1 രാജാക്കന്മാർ 18:36-45

1 രാജാക്കന്മാർ 18:36-45 MCV

യാഗാർപ്പണത്തിനു സമയമായപ്പോൾ പ്രവാചകനായ ഏലിയാവ് യാഗപീഠത്തിനടുത്തേക്കു ചെന്ന്: “അബ്രാഹാം, യിസ്ഹാക്ക്, ഇസ്രായേൽ എന്നിവരുടെ ദൈവമായ യഹോവേ! ഇസ്രായേലിൽ അവിടന്നുമാത്രം ദൈവമെന്നും, അടിയൻ അവിടത്തെ ദാസനെന്നും, അവിടത്തെ കൽപ്പനയനുസരിച്ചാണ് അടിയൻ ഇതൊക്കെയും പ്രവർത്തിച്ചതെന്നും ഇന്നത്തെ ദിവസം വെളിപ്പെടുമാറാകട്ടെ! യഹോവേ, അടിയന് ഉത്തരമരുളണമേ! യഹോവയായ അവിടന്നാണ് ദൈവമെന്നും അവിടന്ന് അവരുടെ ഹൃദയം വീണ്ടും അങ്ങയിലേക്കു തിരിക്കുന്നെന്നും ഈ ജനം അറിയേണ്ടതിന് എനിക്കുത്തരമരുളണമേ” എന്നു പ്രാർഥിച്ചു. അപ്പോൾ, യഹോവയുടെ അഗ്നി ആകാശത്തുനിന്നിറങ്ങി യാഗവസ്തുവും വിറകും യാഗപീഠത്തിന്റെ കല്ലുകളും മണ്ണും ദഹിപ്പിച്ചുകളഞ്ഞു. ചുറ്റുമുള്ള കിടങ്ങിലെ വെള്ളവും വറ്റിച്ചുകളഞ്ഞു. സകലജനവും ഇതു കണ്ടപ്പോൾ സാഷ്ടാംഗം വീണ്: “യഹോവയാകുന്നു ദൈവം! യഹോവയാകുന്നു ദൈവം!” എന്നു വിളിച്ചുപറഞ്ഞു. അപ്പോൾ, ഏലിയാവ് ജനത്തോടു: “ബാലിന്റെ പ്രവാചകന്മാരെ പിടിക്കുക! അവരിൽ ഒരുത്തരും രക്ഷപ്പെടരുത്!” എന്ന് ആജ്ഞാപിച്ചു. ജനം അവരെ പിടികൂടി. ഏലിയാവ് അവരെ കീശോൻ അരുവിക്കരികെ കൊണ്ടുവന്ന് അവിടെവെച്ചു വധിച്ചുകളഞ്ഞു. പിന്നെ, ഏലിയാവ് ആഹാബ് രാജാവിനോടു: “പോയി ഭക്ഷണപാനീയങ്ങൾ കഴിക്കുക; ഒരു ശക്തമായ മഴയുടെ മുഴക്കമുണ്ട്” എന്നു പറഞ്ഞു. അങ്ങനെ, ആഹാബ് ഭക്ഷിച്ചു പാനംചെയ്യുന്നതിനു യാത്രയായി. എന്നാൽ, ഏലിയാവ് കർമേലിന്റെ മുകളിൽക്കയറി തന്റെ തല കാൽമുട്ടുകൾക്കിടയിൽവെച്ചു ഭൂമിയോളം കുനിഞ്ഞിരുന്നു. “നീ പോയി കടലിനുനേരേ നോക്കുക,” എന്ന് ഏലിയാവ് തന്റെ ഭൃത്യനോടു പറഞ്ഞു. അയാൾ പോയി നോക്കി. “അവിടെ ഒന്നുമില്ല,” എന്ന് അയാൾ തിരികെവന്നു പറഞ്ഞു. ഏലിയാവ്, “പോയി നോക്കുക” എന്ന് ഏഴുപ്രാവശ്യം പറഞ്ഞു. ഏഴാംപ്രാവശ്യം ദാസൻ വന്നു: “ഒരു മനുഷ്യന്റെ കൈപ്പത്തിയോളംമാത്രമുള്ള ഒരു ചെറിയമേഘം സമുദ്രത്തിൽനിന്നുയരുന്നുണ്ട്” എന്നു പറഞ്ഞു. “നീ ചെന്ന് ആഹാബിനോട്: ‘മഴ നിന്നെ തടസ്സപ്പെടുത്തുന്നതിനുമുമ്പ് വേഗം രഥം പൂട്ടി മടങ്ങിപ്പോകുക’ എന്നു പറയുക” എന്ന് ഏലിയാവ് ഭൃത്യനോട് ആജ്ഞാപിച്ചു. അതിനിടെ, ആകാശം മേഘങ്ങൾകൊണ്ടുമൂടി കറുത്തിരുണ്ടു; അതിശക്തമായ മഴ പെയ്തു. ആഹാബ് രഥത്തിലേറി യെസ്രീലിലേക്കു തിരികെപ്പോയി.