1 കൊരി. 3:1-11

1 കൊരി. 3:1-11 IRVMAL

എന്നാൽ, സഹോദരന്മാരേ, നിങ്ങളോട് എനിക്ക് ആത്മികരോട് എന്നപോലെ അല്ല, ജഡികരോട് എന്നപോലെ, ക്രിസ്തുവിൽ ശിശുക്കളോട് എന്നപോലെ, അത്രേ സംസാരിക്കുവാൻ കഴിഞ്ഞത്. കട്ടിയായ ആഹാരമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്ക് തന്നത്; എന്തെന്നാൽ, ഭക്ഷിക്കുവാൻ നിങ്ങൾക്ക് കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികരല്ലോ. നിങ്ങളുടെ ഇടയിൽ അസൂയയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡികരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ? എന്തെന്നാൽ, ഒരാൾ: ഞാൻ പൗലോസിന്‍റെ പക്ഷക്കാരൻ എന്നും മറ്റൊരാൾ: ഞാൻ അപ്പൊല്ലോസിൻ്റെ പക്ഷക്കാരൻ എന്നും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലയോ? അപ്പൊല്ലോസ് ആർ? പൗലൊസ് ആർ? കർത്താവ് അവർക്ക് നൽകിയതുപോലെ, നിങ്ങൾ വിശ്വസിക്കുവാൻ കാരണമായിത്തീർന്ന, ശുശ്രൂഷകരത്രേ. ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു, ദൈവമത്രേ വളരുമാറാക്കിയത്. ആകയാൽ വളരുമാറാക്കുന്ന ദൈവത്തിനാണ് പ്രാധാന്യം; നടുന്നവനോ നനയ്ക്കുന്നവനോ ഏതുമില്ല. നടുന്നവനും നനയ്ക്കുന്നവനും ഒരുപോലെ; ഓരോരുത്തർക്കും അവരുടെ അദ്ധ്വാനത്തിനുള്ള കൂലി കിട്ടും. എന്തെന്നാൽ, ഞങ്ങൾ ദൈവത്തിന്‍റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്‍റെ കൃഷിത്തോട്ടം, ദൈവത്തിന്‍റെ ഗൃഹനിർമ്മാണം. ദൈവം എനിക്ക് നൽകിയ കൃപയ്ക്ക് ഒത്തവണ്ണം ഞാൻ വിദഗ്ദ്ധനായ ഒരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരാൾ അതിന് മീതെ പണിയുന്നു; എന്നാൽ, താൻ എങ്ങനെ പണിയുന്നു എന്നു ഓരോരുത്തനും നോക്കിക്കൊള്ളട്ടെ. എന്തെന്നാൽ, യേശുക്രിസ്തു എന്ന അടിസ്ഥാനമല്ലാതെ മറ്റൊരു അടിസ്ഥാനം ഇടുവാൻ ആർക്കും കഴിയുകയില്ല.