ലേവ്യാപുസ്തകം 5
5
1ഒരുത്തൻ സത്യവാചകം കേട്ടിട്ട്, താൻ സാക്ഷിയായി കാണുകയോ അറികയോ ചെയ്തത് അറിയിക്കാതെ അങ്ങനെ പാപം ചെയ്താൽ അവൻ തന്റെ കുറ്റം വഹിക്കേണം. 2ശുദ്ധിയില്ലാത്ത കാട്ടുമൃഗത്തിന്റെ പിണമോ ശുദ്ധിയില്ലാത്ത നാട്ടുമൃഗത്തിന്റെ പിണമോ ശുദ്ധിയില്ലാത്ത ഇഴജാതിയുടെ പിണമോ ഇങ്ങനെ വല്ല അശുദ്ധവസ്തുവും ഒരുത്തൻ തൊടുകയും അത് അവനു മറവായിരിക്കയും ചെയ്താൽ അവൻ അശുദ്ധനും കുറ്റക്കാരനും ആകുന്നു. 3അല്ലെങ്കിൽ യാതൊരു അശുദ്ധിയാലെങ്കിലും അശുദ്ധനായ ഒരു മനുഷ്യന്റെ അശുദ്ധിയെ ഒരുത്തൻ തൊടുകയും അത് അവനു മറവായിരിക്കയും ചെയ്താൽ അതറിയുമ്പോൾ അവൻ കുറ്റക്കാരനാകും. 4അല്ലെങ്കിൽ മനുഷ്യൻ നിർവിചാരമായി സത്യം ചെയ്യുന്നതുപോലെ ദോഷം ചെയ്വാനോ ഗുണം ചെയ്വാനോ ഒരുത്തൻ തന്റെ അധരങ്ങൾകൊണ്ടു നിർവിചാരമായി സത്യം ചെയ്കയും അത് അവനു മറവായിരിക്കയും ചെയ്താൽ അവൻ അത് അറിയുമ്പോൾ അങ്ങനെയുള്ള കാര്യത്തിൽ അവൻ കുറ്റക്കാരനാകും. 5ആ വക കാര്യത്തിൽ അവൻ കുറ്റക്കാരനാകുമ്പോൾ താൻ പാപം ചെയ്തു എന്ന് അവൻ ഏറ്റുപറയേണം. 6താൻ ചെയ്ത പാപം നിമിത്തം അവൻ യഹോവയ്ക്ക് അകൃത്യയാഗമായി ചെമ്മരിയാട്ടിൻകുട്ടിയോ കോലാട്ടിൻകുട്ടിയോ ആയ ഒരു പെണ്ണാട്ടിനെ പാപയാഗമായി കൊണ്ടുവരേണം; പുരോഹിതൻ അവനുവേണ്ടി അവന്റെ പാപം നിമിത്തം പ്രായശ്ചിത്തം കഴിക്കേണം. 7ആട്ടിൻകുട്ടിക്ക് അവനു വകയില്ലെങ്കിൽ താൻ ചെയ്ത പാപം നിമിത്തം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗമായും മറ്റേതിനെ ഹോമയാഗമായും യഹോവയ്ക്കു കൊണ്ടുവരേണം. 8അവൻ അവയെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം; അവൻ പാപയാഗത്തിനുള്ളതിനെ മുമ്പേ അർപ്പിച്ച് അതിന്റെ തല കഴുത്തിൽനിന്നു പിരിച്ചുപറിക്കേണം; എന്നാൽ രണ്ടായി പിളർക്കരുത്. 9അവൻ പാപയാഗത്തിന്റെ രക്തം കുറെ യാഗപീഠത്തിന്റെ പാർശ്വത്തിൽ തളിക്കേണം; ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ പിഴിഞ്ഞുകളയേണം; ഇതു പാപയാഗം. 10രണ്ടാമത്തേതിനെ അവൻ നിയമപ്രകാരം ഹോമയാഗമായി അർപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ അവൻ ചെയ്ത പാപം നിമിത്തം അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവനോടു ക്ഷമിക്കും.
11രണ്ടു കുറുപ്രാവിനോ രണ്ടു പ്രാവിൻകുഞ്ഞിനോ അവനു വകയില്ലെങ്കിൽ പാപം ചെയ്തവൻ പാപയാഗത്തിന് ഒരിടങ്ങഴി നേരിയ മാവ് വഴിപാടായി കൊണ്ടുവരേണം; അതു പാപയാഗം ആകകൊണ്ട് അതിന്മേൽ എണ്ണ ഒഴിക്കരുത്; കുന്തുരുക്കം ഇടുകയും അരുത്. 12അവൻ അതു പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം; പുരോഹിതൻ നിവേദ്യമായി അതിൽനിന്നു കൈ നിറച്ചെടുത്ത് യാഗപീഠത്തിന്മേൽ യഹോവയ്ക്കുള്ള ദഹനയാഗങ്ങളെപ്പോലെ ദഹിപ്പിക്കേണം; ഇതു പാപയാഗം. 13ഇങ്ങനെ പുരോഹിതൻ ആ വക കാര്യത്തിൽ അവൻ ചെയ്ത പാപം നിമിത്തം അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവനോടു ക്ഷമിക്കും; ശേഷിപ്പുള്ളത് ഭോജനയാഗംപോലെ പുരോഹിതന് ഇരിക്കേണം.
14യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: 15ആരെങ്കിലും യഹോവയുടെ വിശുദ്ധവസ്തുക്കളെ സംബന്ധിച്ച് അബദ്ധവശാൽ അതിക്രമം ചെയ്തു പിഴച്ചു എങ്കിൽ അവൻ തന്റെ അകൃത്യത്തിനു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നീ മതിക്കുന്ന വിലയ്ക്കുള്ളതായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ അകൃത്യയാഗമായി യഹോവയ്ക്കു കൊണ്ടുവരേണം. 16വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു താൻ പിഴച്ചതിനു പകരം മുതലും അതിനോട് അഞ്ചിലൊന്നു കൂട്ടിയും അവൻ പുരോഹിതനു കൊടുക്കേണം; പുരോഹിതൻ അകൃത്യയാഗത്തിനുള്ള ആട്ടുകൊറ്റനെക്കൊണ്ട് അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം. എന്നാൽ അത് അവനോടു ക്ഷമിക്കും.
17ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ആരെങ്കിലും പിഴച്ചിട്ട് അവൻ അറിയാതിരുന്നാലും കുറ്റക്കാരനാകുന്നു; അവൻ തന്റെ കുറ്റം വഹിക്കേണം. 18അവൻ അകൃത്യയാഗത്തിനായി നിന്റെ മതിപ്പുപോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം; അവൻ അബദ്ധവശാൽ പിഴച്ചതും അറിയാതിരുന്നതുമായ പിഴയ്ക്കായി പുരോഹിതൻ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവനോടു ക്ഷമിക്കും. 19ഇത് അകൃത്യയാഗം; അവൻ യഹോവയോട് അകൃത്യം ചെയ്തുവല്ലോ.
Chwazi Kounye ya:
ലേവ്യാപുസ്തകം 5: MALOVBSI
Pati Souliye
Pataje
Kopye
Ou vle gen souliye ou yo sere sou tout aparèy ou yo? Enskri oswa konekte
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.