1 KORINTH 7:8-24

1 KORINTH 7:8-24 MALCLBSI

അവിവാഹിതരോടും വിധവമാരോടും ഞാൻ പറയുന്നത്, എന്നെപ്പോലെ ഒറ്റയ്‍ക്കു ജീവിക്കുകയാണ് നന്ന് എന്നത്രേ. എന്നാൽ ആത്മസംയമനം സാധ്യമല്ലെങ്കിൽ വിവാഹം ചെയ്യട്ടെ. ഭോഗാസക്തികൊണ്ടു നീറുന്നതിനെക്കാൾ നല്ലത് വിവാഹം ചെയ്യുന്നതാണ്. വിവാഹിതരോടു ഞാൻ ആജ്ഞാപിക്കുന്നു. ഭാര്യ ഭർത്താവിനെ പിരിയരുത്. ഇത് എന്റെ കല്പനയല്ല, കർത്താവിന്റെ കല്പനയാകുന്നു. അഥവാ വേർപിരിയുന്നപക്ഷം, വീണ്ടും വിവാഹം കഴിക്കാതെ ജീവിച്ചുകൊള്ളണം. അല്ലെങ്കിൽ സ്വന്തം ഭർത്താവിനോടു രമ്യപ്പെട്ടുകൊള്ളുക; ഭർത്താവും ഭാര്യയെ ഉപേക്ഷിച്ചുകൂടാ. മറ്റുള്ളവരോടു കർത്താവല്ല ഞാൻ പറയുന്നു: ഒരു സഹോദരന് അവിശ്വാസിനിയായ ഭാര്യ ഉണ്ടായിരിക്കുകയും അയാളോടു കൂടി പാർക്കുവാൻ അവൾ സമ്മതിക്കുകയും ചെയ്യുന്നെങ്കിൽ അവളെ ഉപേക്ഷിക്കരുത്. ഒരു സഹോദരിക്ക് അവിശ്വാസിയായ ഭർത്താവുണ്ടായിരിക്കുകയും അവളോടുകൂടി ജീവിക്കുവാൻ അയാൾ സമ്മതിക്കുകയും ചെയ്യുന്നെങ്കിൽ ആ സ്‍ത്രീ അയാളെ ഉപേക്ഷിച്ചുകൂടാ. എന്തുകൊണ്ടെന്നാൽ അവിശ്വാസിയായ ഭർത്താവ് തന്റെ ഭാര്യ മുഖാന്തരം ദൈവത്തിനു സ്വീകാര്യനായിത്തീരുന്നു; അതുപോലെതന്നെ അവിശ്വാസിനിയായ ഭാര്യ തന്റെ ഭർത്താവ് മുഖാന്തരം ദൈവത്തിന് സ്വീകാര്യയായിത്തീരുന്നു; അല്ലാത്ത പക്ഷം നിങ്ങളുടെ മക്കൾ ദൈവത്തിനുള്ളവരല്ലാതായിത്തീരും. ഇപ്പോഴാകട്ടെ, അവർ ദൈവത്തിനു സ്വീകാര്യരാകുന്നു. വിശ്വാസിയല്ലാത്ത ജീവിതപങ്കാളി പിരിഞ്ഞുപോകാൻ ആഗ്രഹിക്കുന്നെങ്കിൽ പിരിഞ്ഞുപോകട്ടെ; ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ വിശ്വാസികളായ സഹോദരന്മാരും സഹോദരിമാരും ബദ്ധരായിരിക്കുകയില്ല; ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത് സമാധാനമായി ജീവിക്കുവാനാണ്. അല്ലയോ, വിശ്വാസിനിയായ ഭാര്യയേ, നിന്റെ ഭർത്താവിനെ നീ രക്ഷപെടുത്തുമോ ഇല്ലയോ എന്ന് നിനക്ക് എങ്ങനെ അറിയാം? വിശ്വാസിയായ ഭർത്താവേ, നിന്റെ ഭാര്യക്ക് നീ രക്ഷ വരുത്തുമോ ഇല്ലയോ എന്ന് നിനക്ക് എങ്ങനെ അറിയാം! കർത്താവു നല്‌കിയ വരമനുസരിച്ചും, ദൈവം തന്നെ വിളിച്ചപ്പോൾ ആയിരുന്നതുപോലെയും ഓരോ വ്യക്തിയും ജീവിക്കുക. ഇതാണ് ഞാൻ എല്ലാസഭകളെയും പ്രബോധിപ്പിക്കുന്നത്. പരിച്ഛേദനകർമത്തിനു വിധേയനായ ഒരുവൻ, ദൈവവിളി സ്വീകരിച്ചാൽ പരിച്ഛേദനത്തിന്റെ അടയാളം മാറ്റേണ്ടതില്ല. പരിച്ഛേദനകർമത്തിനു വിധേയനാകാത്ത ഒരുവൻ ദൈവവിളി സ്വീകരിക്കുമ്പോൾ, ആ കർമത്തിനു വിധേയനാകേണ്ടതുമില്ല. പരിച്ഛേദനകർമം അനുഷ്ഠിക്കുന്നതിലോ, അനുഷ്ഠിക്കാതിരിക്കുന്നതിലോ കാര്യമൊന്നുമില്ല. ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതാണ് സർവപ്രധാനം. ദൈവത്തിന്റെ വിളി സ്വീകരിച്ചപ്പോൾ ഓരോ വ്യക്തിയും എങ്ങനെയിരുന്നുവോ, അങ്ങനെ തുടർന്നാൽ മതി. ദൈവം വിളിച്ചപ്പോൾ നീ അടിമയായിരുന്നുവോ? അതു കാര്യമാക്കേണ്ടതില്ല; എന്നാൽ സ്വതന്ത്രനാകാൻ അവസരം കിട്ടുന്നെങ്കിൽ അത് ഉപയോഗിച്ചുകൊള്ളുക. എന്തുകൊണ്ടെന്നാൽ കർത്താവു വിളിച്ച അടിമയെ അവിടുന്നു സ്വതന്ത്രനാക്കിയിരിക്കുന്നു; അതുപോലെതന്നെ ക്രിസ്തു വിളിച്ച ഒരു സ്വതന്ത്രൻ അവിടുത്തെ അടിമയാകുന്നു. ദൈവം വിലയ്‍ക്കു വാങ്ങിയവരാണു നിങ്ങൾ; അതുകൊണ്ട് നിങ്ങൾ മനുഷ്യരുടെ അടിമകളാകരുത്. എന്റെ സഹോദരരേ, ഏതവസ്ഥയിൽ നിങ്ങൾ ഓരോ വ്യക്തിയും വിളിക്കപ്പെട്ടുവോ, അതേ അവസ്ഥയിൽ ദൈവത്തോടു ചേർന്നു ജീവിച്ചുകൊള്ളുക.

1 KORINTH 7 വായിക്കുക