1 ദിന. 13:1-10

1 ദിന. 13:1-10 IRVMAL

ദാവീദ് സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും സകലനായകന്മാരോടും ആലോചിച്ചു. അതിനുശേഷം യിസ്രായേലിന്‍റെ സർവ്വസഭയോടും പറഞ്ഞത്: “നിങ്ങൾക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവയ്ക്കു ഹിതവും ആകുന്നു എങ്കിൽ നാം യിസ്രായേൽദേശത്തെല്ലാടവുമുള്ള നമ്മുടെ മറ്റ് സഹോദരന്മാരും അവരോടുകൂടെ പുൽപുറങ്ങളുള്ള പട്ടണങ്ങളിൽ പാർക്കുന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കൽ വന്നുകൂടേണ്ടതിന് എല്ലാടവും ആളയക്കുക. നമ്മുടെ ദൈവത്തിന്‍റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരിക; ശൗലിന്‍റെ കാലത്ത് നാം അതിനെ അവഗണിച്ചല്ലോ.” ഈ കാര്യം സകലജനത്തിനും ശരി എന്നു തോന്നിയതുകൊണ്ട് അങ്ങനെ തന്നെ ചെയ്യാമെന്ന് സർവ്വസഭയും പറഞ്ഞു. ഇങ്ങനെ ദാവീദ് ദൈവത്തിന്‍റെ പെട്ടകം കിര്യത്ത്-യെയാരീമിൽ നിന്നു കൊണ്ടുവരേണ്ടതിനു മിസ്രയീമിലെ ശീഹോർ തുടങ്ങി ഹമാത്ത് പ്രദേശംവരെയുള്ള എല്ലാ യിസ്രായേലിനെയും കൂട്ടിവരുത്തി. കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്ന യഹോവയായ ദൈവത്തിന്‍റെ തിരുനാമം വിളിക്കപ്പെടുന്ന പെട്ടകം കൊണ്ടുവരേണ്ടതിനു, ദാവീദും യിസ്രായേലൊക്കെയും യെഹൂദയോടു ചേർന്ന് കിര്യത്ത്-യെയാരീമെന്ന ബയലയിൽ ചെന്നു. അവർ ദൈവത്തിന്‍റെ പെട്ടകം അബീനാദാബിന്‍റെ വീട്ടിൽനിന്നെടുത്ത് ഒരു പുതിയ വണ്ടിയിൽ കയറ്റി; ഉസ്സയും അഹ്യോവും വണ്ടി തെളിച്ചു. ദാവീദും എല്ലാ യിസ്രായേലും ദൈവത്തിന്‍റെ സന്നിധിയിൽ പൂർണ്ണശക്തിയോടെ പാട്ടുപാടിയും കിന്നരം, വീണ, തപ്പ്, കൈത്താളം, കാഹളം എന്നീ വാദ്യങ്ങൾ ഘോഷിച്ചുംകൊണ്ടു നൃത്തംചെയ്തു. അവർ കീദോൻകളത്തിനു സമീപം എത്തിയപ്പോൾ കാളകള്‍ വിരണ്ടു. അതുകൊണ്ട് ഉസ്സാ പെട്ടകം പിടിക്കുവാൻ കൈ നീട്ടി. അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവൻ തന്‍റെ കൈ പെട്ടകത്തിനുനേരേ നീട്ടിയതുകൊണ്ട് അവനെ ബാധിച്ചു, അവൻ അവിടെ ദൈവസന്നിധിയിൽ മരിച്ചുപോയി.