1 കൊരിന്ത്യർ 3:1-11

1 കൊരിന്ത്യർ 3:1-11 MALOVBSI

എന്നാൽ സഹോദരന്മാരേ, നിങ്ങളോട് എനിക്ക് ആത്മികന്മാരോട് എന്നപോലെയല്ല, ജഡികന്മാരോട് എന്നപോലെ, ക്രിസ്തുവിൽ ശിശുക്കളായവരോട് എന്നപോലെ അത്രേ സംസാരിപ്പാൻ കഴിഞ്ഞുള്ളൂ. ഭക്ഷണമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്കു തന്നത്; ഭക്ഷിപ്പാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികന്മാരല്ലോ. നിങ്ങളുടെ ഇടയിൽ ഈർഷ്യയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ? ഒരുത്തൻ: ഞാൻ പൗലൊസിന്റെ പക്ഷക്കാരനെന്നും, മറ്റൊരുത്തൻ: ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരനെന്നും പറയുമ്പോൾ നിങ്ങൾ സാധാരണ മനുഷ്യരല്ലയോ? അപ്പൊല്ലോസ് ആർ? പൗലൊസ് ആർ? തങ്ങൾക്കു കർത്താവ് നല്കിയതുപോലെ നിങ്ങൾ വിശ്വസിപ്പാൻ കാരണമായിത്തീർന്ന ശുശ്രൂഷക്കാരത്രേ. ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു, ദൈവമത്രേ വളരുമാറാക്കിയത്. ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനയ്ക്കുന്നവനും ഏതുമില്ല. നടുന്നവനും നനയ്ക്കുന്നവനും ഒരുപോലെ; ഓരോരുത്തനു താന്താന്റെ അധ്വാനത്തിന് ഒത്തവണ്ണം കൂലി കിട്ടും. ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹനിർമാണം. എനിക്കു ലഭിച്ച ദൈവകൃപയ്ക്ക് ഒത്തവണ്ണം ഞാൻ ജ്ഞാനമുള്ളോരു പ്രധാന ശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരുത്തൻ മീതെ പണിയുന്നു; താൻ എങ്ങനെ പണിയുന്നു എന്ന് ഓരോരുത്തനും നോക്കിക്കൊള്ളട്ടെ. യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്ന് ഇടുവാൻ ആർക്കും കഴികയില്ല.