1 കൊരിന്ത്യർ 3:1-11
1 കൊരിന്ത്യർ 3:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ സഹോദരന്മാരേ, നിങ്ങളോട് എനിക്ക് ആത്മികന്മാരോട് എന്നപോലെയല്ല, ജഡികന്മാരോട് എന്നപോലെ, ക്രിസ്തുവിൽ ശിശുക്കളായവരോട് എന്നപോലെ അത്രേ സംസാരിപ്പാൻ കഴിഞ്ഞുള്ളൂ. ഭക്ഷണമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്കു തന്നത്; ഭക്ഷിപ്പാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികന്മാരല്ലോ. നിങ്ങളുടെ ഇടയിൽ ഈർഷ്യയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ? ഒരുത്തൻ: ഞാൻ പൗലൊസിന്റെ പക്ഷക്കാരനെന്നും, മറ്റൊരുത്തൻ: ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരനെന്നും പറയുമ്പോൾ നിങ്ങൾ സാധാരണ മനുഷ്യരല്ലയോ? അപ്പൊല്ലോസ് ആർ? പൗലൊസ് ആർ? തങ്ങൾക്കു കർത്താവ് നല്കിയതുപോലെ നിങ്ങൾ വിശ്വസിപ്പാൻ കാരണമായിത്തീർന്ന ശുശ്രൂഷക്കാരത്രേ. ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു, ദൈവമത്രേ വളരുമാറാക്കിയത്. ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനയ്ക്കുന്നവനും ഏതുമില്ല. നടുന്നവനും നനയ്ക്കുന്നവനും ഒരുപോലെ; ഓരോരുത്തനു താന്താന്റെ അധ്വാനത്തിന് ഒത്തവണ്ണം കൂലി കിട്ടും. ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹനിർമാണം. എനിക്കു ലഭിച്ച ദൈവകൃപയ്ക്ക് ഒത്തവണ്ണം ഞാൻ ജ്ഞാനമുള്ളോരു പ്രധാന ശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരുത്തൻ മീതെ പണിയുന്നു; താൻ എങ്ങനെ പണിയുന്നു എന്ന് ഓരോരുത്തനും നോക്കിക്കൊള്ളട്ടെ. യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്ന് ഇടുവാൻ ആർക്കും കഴികയില്ല.
1 കൊരിന്ത്യർ 3:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ സഹോദരരേ, ആത്മീയ മനുഷ്യരോടെന്നപോലെ നിങ്ങളോടു സംസാരിക്കുവാൻ എനിക്കു കഴിഞ്ഞില്ല; ക്രിസ്തീയ വിശ്വാസത്തിൽ ശിശുക്കളായ നിങ്ങളോട്, ലൗകികമനുഷ്യരോടെന്നവണ്ണം, എനിക്കു സംസാരിക്കേണ്ടിവന്നു. കട്ടിയുള്ള ആഹാരമല്ല, പാലാണ് ഞാൻ നിങ്ങൾക്കു തന്നത്. എന്തെന്നാൽ കട്ടിയുള്ള ഭക്ഷണം കഴിക്കുവാൻ നിങ്ങൾക്കു കഴിയുമായിരുന്നില്ല; ഇപ്പോഴും അതിനുള്ള കഴിവു നിങ്ങൾക്കില്ല. ലൗകികമനുഷ്യർ ജീവിക്കുന്നതുപോലെയാണ് ഇപ്പോഴും നിങ്ങൾ ജീവിക്കുന്നത്. നിങ്ങളുടെ ഇടയിൽ അസൂയയും ശണ്ഠയും ഉള്ളതുകൊണ്ടു നിങ്ങൾ ലോകത്തിന്റെ തോതനുസരിച്ചു ജീവിക്കുന്ന ഭൗതികമനുഷ്യരാണെന്നല്ലേ തെളിയുന്നത്? നിങ്ങൾ കേവലം ഭൗതികമനുഷ്യരായതുകൊണ്ടല്ലേ നിങ്ങളിൽ ഒരാൾ “ഞാൻ പൗലൊസിനെ അനുഗമിക്കുന്നു” എന്നും, മറ്റൊരാൾ “ഞാൻ അപ്പൊല്ലോസിനെ അനുഗമിക്കുന്നു” എന്നും പറയുന്നത്? അപ്പൊല്ലോസ് ആരാണ്? പൗലൊസ് ആരാണ്? നിങ്ങളെ വിശ്വാസത്തിലേക്കു നയിച്ച ദൈവത്തിന്റെ ദാസന്മാർ മാത്രമാകുന്നു ഞങ്ങൾ. കർത്താവ് ഏല്പിച്ച ജോലി ഓരോരുത്തനും ചെയ്യുന്നു. ഞാൻ നട്ടു; അപ്പൊല്ലോസ് നനച്ചു; എന്നാൽ വളർച്ച നല്‌കിയത് ദൈവമാണ്. നടുന്നവനും നനയ്ക്കുന്നവനും ഏതുമില്ല; വളർച്ച നല്‌കിയ ദൈവത്തിനാണു വില കല്പിക്കേണ്ടത്. നടുന്നവനും നനയ്ക്കുന്നവനും ഒരുപോലെ മാത്രമേയുള്ളൂ. ഓരോരുത്തനും അവനവന്റെ പ്രയത്നത്തിനു തക്ക പ്രതിഫലം ലഭിക്കും. ഞങ്ങൾ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്ന കൂട്ടുവേലക്കാരാണ്; നിങ്ങൾ ദൈവത്തിന്റെ കൃഷിഭൂമിയും ദൈവത്തിന്റെ മന്ദിരവുമാകുന്നു. ദൈവം എനിക്കു നല്‌കിയ വരമനുസരിച്ച് വിവേകമുള്ള ഒരു മുഖ്യശില്പിയെപ്പോലെ ഞാൻ അടിസ്ഥാനമിട്ടു; മറ്റൊരാൾ അതിന്മേൽ പണിയുന്നു. താൻ എങ്ങനെയാണു പണിയുന്നതെന്ന് ഓരോരുത്തരും ശ്രദ്ധിച്ചുകൊള്ളട്ടെ. എന്തെന്നാൽ യേശുക്രിസ്തു എന്ന ഏക അടിസ്ഥാനം നേരത്തെ ഇട്ടിട്ടുണ്ട്. മറ്റൊരടിസ്ഥാനമിടുവാൻ ആർക്കും സാധ്യമല്ല.
1 കൊരിന്ത്യർ 3:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ, സഹോദരന്മാരേ, നിങ്ങളോട് എനിക്ക് ആത്മികരോട് എന്നപോലെ അല്ല, ജഡികരോട് എന്നപോലെ, ക്രിസ്തുവിൽ ശിശുക്കളോട് എന്നപോലെ, അത്രേ സംസാരിക്കുവാൻ കഴിഞ്ഞത്. കട്ടിയായ ആഹാരമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്ക് തന്നത്; എന്തെന്നാൽ, ഭക്ഷിക്കുവാൻ നിങ്ങൾക്ക് കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികരല്ലോ. നിങ്ങളുടെ ഇടയിൽ അസൂയയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡികരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ? എന്തെന്നാൽ, ഒരാൾ: ഞാൻ പൗലോസിന്റെ പക്ഷക്കാരൻ എന്നും മറ്റൊരാൾ: ഞാൻ അപ്പൊല്ലോസിൻ്റെ പക്ഷക്കാരൻ എന്നും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലയോ? അപ്പൊല്ലോസ് ആർ? പൗലൊസ് ആർ? കർത്താവ് അവർക്ക് നൽകിയതുപോലെ, നിങ്ങൾ വിശ്വസിക്കുവാൻ കാരണമായിത്തീർന്ന, ശുശ്രൂഷകരത്രേ. ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു, ദൈവമത്രേ വളരുമാറാക്കിയത്. ആകയാൽ വളരുമാറാക്കുന്ന ദൈവത്തിനാണ് പ്രാധാന്യം; നടുന്നവനോ നനയ്ക്കുന്നവനോ ഏതുമില്ല. നടുന്നവനും നനയ്ക്കുന്നവനും ഒരുപോലെ; ഓരോരുത്തർക്കും അവരുടെ അദ്ധ്വാനത്തിനുള്ള കൂലി കിട്ടും. എന്തെന്നാൽ, ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്‍റെ കൃഷിത്തോട്ടം, ദൈവത്തിന്‍റെ ഗൃഹനിർമ്മാണം. ദൈവം എനിക്ക് നൽകിയ കൃപയ്ക്ക് ഒത്തവണ്ണം ഞാൻ വിദഗ്ദ്ധനായ ഒരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരാൾ അതിന് മീതെ പണിയുന്നു; എന്നാൽ, താൻ എങ്ങനെ പണിയുന്നു എന്നു ഓരോരുത്തനും നോക്കിക്കൊള്ളട്ടെ. എന്തെന്നാൽ, യേശുക്രിസ്തു എന്ന അടിസ്ഥാനമല്ലാതെ മറ്റൊരു അടിസ്ഥാനം ഇടുവാൻ ആർക്കും കഴിയുകയില്ല.
1 കൊരിന്ത്യർ 3:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ സഹോദരന്മാരേ, നിങ്ങളോടു എനിക്കു ആത്മികന്മാരോടു എന്നപോലെ അല്ല, ജഡികന്മാരോടു എന്നപോലെ, ക്രിസ്തുവിൽ ശിശുക്കളായവരോടു എന്നപോലെ അത്രേ സംസാരിപ്പാൻ കഴിഞ്ഞുള്ളു. ഭക്ഷണമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്കു തന്നതു; ഭക്ഷിപ്പാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികന്മാരല്ലോ. നിങ്ങളുടെ ഇടയിൽ ഈർഷ്യയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ? ഒരുത്തൻ: ഞാൻ പൗലൊസിന്റെ പക്ഷക്കാരൻ എന്നും മറ്റൊരുത്തൻ: ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ എന്നും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലയോ? അപ്പൊല്ലോസ് ആർ? പൗലൊസ് ആർ? തങ്ങൾക്കു കർത്താവു നല്കിയതുപോലെ നിങ്ങൾ വിശ്വസിപ്പാൻ കാരണമായിത്തീർന്ന ശുശ്രൂഷക്കാരത്രേ. ഞാൻ നട്ടു, അപ്പൊല്ലോസ് നനെച്ചു, ദൈവമത്രേ വളരുമാറാക്കിയതു. ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല. നടുന്നവനും നനെക്കുന്നവനും ഒരുപോലെ; ഓരോരുത്തന്നു താന്താന്റെ അദ്ധ്വാനത്തിന്നു ഒത്തവണ്ണം കൂലി കിട്ടും. ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹനിർമ്മാണം. എനിക്കു ലഭിച്ച ദൈവകൃപെക്കു ഒത്തവണ്ണം ഞാൻ ജ്ഞാനമുള്ളോരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരുത്തൻ മീതെ പണിയുന്നു; താൻ എങ്ങനെ പണിയുന്നു എന്നു ഓരോരുത്തനും നോക്കിക്കൊള്ളട്ടെ. യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല.
1 കൊരിന്ത്യർ 3:1-11 സമകാലിക മലയാളവിവർത്തനം (MCV)
സഹോദരങ്ങളേ, എനിക്കു നിങ്ങളോടു സംസാരിക്കാൻ സാധിച്ചത് ആത്മികരോട് എന്നപോലെയല്ല, പിന്നെയോ ജഡികരോട്, ക്രിസ്തുവിൽ ശിശുതുല്യരോട് എന്നപോലെമാത്രമായിരുന്നു. ഞാൻ നിങ്ങൾക്കു പാലാണ് തന്നത്, കട്ടിയായ ഭക്ഷണമല്ല. കട്ടിയുള്ളതു കഴിക്കാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു, ഇപ്പോഴും ഇല്ല. നിങ്ങൾ ഇപ്പോഴും ജഡികരാണ്. നിങ്ങളുടെ ഇടയിൽ അസൂയയും ശണ്ഠയും നിലനിൽക്കെ നിങ്ങൾ ജഡികരല്ലേ? സാമാന്യജനത്തെപ്പോലെതന്നെയല്ലേ നിങ്ങൾ പെരുമാറുന്നത്? “ഞാൻ പൗലോസിന്റെ പക്ഷക്കാരൻ,” എന്ന് ഒരാളും “ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ,” എന്നു മറ്റൊരാളും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലേ? ആരാണ് അപ്പൊല്ലോസ്? ആരാണ് പൗലോസ്? നിങ്ങൾ സുവിശേഷത്തിൽ വിശ്വസിക്കുന്നതിന് ഉപകരണങ്ങളായി കർത്താവു നിയോഗിച്ച ശുശ്രൂഷക്കാർമാത്രമല്ലേ? ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു; വളർത്തിയതോ ദൈവമാണ്. അതുകൊണ്ട്, നടുന്നവനൊ നനയ്ക്കുന്നവനൊ അല്ല മഹത്ത്വം, വളർച്ച നൽകുന്ന ദൈവത്തിന്നത്രേ. നടുന്നവനും നനയ്ക്കുന്നവനും തുല്യരത്രേ. ഓരോരുത്തർക്കും അവരവരുടെ പ്രയത്നം അനുസരിച്ചു പ്രതിഫലം ലഭിക്കും. ഞങ്ങൾ ദൈവത്തിന്റെ സഹപ്രവർത്തകർ; നിങ്ങൾ ദൈവത്തിന്റെ കൃഷിയിടം, ദൈവത്തിന്റെ ഗൃഹനിർമാണം. ദൈവം എനിക്കു കൃപ നൽകിയതുകൊണ്ട് ജ്ഞാനിയായ ഒരു മുഖ്യശില്പിയെപ്പോലെ ഞാൻ അടിസ്ഥാനം ഇട്ടു. അതിന്മേൽ വേറൊരാൾ പണിയുന്നു; എന്നാൽ, പണിയുന്നവർ ഓരോരുത്തരും ശ്രദ്ധയോടെ വേണം പണിയാൻ. യേശുക്രിസ്തു എന്ന അടിസ്ഥാനം ഇട്ടുകഴിഞ്ഞിരിക്കുന്നു; മറ്റൊന്നിടാൻ ആർക്കും സാധ്യമല്ല.