1 കൊരിന്ത്യർ 7:8-24

1 കൊരിന്ത്യർ 7:8-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവർ എന്നെപ്പോലെ പാർത്തുകൊണ്ടാൽ അവർക്കു കൊള്ളാം എന്നു ഞാൻ പറയുന്നു. ജിതേന്ദ്രിയത്വമില്ലെങ്കിലോ അവർ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാൾ വിവാഹം ചെയ്യുന്നത് നല്ലത്. വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കർത്താവുതന്നെ കല്പിക്കുന്നത്: ഭാര്യ ഭർത്താവിനെ വേർപിരിയരുത്; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാർക്കേണം; അല്ലെന്നു വരികിൽ ഭർത്താവിനോടു നിരന്നുകൊള്ളേണം; ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കയുമരുത്. എന്നാൽ ശേഷമുള്ളവരോടു കർത്താവല്ല ഞാൻ തന്നെ പറയുന്നത്: ഒരു സഹോദരന് അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കയും അവൾ അവനോടുകൂടെ പാർപ്പാൻ സമ്മതിക്കയും ചെയ്താൽ അവളെ ഉപേക്ഷിക്കരുത്. അവിശ്വാസിയായ ഭർത്താവുള്ള ഒരു സ്ത്രീയും, അവൻ അവളോടുകൂടെ പാർപ്പാൻ സമ്മതിക്കുന്നു എങ്കിൽ, ഭർത്താവിനെ ഉപേക്ഷിക്കരുത്. അവിശ്വാസിയായ ഭർത്താവു ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാര്യ സഹോദരൻ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നു വരും; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു. അവിശ്വാസി വേർപിരിയുന്നു എങ്കിൽ പിരിയട്ടെ; ഈ വകയിൽ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാൽ സമാധാനത്തിൽ ജീവിപ്പാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു. സ്ത്രീയേ, നീ ഭർത്താവിനു രക്ഷ വരുത്തും എന്നു നിനക്ക് എങ്ങനെ അറിയാം? പുരുഷാ, നീ ഭാര്യക്കു രക്ഷ വരുത്തും എന്നു നിനക്ക് എങ്ങനെ അറിയാം? എന്നാൽ ഓരോരുത്തനു കർത്താവു വിഭാഗിച്ചുകൊടുത്തതുപോലെയും ഓരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവൻ നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാൻ സകല സഭകളിലും ആജ്ഞാപിക്കുന്നത്. ഒരുത്തൻ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചർമം വരുത്തരുത്; ഒരുത്തൻ അഗ്രചർമത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏല്ക്കരുത്. പരിച്ഛേദന ഒന്നുമില്ല, അഗ്രചർമവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്യം. ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽതന്നെ വസിച്ചുകൊള്ളട്ടെ. നീ ദാസനായി വിളിക്കപ്പെട്ടുവോ? വ്യസനിക്കരുത്. സ്വതന്ത്രൻ ആകുവാൻ കഴിയുമെങ്കിലും അതിൽതന്നെ ഇരുന്നുകൊൾക. ദാസനായി കർത്താവിൽ വിളിക്കപ്പെട്ടവൻ കർത്താവിന്റെ സ്വതന്ത്രൻ ആകുന്നു. അങ്ങനെതന്നെ സ്വതന്ത്രനായി വിളിക്കപ്പെട്ടവൻ ക്രിസ്തുവിന്റെ ദാസനാകുന്നു. നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുന്നു; മനുഷ്യർക്കു ദാസന്മാരാകരുത്. സഹോദരന്മാരേ, ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽതന്നെ ദൈവസന്നിധിയിൽ വസിക്കട്ടെ.

1 കൊരിന്ത്യർ 7:8-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവിവാഹിതരോടും വിധവമാരോടും ഞാൻ പറയുന്നത്, എന്നെപ്പോലെ ഒറ്റയ്‍ക്കു ജീവിക്കുകയാണ് നന്ന് എന്നത്രേ. എന്നാൽ ആത്മസംയമനം സാധ്യമല്ലെങ്കിൽ വിവാഹം ചെയ്യട്ടെ. ഭോഗാസക്തികൊണ്ടു നീറുന്നതിനെക്കാൾ നല്ലത് വിവാഹം ചെയ്യുന്നതാണ്. വിവാഹിതരോടു ഞാൻ ആജ്ഞാപിക്കുന്നു. ഭാര്യ ഭർത്താവിനെ പിരിയരുത്. ഇത് എന്റെ കല്പനയല്ല, കർത്താവിന്റെ കല്പനയാകുന്നു. അഥവാ വേർപിരിയുന്നപക്ഷം, വീണ്ടും വിവാഹം കഴിക്കാതെ ജീവിച്ചുകൊള്ളണം. അല്ലെങ്കിൽ സ്വന്തം ഭർത്താവിനോടു രമ്യപ്പെട്ടുകൊള്ളുക; ഭർത്താവും ഭാര്യയെ ഉപേക്ഷിച്ചുകൂടാ. മറ്റുള്ളവരോടു കർത്താവല്ല ഞാൻ പറയുന്നു: ഒരു സഹോദരന് അവിശ്വാസിനിയായ ഭാര്യ ഉണ്ടായിരിക്കുകയും അയാളോടു കൂടി പാർക്കുവാൻ അവൾ സമ്മതിക്കുകയും ചെയ്യുന്നെങ്കിൽ അവളെ ഉപേക്ഷിക്കരുത്. ഒരു സഹോദരിക്ക് അവിശ്വാസിയായ ഭർത്താവുണ്ടായിരിക്കുകയും അവളോടുകൂടി ജീവിക്കുവാൻ അയാൾ സമ്മതിക്കുകയും ചെയ്യുന്നെങ്കിൽ ആ സ്‍ത്രീ അയാളെ ഉപേക്ഷിച്ചുകൂടാ. എന്തുകൊണ്ടെന്നാൽ അവിശ്വാസിയായ ഭർത്താവ് തന്റെ ഭാര്യ മുഖാന്തരം ദൈവത്തിനു സ്വീകാര്യനായിത്തീരുന്നു; അതുപോലെതന്നെ അവിശ്വാസിനിയായ ഭാര്യ തന്റെ ഭർത്താവ് മുഖാന്തരം ദൈവത്തിന് സ്വീകാര്യയായിത്തീരുന്നു; അല്ലാത്ത പക്ഷം നിങ്ങളുടെ മക്കൾ ദൈവത്തിനുള്ളവരല്ലാതായിത്തീരും. ഇപ്പോഴാകട്ടെ, അവർ ദൈവത്തിനു സ്വീകാര്യരാകുന്നു. വിശ്വാസിയല്ലാത്ത ജീവിതപങ്കാളി പിരിഞ്ഞുപോകാൻ ആഗ്രഹിക്കുന്നെങ്കിൽ പിരിഞ്ഞുപോകട്ടെ; ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ വിശ്വാസികളായ സഹോദരന്മാരും സഹോദരിമാരും ബദ്ധരായിരിക്കുകയില്ല; ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത് സമാധാനമായി ജീവിക്കുവാനാണ്. അല്ലയോ, വിശ്വാസിനിയായ ഭാര്യയേ, നിന്റെ ഭർത്താവിനെ നീ രക്ഷപെടുത്തുമോ ഇല്ലയോ എന്ന് നിനക്ക് എങ്ങനെ അറിയാം? വിശ്വാസിയായ ഭർത്താവേ, നിന്റെ ഭാര്യക്ക് നീ രക്ഷ വരുത്തുമോ ഇല്ലയോ എന്ന് നിനക്ക് എങ്ങനെ അറിയാം! കർത്താവു നല്‌കിയ വരമനുസരിച്ചും, ദൈവം തന്നെ വിളിച്ചപ്പോൾ ആയിരുന്നതുപോലെയും ഓരോ വ്യക്തിയും ജീവിക്കുക. ഇതാണ് ഞാൻ എല്ലാസഭകളെയും പ്രബോധിപ്പിക്കുന്നത്. പരിച്ഛേദനകർമത്തിനു വിധേയനായ ഒരുവൻ, ദൈവവിളി സ്വീകരിച്ചാൽ പരിച്ഛേദനത്തിന്റെ അടയാളം മാറ്റേണ്ടതില്ല. പരിച്ഛേദനകർമത്തിനു വിധേയനാകാത്ത ഒരുവൻ ദൈവവിളി സ്വീകരിക്കുമ്പോൾ, ആ കർമത്തിനു വിധേയനാകേണ്ടതുമില്ല. പരിച്ഛേദനകർമം അനുഷ്ഠിക്കുന്നതിലോ, അനുഷ്ഠിക്കാതിരിക്കുന്നതിലോ കാര്യമൊന്നുമില്ല. ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതാണ് സർവപ്രധാനം. ദൈവത്തിന്റെ വിളി സ്വീകരിച്ചപ്പോൾ ഓരോ വ്യക്തിയും എങ്ങനെയിരുന്നുവോ, അങ്ങനെ തുടർന്നാൽ മതി. ദൈവം വിളിച്ചപ്പോൾ നീ അടിമയായിരുന്നുവോ? അതു കാര്യമാക്കേണ്ടതില്ല; എന്നാൽ സ്വതന്ത്രനാകാൻ അവസരം കിട്ടുന്നെങ്കിൽ അത് ഉപയോഗിച്ചുകൊള്ളുക. എന്തുകൊണ്ടെന്നാൽ കർത്താവു വിളിച്ച അടിമയെ അവിടുന്നു സ്വതന്ത്രനാക്കിയിരിക്കുന്നു; അതുപോലെതന്നെ ക്രിസ്തു വിളിച്ച ഒരു സ്വതന്ത്രൻ അവിടുത്തെ അടിമയാകുന്നു. ദൈവം വിലയ്‍ക്കു വാങ്ങിയവരാണു നിങ്ങൾ; അതുകൊണ്ട് നിങ്ങൾ മനുഷ്യരുടെ അടിമകളാകരുത്. എന്റെ സഹോദരരേ, ഏതവസ്ഥയിൽ നിങ്ങൾ ഓരോ വ്യക്തിയും വിളിക്കപ്പെട്ടുവോ, അതേ അവസ്ഥയിൽ ദൈവത്തോടു ചേർന്നു ജീവിച്ചുകൊള്ളുക.

1 കൊരിന്ത്യർ 7:8-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

വിവാഹം കഴിയാത്തവരോടും വിധവമാരോടും: എന്നെപ്പോലെ താമസിക്കുന്നത് അവർക്ക് കൊള്ളാം എന്നു ഞാൻ പറയുന്നു. എന്നാൽ, ആത്മസംയമനം ഇല്ലെങ്കിൽ അവർ വിവാഹം ചെയ്യട്ടെ; വികാരാസക്തികൊണ്ട് എരിയുന്നതിനേക്കാൾ വിവാഹം ചെയ്യുന്നത് നല്ലത്. വിവാഹം കഴിഞ്ഞവരോടോ ഞാൻ-ഞാനല്ല കർത്താവ് തന്നെ - കല്പിക്കുന്നത്: ഭാര്യ ഭർത്താവിനെ വേർപിരിയരുത്; പിരിഞ്ഞു എന്നു വരികിലോ വിവാഹം കൂടാതെ പാർക്കേണം; അല്ലെങ്കിൽ ഭർത്താവിനോട് യോജിപ്പിലെത്തേണം; ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുകയുമരുത്. എന്നാൽ മറ്റുള്ളവരോട് കർത്താവല്ല ഞാൻ തന്നെ പറയുന്നത്: ഒരു സഹോദരന് അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കുകയും അവൾ അവനോടുകൂടെ പാർക്കുവാൻ സമ്മതിക്കുകയും ചെയ്താൽ അവളെ ഉപേക്ഷിക്കരുത്. അവിശ്വാസിയായ ഭർത്താവുള്ള ഒരു സ്ത്രീയും, അവൻ അവളോടുകൂടെ പാർക്കുവാൻ സമ്മതിക്കുന്നു എങ്കിൽ, ഭർത്താവിനെ ഉപേക്ഷിക്കരുത്. എന്തെന്നാൽ, അവിശ്വാസിയായ ഭർത്താവ് ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും, അവിശ്വാസിയായ ഭാര്യ സഹോദരൻ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നു വരുമല്ലോ; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു. എങ്കിലും അവിശ്വാസി വേർപിരിയുന്നു എങ്കിൽ പിരിയട്ടെ; ഈ വക കാ‍ര്യങ്ങളിൽ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാൽ സമാധാനത്തിൽ ജീവിക്കുവാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു. ഭാര്യയേ, നീ ഭർത്താവിന് രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? ഭർത്താവേ, നീ ഭാര്യയ്ക്ക് രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? എന്നാൽ ഓരോരുത്തന് കർത്താവ് വിഭാഗിച്ച് കൊടുത്തതു പോലെയും ഓരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവൻ നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാൻ സകലസഭകളിലും ആജ്ഞാപിക്കുന്നത്. ഒരുവൻ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചർമ്മം വരുത്തരുത്; ഒരുവൻ അഗ്രചർമ്മത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏൽക്കരുത്. പരിച്ഛേദന ഒന്നുമില്ല, അഗ്രചർമ്മവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്യം. ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽ തന്നെ നിലനിൽക്കട്ടെ. നീ ദാസനായിരിക്കുമ്പോൾ വിളിക്കപ്പെട്ടുവോ? വ്യസനിക്കരുത്. സ്വതന്ത്രൻ ആകുവാൻ കഴിയുമെങ്കിൽ അതിൽത്തന്നെ ഇരുന്നുകൊള്ളുക. എന്തെന്നാൽ ദാസനായി കർത്താവിൽ വിളിക്കപ്പെട്ടവൻ കർത്താവിന്‍റെ സ്വതന്ത്രൻ ആകുന്നു. അങ്ങനെ തന്നെ സ്വതന്ത്രനായി വിളിക്കപ്പെട്ടവൻ ക്രിസ്തുവിന്‍റെ ദാസനാകുന്നു. നിങ്ങളെ വിലയ്ക്ക് വാങ്ങിയിരിക്കുന്നു; മനുഷ്യർക്ക് ദാസന്മാരാകരുത്. സഹോദരന്മാരേ, ഓരോരുത്തൻ വിളിക്കപ്പെട്ട അതേ സ്ഥിതിയിൽ തന്നെ ദൈവസന്നിധിയിൽ വസിക്കട്ടെ.

1 കൊരിന്ത്യർ 7:8-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവർ എന്നെപ്പോലെ പാർത്തുകൊണ്ടാൽ അവർക്കു കൊള്ളാം എന്നു ഞാൻ പറയുന്നു. ജിതേന്ദ്രിയത്വമില്ലെങ്കിലോ അവർ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാൾ വിവാഹം ചെയ്യുന്നതു നല്ലതു. വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കർത്താവു തന്നേ കല്പിക്കുന്നതു: ഭാര്യ ഭർത്താവിനെ വേറുപിരിയരുതു; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാർക്കേണം; അല്ലെന്നു വരികിൽ ഭർത്താവോടു നിരന്നുകൊള്ളേണം; ഭർത്താവു ഭാര്യയെ ഉപേക്ഷിക്കയുമരുതു. എന്നാൽ ശേഷമുള്ളവരോടു കർത്താവല്ല ഞാൻ തന്നേ പറയുന്നതു: ഒരു സഹോദരന്നു അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കയും അവൾ അവനോടുകൂടെ പാർപ്പാൻ സമ്മതിക്കയും ചെയ്താൽ അവളെ ഉപേക്ഷിക്കരുതു. അവിശ്വസിയായ ഭർത്താവുള്ള ഒരു സ്ത്രീയും, അവൻ അവളോടുകൂടെ പാർപ്പാൻ സമ്മതിക്കുന്നു എങ്കിൽ, ഭർത്താവിനെ ഉപേക്ഷിക്കരുതു. അവിശ്വാസിയായ ഭർത്താവു ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാര്യ സഹോദരൻ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നു വരും; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു. അവിശ്വാസി വേറുപിരിയുന്നു എങ്കിൽ പിരിയട്ടെ; ഈ വകയിൽ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാൽ സമാധാനത്തിൽ ജീവിപ്പാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു. സ്ത്രീയേ, നീ ഭർത്താവിന്നു രക്ഷവരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? പുരുഷാ, നീ ഭാര്യക്കു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? എന്നാൽ ഓരോരുത്തന്നു കർത്താവു വിഭാഗിച്ചുകൊടുത്തതുപോലെയും ഓരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവൻ നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാൻ സകല സഭകളിലും ആജ്ഞാപിക്കുന്നതു. ഒരുത്തൻ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചർമ്മം വരുത്തരുതു; ഒരുത്തൻ അഗ്രചർമ്മത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏൽക്കരുതു. പരിച്ഛേദന ഒന്നുമില്ല, അഗ്രചർമ്മവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്യം. ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽ തന്നേ വസിച്ചുകൊള്ളട്ടെ. നീ ദാസനായി വിളിക്കപ്പെട്ടുവോ? വ്യസനിക്കരുതു. സ്വതന്ത്രൻ ആകുവാൻ കഴിയുമെങ്കിലും അതിൽ തന്നേ ഇരുന്നുകൊൾക. ദാസനായി കർത്താവിൽ വിളിക്കപ്പെട്ടവൻ കർത്താവിന്റെ സ്വതന്ത്രൻ ആകുന്നു. അങ്ങനെ തന്നേ സ്വതന്ത്രനായി വിളിക്കപ്പെട്ടവൻ ക്രിസ്തുവിന്റെ ദാസനാകുന്നു. നിങ്ങളെ വിലെക്കുവാങ്ങിയിരിക്കുന്നു; മനുഷ്യർക്കു ദാസന്മാരാകരുതു. സഹോദരന്മാരേ, ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽ തന്നേ ദൈവസന്നിധിയിൽ വസിക്കട്ടെ.

1 കൊരിന്ത്യർ 7:8-24 സമകാലിക മലയാളവിവർത്തനം (MCV)

അവിവാഹിതരോടും വിധവകളോടും ഞാൻ നിർദേശിക്കുന്നത്: എന്നെപ്പോലെ ജീവിക്കുന്നതാണ് അവർക്കു നല്ലത്. എന്നാൽ സംയമം സാധ്യമല്ലെങ്കിൽ അവർ വിവാഹിതരാകണം, വികാരത്താൽ വെന്തെരിയുന്നതിനെക്കാൾ വിവാഹിതരാകുന്നത് ഏറെ നല്ലത്. വിവാഹിതർക്ക് ഞാനല്ല, കർത്താവുതന്നെ കൊടുക്കുന്ന കൽപ്പന ഇതാണ്: ഭാര്യ ഭർത്താവിൽനിന്ന് വേർപിരിയരുത്. അഥവാ, വേർപിരിയുന്നെങ്കിൽ അവൾ വിവാഹംകൂടാതെ ജീവിക്കണം. അത് അസാധ്യമെങ്കിൽ ഭർത്താവുമായി രമ്യപ്പെട്ടുകൊള്ളണം, ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുകയുമരുത്. ശേഷമുള്ളവരോട് കർത്താവല്ല, ഞാൻതന്നെ നിർദേശിക്കുന്നത്: ഒരു സഹോദരന്റെ ഭാര്യ ക്രിസ്തുവിശ്വാസിയല്ല; എന്നാൽ അവൾക്ക് അയാളോടുചേർന്നു ജീവിക്കാൻ സമ്മതവുമാണ്. ഈ സാഹചര്യത്തിൽ അയാൾ അവളെ ഉപേക്ഷിക്കാൻ പാടില്ല. അതുപോലെതന്നെ ഒരു സ്ത്രീയുടെ ഭർത്താവ് ക്രിസ്തുവിശ്വാസിയല്ല; എന്നാൽ അയാൾക്ക് അവളോടുചേർന്ന് ജീവിക്കാൻ സമ്മതവുമാണ്. ഈ സാഹചര്യത്തിൽ അവളും അയാളെ ഉപേക്ഷിക്കാൻ പാടില്ല. കാരണം, അവിശ്വാസിയായ ഭർത്താവ് തന്റെ ഭാര്യമുഖേനയും അവിശ്വാസിനിയായ ഭാര്യ തന്റെ ഭർത്താവുമുഖേനയും വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ നിങ്ങളുടെ കുട്ടികൾ അശുദ്ധരെന്നുവരും. എന്നാൽ ഇപ്പോഴോ അവർ വിശുദ്ധർ ആണ്. അവിശ്വാസിയായ ആൾ വേർപിരിഞ്ഞു പോകുന്നെങ്കിൽ പോകട്ടെ. ഇത്തരം സാഹചര്യങ്ങളിൽ വിശ്വാസിയോ വിശ്വാസിനിയോ അവരവരുടെ പങ്കാളിയുമായി ബദ്ധരായിരിക്കുന്നില്ല. സമാധാനത്തിൽ ജീവിക്കാനാണല്ലോ ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. വിവാഹിതയായ സ്ത്രീയേ, നീ ഭർത്താവിനെ രക്ഷയിലേക്കു നയിക്കില്ല എന്നു എങ്ങനെ അറിയാം? വിവാഹിതനായ പുരുഷാ, നീ ഭാര്യയെ രക്ഷയിലേക്കു നയിക്കില്ല എന്ന് എങ്ങനെ അറിയാം? കർത്താവ് ഓരോരുത്തർക്കും നൽകിയ നിയോഗംപോലെയും ദൈവം ഓരോരുത്തരെ വിളിച്ചതുപോലെയും അവരവർ ജീവിക്കട്ടെ. ഞാൻ എല്ലാ സഭകൾക്കും നൽകുന്ന നിർദേശം ഇതാകുന്നു. ഒരാൾ പരിച്ഛേദനമേറ്റതിനുശേഷമാണ് കർത്താവ് അയാളെ വിളിച്ചതെങ്കിൽ അതിന് മാറ്റം വരുത്താൻ ശ്രമിക്കേണ്ട. മറ്റൊരാൾ പരിച്ഛേദനമേൽക്കുന്നതിനുമുമ്പാണ് കർത്താവ് അയാളെ വിളിച്ചതെങ്കിൽ പരിച്ഛേദനമേൽപ്പിക്കാൻ ശ്രമിക്കരുത്. പരിച്ഛേദനം സ്വീകരിച്ചോ ഇല്ലയോ എന്നതല്ല കാര്യം, ദൈവകൽപ്പനകൾ പാലിക്കുന്നോ എന്നതാണു പ്രധാനം. ഒരാളെ ദൈവം വിളിച്ചപ്പോൾ അയാൾ ഏതവസ്ഥയിലായിരുന്നോ അതേ അവസ്ഥയിൽത്തന്നെ തുടരട്ടെ. കർത്താവ് നിന്നെ വിളിച്ചപ്പോൾ നീയൊരു അടിമയായിരുന്നോ? അതേക്കുറിച്ചു ദുഃഖിക്കരുത്; സ്വതന്ത്രനാകാൻ സാധ്യതയുണ്ടെങ്കിൽ അതു പ്രയോജനപ്പെടുത്തുക. കർത്താവ് വിളിച്ചപ്പോൾ അടിമയായിരുന്നയാൾ കർത്താവിൽ സ്വതന്ത്രരാണ്. അതുപോലെതന്നെ, വിളിക്കപ്പെട്ടപ്പോൾ സ്വതന്ത്രരായിരുന്നവർ ക്രിസ്തുവിന്റെ അടിമകളാണ്. നിങ്ങൾ വിലകൊടുത്തു വാങ്ങപ്പെട്ടവരാണ് അതുകൊണ്ട് ഇനി മനുഷ്യരുടെ അടിമകളാകരുത്. സഹോദരങ്ങളേ, ഓരോരുത്തരും, വിളിക്കപ്പെട്ട അവസ്ഥയിൽ ദൈവത്തോടുള്ള കൂട്ടായ്മയിൽ നിലനിൽക്കേണ്ടതാണ്.