1 കൊരിന്ത്യർ 7:8-24

1 കൊരിന്ത്യർ 7:8-24 MCV

അവിവാഹിതരോടും വിധവകളോടും ഞാൻ നിർദേശിക്കുന്നത്: എന്നെപ്പോലെ ജീവിക്കുന്നതാണ് അവർക്കു നല്ലത്. എന്നാൽ സംയമം സാധ്യമല്ലെങ്കിൽ അവർ വിവാഹിതരാകണം, വികാരത്താൽ വെന്തെരിയുന്നതിനെക്കാൾ വിവാഹിതരാകുന്നത് ഏറെ നല്ലത്. വിവാഹിതർക്ക് ഞാനല്ല, കർത്താവുതന്നെ കൊടുക്കുന്ന കൽപ്പന ഇതാണ്: ഭാര്യ ഭർത്താവിൽനിന്ന് വേർപിരിയരുത്. അഥവാ, വേർപിരിയുന്നെങ്കിൽ അവൾ വിവാഹംകൂടാതെ ജീവിക്കണം. അത് അസാധ്യമെങ്കിൽ ഭർത്താവുമായി രമ്യപ്പെട്ടുകൊള്ളണം, ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുകയുമരുത്. ശേഷമുള്ളവരോട് കർത്താവല്ല, ഞാൻതന്നെ നിർദേശിക്കുന്നത്: ഒരു സഹോദരന്റെ ഭാര്യ ക്രിസ്തുവിശ്വാസിയല്ല; എന്നാൽ അവൾക്ക് അയാളോടുചേർന്നു ജീവിക്കാൻ സമ്മതവുമാണ്. ഈ സാഹചര്യത്തിൽ അയാൾ അവളെ ഉപേക്ഷിക്കാൻ പാടില്ല. അതുപോലെതന്നെ ഒരു സ്ത്രീയുടെ ഭർത്താവ് ക്രിസ്തുവിശ്വാസിയല്ല; എന്നാൽ അയാൾക്ക് അവളോടുചേർന്ന് ജീവിക്കാൻ സമ്മതവുമാണ്. ഈ സാഹചര്യത്തിൽ അവളും അയാളെ ഉപേക്ഷിക്കാൻ പാടില്ല. കാരണം, അവിശ്വാസിയായ ഭർത്താവ് തന്റെ ഭാര്യമുഖേനയും അവിശ്വാസിനിയായ ഭാര്യ തന്റെ ഭർത്താവുമുഖേനയും വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ നിങ്ങളുടെ കുട്ടികൾ അശുദ്ധരെന്നുവരും. എന്നാൽ ഇപ്പോഴോ അവർ വിശുദ്ധർ ആണ്. അവിശ്വാസിയായ ആൾ വേർപിരിഞ്ഞു പോകുന്നെങ്കിൽ പോകട്ടെ. ഇത്തരം സാഹചര്യങ്ങളിൽ വിശ്വാസിയോ വിശ്വാസിനിയോ അവരവരുടെ പങ്കാളിയുമായി ബദ്ധരായിരിക്കുന്നില്ല. സമാധാനത്തിൽ ജീവിക്കാനാണല്ലോ ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. വിവാഹിതയായ സ്ത്രീയേ, നീ ഭർത്താവിനെ രക്ഷയിലേക്കു നയിക്കില്ല എന്നു എങ്ങനെ അറിയാം? വിവാഹിതനായ പുരുഷാ, നീ ഭാര്യയെ രക്ഷയിലേക്കു നയിക്കില്ല എന്ന് എങ്ങനെ അറിയാം? കർത്താവ് ഓരോരുത്തർക്കും നൽകിയ നിയോഗംപോലെയും ദൈവം ഓരോരുത്തരെ വിളിച്ചതുപോലെയും അവരവർ ജീവിക്കട്ടെ. ഞാൻ എല്ലാ സഭകൾക്കും നൽകുന്ന നിർദേശം ഇതാകുന്നു. ഒരാൾ പരിച്ഛേദനമേറ്റതിനുശേഷമാണ് കർത്താവ് അയാളെ വിളിച്ചതെങ്കിൽ അതിന് മാറ്റം വരുത്താൻ ശ്രമിക്കേണ്ട. മറ്റൊരാൾ പരിച്ഛേദനമേൽക്കുന്നതിനുമുമ്പാണ് കർത്താവ് അയാളെ വിളിച്ചതെങ്കിൽ പരിച്ഛേദനമേൽപ്പിക്കാൻ ശ്രമിക്കരുത്. പരിച്ഛേദനം സ്വീകരിച്ചോ ഇല്ലയോ എന്നതല്ല കാര്യം, ദൈവകൽപ്പനകൾ പാലിക്കുന്നോ എന്നതാണു പ്രധാനം. ഒരാളെ ദൈവം വിളിച്ചപ്പോൾ അയാൾ ഏതവസ്ഥയിലായിരുന്നോ അതേ അവസ്ഥയിൽത്തന്നെ തുടരട്ടെ. കർത്താവ് നിന്നെ വിളിച്ചപ്പോൾ നീയൊരു അടിമയായിരുന്നോ? അതേക്കുറിച്ചു ദുഃഖിക്കരുത്; സ്വതന്ത്രനാകാൻ സാധ്യതയുണ്ടെങ്കിൽ അതു പ്രയോജനപ്പെടുത്തുക. കർത്താവ് വിളിച്ചപ്പോൾ അടിമയായിരുന്നയാൾ കർത്താവിൽ സ്വതന്ത്രരാണ്. അതുപോലെതന്നെ, വിളിക്കപ്പെട്ടപ്പോൾ സ്വതന്ത്രരായിരുന്നവർ ക്രിസ്തുവിന്റെ അടിമകളാണ്. നിങ്ങൾ വിലകൊടുത്തു വാങ്ങപ്പെട്ടവരാണ് അതുകൊണ്ട് ഇനി മനുഷ്യരുടെ അടിമകളാകരുത്. സഹോദരങ്ങളേ, ഓരോരുത്തരും, വിളിക്കപ്പെട്ട അവസ്ഥയിൽ ദൈവത്തോടുള്ള കൂട്ടായ്മയിൽ നിലനിൽക്കേണ്ടതാണ്.