അപ്പൊ. പ്രവൃത്തികൾ 5
5
1എന്നാൽ അനന്യാസ് എന്നു പേരുള്ള ഒരു പുരുഷൻ തന്റെ ഭാര്യയായ സഫീരയോടു കൂടെ ഒരു നിലം വിറ്റു. 2ഭാര്യയുടെ അറിവോടെ വിലയിൽ കുറെ എടുത്തുവെച്ചു ഒരംശം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്ക്കൽ വെച്ചു. 3അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു? 4അതു വില്ക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു. 5ഈ വാക്കു കേട്ടിട്ടു അനന്യാസ് വീണു പ്രാണനെ വിട്ടു; ഇതു കേട്ടവർക്കു എല്ലാവർക്കും മഹാഭയം ഉണ്ടായി. 6ബാല്യക്കാർ എഴുന്നേറ്റു അവനെ ശീലപൊതിഞ്ഞു പുറത്തു കൊണ്ടുപോയി കുഴിച്ചിട്ടു.
7ഏകദേശം മൂന്നു മണിനേരം കഴിഞ്ഞപ്പോൾ അവന്റെ ഭാര്യ ഈ സംഭവിച്ചതു ഒന്നും അറിയാതെ അകത്തുവന്നു. 8പത്രൊസ് അവളോടു: ഇത്രെക്കോ നിങ്ങൾ നിലം വിറ്റതു? പറക എന്നു പറഞ്ഞു; അതേ, ഇത്രെക്കു തന്നെ എന്നു അവൾ പറഞ്ഞു. 9പത്രൊസ് അവളോടു: കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ടു; അവർ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു. 10ഉടനെ അവൾ അവന്റെ കാൽക്കൽ വീണു പ്രാണനെ വിട്ടു; ബാല്യക്കാർ അകത്തു വന്നു അവൾ മരിച്ചു എന്നു കണ്ടു പുറത്തു കൊണ്ടുപോയി ഭർത്താവിന്റെ അരികെ കുഴിച്ചിട്ടു. 11സർവ്വസഭെക്കും ഇതു കേട്ടവർക്കു എല്ലാവർക്കും മഹാഭയം ഉണ്ടായി.
12അപ്പൊസ്തലന്മാരുടെ കയ്യാൽ ജനത്തിന്റെ ഇടയിൽ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു; അവർ എല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തിൽ കൂടിവരിക പതിവായിരുന്നു. 13മറ്റുള്ളവരിൽ ആരും അവരോടു ചേരുവാൻ തുനിഞ്ഞില്ല; ജനമോ അവരെ പുകഴ്ത്തിപ്പോന്നു. 14മേല്ക്കുമേൽ അനവധി പുരുഷന്മാരും സ്ത്രീകളും കർത്താവിൽ വിശ്വസിച്ചു ചേർന്നുവന്നു. 15രോഗികളെ പുറത്തുകൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോൾ അവന്റെ നിഴൽ എങ്കിലും അവരിൽ വല്ലവരുടെയുംമേൽ വീഴേണ്ടതിന്നു വീഥികളിൽ വിരിപ്പിന്മേലും കിടക്കമേലും കിടത്തും. 16അതുകൂടാതെ യെരൂശലേമിന്നു ചുറ്റുമുള്ള പട്ടണങ്ങളിൽനിന്നും പുരുഷാരം വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കൾ ബാധിച്ചവരെയും കൊണ്ടുവരികയും അവർ എല്ലാവരും സൗഖ്യം പ്രാപിക്കയും ചെയ്യും.
17പിന്നെ മഹാപുരോഹിതനും സദൂക്യരുടെ മതക്കാരായ അവന്റെ പക്ഷക്കാരൊക്കെയും 18അസൂയ നിറഞ്ഞു എഴുന്നേറ്റു അപ്പൊസ്തലന്മാരെ പിടിച്ചു പൊതു തടവിൽ ആക്കി. 19രാത്രിയിലോ കർത്താവിന്റെ ദൂതൻ കാരാഗൃഹവാതിൽ തുറന്നു അവരെ പുറത്തു കൊണ്ടുവന്നു: 20നിങ്ങൾ ദൈവാലയത്തിൽ ചെന്നു ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു. 21അവർ കേട്ടു പുലർച്ചെക്കു ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചുകൊണ്ടിരുന്നു; മഹാപുരോഹിതനും കൂടെയുള്ളവരും വന്നു ന്യായാധിപസംഘത്തെയും യിസ്രായേൽമക്കളുടെ മൂപ്പന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അവരെ കൊണ്ടുവരുവാൻ തടവിലേക്കു ആളയച്ചു. 22ചേവകർ ചെന്നപ്പോൾ അവരെ കാരാഗൃഹത്തിൽ കാണാതെ മടങ്ങിവന്നു: കാരാഗൃഹം നല്ല സൂക്ഷ്മത്തോടെ പൂട്ടിയിരിക്കുന്നതും കാവല്ക്കാർ വാതിൽക്കൽ നില്ക്കുന്നതും ഞങ്ങൾ കണ്ടു; 23തുറന്നപ്പോഴോ അകത്തു ആരെയും കണ്ടില്ല എന്നു അറിയിച്ചു. 24ഈ വാക്കു കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇതു എന്തായിത്തീരും എന്നു അവരെക്കുറിച്ചു ചഞ്ചലിച്ചു. 25അപ്പോൾ ഒരുത്തൻ വന്നു: നിങ്ങൾ തടവിൽ ആക്കിയ പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ടു ജനത്തെ ഉപദേശിക്കുന്നു എന്നു ബോധിപ്പിച്ചു. 26പടനായകൻ ചേവകരുമായി ചെന്നു, ജനം കല്ലെറിയും എന്നു ഭയപ്പെടുകയാൽ ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു. 27അങ്ങനെ അവരെ കൊണ്ടുവന്നു ന്യായാധിപസംഘത്തിന്മുമ്പാകെ നിറുത്തി; മഹാപുരോഹിതൻ അവരോടു: 28#മത്തായി 27:25ഈ നാമത്തിൽ ഉപദേശിക്കരുതു എന്നു ഞങ്ങൾ നിങ്ങളോടു അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേൽ വരുത്തുവാൻ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. 29അതിന്നു പത്രൊസും ശേഷം അപ്പൊസ്തലന്മാരും: മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു. 30നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു; 31യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു. 32ഈ വസ്തുതെക്കു ഞങ്ങളും ദൈവം തന്നെ അനുസരിക്കുന്നവർക്കു നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു എന്നു ഉത്തരം പറഞ്ഞു.
33ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അവരെ ഒടുക്കിക്കളവാൻ ഭാവിച്ചു. 34അപ്പോൾ സർവ്വ ജനത്തിനും ബഹുമാനമുള്ള ധർമ്മോപദേഷ്ടാവായ ഗമാലീയേൽ എന്നൊരു പരീശൻ ന്യായധിപസംഘത്തിൽ എഴുന്നേറ്റു, അവരെ കുറെ നേരം പുറത്താക്കുവാൻ കല്പിച്ചു. 35പിന്നെ അവൻ അവരോടു: യിസ്രായേൽ പുരുഷന്മാരെ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്തു ചെയ്‌വാൻ പോകുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ. 36ഈ നാളുകൾക്കു മുമ്പെ ത്യൂദാസ് എന്നവൻ എഴുന്നേറ്റു താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാർ അവനോടു ചേർന്നുകൂടി; എങ്കിലും അവൻ നശിക്കയും അവനെ അനുസരിച്ചവർ എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു. 37അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ചാർത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി. 38ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; 39ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു. 40അവർ അവനെ അനുസരിച്ചു: അപ്പൊസ്തലന്മാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുതു എന്നു കല്പിച്ചു അവരെ വിട്ടയച്ചു. 41തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽ നിന്നു പുറപ്പെട്ടുപോയി. 42പിന്നെ അവർ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടിരുന്നു.
Currently Selected:
അപ്പൊ. പ്രവൃത്തികൾ 5: വേദപുസ്തകം
ማድመቅ
ያጋሩ
ኮፒ

ያደመቋቸው ምንባቦች በሁሉም መሣሪያዎችዎ ላይ እንዲቀመጡ ይፈልጋሉ? ይመዝገቡ ወይም ይግቡ
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.