1 രാജാ. 18:36-45

1 രാജാ. 18:36-45 IRVMAL

വൈകുന്നേരത്തെ യാഗം കഴിക്കുന്ന നേരത്തു, ഏലീയാപ്രവാചകൻ അടുത്തുചെന്ന്: “അബ്രാഹാമിന്‍റെയും യിസ്സഹാക്കിന്‍റെയും യിസ്രായേലിന്‍റെയും ദൈവമായ യഹോവേ, അവിടുന്നു യിസ്രായേലിൽ ദൈവമെന്നും ഞാൻ അങ്ങേയുടെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ അങ്ങേയുടെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെടുമാറാകട്ടെ. യഹോവേ, എനിക്ക് ഉത്തരമരുളേണമേ; അവിടുന്നു തന്നെ ദൈവം എന്നും അവിടുന്നു തങ്ങളുടെ ഹൃദയങ്ങളെ വീണ്ടും അങ്ങയിലേക്കു തിരിക്കുന്നു എന്നും ഈ ജനം അറിയേണ്ടതിന് എനിക്ക് ഉത്തരമരുളേണമേ” എന്നു പറഞ്ഞു. ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു. ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: “യഹോവ തന്നെ ദൈവം, യഹോവ തന്നെ ദൈവം” എന്നു പറഞ്ഞു. ഏലീയാവ് അവരോട്: “ബാലിന്‍റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും രക്ഷപെടരുത്” എന്നു പറഞ്ഞു. അവർ അവരെ പിടിച്ചു; ഏലീയാവ് അവരെ താഴെ കീശോൻ തോട്ടിനരികെ കൊണ്ടുചെന്നു അവിടെവച്ചു കൊന്നുകളഞ്ഞു. പിന്നെ ഏലീയാവ് ആഹാബിനോട്: “നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്യുക; വലിയ മഴയുടെ മുഴക്കം ഉണ്ട്” എന്നു പറഞ്ഞു. ആഹാബ് ഭക്ഷിച്ചു പാനം ചെയ്യേണ്ടതിനു പോയി. ഏലീയാവോ കർമ്മേൽ പർവ്വതത്തിന്‍റെ മുകളിൽ കയറി മുഖം തന്‍റെ മുഴങ്കാലുകളുടെ നടുവിൽ വച്ചു കുനിഞ്ഞിരുന്നു. അവൻ തന്‍റെ ബാല്യക്കാരനോട്: “നീ ചെന്നു കടലിനു നേരെ നോക്കുക” എന്നു പറഞ്ഞു. അവൻ ചെന്നു നോക്കീട്ട്: “ഒന്നും ഇല്ല” എന്നു പറഞ്ഞു. അതിന് അവൻ: “വീണ്ടും ചെല്ലുക” എന്നു ഏഴു പ്രാവശ്യം പറഞ്ഞു. ഏഴാം പ്രാവശ്യമോ അവൻ: “ഇതാ, കടലിൽനിന്ന് ഒരു മനുഷ്യന്‍റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു” എന്നു പറഞ്ഞു. അതിന് അവൻ: “നീ ചെന്നു മഴ നിന്നെ തടഞ്ഞു നിർത്താതിരിക്കേണ്ടതിനു രഥം പൂട്ടി ഇറങ്ങിപ്പോകാൻ ആഹാബിനോട് പറയുക” എന്നു പറഞ്ഞു. ഉടനെ ആകാശം മേഘങ്ങൾ കൊണ്ടു കറുത്തു വന്മഴ പെയ്തു. ആഹാബ് രഥം കയറി യിസ്രായേലിലേക്കു പോയി.