എബ്രായർ 13:8-16
എബ്രായർ 13:8-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നെ. വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുത്; ആചരിച്ചുപോന്നവർക്കു പ്രയോജനമില്ലാത്ത ഭോജനനിയമങ്ങളാലല്ല, കൃപയാൽതന്നെ ഹൃദയം ഉറപ്പിക്കുന്നത് നല്ലത്. കൂടാരത്തിൽ ശുശ്രൂഷിക്കുന്നവർക്ക് അഹോവൃത്തി കഴിപ്പാൻ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ട്. മഹാപുരോഹിതൻ പാപപരിഹാരമായി രക്തം വിശുദ്ധമന്ദിരത്തിലേക്കു കൊണ്ടുപോകുന്ന മൃഗങ്ങളുടെ ഉടൽ പാളയത്തിനു പുറത്തുവച്ചു ചുട്ടുകളയുന്നു. അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിനു നഗരവാതിലിനു പുറത്തുവച്ചു കഷ്ടം അനുഭവിച്ചു. ആകയാൽ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിനു പുറത്ത് അവന്റെ അടുക്കൽ ചെല്ലുക. ഇവിടെ നമുക്ക് നിലനില്ക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ളത് അത്രേ നാം അന്വേഷിക്കുന്നത്. അതുകൊണ്ട് അവൻ മുഖാന്തരം നാം ദൈവത്തിന് അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക. നന്മ ചെയ്‍വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുത്. ഈ വക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നത്.
എബ്രായർ 13:8-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും മാറ്റമില്ലാത്തവനത്രേ. വിവിധങ്ങളായ ഇതരോപദേശങ്ങളാൽ ആരും നിങ്ങളെ നേരായ മാർഗത്തിൽനിന്നു തെറ്റിക്കുവാൻ ഇടയാകരുത്. ഭക്ഷണകാര്യത്തെക്കുറിച്ചുള്ള ചട്ടങ്ങൾ പാലിക്കുന്നവർക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. അതുകൊണ്ട് ദൈവകൃപയിൽനിന്ന് ആന്തരികശക്തി പ്രാപിക്കുന്നതാണ് നിങ്ങൾക്കു നല്ലത്. നമുക്കു നമ്മുടേതായ ഒരു ബലിപീഠമുണ്ട്. അതിൽനിന്നു ഭക്ഷിക്കുവാൻ യെഹൂദന്മാരുടെ ആരാധനസ്ഥലമായ കൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്നവർക്ക് അവകാശമില്ല. യെഹൂദന്മാരുടെ മഹാപുരോഹിതൻ മൃഗങ്ങളുടെ രക്തം അതിവിശുദ്ധസ്ഥലത്തു കൊണ്ടുവന്ന്, പാപപരിഹാര ബലിയായി അർപ്പിക്കുന്നു. എന്നാൽ മൃഗങ്ങളുടെ ശരീരം പാളയത്തിനു പുറത്തുവച്ച് ദഹിപ്പിക്കുകയാണു ചെയ്യുന്നത്. അതുകൊണ്ട് യേശുവും തന്റെ സ്വന്തം രക്തത്താൽ ജനത്തെ ആകമാനം പാപത്തിൽനിന്നു ശുദ്ധീകരിക്കുന്നതിനായി നഗരത്തിന്റെ പുറത്തുവച്ച് മരണംവരിച്ചു. അതുകൊണ്ട് നമുക്കും പാളയത്തിനു പുറത്ത് അവിടുത്തെ അടുക്കലേക്കു ചെല്ലുകയും അവിടുത്തെ അപമാനത്തിൽ പങ്കുചേരുകയും ചെയ്യാം. ഭൂമിയിൽ നമുക്കു ശാശ്വതമായ നഗരമില്ല; വരുവാനുള്ള നഗരത്തെ നാം നോക്കിപ്പാർക്കുകയാണല്ലോ. നമുക്ക് യേശുവിൽകൂടി നിരന്തരം ദൈവത്തിന് സ്തോത്രം അർപ്പിക്കാം. യേശുവിനെ കർത്താവായി ഏറ്റുപറയുന്നവരുടെ അധരങ്ങൾ അർപ്പിക്കുന്ന യാഗമാണത്. നന്മ ചെയ്യുന്നതിലും, നിങ്ങൾക്കുള്ളത് അന്യോന്യം പങ്കിടുന്നതിലും ഉപേക്ഷ കാണിക്കരുത്. ഇങ്ങനെയുള്ള യാഗങ്ങളിൽ ദൈവം പ്രസാദിക്കുന്നു.
എബ്രായർ 13:8-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും മാറ്റമില്ലാത്തവൻ തന്നെ. വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുത്; ആചരിച്ചുപോന്നവർക്ക് പ്രയോജനമില്ലാത്ത ഭക്ഷണനിയമങ്ങളാലല്ല, ദൈവകൃപയാൽ തന്നെ ആന്തരികശക്തി പ്രാപിക്കുന്നത് നല്ലത്. സമാഗമനകൂടാരത്തിനുള്ളിൽ ശുശ്രൂഷിക്കുന്നവർക്ക് ഭക്ഷിക്കുവാൻ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ട്. മഹാപുരോഹിതൻ പാപപരിഹാരമായി രക്തം വിശുദ്ധമന്ദിരത്തിലേക്കു കൊണ്ടുപോകുന്ന മൃഗങ്ങളുടെ ഉടൽ പാളയത്തിന് പുറത്തുവച്ച് ചുട്ടുകളയുന്നു. അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന് നഗരവാതിലിന് പുറത്തുവച്ച് കഷ്ടം അനുഭവിച്ചു. ആകയാൽ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന് പുറത്തു അവന്റെ അടുക്കൽ ചെല്ലുക. ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ള നഗരമത്രേ നാം അന്വേഷിക്കുന്നത്. അതുകൊണ്ട് അവൻ മുഖാന്തരം നാം ദൈവത്തിന് അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക. നന്മചെയ്‌വാനും കൂട്ടായ്മ കാണിക്കുവാനും മറക്കരുത്. ഈ വക യാഗത്തിലല്ലോ ദൈവം വളരെ പ്രസാദിക്കുന്നത്.
എബ്രായർ 13:8-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ. വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുതു; ആചരിച്ചുപോന്നവർക്കു പ്രയോജനമില്ലാത്ത ഭോജനനിയമങ്ങളാലല്ല, കൃപയാൽ തന്നേ ഹൃദയം ഉറപ്പിക്കുന്നതു നല്ലതു. കൂടാരത്തിൽ ശുശ്രൂഷിക്കുന്നവർക്കു അഹോവൃത്തി കഴിപ്പാൻ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ടു. മഹാപുരോഹിതൻ പാപപരിഹാരമായി രക്തം വിശുദ്ധമന്ദിരത്തിലേക്കു കൊണ്ടുപോകുന്ന മൃഗങ്ങളുടെ ഉടൽ പാളയത്തിന്നു പുറത്തുവെച്ചു ചുട്ടുകളയുന്നു. അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു നഗരവാതിലിന്നു പുറത്തുവെച്ചു കഷ്ടം അനുഭവിച്ചു. ആകയാൽ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന്നു പുറത്തു അവന്റെ അടുക്കൽ ചെല്ലുക. ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ളതു അത്രേ നാം അന്വേഷിക്കുന്നതു. അതുകൊണ്ടു അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക. നന്മചെയ്‌വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു.
എബ്രായർ 13:8-16 സമകാലിക മലയാളവിവർത്തനം (MCV)
യേശുക്രിസ്തു, ഭൂത വർത്തമാന കാലങ്ങളിൽമാത്രമല്ല, എന്നെന്നേക്കും ഒരുപോലെ നിലനിൽക്കുന്നവൻതന്നെ. വിവിധതരത്തിലുള്ള വിചിത്രങ്ങളായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചിഴയ്ക്കരുത്. യാതൊരു പ്രയോജനവും ലഭിക്കാത്ത, അനുഷ്ഠാനപരമായ ഭോജ്യങ്ങളിലൂടെയല്ല, കൃപയാൽത്തന്നെയാണ് നിങ്ങളുടെ ഹൃദയങ്ങളെ ശക്തിപ്പെടുത്തേണ്ടത്. നമുക്ക് ഒരു യാഗപീഠമുണ്ട്. സമാഗമകൂടാരത്തിൽ ശുശ്രൂഷിക്കുന്നവർക്ക് അതിൽനിന്ന് ഭക്ഷിക്കാൻ അധികാരം ഇല്ല. മഹാപുരോഹിതൻ, പാപപരിഹാരാർഥം മൃഗങ്ങളുടെ രക്തം അതിവിശുദ്ധസ്ഥാനത്തേക്ക് കൊണ്ടുപോകുന്നു. ജഡം മനുഷ്യവാസസ്ഥാനത്തിനു പുറത്ത് ദഹിപ്പിക്കുന്നു. അങ്ങനെതന്നെ യേശുവും, സ്വരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിനു നഗരകവാടത്തിനു പുറത്ത് പീഡനം സഹിച്ചു. ആയതിനാൽ, അവിടന്ന് സഹിച്ച അപമാനം ചുമന്നുകൊണ്ടു, നമുക്ക് പാളയത്തിനുപുറത്ത് തിരുസന്നിധിയിൽ ചെല്ലാം. ഇവിടെ നമുക്കു സുസ്ഥിരമായ നഗരമില്ല, എന്നാൽ നാം വരാനുള്ള നഗരത്തെയാണ് അന്വേഷിക്കുന്നത്. അതുകൊണ്ടു നമുക്ക് ദൈവത്തിനു സ്തോത്രയാഗം, അതായത്, തിരുനാമം ഘോഷിക്കുന്ന അധരങ്ങളുടെ ഫലം, യേശുവിലൂടെ നിരന്തരമായി അർപ്പിക്കാം. നന്മ ചെയ്യാനും നിങ്ങൾക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെക്കാനും മറക്കരുത്; ഈ വിധ യാഗങ്ങളിലാണു ദൈവം സംപ്രീതനാകുന്നത്.
