ദാവീദ് എല്ലാ സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ആലോചിച്ചു. പിന്നീട് ഇസ്രായേൽസഭ മുഴുവനോടും പറഞ്ഞു: “ഞാൻ പറയുന്നതു നിങ്ങൾക്കു സമ്മതവും നമ്മുടെ ദൈവമായ സർവേശ്വരനു ഹിതവുമെങ്കിൽ ഇസ്രായേൽദേശത്തെല്ലാടവുമുള്ള നമ്മുടെ മറ്റു സഹോദരന്മാരെയും മേച്ചിൽസ്ഥലങ്ങളോടുകൂടിയ പട്ടണങ്ങളിൽ പാർക്കുന്ന പുരോഹിതന്മാരെയും ആളയച്ചു വരുത്തി നമ്മുടെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ മടക്കിക്കൊണ്ടുവരണം. ശൗലിന്റെ കാലത്തു നാം അതിനെ അവഗണിച്ചു.” ഈ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. അങ്ങനെയാകട്ടെ എന്ന് എല്ലാവരും പറഞ്ഞു. അങ്ങനെ ദൈവത്തിന്റെ പെട്ടകം കിര്യത്ത്-യെയാരീമിൽനിന്നു കൊണ്ടുവരുന്നതിന് ഈജിപ്തിലെ ശീഹോർമുതൽ ഹാമാത്ത് പ്രദേശംവരെയുള്ള സകല ഇസ്രായേല്യരെയും ദാവീദ് വിളിച്ചുകൂട്ടി. കെരൂബുകളുടെമേൽ സിംഹാസനാരൂഢനായിരിക്കുന്ന സർവേശ്വരന്റെ നാമം ഉള്ള ദൈവത്തിന്റെ പെട്ടകം കൊണ്ടുവരാൻ ദാവീദും ഇസ്രായേല്യരും യെഹൂദ്യയിലുള്ള കിര്യത്ത്-യെയാരീമിലെ ബാലായിലേക്കു പോയി. അബീനാദാബിന്റെ ഭവനത്തിൽനിന്നു ദൈവത്തിന്റെ പെട്ടകം എടുത്ത് അവർ ഒരു പുതിയ വണ്ടിയിൽ കയറ്റി. ഉസ്സയും അഹിയോവുമായിരുന്നു വണ്ടി തെളിച്ചത്. ദാവീദും സകല ഇസ്രായേല്യരും ഉല്ലാസത്തിമർപ്പോടെ നൃത്തം ചെയ്തു; കിന്നരം, വീണ, തപ്പ്, കൈത്താളം, കാഹളം തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് അവർ സർവശക്തിയോടുംകൂടി ദൈവസന്നിധിയിൽ ഗാനങ്ങൾ ആലപിച്ചു. അവർ കീദോൻ മെതിക്കളത്തിനു സമീപം എത്തിയപ്പോൾ കാളയുടെ കാലിടറിയതിനാൽ പെട്ടകം താങ്ങിപ്പിടിക്കാൻ ഉസ്സ കൈ നീട്ടി. അപ്പോൾ സർവേശ്വരന്റെ കോപം അവനെതിരെ ജ്വലിച്ചു; പെട്ടകത്തെ തൊടാൻ ഒരുങ്ങിയതുകൊണ്ട് അവൻ ദൈവസന്നിധിയിൽ മരിച്ചുവീണു.
1 CHRONICLE 13 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 CHRONICLE 13:1-10
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ