YouVersion logo
Ikona pretraživanja

പുറപ്പാടു 37

37
1ബെസലേൽ പെട്ടകം ഖദിരമരംകൊണ്ടു ഉണ്ടാക്കി. അതിന്നു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരുന്നു. 2അതു അകവും പുറവും പൊന്നുകൊണ്ടു പൊതിഞ്ഞു, ചുറ്റും അതിന്നു പൊന്നുകൊണ്ടു ഒരു വക്കു ഉണ്ടാക്കി. 3അതിന്റെ നാലു കാലിന്നും ഇപ്പുറത്തു രണ്ടു വളയം അപ്പുറത്തു രണ്ടു വളയം ഇങ്ങനെ നാലു പൊൻവളയം വാർപ്പിച്ചു. 4അവൻ ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു. 5പെട്ടകം ചുമക്കേണ്ടതിന്നു ആ തണ്ടു പെട്ടകത്തിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ ചെലുത്തി. 6അവൻ തങ്കം കൊണ്ടു കൃപാസനം ഉണ്ടാക്കി; അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു. 7അവൻ പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കി കൃപാസനത്തിന്റെ രണ്ടു അറ്റത്തും അവയെ അടിപ്പുപണിയായി ഉണ്ടാക്കി. 8ഒരു കെരൂബ് ഒരു അറ്റത്തും മറ്റെ കെരൂബ് മറ്റെ അറ്റത്തും ഇങ്ങനെ കെരൂബുകളെ കൃപാസനത്തിന്റെ രണ്ടു അറ്റത്തും അതിൽ നിന്നു തന്നേ ഉള്ളവയായിട്ടു ഉണ്ടാക്കി. 9കെരൂബുകൾ മേലോട്ടു ചിറകു വിടർത്തു ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കയും ചെയ്തു; കെരൂബുകളുടെ മുഖം കൃപാസനത്തിന്നു നേരെ ആയിരുന്നു.
10അവൻ ഖദിരമരംകൊണ്ടു മേശ ഉണ്ടാക്കി. അതിന്നു രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു. 11അതു തങ്കംകൊണ്ടു പൊതിഞ്ഞു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കു ഉണ്ടാക്കി. 12ചുറ്റും അതിന്നു നാലു വിരൽ വീതിയുള്ള ഒരു ചട്ടവും ഉണ്ടാക്കി. ചട്ടത്തിന്നു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കു ഉണ്ടാക്കി. 13അതിന്നു നാലു പൊൻവളയം വാർത്തു നാലു കാലിന്റെയും ഓരോ പാർശ്വത്തിൽ തറെച്ചു. 14മേശ ചുമക്കേണ്ടതിന്നു തണ്ടുകൾ ചെലുത്തുവാൻ വളയങ്ങൾ ചട്ടത്തോടു ചേർന്നിരുന്നു. 15മേശചുമക്കേണ്ടതിന്നുള്ള തണ്ടുകൾ ഖദിരമരംകൊണ്ടു ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു. 16മേശമേലുള്ള ഉപകരണങ്ങളായ തളികകളും കരണ്ടികളും കിണ്ടികളും പകരുവാൻ ഉപയോഗിക്കുന്ന കുടങ്ങളും തങ്കംകൊണ്ടു ഉണ്ടാക്കി.
17അവൻ തങ്കംകൊണ്ടു നിലവിളക്കു ഉണ്ടാക്കി; വിളക്കു അടിപ്പുപണിയായി ഉണ്ടാക്കി; അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതിൽനിന്നു തന്നേ ആയിരുന്നു. 18നിലവിളക്കിന്റെ ഒരു വശത്തുനിന്നു മൂന്നു ശാഖ, അതിന്റെ മറ്റെവശത്തു നിന്നും മൂന്നു ശാഖ, ഇങ്ങനെ ആറു ശാഖ അതിന്റെ പാർശ്വങ്ങളിൽനിന്നു പുറപ്പെട്ടു. 19ഒരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും ഇങ്ങനെ നിലവിളക്കിൽനിന്നു പുറപ്പെട്ട ശാഖ ആറിലും ഉണ്ടായിരുന്നു. 20വിളക്കുതണ്ടിലോ മുട്ടുകളും പൂക്കളുമായി ബദാം പൂപോലെ നാലു പുഷ്പപുടം ഉണ്ടായിരുന്നു. 21അതിൽ നിന്നുള്ള രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും അതിൽനിന്നുള്ള മറ്റെ രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും അതിൽനിന്നുള്ള ശേഷം രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും ഇങ്ങനെ അതിൽനിന്നു പുറപ്പെടുന്ന ശാഖ ആറിന്നും കീഴെ ഉണ്ടായിരുന്നു. 22മുട്ടുകളും ശാഖകളും അതിൽനിന്നു തന്നേ ആയിരുന്നു; അതു മുഴുവനും തങ്കം കൊണ്ടുള്ള ഒറ്റ അടിപ്പുപണിയായിരുന്നു. 23അവൻ അതിന്റെ ഏഴു ദീപവും അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ടു ഉണ്ടാക്കി. 24ഒരു താലന്തു തങ്കംകൊണ്ടു അവൻ അതും അതിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി.
25അവൻ ഖദിരമരംകൊണ്ടു ധൂപപീഠം ഉണ്ടാക്കി; അതു ഒരു മുഴം നീളവും ഒരു മുഴം വീതിയും ഇങ്ങനെ സമചതുരം ആയിരുന്നു. അതിന്നു ഉയരം രണ്ടു മുഴം ആയിരുന്നു. അതിന്റെ കൊമ്പുകൾ അതിൽനിന്നു തന്നേ ആയിരുന്നു. 26അവൻ അതും അതിന്റെ മേല്പലകയും ചുറ്റും അതിന്റെ പാർശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിഞ്ഞു; അതിന്നു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കു ഉണ്ടാക്കി. 27അതു ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാൻ വക്കിന്നു കീഴെ രണ്ടു പാർശ്വത്തിലുള്ള ഓരോ കോണിങ്കലും ഓരോ പൊൻവളയം ഉണ്ടാക്കി. 28ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു. 29#പുറപ്പാടു 30:22-38അവൻ വിശുദ്ധമായ അഭിഷേകതൈലവും നല്ല സുഗന്ധമുള്ള നിർമ്മല ധൂപവർഗ്ഗവും തൈലക്കാരന്റെ വിദ്യപ്രകാരം ഉണ്ടാക്കി.

Istaknuto

Podijeli

Kopiraj

None

Želiš li svoje istaknute stihove spremiti na sve svoje uređaje? Prijavi se ili registriraj