1 രാജാക്കന്മാർ 18:36-45

1 രാജാക്കന്മാർ 18:36-45 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഭോജനയാഗം കഴിക്കുന്ന നേരമായപ്പോൾ ഏലീയാപ്രവാചകൻ അടുത്തുചെന്നു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, യിസ്രായേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസനെന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ. യഹോവേ, എനിക്ക് ഉത്തരം അരുളേണമേ; നീ ദൈവംതന്നെ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്ന് ഈ ജനം അറിയേണ്ടതിന് എനിക്ക് ഉത്തരം അരുളേണമേ എന്നു പറഞ്ഞു. ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു. ജനം എല്ലാം അതു കണ്ട് കവിണ്ണു വീണു: യഹോവ തന്നെ ദൈവം, യഹോവ തന്നെ ദൈവം എന്നു പറഞ്ഞു. ഏലീയാവ് അവരോട്: ബാലിന്റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും ചാടിപ്പോകരുത് എന്നു പറഞ്ഞു. അവർ അവരെ പിടിച്ചു; ഏലീയാവ് അവരെ താഴെ കീശോൻതോട്ടിനരികെ കൊണ്ടുചെന്നു, അവിടെവച്ചു വെട്ടിക്കൊന്നുകളഞ്ഞു. പിന്നെ ഏലീയാവ് ആഹാബിനോട്: നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്ക; വലിയ മഴയുടെ മുഴക്കം ഉണ്ട് എന്നു പറഞ്ഞു. ആഹാബ് ഭക്ഷിച്ചു പാനം ചെയ്യേണ്ടതിനു മല കയറിപ്പോയി. ഏലീയാവോ കർമ്മേൽപർവതത്തിന്റെ മുകളിൽ കയറി നിലത്തു കുനിഞ്ഞ് മുഖം തന്റെ മുഴങ്കാലുകളുടെ നടുവിൽ വച്ചു. തന്റെ ബാല്യക്കാരനോട്: നീ ചെന്നു കടലിനു നേരേ നോക്കുക എന്നു പറഞ്ഞു. അവൻ ചെന്നു നോക്കീട്ട്: ഒന്നും ഇല്ല എന്നു പറഞ്ഞു. അതിന് അവൻ പിന്നെയും ഏഴു പ്രാവശ്യം ചെല്ലുക എന്നു പറഞ്ഞു. ഏഴാം പ്രാവശ്യമോ അവൻ: ഇതാ, കടലിൽനിന്ന് ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു എന്നുപറഞ്ഞു. അതിന് അവൻ: നീ ചെന്ന് ആഹാബിനോട്: മഴ നിന്നെ തടുക്കാതിരിക്കേണ്ടതിനു രഥംപൂട്ടി ഇറങ്ങിപ്പോക എന്നു ബോധിപ്പിക്ക എന്നു പറഞ്ഞു. ക്ഷണത്തിൽ ആകാശം മേഘവും കാറ്റുംകൊണ്ടു കറുത്തു വന്മഴ പെയ്തു. ആഹാബ് രഥം കയറി യിസ്രെയേലിലേക്കു പോയി.

1 രാജാക്കന്മാർ 18:36-45 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യാഗാർപ്പണത്തിനുള്ള സമയമായപ്പോൾ ഏലിയാപ്രവാചകൻ യാഗപീഠത്തിനടുത്തു വന്ന് ഇങ്ങനെ പ്രാർഥിച്ചു: “അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ സർവേശ്വരാ, അവിടുന്ന് ഇസ്രായേലിന്റെ ദൈവമാണെന്നും ഞാൻ അവിടുത്തെ ദാസനാണെന്നും സർവേശ്വരന്റെ കല്പന അനുസരിച്ചാണ് ഞാൻ ഇതെല്ലാം ചെയ്യുന്നതെന്നും അവിടുന്ന് ഇന്ന് വെളിപ്പെടുത്തണമേ. സർവേശ്വരാ അവിടുന്ന് എനിക്ക് ഉത്തരമരുളണമേ. അവിടുന്നാണ് യഥാർഥ ദൈവം എന്നും ഇസ്രായേൽജനത്തിന്റെ ഹൃദയങ്ങളെ വീണ്ടും തിരികെ കൊണ്ടുവന്നിരിക്കുന്നത് അവിടുന്നാണെന്നും ഇവർ അറിയാൻ എനിക്ക് ഉത്തരമരുളണമേ.” ഉടനെ സർവേശ്വരന്റെ സന്നിധിയിൽനിന്ന് അഗ്നി പുറപ്പെട്ടു യാഗവസ്തുവും വിറകും മാത്രമല്ല കല്ലും മണ്ണും കൂടെ ദഹിപ്പിച്ചു; ചാലിൽ ഉണ്ടായിരുന്ന വെള്ളം വറ്റിപ്പോയി. ജനമെല്ലാം അതു കണ്ടപ്പോൾ സാഷ്ടാംഗം വീണു: “സർവേശ്വരാ, അങ്ങുതന്നെ ദൈവം, സർവേശ്വരാ, അങ്ങുതന്നെ ദൈവം” എന്നു വിളിച്ചുപറഞ്ഞു. ഏലിയാ അവരോടു പറഞ്ഞു: “ബാലിന്റെ പ്രവാചകന്മാരെയെല്ലാം പിടിക്കുവിൻ, അവരിൽ ഒരാൾപോലും രക്ഷപെടരുത്.” ജനം അവരെ പിടികൂടി; ഏലിയാ അവരെ കീശോൻ അരുവിക്ക് സമീപം കൊണ്ടുപോയി അവിടെവച്ചു കൊന്നുകളഞ്ഞു. ആഹാബ്‍രാജാവിനോട് ഏലിയാ പറഞ്ഞു: “അങ്ങു പോയി ഭക്ഷണപാനീയങ്ങൾ കഴിച്ചുകൊള്ളുക; വലിയ മഴയുടെ ഇരമ്പൽ കേൾക്കുന്നു.” ആഹാബ് ഭക്ഷണം കഴിക്കാൻ പോയി; ഏലിയാ കർമ്മേൽമലയുടെ മുകളിൽ കയറി നിലംപറ്റെ കുനിഞ്ഞ് മുഖം കാൽമുട്ടുകളുടെ ഇടയിലാക്കി ഇരുന്നു. “നീ പോയി കടലിലേക്കു നോക്കുക” എന്ന് ഏലിയാ തന്റെ ഭൃത്യനോടു പറഞ്ഞു. അവൻ ചെന്നു നോക്കിയശേഷം “ഒന്നും കാണുന്നില്ല” എന്നു പറഞ്ഞു; ഇങ്ങനെ ഏഴു പ്രാവശ്യം പോയി നോക്കാൻ ഏലിയാ കല്പിച്ചു. ഏഴാം പ്രാവശ്യം മടങ്ങിവന്നപ്പോൾ അവൻ പറഞ്ഞു: “ഒരു മനുഷ്യന്റെ കൈ പോലെയുള്ള ഒരു ചെറിയ മേഘം കടലിൽനിന്ന് പൊങ്ങിവരുന്നു.” ഏലിയാ അവനോടു പറഞ്ഞു: “നീ ഉടൻതന്നെ ആഹാബിന്റെ അടുക്കൽ പോയി, രഥം പൂട്ടി പുറപ്പെടുക; അല്ലെങ്കിൽ മഴ അങ്ങയുടെ യാത്രയ്‍ക്കു പ്രതിബന്ധമുണ്ടാക്കും എന്നു പറയണം.” ക്ഷണനേരത്തിനുള്ളിൽ ആകാശം കാർമേഘംകൊണ്ടു മൂടി; കനത്ത മഴ പെയ്യുകയും ചെയ്തു. ആഹാബ് രഥത്തിൽ കയറി ജെസ്രീലിലേക്കു പോയി.

1 രാജാക്കന്മാർ 18:36-45 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

വൈകുന്നേരത്തെ യാഗം കഴിക്കുന്ന നേരത്തു, ഏലീയാപ്രവാചകൻ അടുത്തുചെന്ന്: “അബ്രാഹാമിന്‍റെയും യിസ്സഹാക്കിന്‍റെയും യിസ്രായേലിന്‍റെയും ദൈവമായ യഹോവേ, അവിടുന്നു യിസ്രായേലിൽ ദൈവമെന്നും ഞാൻ അങ്ങേയുടെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ അങ്ങേയുടെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെടുമാറാകട്ടെ. യഹോവേ, എനിക്ക് ഉത്തരമരുളേണമേ; അവിടുന്നു തന്നെ ദൈവം എന്നും അവിടുന്നു തങ്ങളുടെ ഹൃദയങ്ങളെ വീണ്ടും അങ്ങയിലേക്കു തിരിക്കുന്നു എന്നും ഈ ജനം അറിയേണ്ടതിന് എനിക്ക് ഉത്തരമരുളേണമേ” എന്നു പറഞ്ഞു. ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു. ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: “യഹോവ തന്നെ ദൈവം, യഹോവ തന്നെ ദൈവം” എന്നു പറഞ്ഞു. ഏലീയാവ് അവരോട്: “ബാലിന്‍റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും രക്ഷപെടരുത്” എന്നു പറഞ്ഞു. അവർ അവരെ പിടിച്ചു; ഏലീയാവ് അവരെ താഴെ കീശോൻ തോട്ടിനരികെ കൊണ്ടുചെന്നു അവിടെവച്ചു കൊന്നുകളഞ്ഞു. പിന്നെ ഏലീയാവ് ആഹാബിനോട്: “നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്യുക; വലിയ മഴയുടെ മുഴക്കം ഉണ്ട്” എന്നു പറഞ്ഞു. ആഹാബ് ഭക്ഷിച്ചു പാനം ചെയ്യേണ്ടതിനു പോയി. ഏലീയാവോ കർമ്മേൽ പർവ്വതത്തിന്‍റെ മുകളിൽ കയറി മുഖം തന്‍റെ മുഴങ്കാലുകളുടെ നടുവിൽ വച്ചു കുനിഞ്ഞിരുന്നു. അവൻ തന്‍റെ ബാല്യക്കാരനോട്: “നീ ചെന്നു കടലിനു നേരെ നോക്കുക” എന്നു പറഞ്ഞു. അവൻ ചെന്നു നോക്കീട്ട്: “ഒന്നും ഇല്ല” എന്നു പറഞ്ഞു. അതിന് അവൻ: “വീണ്ടും ചെല്ലുക” എന്നു ഏഴു പ്രാവശ്യം പറഞ്ഞു. ഏഴാം പ്രാവശ്യമോ അവൻ: “ഇതാ, കടലിൽനിന്ന് ഒരു മനുഷ്യന്‍റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു” എന്നു പറഞ്ഞു. അതിന് അവൻ: “നീ ചെന്നു മഴ നിന്നെ തടഞ്ഞു നിർത്താതിരിക്കേണ്ടതിനു രഥം പൂട്ടി ഇറങ്ങിപ്പോകാൻ ആഹാബിനോട് പറയുക” എന്നു പറഞ്ഞു. ഉടനെ ആകാശം മേഘങ്ങൾ കൊണ്ടു കറുത്തു വന്മഴ പെയ്തു. ആഹാബ് രഥം കയറി യിസ്രായേലിലേക്കു പോയി.

1 രാജാക്കന്മാർ 18:36-45 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഭോജനയാഗം കഴിക്കുന്ന നേരമായപ്പോൾ ഏലീയാപ്രവാചകൻ അടുത്തുചെന്നു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, യിസ്രയേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ. യഹോവേ, എനിക്കു ഉത്തരമരുളേണമേ; നീ ദൈവം തന്നേ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്നു ഈ ജനം അറിയേണ്ടതിന്നു എനിക്കു ഉത്തരമരുളേണമേ എന്നു പറഞ്ഞു. ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു. ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നു പറഞ്ഞു. ഏലീയാവു അവരോടു: ബാലിന്റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും ചാടിപ്പോകരുതു എന്നു പറഞ്ഞു. അവർ അവരെ പിടിച്ചു; ഏലീയാവു അവരെ താഴെ കീശോൻ തോട്ടിന്നരികെ കൊണ്ടുചെന്നു അവിടെവെച്ചു വെട്ടിക്കൊന്നുകളഞ്ഞു. പിന്നെ ഏലീയാവു ആഹാബിനോടു: നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്ക; വലിയ മഴയുടെ മുഴക്കം ഉണ്ടു എന്നു പറഞ്ഞു. ആഹാബ് ഭക്ഷിച്ചു പാനം ചെയ്യേണ്ടതിന്നു മല കയറിപ്പോയി. ഏലീയാവോ കർമ്മേൽ പർവ്വതത്തിന്റെ മുകളിൽ കയറി നിലത്തു കുനിഞ്ഞു മുഖം തന്റെ മുഴങ്കാലുകളുടെ നടുവിൽ വെച്ചു, തന്റെ ബാല്യക്കാരനോടു: നീ ചെന്നു കടലിന്നു നേരെ നോക്കുക എന്നു പറഞ്ഞു. അവൻ ചെന്നു നോക്കീട്ടു: ഒന്നും ഇല്ല എന്നു പറഞ്ഞു. അതിന്നു അവൻ: പിന്നെയും ഏഴുപ്രാവശ്യം ചെല്ലുക എന്നു പറഞ്ഞു. ഏഴാം പ്രാവശ്യമോ അവൻ: ഇതാ, കടലിൽനിന്നു ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: നീ ചെന്നു ആഹാബിനോടു: മഴ നിന്നെ തടുക്കാതിരിക്കേണ്ടതിന്നു രഥം പൂട്ടി ഇറങ്ങിപ്പോക എന്നു ബോധിപ്പിക്ക എന്നു പറഞ്ഞു. ക്ഷണത്തിൽ ആകാശം മേഘവും കാറ്റുംകൊണ്ടു കറുത്തു വന്മഴ പെയ്തു. ആഹാബ് രഥം കയറി യിസ്രായേലിലേക്കു പോയി.

1 രാജാക്കന്മാർ 18:36-45 സമകാലിക മലയാളവിവർത്തനം (MCV)

യാഗാർപ്പണത്തിനു സമയമായപ്പോൾ പ്രവാചകനായ ഏലിയാവ് യാഗപീഠത്തിനടുത്തേക്കു ചെന്ന്: “അബ്രാഹാം, യിസ്ഹാക്ക്, ഇസ്രായേൽ എന്നിവരുടെ ദൈവമായ യഹോവേ! ഇസ്രായേലിൽ അവിടന്നുമാത്രം ദൈവമെന്നും, അടിയൻ അവിടത്തെ ദാസനെന്നും, അവിടത്തെ കൽപ്പനയനുസരിച്ചാണ് അടിയൻ ഇതൊക്കെയും പ്രവർത്തിച്ചതെന്നും ഇന്നത്തെ ദിവസം വെളിപ്പെടുമാറാകട്ടെ! യഹോവേ, അടിയന് ഉത്തരമരുളണമേ! യഹോവയായ അവിടന്നാണ് ദൈവമെന്നും അവിടന്ന് അവരുടെ ഹൃദയം വീണ്ടും അങ്ങയിലേക്കു തിരിക്കുന്നെന്നും ഈ ജനം അറിയേണ്ടതിന് എനിക്കുത്തരമരുളണമേ” എന്നു പ്രാർഥിച്ചു. അപ്പോൾ, യഹോവയുടെ അഗ്നി ആകാശത്തുനിന്നിറങ്ങി യാഗവസ്തുവും വിറകും യാഗപീഠത്തിന്റെ കല്ലുകളും മണ്ണും ദഹിപ്പിച്ചുകളഞ്ഞു. ചുറ്റുമുള്ള കിടങ്ങിലെ വെള്ളവും വറ്റിച്ചുകളഞ്ഞു. സകലജനവും ഇതു കണ്ടപ്പോൾ സാഷ്ടാംഗം വീണ്: “യഹോവയാകുന്നു ദൈവം! യഹോവയാകുന്നു ദൈവം!” എന്നു വിളിച്ചുപറഞ്ഞു. അപ്പോൾ, ഏലിയാവ് ജനത്തോടു: “ബാലിന്റെ പ്രവാചകന്മാരെ പിടിക്കുക! അവരിൽ ഒരുത്തരും രക്ഷപ്പെടരുത്!” എന്ന് ആജ്ഞാപിച്ചു. ജനം അവരെ പിടികൂടി. ഏലിയാവ് അവരെ കീശോൻ അരുവിക്കരികെ കൊണ്ടുവന്ന് അവിടെവെച്ചു വധിച്ചുകളഞ്ഞു. പിന്നെ, ഏലിയാവ് ആഹാബ് രാജാവിനോടു: “പോയി ഭക്ഷണപാനീയങ്ങൾ കഴിക്കുക; ഒരു ശക്തമായ മഴയുടെ മുഴക്കമുണ്ട്” എന്നു പറഞ്ഞു. അങ്ങനെ, ആഹാബ് ഭക്ഷിച്ചു പാനംചെയ്യുന്നതിനു യാത്രയായി. എന്നാൽ, ഏലിയാവ് കർമേലിന്റെ മുകളിൽക്കയറി തന്റെ തല കാൽമുട്ടുകൾക്കിടയിൽവെച്ചു ഭൂമിയോളം കുനിഞ്ഞിരുന്നു. “നീ പോയി കടലിനുനേരേ നോക്കുക,” എന്ന് ഏലിയാവ് തന്റെ ഭൃത്യനോടു പറഞ്ഞു. അയാൾ പോയി നോക്കി. “അവിടെ ഒന്നുമില്ല,” എന്ന് അയാൾ തിരികെവന്നു പറഞ്ഞു. ഏലിയാവ്, “പോയി നോക്കുക” എന്ന് ഏഴുപ്രാവശ്യം പറഞ്ഞു. ഏഴാംപ്രാവശ്യം ദാസൻ വന്നു: “ഒരു മനുഷ്യന്റെ കൈപ്പത്തിയോളംമാത്രമുള്ള ഒരു ചെറിയമേഘം സമുദ്രത്തിൽനിന്നുയരുന്നുണ്ട്” എന്നു പറഞ്ഞു. “നീ ചെന്ന് ആഹാബിനോട്: ‘മഴ നിന്നെ തടസ്സപ്പെടുത്തുന്നതിനുമുമ്പ് വേഗം രഥം പൂട്ടി മടങ്ങിപ്പോകുക’ എന്നു പറയുക” എന്ന് ഏലിയാവ് ഭൃത്യനോട് ആജ്ഞാപിച്ചു. അതിനിടെ, ആകാശം മേഘങ്ങൾകൊണ്ടുമൂടി കറുത്തിരുണ്ടു; അതിശക്തമായ മഴ പെയ്തു. ആഹാബ് രഥത്തിലേറി യെസ്രീലിലേക്കു തിരികെപ്പോയി.

1 രാജാക്കന്മാർ 18:36-45

1 രാജാക്കന്മാർ 18:36-45 MALOVBSI