശലോമോന്റെ ഒരു ദിവസത്തെ ഭക്ഷണച്ചെലവ്: മുപ്പതുകോർ നേരിയമാവ്, അറുപതുകോർ സാധാരണമാവ്, മാനുകൾ, കലമാനുകൾ, ആൺപുള്ളിമാനുകൾ, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവകൂടാതെ, പത്തു വളർത്തുമാടുകൾ, മേച്ചിൽപ്പുറത്തു മേഞ്ഞുനടക്കുന്ന ഇരുപതുകാളകൾ, നൂറ് ചെമ്മരിയാടുകളും കോലാടുകളും, ഇവയെല്ലാമായിരുന്നു. യൂഫ്രട്ടീസ് നദിക്കു പടിഞ്ഞാറ് തിപ്സഹുമുതൽ ഗസ്സാവരെയുള്ള സകലരാജ്യങ്ങളും അദ്ദേഹം ഭരിച്ചു. എല്ലാ അതിർത്തിയിലും സമാധാനം നിലനിന്നിരുന്നു. ശലോമോന്റെ ഭരണകാലത്തെല്ലാം യെഹൂദയും ഇസ്രായേലും ദാൻമുതൽ ബേർ-ശേബാവരെ ഓരോരുത്തരും അവരവരുടെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും തണലിൽ എന്നപോലെ സുരക്ഷിതരായി ജീവിച്ചു.