ആമോ. 2
2
മോവാബ്
1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“മോവാബിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം,
അവൻ ഏദോം രാജാവിന്റെ അസ്ഥികളെ ചുട്ട് കുമ്മായമാക്കിക്കളഞ്ഞിരിക്കുകയാൽ തന്നെ,
ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.
2ഞാൻ മോവാബിൽ ഒരു തീ അയയ്ക്കും;
അത് കെരീയോത്തിന്റെ അരമനകളെ ദഹിപ്പിച്ചുകളയും;
മോവാബ് കലഹത്തോടും ആർപ്പോടും
കാഹളനാദത്തോടുംകൂടി മരിക്കും.
3ഞാൻ ന്യായാധിപതിയെ അതിന്റെ നടുവിൽനിന്ന് ഛേദിച്ച്,
അതിന്റെ സകലപ്രഭുക്കന്മാരെയും അവനോടുകൂടെ കൊല്ലും”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
യെഹൂദാ
4യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“യെഹൂദായുടെ മൂന്നോ നാലോ അതിക്രമംനിമിത്തം,
അവർ യഹോവയുടെ ന്യായപ്രമാണം നിരസിക്കുകയും,
അവിടുത്തെ ചട്ടങ്ങൾ പ്രമാണിക്കാതെയിരിക്കുകയും,
അവരുടെ പൂര്‍വ്വ പിതാക്കന്മാർ പിന്തുടർന്നുപോന്ന
അവരുടെ വ്യാജമൂർത്തികൾ
അവരെ തെറ്റിനടക്കുമാറാക്കുകയും ചെയ്തിരിക്കുകയാൽ തന്നെ,
ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.
5ഞാൻ യെഹൂദായിൽ ഒരു തീ അയയ്ക്കും;
അത് യെരൂശലേമിലെ അരമനകൾ ദഹിപ്പിച്ചുകളയും.”
ഇസ്രായേലിനുള്ള ന്യായവിധി
6യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“യിസ്രായേലിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം,
അവർ നീതിമാനെ പണത്തിനും
ദരിദ്രനെ ഒരു ജോടി ചെരുപ്പിനും വിറ്റുകളഞ്ഞിരിക്കുകയാൽ തന്നെ,
ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.
7അവർ എളിയവരുടെ തലയിൽ മൺപൊടി കാണുവാൻ കാംക്ഷിക്കുകയും
സാധുക്കളുടെ വഴി മറിച്ചുകളയുകയും ചെയ്യുന്നു:
എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുവാൻ തക്കവണ്ണം
ഒരു പുരുഷനും അവന്റെ അപ്പനും
ഒരു യുവതിയുടെ അടുക്കൽ ചെല്ലുന്നു.
8അവർ ഏത് ബലിപീഠത്തിനരികത്തും
പണയം വാങ്ങിയ വസ്ത്രം വിരിച്ച് കിടന്നുറങ്ങുകയും
പിഴ അടച്ചവരുടെ വീഞ്ഞ് തങ്ങളുടെ
ദേവന്മാരുടെ ആലയത്തിൽവച്ച് കുടിക്കുകയും ചെയ്യുന്നു.
9ഞാൻ അമോര്യനെ അവരുടെ മുമ്പിൽനിന്ന് നശിപ്പിച്ചുകളഞ്ഞു;
അവന്റെ ഉയരം ദേവദാരുക്കളുടെ ഉയരംപോലെയായിരുന്നു;
അവൻ കരുവേലകങ്ങൾപോലെ ശക്തിയുള്ളവനുമായിരുന്നു;
എങ്കിലും ഞാൻ മീതെ അവന്റെ ഫലവും
താഴെ അവന്റെ വേരും നശിപ്പിച്ചുകളഞ്ഞു.
10ഞാൻ നിങ്ങളെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച്,
അമോര്യന്റെ ദേശം കൈവശമാക്കേണ്ടതിന്
നിങ്ങളെ നാല്പത് വര്‍ഷം മരുഭൂമിയിൽക്കൂടി നടത്തി.
11ഞാൻ നിങ്ങളുടെ പുത്രന്മാരിൽ ചിലരെ പ്രവാചകന്മാരായും
നിങ്ങളുടെ യൗവനക്കാരിൽ ചിലരെ വ്രതസ്ഥന്മാരായും എഴുന്നേല്പിച്ചു;
അങ്ങനെ തന്നെ അല്ലയോ, യിസ്രായേൽ മക്കളേ,”
എന്ന് യഹോവയുടെ അരുളപ്പാട്.
12എന്നാൽ നിങ്ങൾ വ്രതസ്ഥന്മാർക്കു വീഞ്ഞു കുടിക്കുവാൻ കൊടുക്കുകയും
പ്രവാചകന്മാരോട്: ‘പ്രവചിക്കരുത്’ എന്നു കല്പിക്കുകയും ചെയ്തു.
13കറ്റ കയറ്റിയ വണ്ടി അമർത്തുന്നതുപോലെ
ഞാൻ നിങ്ങളെ നിങ്ങൾ ഇരിക്കുന്നിടത്ത് അമർത്തിക്കളയും.
14അങ്ങനെ വേഗത്തിൽ ഓടുന്നവർക്ക് ശരണം നശിക്കും;
ബലവാന്റെ ശക്തി നിലനില്ക്കുകയില്ല;
വീരൻ തന്റെ ജീവനെ രക്ഷിക്കുകയില്ല;
15വില്ലാളി ഉറച്ചുനിൽക്കുകയില്ല;
വേഗത്തിൽ ഓടുന്നവൻ സ്വയം വിടുവിക്കുകയില്ല,
കുതിരപ്പുറത്തു കയറി ഓടുന്നവൻ
തന്റെ ജീവനെ രക്ഷിക്കുകയുമില്ല.
16വീരന്മാരിൽ ധൈര്യമേറിയവൻ
അന്നാളിൽ നഗ്നനായി ഓടിപ്പോകും”
എന്ന് യഹോവയുടെ അരുളപ്പാട്.
Valið núna:
ആമോ. 2: IRVMAL
Áherslumerki
Deildu
Afrita

Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.