ഹോശേ. 4

4
യിസ്രായേലിനെതിരെ കുറ്റാരോപണം
1യിസ്രായേൽ മക്കളേ, യഹോവയുടെ വചനം കേൾക്കുവിൻ;
യഹോവയ്ക്ക് ദേശനിവാസികളോട് ഒരു വ്യവഹാരം ഉണ്ട്;
ദേശത്ത് സത്യവും ദയയും ഇല്ല,
ദൈവപരിജ്ഞാനവുമില്ല.
2അവർ ആണയിടുന്നു; ഭോഷ്ക് പറയുന്നു;
കൊല ചെയ്യുന്നു; മോഷ്ടിക്കുന്നു;
വ്യഭിചരിക്കുന്നു; എല്ലാ അതിരുകളും ലംഘിക്കുന്നു;
രക്തപാതകത്തോട് രക്തപാതകം കൂട്ടുന്നു.
3അതുകൊണ്ട് ദേശം ദുഃഖിക്കുന്നു;
അതിലെ സകലനിവാസികളും വയലിലെ മൃഗങ്ങളും
ആകാശത്തിലെ പറവകളും തളർന്നുപോകുന്നു;
സമുദ്രത്തിൽ മത്സ്യങ്ങളും ഇല്ലാതെയാകുന്നു.
4എങ്കിലും ആരും തർക്കിക്കരുത്;
ആരും മറ്റൊരുവനെ ശാസിക്കുകയും അരുത്;
നിന്‍റെ ജനമോ, പുരോഹിതനോട്
തർക്കിക്കുന്നവരെപ്പോലെ ഇരിക്കുന്നു.
5അതുകൊണ്ട് നീ പകൽ സമയത്ത് ഇടറിവീഴും;
പ്രവാചകനും നിന്നോടൊപ്പം രാത്രിയിൽ ഇടറിവീഴും;
നിന്‍റെ അമ്മയെ ഞാൻ നശിപ്പിക്കും.
6പരിജ്ഞാനമില്ലായ്കയാൽ എന്‍റെ ജനം നശിച്ചുപോകുന്നു;
പരിജ്ഞാനം ത്യജിച്ചതുകൊണ്ട്
നീ എനിക്ക് പുരോഹിതനായിരിക്കാതെ ഞാൻ നിന്നെയും ത്യജിക്കും;
നീ നിന്‍റെ ദൈവത്തിന്‍റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ട്
ഞാനും നിന്‍റെ മക്കളെ മറക്കും.
7അവർ പെരുകുന്തോറും എന്നോട് ഏറെ പാപംചെയ്തു;
ഞാൻ അവരുടെ മഹത്ത്വത്തെ ലജ്ജയായി മാറ്റും.
8അവർ എന്‍റെ ജനത്തിന്‍റെ പാപംകൊണ്ട് ഉപജീവനം കഴിക്കുന്നു;
ജനം അകൃത്യത്തിനായിട്ട് ആഗ്രഹിക്കുന്നു.
9ആകയാൽ ജനത്തിന് എപ്രകാരമോ, പുരോഹിതനും അപ്രകാരം തന്നെ ഭവിക്കും.
ഞാൻ അവരുടെ തെറ്റായ വഴികൾ നിമിത്തം അവരെ സന്ദർശിച്ച്
അവരുടെ പ്രവൃത്തികൾക്കു തക്കവിധം അവർക്ക് പകരം കൊടുക്കും.
10അവർ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കുകയില്ല;
അവർ പരസംഗം ചെയ്താലും പെരുകുകയില്ല;
യഹോവയെ അനുസരിക്കുന്നത് അവർ വിട്ടുകളഞ്ഞുവല്ലോ.
11പരസംഗവും വീഞ്ഞും പുതിയ വീഞ്ഞും
ബുദ്ധിയെ കെടുത്തിക്കളയുന്നു.
12എന്‍റെ ജനം തങ്ങളുടെ മരംകൊണ്ടുള്ള വിഗ്രഹങ്ങളോട് അരുളപ്പാട് ചോദിക്കുന്നു;
അവരുടെ ഊന്നുവടി അവരോട് ലക്ഷണം പറയുന്നു;
പരസംഗമോഹം അവരെ വഴി തെറ്റിക്കുന്നു;
അവർ തങ്ങളുടെ ദൈവത്തെ വിട്ട് പരസംഗം ചെയ്യുന്നു.
13അവർ പർവ്വതശിഖരങ്ങളിൽ ബലികഴിക്കുന്നു;
കുന്നുകളിൽ അവർ നല്ല തണലുള്ള കരുവേലകത്തിന്‍റെയും പുന്നയുടെയും ആലിന്‍റെയും കീഴിൽ ധൂപം കാട്ടുന്നു;
അവിടെ നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നു;
നിങ്ങളുടെ പുത്ര ഭാര്യമാർ വ്യഭിചരിക്കുന്നു.
14നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നതും
നിങ്ങളുടെ വധുക്കൾ വ്യഭിചരിച്ചുനടക്കുന്നതും ഞാൻ സന്ദർശിക്കുകയില്ല;
നിങ്ങളുടെ പുരുഷന്മാരും വേശ്യാസ്ത്രീകളോടുകൂടി വേറിട്ട് പോകുകയും
ദേവദാസികളോടുകൂടി ബലി കഴിക്കുകയും ചെയ്യുന്നുവല്ലോ;
ഇങ്ങനെ ബുദ്ധിയില്ലാത്ത ജനം നശിച്ചുപോകും. #4:14 നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നതും നിങ്ങളുടെ വധുക്കൾ വ്യഭിചരിച്ചുനടക്കുന്നതും ഞാൻ സന്ദർശിക്കുകയില്ല; നിങ്ങളുടെ പുരുഷന്മാരും വേശ്യാസ്ത്രീകളോടുകൂടി വേറിട്ട് പോകുകയും ദേവദാസികളോടുകൂടി ബലി കഴിക്കുകയും ചെയ്യുന്നുവല്ലോ; ഇങ്ങനെ ബുദ്ധിയില്ലാത്ത ജനം നശിച്ചുപോകും. ഈ ജനം കനാന്യവിഗ്രഹാരാധന സ്ഥലങ്ങളില്‍ ആയിരിക്കുകയും സമൃദ്ധി പ്രദാനം ചെയ്യുമെന്ന് അന്ധമായി കരുതുന്ന അന്യദേവന്മാരെ ആരാധിക്കുകയും ചെയ്തിരുന്നു. കനാന്യസ്തീകളുമായി അവിഹിതബന്ധം പുലര്‍ത്തിയാല്‍ അവരുടെ നിലങ്ങള്‍ക്കും കന്നുകാലികള്‍ക്കും സമൃദ്ധിയുണ്ടാകുമെന്നും വിശ്വസിച്ചിരുന്നു.
15യിസ്രായേലേ, നീ പരസംഗം ചെയ്താലും,
യെഹൂദാ അപരാധം ചെയ്യാതിരിക്കട്ടെ;
നിങ്ങൾ ഗില്ഗാലിലേക്ക് ചെല്ലരുത്;
ബേത്ത്-ആവെനിലേക്ക് കയറിപ്പോകരുത്;
യഹോവയാണ’ എന്ന് സത്യം ചെയ്യുകയുമരുത്.
16യിസ്രായേൽ ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ദുശ്ശാഠ്യം കാണിച്ചാൽ
യഹോവ അവരെ ഒരു വിശാലസ്ഥലത്ത് കുഞ്ഞാടിനെപ്പോലെ മേയിക്കുമോ?
17എഫ്രയീം വിഗ്രഹങ്ങളുടെ കൂട്ടാളിയാകുന്നു;
അവനെ വിട്ടുകളയുക.
18മദ്യപാനം കഴിയുമ്പോൾ അവർ പരസംഗം ചെയ്യും;
അവരുടെ പ്രഭുക്കന്മാർ ലജ്ജാകരമായ കാര്യങ്ങൾ അത്യന്തം ഇഷ്ടപ്പെടുന്നു.
19കാറ്റ് അവളെ ചിറകുകൾകൊണ്ട് ചുറ്റിപ്പിടിക്കുന്നു.
അവർ തങ്ങളുടെ ബലികൾ നിമിത്തം ലജ്ജിച്ചുപോകും.

Áherslumerki

Deildu

Afrita

None

Want to have your highlights saved across all your devices? Sign up or sign in