1 ദിനവൃത്താന്തം 13:1-10
1 ദിനവൃത്താന്തം 13:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാവീദ് സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും സകല നായകന്മാരോടും ആലോചിച്ചശേഷം യിസ്രായേലിന്റെ സർവസഭയോടും പറഞ്ഞത്: നിങ്ങൾക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവയ്ക്കു ഹിതവും ആകുന്നു എങ്കിൽ നാം യിസ്രായേൽദേശത്തെല്ലാടവുമുള്ള നമ്മുടെ ശേഷം സഹോദരന്മാരും അവരോടുകൂടെ പുല്പുറങ്ങളുള്ള പട്ടണങ്ങളിൽ പാർക്കുന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കൽ വന്നുകൂടേണ്ടതിന് എല്ലാടവും ആളയയ്ക്കുക. നമ്മുടെ ദൈവത്തിന്റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരിക; ശൗലിന്റെ കാലത്തു നാം അതിനെ ഗണ്യമാക്കിയില്ലല്ലോ. ഈ കാര്യം സകല ജനത്തിനും ബോധിച്ചതുകൊണ്ട് അങ്ങനെതന്നെ ചെയ്യേണമെന്നു സർവസഭയും പറഞ്ഞു. ഇങ്ങനെ ദാവീദ് ദൈവത്തിന്റെ പെട്ടകം കിര്യത്ത്-യെയാരീമിൽനിന്നു കൊണ്ടുവരേണ്ടതിനു മിസ്രയീമിലെ ശീഹോർ തുടങ്ങി ഹമാത്ത് പ്രദേശംവരെയുള്ള എല്ലാ യിസ്രായേലിനെയും കൂട്ടിവരുത്തി. കെരൂബുകളുടെ മധ്യേ അധിവസിക്കുന്ന യഹോവയായ ദൈവത്തിന്റെ തിരുനാമം വിളിക്കപ്പെടുന്ന പെട്ടകം കൊണ്ടുവരേണ്ടതിനു ദാവീദും യിസ്രായേലൊക്കെയും യെഹൂദായോടു ചേർന്ന് കിര്യത്ത്- യെയാരീമെന്ന ബയലയിൽ ചെന്നു. അവർ ദൈവത്തിന്റെ പെട്ടകം അബീനാദാബിന്റെ വീട്ടിൽനിന്ന് എടുത്ത് ഒരു പുതിയ വണ്ടിയിൽ കയറ്റി; ഉസ്സയും അഹ്യോവും വണ്ടി തെളിച്ചു. ദാവീദും എല്ലാ യിസ്രായേലും ദൈവത്തിന്റെ സന്നിധിയിൽ പൂർണശക്തിയോടെ പാട്ടുപാടിയും കിന്നരം, വീണ, തപ്പ്, കൈത്താളം, കാഹളം എന്നീ വാദ്യങ്ങൾ ഘോഷിച്ചുംകൊണ്ടു നൃത്തം ചെയ്തു. അവർ കീദോൻകളത്തിനു സമീപമെത്തിയപ്പോൾ കാള വിരളുകകൊണ്ട് ഉസ്സ പെട്ടകം പിടിപ്പാൻ കൈ നീട്ടി. അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരേ ജ്വലിച്ചു; അവൻ തന്റെ കൈ പെട്ടകത്തിങ്കലേക്കു നീട്ടിയതുകൊണ്ട് അവനെ ബാധിച്ചു, അവൻ അവിടെ ദൈവസന്നിധിയിൽ മരിച്ചുപോയി.
1 ദിനവൃത്താന്തം 13:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദാവീദ് എല്ലാ സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ആലോചിച്ചു. പിന്നീട് ഇസ്രായേൽസഭ മുഴുവനോടും പറഞ്ഞു: “ഞാൻ പറയുന്നതു നിങ്ങൾക്കു സമ്മതവും നമ്മുടെ ദൈവമായ സർവേശ്വരനു ഹിതവുമെങ്കിൽ ഇസ്രായേൽദേശത്തെല്ലാടവുമുള്ള നമ്മുടെ മറ്റു സഹോദരന്മാരെയും മേച്ചിൽസ്ഥലങ്ങളോടുകൂടിയ പട്ടണങ്ങളിൽ പാർക്കുന്ന പുരോഹിതന്മാരെയും ആളയച്ചു വരുത്തി നമ്മുടെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ മടക്കിക്കൊണ്ടുവരണം. ശൗലിന്റെ കാലത്തു നാം അതിനെ അവഗണിച്ചു.” ഈ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. അങ്ങനെയാകട്ടെ എന്ന് എല്ലാവരും പറഞ്ഞു. അങ്ങനെ ദൈവത്തിന്റെ പെട്ടകം കിര്യത്ത്-യെയാരീമിൽനിന്നു കൊണ്ടുവരുന്നതിന് ഈജിപ്തിലെ ശീഹോർമുതൽ ഹാമാത്ത് പ്രദേശംവരെയുള്ള സകല ഇസ്രായേല്യരെയും ദാവീദ് വിളിച്ചുകൂട്ടി. കെരൂബുകളുടെമേൽ സിംഹാസനാരൂഢനായിരിക്കുന്ന സർവേശ്വരന്റെ നാമം ഉള്ള ദൈവത്തിന്റെ പെട്ടകം കൊണ്ടുവരാൻ ദാവീദും ഇസ്രായേല്യരും യെഹൂദ്യയിലുള്ള കിര്യത്ത്-യെയാരീമിലെ ബാലായിലേക്കു പോയി. അബീനാദാബിന്റെ ഭവനത്തിൽനിന്നു ദൈവത്തിന്റെ പെട്ടകം എടുത്ത് അവർ ഒരു പുതിയ വണ്ടിയിൽ കയറ്റി. ഉസ്സയും അഹിയോവുമായിരുന്നു വണ്ടി തെളിച്ചത്. ദാവീദും സകല ഇസ്രായേല്യരും ഉല്ലാസത്തിമർപ്പോടെ നൃത്തം ചെയ്തു; കിന്നരം, വീണ, തപ്പ്, കൈത്താളം, കാഹളം തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് അവർ സർവശക്തിയോടുംകൂടി ദൈവസന്നിധിയിൽ ഗാനങ്ങൾ ആലപിച്ചു. അവർ കീദോൻ മെതിക്കളത്തിനു സമീപം എത്തിയപ്പോൾ കാളയുടെ കാലിടറിയതിനാൽ പെട്ടകം താങ്ങിപ്പിടിക്കാൻ ഉസ്സ കൈ നീട്ടി. അപ്പോൾ സർവേശ്വരന്റെ കോപം അവനെതിരെ ജ്വലിച്ചു; പെട്ടകത്തെ തൊടാൻ ഒരുങ്ങിയതുകൊണ്ട് അവൻ ദൈവസന്നിധിയിൽ മരിച്ചുവീണു.
1 ദിനവൃത്താന്തം 13:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദാവീദ് സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും സകലനായകന്മാരോടും ആലോചിച്ചു. അതിനുശേഷം യിസ്രായേലിന്‍റെ സർവ്വസഭയോടും പറഞ്ഞത്: “നിങ്ങൾക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവയ്ക്കു ഹിതവും ആകുന്നു എങ്കിൽ നാം യിസ്രായേൽദേശത്തെല്ലാടവുമുള്ള നമ്മുടെ മറ്റ് സഹോദരന്മാരും അവരോടുകൂടെ പുൽപുറങ്ങളുള്ള പട്ടണങ്ങളിൽ പാർക്കുന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കൽ വന്നുകൂടേണ്ടതിന് എല്ലാടവും ആളയക്കുക. നമ്മുടെ ദൈവത്തിന്റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരിക; ശൗലിന്‍റെ കാലത്ത് നാം അതിനെ അവഗണിച്ചല്ലോ.” ഈ കാര്യം സകലജനത്തിനും ശരി എന്നു തോന്നിയതുകൊണ്ട് അങ്ങനെ തന്നെ ചെയ്യാമെന്ന് സർവ്വസഭയും പറഞ്ഞു. ഇങ്ങനെ ദാവീദ് ദൈവത്തിന്റെ പെട്ടകം കിര്യത്ത്-യെയാരീമിൽ നിന്നു കൊണ്ടുവരേണ്ടതിനു മിസ്രയീമിലെ ശീഹോർ തുടങ്ങി ഹമാത്ത് പ്രദേശംവരെയുള്ള എല്ലാ യിസ്രായേലിനെയും കൂട്ടിവരുത്തി. കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്ന യഹോവയായ ദൈവത്തിന്റെ തിരുനാമം വിളിക്കപ്പെടുന്ന പെട്ടകം കൊണ്ടുവരേണ്ടതിനു, ദാവീദും യിസ്രായേലൊക്കെയും യെഹൂദയോടു ചേർന്ന് കിര്യത്ത്-യെയാരീമെന്ന ബയലയിൽ ചെന്നു. അവർ ദൈവത്തിന്റെ പെട്ടകം അബീനാദാബിന്‍റെ വീട്ടിൽനിന്നെടുത്ത് ഒരു പുതിയ വണ്ടിയിൽ കയറ്റി; ഉസ്സയും അഹ്യോവും വണ്ടി തെളിച്ചു. ദാവീദും എല്ലാ യിസ്രായേലും ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണശക്തിയോടെ പാട്ടുപാടിയും കിന്നരം, വീണ, തപ്പ്, കൈത്താളം, കാഹളം എന്നീ വാദ്യങ്ങൾ ഘോഷിച്ചുംകൊണ്ടു നൃത്തംചെയ്തു. അവർ കീദോൻകളത്തിനു സമീപം എത്തിയപ്പോൾ കാളകള്‍ വിരണ്ടു. അതുകൊണ്ട് ഉസ്സാ പെട്ടകം പിടിക്കുവാൻ കൈ നീട്ടി. അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവൻ തന്റെ കൈ പെട്ടകത്തിനുനേരേ നീട്ടിയതുകൊണ്ട് അവനെ ബാധിച്ചു, അവൻ അവിടെ ദൈവസന്നിധിയിൽ മരിച്ചുപോയി.
1 ദിനവൃത്താന്തം 13:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദാവീദ് സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും സകലനായകന്മാരോടും ആലോചിച്ചശേഷം യിസ്രായേലിന്റെ സർവ്വസഭയോടും പറഞ്ഞതു: നിങ്ങൾക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവെക്കു ഹിതവും ആകുന്നു എങ്കിൽ നാം യിസ്രായേൽദേശത്തെല്ലാടവുമുള്ള നമ്മുടെ ശേഷം സഹോദരന്മാരും അവരോടുകൂടെ പുൽപുറങ്ങളുള്ള പട്ടണങ്ങളിൽ പാർക്കുന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കൽ വന്നുകൂടേണ്ടതിന്നു എല്ലാടവും ആളയക്കുക. നമ്മുടെ ദൈവത്തിന്റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരിക; ശൗലിന്റെ കാലത്തു നാം അതിനെ ഗണ്യമാക്കിയില്ലല്ലോ. ഈ കാര്യം സകലജനത്തിന്നും ബോധിച്ചതുകൊണ്ടു അങ്ങനെ തന്നേ ചെയ്യേണമെന്നു സർവ്വസഭയും പറഞ്ഞു. ഇങ്ങനെ ദാവീദ് ദൈവത്തിന്റെ പെട്ടകം കിര്യത്ത്-യെയാരീമിൽനിന്നു കൊണ്ടുവരേണ്ടതിന്നു മിസ്രയീമിലെ ശീഹോർ തുടങ്ങി ഹമാത്ത് പ്രദേശംവരെയുള്ള എല്ലായിസ്രായേലിനെയും കൂട്ടിവരുത്തി. കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്ന യഹോവയായ ദൈവത്തിന്റെ തിരുനാമം വിളിക്കപ്പെടുന്ന പെട്ടകം കൊണ്ടുവരേണ്ടതിന്നു ദാവീദും യിസ്രായേലൊക്കെയും യെഹൂദയോടു ചേർന്നു കിര്യത്ത്-യെയാരീമെന്ന ബയലയിൽ ചെന്നു. അവർ ദൈവത്തിന്റെ പെട്ടകം അബീനാദാബിന്റെ വീട്ടിൽനിന്നെടുത്തു ഒരു പുതിയ വണ്ടിയിൽ കയറ്റി; ഉസ്സയും അഹ്യോവും വണ്ടിതെളിച്ചു. ദാവീദും എല്ലായിസ്രായേലും ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണശക്തിയോടെ പാട്ടുപാടിയും കിന്നരം, വീണ, തപ്പു, കൈത്താളം, കാഹളം എന്നീ വാദ്യങ്ങൾ ഘോഷിച്ചുംകൊണ്ടു നൃത്തംചെയ്തു. അവർ കീദോൻകളത്തിന്നു സമീപം എത്തിയപ്പോൾ കാള വിരളുകകൊണ്ടു ഉസ്സാ പെട്ടകം പിടിപ്പാൻ കൈ നീട്ടി. അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവൻ തന്റെ കൈ പെട്ടകത്തിങ്കലേക്കു നീട്ടിയതുകൊണ്ടു അവനെ ബാധിച്ചു, അവൻ അവിടെ ദൈവസന്നിധിയിൽ മരിച്ചുപോയി.
1 ദിനവൃത്താന്തം 13:1-10 സമകാലിക മലയാളവിവർത്തനം (MCV)
ദാവീദ് സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും, അങ്ങനെ തന്റെ അധിപതിമാരിൽ ഓരോരുത്തരോടും കൂടിയാലോചിച്ചു. അതിനുശേഷം ദാവീദ് ഇസ്രായേലിന്റെ സർവസഭയോടുമായി പറഞ്ഞത്: “ഞാൻ ഈ പറയുന്നത് നിങ്ങൾക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവയ്ക്കു ഹിതവും ആണെങ്കിൽ, ഇസ്രായേൽദേശത്തെങ്ങുമുള്ള നമ്മുടെ സഹോദരന്മാരെയും നഗരങ്ങളിലും മേച്ചിൽപ്പുറങ്ങളിലും അവരോടൊപ്പം കഴിയുന്ന പുരോഹിതന്മാരെയും ലേവ്യരെയും നമുക്ക് ആളയച്ച് ഇവിടെ കൂട്ടിവരുത്താം. നമ്മുടെ ദൈവത്തിന്റെ പേടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരാം. ശൗലിന്റെ ഭരണകാലത്ത് നാം അതിനെപ്പറ്റി പരിഗണിച്ചില്ലല്ലോ!” ജനങ്ങൾക്കെല്ലാം അതു ശരിയായിത്തോന്നി, അതുകൊണ്ട് ആ സഭ ഒന്നടങ്കം അപ്രകാരം ചെയ്യാൻ സമ്മതിച്ചു. അങ്ങനെ ദാവീദ് ദൈവത്തിന്റെ പേടകം കിര്യത്ത്-യെയാരീമിൽനിന്നു കൊണ്ടുവരുന്നതിനായി ഈജിപ്റ്റിലെ സീഹോർനദിമുതൽ ലെബോ-ഹമാത്തിന്റെ പ്രവേശനകവാടംവരെയുള്ള ഇസ്രായേല്യരെ ആകമാനം വിളിച്ചുവരുത്തി. കെരൂബുകളുടെ മധ്യേ സിംഹാസനസ്ഥനായിരിക്കുന്ന ദൈവമായ യഹോവയുടെ നാമത്തിൽ വിളിക്കപ്പെടുന്ന പേടകം കൊണ്ടുവരുന്നതിനായി ദാവീദ് ഇസ്രായേല്യരെയെല്ലാം കൂട്ടിക്കൊണ്ട് യെഹൂദ്യയിലെ കിര്യത്ത്-യെയാരീം എന്നറിയപ്പെടുന്ന ബാലായിൽച്ചെന്നു. അവർ ദൈവത്തിന്റെ പേടകം അബീനാദാബിന്റെ ഭവനത്തിൽനിന്ന് ഒരു പുതിയ വണ്ടിയിൽ കയറ്റി; ഉസ്സയും അഹ്യോവും വണ്ടി തെളിച്ചു. ദാവീദും ഇസ്രായേല്യരെല്ലാവരും ദൈവസന്നിധിയിൽ സർവശക്തിയോടുംകൂടെ കിന്നരം, വീണ, തപ്പ്, ഇലത്താളം, കാഹളം എന്നിവ ഉപയോഗിച്ച് പാട്ടു പാടിയും നൃത്തംചെയ്തും അനുഗമിച്ചിരുന്നു. അവർ കീദോന്റെ മെതിക്കളത്തിൽ എത്തിയപ്പോൾ കാള വിരണ്ടതിനാൽ ഉസ്സ പേടകം പിടിക്കാൻ കൈനീട്ടി. യഹോവയുടെ ക്രോധം ഉസ്സയുടെനേരേ ജ്വലിച്ചു. അവൻ പേടകം തൊട്ടതിനാൽ യഹോവ അയാളെ സംഹരിച്ചു. അവൻ അവിടെ ദൈവസന്നിധിയിൽ മരിച്ചുവീണു.