YouVersion logo
Ikona pretraživanja

ലേവ്യപുസ്തകം 3

3
1ഒരുവന്റെ വഴിപാടു സമാധാനയാഗം ആകുന്നുവെങ്കിൽ കന്നുകാലികളിൽ ഒന്നിനെ അർപ്പിക്കുന്നതായാൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവൻ യഹോവയുടെ സന്നിധിയിൽ അർപ്പിക്കേണം. 2തന്റെ വഴിപാടിന്റെ തലയിൽ അവൻ കൈവെച്ചു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവെച്ചു അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം. 3അവൻ സമാധാനയാഗത്തിൽനിന്നു കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലിരിക്കുന്ന സകലമേദസ്സും മൂത്രപിണ്ഡം രണ്ടും 4അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവെക്കു ദഹനയാഗമായി അർപ്പിക്കേണം. 5അഹരോന്റെ പുത്രന്മാർ യാഗപീഠത്തിൽ തീയുടെ മേലുള്ള വിറകിന്മേൽ ഹോമയാഗത്തിന്മീതെ അതു ദഹിപ്പിക്കേണം; അതു യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗം.
6യഹോവെക്കു സമാധാനയാഗമായുള്ള വഴിപാടു ആടു ആകുന്നു എങ്കിൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അർപ്പിക്കേണം. 7ഒരു കുഞ്ഞാടിനെ വഴിപാടായിട്ടു അർപ്പിക്കുന്നു എങ്കിൽ അതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിക്കേണം. 8തന്റെ വഴിപാടിന്റെ തലയിൽ അവൻ കൈവെച്ചു സമാഗമനകൂടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം. 9അവൻ സമാധാനയാഗത്തിൽനിന്നു അതിന്റെ മേദസ്സും തടിച്ചവാൽ മുഴുവനും - ഇതു തണ്ടെല്ലിങ്കൽനിന്നു പറിച്ചുകളയേണം - കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും 10മൂത്രപിണ്ഡം രണ്ടും അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവെക്കു ദഹനയാഗമായി അർപ്പിക്കേണം. 11പുരോഹിതൻ അതു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു യഹോവെക്കു ദഹനയാഗഭോജനം.
12അവന്റെ വഴിപാടു കോലാടു ആകുന്നു എങ്കിൽ അവൻ അതിനെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണം. 13അതിന്റെ തലയിൽ അവൻ കൈവെച്ചു സമാഗമനകൂടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം. 14അതിൽനിന്നു കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകല മേദസ്സും മൂത്രപിണ്ഡം രണ്ടും 15അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സം മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും നീക്കി അവൻ യഹോവെക്കു ദഹനയാഗമായി തന്റെ വഴിപാടു അർപ്പിക്കേണം. 16പുരോഹിതൻ അതു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു സൗരഭ്യവാസനയായ ദഹനയാഗഭോജനം; മേദസ്സൊക്കെയും യഹോവെക്കുള്ളതു ആകുന്നു. 17മേദസ്സും രക്തവും തിന്നരുതു എന്നുള്ളതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

Istaknuto

Podijeli

Kopiraj

None

Želiš li svoje istaknute stihove spremiti na sve svoje uređaje? Prijavi se ili registriraj