ലേവ്യാപുസ്തകം 21
21
1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയേണ്ടതെന്തെന്നാൽ: പുരോഹിതൻ തന്റെ ജനത്തിൽ ഒരുവന്റെ ശവത്താൽ തന്നെത്താൻ മലിനമാക്കരുത്. 2എന്നാൽ തന്റെ അമ്മ, അപ്പൻ, മകൻ, മകൾ, സഹോദരൻ, 3തനിക്കടുത്തവളും ഭർത്താവില്ലാത്ത കന്യകയുമായ സഹോദരി എന്നിങ്ങനെയുള്ള ഉറ്റ ചാർച്ചക്കാരാൽ അവനു മലിനനാകാം. 4അവൻ തന്റെ ജനത്തിൽ പ്രമാണിയായിരിക്കയാൽ തന്നെത്താൻ മലിനമാക്കി അശുദ്ധനാക്കരുത്. 5അവർ തലമുടി വടിക്കയും താടിയുടെ അറ്റം കത്രിക്കയും ശരീരത്തിൽ മുറിവുണ്ടാക്കുകയും അരുത്; 6തങ്ങളുടെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കാതെ തങ്ങളുടെ ദൈവത്തിനു വിശുദ്ധന്മാരായിരിക്കേണം; അവർ തങ്ങളുടെ ദൈവത്തിന്റെ ഭോജനമായ യഹോവയുടെ ദഹനയാഗങ്ങൾ അർപ്പിക്കുന്നു; ആകയാൽ അവർ വിശുദ്ധന്മാരായിരിക്കേണം. 7വേശ്യയെയോ ദുർന്നടപ്പുകാരത്തിയെയോ അവർ വിവാഹം കഴിക്കരുത്; ഭർത്താവ് ഉപേക്ഷിച്ചുകളഞ്ഞവളെയും വിവാഹം കഴിക്കരുത്; അവൻ തന്റെ ദൈവത്തിനു വിശുദ്ധൻ ആകുന്നു. 8അതുകൊണ്ട് നീ അവനെ ശുദ്ധീകരിക്കേണം; അവൻ നിന്റെ ദൈവത്തിനു ഭോജനം അർപ്പിക്കുന്നവനാകയാൽ നീ അവനെ ശുദ്ധീകരിക്കേണം; അവൻ നിനക്കു വിശുദ്ധനായിരിക്കേണം; നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയായ ഞാൻ വിശുദ്ധൻ ആകുന്നു. 9പുരോഹിതന്റെ മകൾ ദുർന്നടപ്പു ചെയ്തു തന്നെത്താൻ അശുദ്ധയാക്കിയാൽ അവൾ തന്റെ അപ്പനെ അശുദ്ധനാക്കുന്നു; അവളെ തീയിൽ ഇട്ടു ചുട്ടുകളയേണം.
10അഭിഷേകതൈലം തലയിൽ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിപ്പാൻ പ്രതിഷ്ഠിക്കപ്പെട്ടവനുമായി തന്റെ സഹോദരന്മാരിൽ മഹാപുരോഹിതനായവൻ തന്റെ തലമുടി പിച്ചിപ്പറിക്കയും വസ്ത്രം കീറുകയും അരുത്. 11അവൻ യാതൊരു ശവത്തോടും അടുക്കുകയും തന്റെ അപ്പനാലോ അമ്മയാലോ അശുദ്ധനാകയും അരുത്. 12വിശുദ്ധമന്ദിരം വിട്ട് അവൻ പുറത്തിറങ്ങുകയും തന്റെ ദൈവത്തിന്റെ വിശുദ്ധമന്ദിരം അശുദ്ധമാക്കുകയും അരുത്; അവന്റെ ദൈവത്തിന്റെ അഭിഷേകതൈലമായ സംസ്കാരം അവന്റെമേൽ ഇരിക്കുന്നു; ഞാൻ യഹോവ ആകുന്നു. 13കന്യകയായ സ്ത്രീയെ മാത്രമേ അവൻ വിവാഹം കഴിക്കാവൂ. 14വിധവ, ഉപേക്ഷിക്കപ്പെട്ടവൾ, ദുർന്നടപ്പുകാരത്തി, വേശ്യ ഇങ്ങനെയുള്ളവരെ അവൻ വിവാഹം കഴിക്കരുത്; സ്വജനത്തിലുള്ള കന്യകയെ മാത്രമേ വിവാഹം കഴിക്കാവൂ. 15അവൻ തന്റെ സന്തതിയെ തന്റെ ജനത്തിന്റെ ഇടയിൽ അശുദ്ധമാക്കരുത്; ഞാൻ അവനെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
16യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 17നീ അഹരോനോടു പറയേണ്ടത് എന്തെന്നാൽ: നിന്റെ സന്തതിയിൽ അംഗഹീനനായവൻ നിന്റെ ദൈവത്തിന്റെ ഭോജനം അർപ്പിപ്പാൻ ഒരിക്കലും അടുത്തുവരരുത്. 18അംഗഹീനനായ യാതൊരുത്തനും അടുത്തു വരരുത്; കുരുടൻ, മുടന്തൻ, പതിമൂക്കൻ, അധികാംഗൻ, 19കാലൊടിഞ്ഞവൻ, കൈയൊടിഞ്ഞവൻ, 20കൂനൻ, മുണ്ടൻ, പൂക്കണ്ണൻ, ചൊറിയൻ, പൊരിച്ചുണങ്ങൻ, ഷണ്ഡൻ എന്നിങ്ങനെയുള്ളവരും അരുത്. 21പുരോഹിതനായ അഹരോന്റെ സന്തതിയിൽ അംഗഹീനനായ ഒരുത്തനും യഹോവയുടെ ദഹനയാഗങ്ങൾ അർപ്പിപ്പാൻ അടുത്തുവരരുത്; അവൻ അംഗഹീനൻ; അവൻ തന്റെ ദൈവത്തിന്റെ ഭോജനം അർപ്പിപ്പാൻ അടുത്തുവരരുത്. 22തന്റെ ദൈവത്തിന്റെ ഭോജനമായ അതിപരിശുദ്ധമായവയും വിശുദ്ധമായവയും അവനു ഭക്ഷിക്കാം. 23എങ്കിലും തിരശ്ശീലയുടെ അടുക്കൽ ചെല്ലുകയും യാഗപീഠത്തിങ്കൽ അടുത്തുവരികയും അരുത്; അവൻ അംഗഹീനനല്ലോ; അവൻ എന്റെ വിശുദ്ധസാധനങ്ങളെ അശുദ്ധമാക്കരുത്; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു. 24മോശെ ഇത് അഹരോനോടും പുത്രന്മാരോടും എല്ലാ യിസ്രായേൽമക്കളോടും പറഞ്ഞു.
Chwazi Kounye ya:
ലേവ്യാപുസ്തകം 21: MALOVBSI
Pati Souliye
Pataje
Kopye
Ou vle gen souliye ou yo sere sou tout aparèy ou yo? Enskri oswa konekte
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.