എബ്രാ. 13:8-16

എബ്രാ. 13:8-16 IRVMAL

യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും മാറ്റമില്ലാത്തവൻ തന്നെ. വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുത്; ആചരിച്ചുപോന്നവർക്ക് പ്രയോജനമില്ലാത്ത ഭക്ഷണനിയമങ്ങളാലല്ല, ദൈവകൃപയാൽ തന്നെ ആന്തരികശക്തി പ്രാപിക്കുന്നത് നല്ലത്. സമാഗമനകൂടാരത്തിനുള്ളിൽ ശുശ്രൂഷിക്കുന്നവർക്ക് ഭക്ഷിക്കുവാൻ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ട്. മഹാപുരോഹിതൻ പാപപരിഹാരമായി രക്തം വിശുദ്ധമന്ദിരത്തിലേക്കു കൊണ്ടുപോകുന്ന മൃഗങ്ങളുടെ ഉടൽ പാളയത്തിന് പുറത്തുവച്ച് ചുട്ടുകളയുന്നു. അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന് നഗരവാതിലിന് പുറത്തുവച്ച് കഷ്ടം അനുഭവിച്ചു. ആകയാൽ നാം അവന്‍റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന് പുറത്തു അവന്‍റെ അടുക്കൽ ചെല്ലുക. ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ള നഗരമത്രേ നാം അന്വേഷിക്കുന്നത്. അതുകൊണ്ട് അവൻ മുഖാന്തരം നാം ദൈവത്തിന് അവന്‍റെ നാമത്തെ ഏറ്റുപറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക. നന്മചെയ്‌വാനും കൂട്ടായ്മ കാണിക്കുവാനും മറക്കരുത്. ഈ വക യാഗത്തിലല്ലോ ദൈവം വളരെ പ്രസാദിക്കുന്നത്.